Wednesday, May 30, 2012

സിപിഐ എം വിരോധവും കണ്ണീരിന്റെ കച്ചവടവും





ധാര്‍മികമേല്‍ക്കൈ അവകാശപ്പെടുകയും ശത്രുക്കളെ ഭീഷണിപ്പെടുത്തുകയും എതിര്‍ശബ്ദത്തെ ഞെരിച്ചുകളയുകയും ചെയ്യുന്ന ഇസ്രായേലി മാധ്യമ മാനേജ്മെന്റിനെക്കുറിച്ച് നീവ് ഗോര്‍ഡന്‍ പറയുന്നുണ്ട്. അത് "ആകര്‍ഷകം" മാത്രമല്ല പേടിപ്പെടുത്തുന്നതും കൂടിയാണ്. ഇസ്രായേലി ഭരണകൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകള്‍ വച്ചും പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നത് യാതൊരു കുറ്റബോധവുമില്ലാതെയാണ്.

 ""വൈറ്റ്ഹൗസ്മുതല്‍ കോണ്‍ഗ്രസ്വരെ നീളുന്ന, അമേരിക്കയിലെ ഇരുപാര്‍ടികളിലുംപെട്ട മുഴുവന്‍ രാഷ്ട്രീയക്കാരുടെയും അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവര്‍ക്കുണ്ട് എന്നതാണതിന്റെ കാരണം"" എന്ന് ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നു.

ലോകത്ത് സമകാലത്ത് നടക്കുന്ന ഏറ്റവും പരസ്യവും നിഷ്ഠുരമായതുമായ നരമേധത്തെ ന്യായീകരിക്കാനും അതിന് ഇസ്രായേലി ജൂതന്‍മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണ നേടിക്കൊടുക്കാനും ഈ പ്രചാരണത്തിന് കഴിയുന്നു. ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്; ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ഉള്ള സ്വാധീനത്തെയാണ് "എങ്ങനെ ധാര്‍മികതായുദ്ധത്തെ വില്‍ക്കാം" എന്ന ലേഖനത്തില്‍ നീവ് ഗോര്‍ഡന്‍ പരിശോധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ "ധാര്‍മികതായുദ്ധ"ത്തിന്റെ ചിട്ടപ്പെടുത്തിയ വിപണന രീതികളും പ്രചാരണ തന്ത്രങ്ങളുടെ ആവര്‍ത്തനവും കാണാനാവും.

 കൊലചെയ്യപ്പെട്ടു എന്നതും കൊല്ലപ്പെട്ടയാള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശത്രുചേരിയിലായിരുന്നു എന്നതുമാണ് മുന്നിലുള്ള വസ്തുതകള്‍. അതിനപ്പുറമുള്ളത് സങ്കല്‍പ്പങ്ങളാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഐ എമ്മിനുമാത്രമേ കഴിയൂ എന്നാണ് വിപണനം ചെയ്യപ്പെടുന്ന ഒരു യുക്തി. രണ്ടാമത്തേത്, ചന്ദ്രശേഖരന് മറ്റ് ശത്രുക്കളില്ലായിരുന്നു എന്നത്. അതിനര്‍ഥം കൊല്ലപ്പെട്ടയാള്‍ സിപിഐ എം അല്ലാത്ത എല്ലാവരുടെയും മിത്രമായിരുന്നു എന്നാണ്. 

സിപിഐ എമ്മുമായി കലഹിച്ച് പുറത്തുപോയത്, "വലതുപക്ഷ വല്‍ക്കരണ"ത്തിലെ രോഷം അടക്കാനാവാതെയാണെന്ന് യഥാര്‍ഥ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരാനുകൂലികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്താല്‍, മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇടതുപക്ഷത്തിന്റെ ഊതിക്കാച്ചിയ പ്രതിനിധികള്‍ എന്നും വിശ്വസിക്കേണ്ടിവരും. ഇത്തരം വിരുദ്ധോക്തികള്‍ (പുതിയ മാര്‍ക്സിസ്റ്റ് മേധത്തിന് പൊടിതട്ടി ഉപയോഗിക്കപ്പെടുന്ന എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെലിന്റെ പ്രയോഗമായ ഡബിള്‍തിങ്ക് അഥവാ ഇരുചിന്ത) സമര്‍ഥമായി വിറ്റുപോകുന്ന മാധ്യമ പരിസരമാണ് ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.
""ഫ്യൂറര്‍ യഥാര്‍ഥത്തില്‍ ആവേശം കൊണ്ടു. കയ്യടിയുടെ കൊടുങ്കാറ്റുതന്നെയുണ്ടായി. ഞാന്‍ അവതരിപ്പിച്ച കാര്യം ശരിക്കും ആഴത്തില്‍ ഫലിക്കുന്നതായിരുന്നു""എന്നാണ് നാസി പാര്‍ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ജോസഫ് ഗീബല്‍സ് 1935 സെപ്തംബര്‍ 15ന്റെ ഡയറിത്താളില്‍ എഴുതിയത്. ആ പ്രസംഗം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ളതായിരുന്നു. കമ്യണിസ്റ്റുകാരും സോഷ്യലിസ്റ്റുവിശ്വാസികളും ജൂതന്മാരും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരാണ് എന്ന സിദ്ധാന്തവും വികാരവുമാണ് പ്രസംഗത്തിലും പ്രവൃത്തിയിലും ഗീബല്‍സ് പിന്തുടര്‍ന്നത്.

 ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ഒരുദിവസത്തേക്ക് ജര്‍മനിയുടെ ചാന്‍സലറാവുകയും ഒടുവില്‍ അഞ്ച് കുഞ്ഞുങ്ങളെ കൊന്ന് ഭാര്യയോടൊപ്പം ആത്മഹത്യചെയ്യേണ്ടിവരികയും ചെയ്ത ഗീബല്‍സില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധ പ്രചാരണം എറെ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കയ്യടിയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള മത്സരത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പും ചെടിപ്പും കാര്യമാക്കാതെയുള്ള നൈരന്തര്യമാണുണ്ടാകുന്നത്. ഒരേ മുഖങ്ങള്‍, ഒരേ ശൈലിയില്‍, ഒരേ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് "വലിയ നുണ"യുടെ പ്രയോഗ രീതിയാണ്. 

പാര്‍ടിഗ്രാമവും പാര്‍ടികോടതിയും സെല്‍ഭരണവും മതിമറന്നാഘോഷിക്കാനുള്ള പ്രയോഗങ്ങളായി വലതുപക്ഷം ഏറ്റെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ടി പി ചന്ദ്രശേഖരന്റെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ നേരിട്ടു കയറിച്ചെന്ന ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരോട് രഹസ്യ ചര്‍ച്ച നടത്തിയ മുഖ്യഭരണകക്ഷി അധ്യക്ഷനും "സെല്‍ഭരണ"ത്തിന് പുറത്തുനില്‍ക്കുകയാണ്.
പൊലീസ് അന്വേഷണം തുടരുന്ന കേസില്‍, പ്രതിസ്ഥാനത്ത് ആര് വരണമെന്ന ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ അന്വേഷകര്‍ തയാറായേ മതിയാകൂ. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിക്കിട്ടാന്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നതുമാത്രമല്ല വഴി എന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ വഴിയിലും പരിധിയില്ലാതെ സഞ്ചരിക്കാനാവും.

 ചന്ദ്രശേഖരന്‍ ഒഞ്ചിയത്തിനു സമീപത്തെ ഏറാമല പഞ്ചായത്തുകാരനാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് ബാലസംഘത്തില്‍ എത്തി സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായി ഉയര്‍ന്നയാളാണ്. അദ്ദേഹം എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എമ്മുമായി ഏതെങ്കിലും നയപരമായ ഭിന്നത ഉയര്‍ത്തിപ്പിടിച്ചല്ല പുറത്തുപോയത്. ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ഘടകകക്ഷിയായ ജനതാദളിന് മുന്നണിധാരണയനുസരിച്ച് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ കലഹമുണ്ടാക്കിയതും വേറിട്ട പാര്‍ടിയുണ്ടാക്കിയതും. 

ആര്‍ക്കെതിരെയാണോ വികാരാധീനരായി ബഹളമുണ്ടാക്കിയത്, അതേ ജനതാദളിനോട് പിന്നീട് ചന്ദ്രശേഖരനും കൂട്ടരും കൈകോര്‍ത്തു. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ പരസ്യമായി വെല്ലുവിളിച്ചതും സംഘടനയ്ക്കതീതമാണ് തങ്ങളുടെ വാശി എന്നു ഘോഷിച്ചതും ഒരു നയത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനായിരുന്നു എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഐക്യം ഉറപ്പിക്കാന്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെ സിപിഐമ്മിന്റെ വലതുപക്ഷവല്‍ക്കരണമാണെന്ന് സമര്‍ഥിക്കാന്‍ ന്യായങ്ങളൊന്നുമില്ലതന്നെ. 
തുടക്കത്തില്‍ പ്രാദേശികമായി കുറെയാളുകളെ ഒപ്പം നിര്‍ത്താനായെങ്കിലും അവരെ തുടര്‍ന്നും പിടിച്ചു നിര്‍ത്താന്‍ നയപരമായ ഭിന്നത ചൂണ്ടിക്കാണിക്കാനാവാതിരുന്നത് ഒഞ്ചിയത്തെ "വിപ്ലവ" പാര്‍ടി നേരിട്ട പ്രധാന ദൗര്‍ബല്യമാണ്. അതിന്റെ ഫലമായി, അനുയായികള്‍ സിപിഐ എമ്മിലേക്ക് തിരിച്ചു പോകുന്നത് ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരമൊരവസ്ഥയിലാണ്, ആ തിരിച്ചുപോക്കില്‍ താനും പങ്കാളിയാകാമെന്ന ധാരണയിലെത്തിയത്. സ്ഥാപിത താല്‍പര്യമുള്ള "അദൃശ്യശക്തി" അത് അട്ടിമറിച്ചെങ്കിലും ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളൊന്നും അവിടെ സിപിഐ എമ്മിനുണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ നേട്ടം കൊയ്യുന്നത്, മോഹന്‍ലാലിന്റെ ഭാഷയില്‍ കണ്ണീര് വില്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? വലിയ ഒരുനിരയെയാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി മുതല്‍ കാലഹരണപ്പെട്ട് കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്ന മുന്‍മാര്‍ക്സിസ്റ്റുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്. 

മെയ് നാലിന് രാത്രി ആരംഭിച്ച തുടര്‍ച്ചയായ ചാനല്‍ഷോയ്ക്ക് ചെറിയ ഇടവേള ലഭിച്ചത് മെയ് ഇരുപത്തിമൂന്നിന് പെട്രോള്‍ വിലയില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന വരുത്തിയപ്പോള്‍ മാത്രമാണ്. പതിനെട്ട് ദിവസം തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ വലതുപക്ഷ പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ളതായിരുന്നു; വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാവിഷയം ഒഞ്ചിയത്തെ കൊലപാതകമായിരുന്നു. പെട്രോള്‍ വിലക്കയറ്റത്തിെന്‍റ രൂക്ഷത ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്തയെപ്പോലും അപ്രധാനമാക്കി പിറ്റേന്ന്(മെയ് 24ന്)പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയതും ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ പിടിക്കപ്പെട്ടു എന്നതിന്റെ സചിത്ര കഥനത്തിന്റെ ആഘോഷവുമായാണ്. രാജീവ് ഗാന്ധി വധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്റെ ഇരട്ടിയോളം സ്ഥലമാണ് മലയാള പത്രങ്ങളില്‍ ചന്ദ്രശേഖരനായി ഉപയോഗിക്കപ്പെട്ടത്. പ്രാധാന്യത്തിന്റെ തോതും സമാനം തന്നെ. 

നിശ്ചയമായും ചന്ദ്രശേഖരനെക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; വധശ്രമത്തിനിരയായിട്ടുണ്ട്. അതിനോടൊന്നും കാണിക്കാത്ത ആവേശം ഇന്ന് കാണിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നത് സിപിഐ എം ആണ് എന്ന് സ്ഥാപിക്കാനുള്ള എളുപ്പംകൊണ്ടുമാത്രമല്ല, അങ്ങനെ സ്ഥാപിച്ചാല്‍ ലഭ്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുമാണ്. 

അന്വേഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാതെ തന്നെ വ്യക്തമാകുന്നത്, അതിന്റെ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ലക്ഷ്യമാണ്. അതാകട്ടെ, സിപിഐ എമ്മിനെ തളര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒപ്പിച്ചുള്ളതുമാണ്. ഭരണരാഷ്ട്രീയ നേതൃത്വം രാഷ്ട്രീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അനുപൂരകമായ "സിപിഐ എം ബന്ധങ്ങള്‍" സൃഷ്ടിക്കാനും "തെളിവു"കള്‍ ഉണ്ടാക്കാനും പൊലീസ്-മാധ്യമ നെക്സസ് ജാഗ്രതയോടെ രംഗത്തുവന്നിരിക്കുന്നു.

 സിപിഐ എം പൊതുയോഗം വിളിച്ചുകൂട്ടി പ്രഖ്യാപിച്ച് ഒരു കൊലപാതകം നടത്തിയാല്‍പോലും ഇത്രയേറെ പാര്‍ടി നേതാക്കളെ കേസുമായി ബന്ധപ്പടുത്താന്‍ കഴിയില്ല-ഇവിടെ, ആര്‍എംപിയുടെ പുത്തന്‍ നേതൃത്വത്തിന് വിരോധമുള്ളവര്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇഷ്ടമില്ലാത്തവര്‍, കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയുമായി ബന്ധപ്പെടുത്താനുള്ള കണ്ണികള്‍-ഇങ്ങനെ ലക്ഷ്യം നിശ്ചയിച്ച് കേസില്‍ ആളെക്കൂട്ടുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ആദ്യം നിശ്ചയിച്ചാല്‍, മേല്‍കമ്മിറ്റികളിലുള്ളവരെ ചൂണ്ടിക്കാട്ടാനുള്ള അനായാസത പൊലീസ് കാണുന്നുണ്ട്. സാധാരണ നിലയില്‍ അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും; സംസാരിച്ചിട്ടുണ്ടാകും. ഒരു ഫോണ്‍കോള്‍ ഇന്നസമയത്ത് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാല്‍പോലും അതാണ് നിര്‍ണായക തെളിവ് എന്നാര്‍ത്തുവിളിക്കാനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. 

കേരളത്തില്‍ അടുത്തകാലത്ത് സംഭവിച്ച ചില കാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. ചാലക്കുടിയില്‍നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ ഇരുപത്തിയൊന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്. മൂന്ന് വാഹനത്തില്‍ 21 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. വിവരം കിട്ടിയതുപ്രകാരമുള്ള വാഹനം കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെത്തി. കെഎല്‍ 17- 2410 ക്വാളിസ് വാനും അതിലുണ്ടായിരുന്ന മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രമുഖ നേതാവിനെ വധിച്ച്, അത് സിപിഐ എമ്മിനുമേല്‍ ചാരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. 

(പിറ്റേന്ന് കെ സുധാകരന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് തെരഞ്ഞെടുപ്പിനിടെ എ പി അബ്ദുള്ളക്കുട്ടി എംപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്നാണ്. ഉന്നത രാഷ്ട്രീയനേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖന്‍ എന്നുമാത്രമേ പത്രങ്ങള്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, അത് അബ്ദുള്ളക്കുട്ടിയാണെന്ന് സുധാകരന്‍ തന്നെ വിളിച്ചു പറഞ്ഞു). എറണാകുളം പറവൂര്‍ മൂത്തകുന്നത്തെ കളത്തില്‍വീട്ടില്‍ കെ ജെ തോമസ്(24), ചാലക്കുടി കുറ്റിച്ചിറയിലെ സി ഡി ടെന്‍സന്‍(26), കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ വലിയന്നൂര്‍ സ്വദേശി പ്രജിത്ത് എന്നിവരെ കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ "യുഡിഎഫ് പ്രവര്‍ത്തകരെ" വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്ന് കെ സുധാകരന്‍ കുറെയാളുകളുമായി സ്റ്റേഷനിലെത്തി. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതുവരെ എംഎല്‍എയും സംഘവും സ്റ്റേഷനു മുമ്പില്‍ തമ്പടിച്ചു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത പ്രകാരമാണ് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ജില്ലയിലെത്തിയതെന്ന് സുധാകരന്റെ സമരത്തോടെ വ്യക്തമായി. 

ഒപ്പം മറ്റൊന്നുകൂടി അന്ന് നടന്നു. കോട്ടയത്ത്, പുതുപ്പള്ളിയില്‍ വോട്ടുചെയ്ത ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് കുതിച്ചു. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ആ യാത്ര. കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്കാളിത്തം ആ പറന്നിറങ്ങലില്‍ തെളിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും അങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമുണ്ടായിരുന്നില്ല. 

പിടിയിലായ ക്വട്ടേഷന്‍ സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിച്ചുനോക്കി. അവരുമായുള്ള ബിസിനസ് എന്തെന്ന് പറയാനായില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി പറന്നിറങ്ങിയത്. അന്ന്, ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമുള്ള പദ്ധതിയാണ് പൊളിഞ്ഞത്. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട അത്തരമൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ അനുഭവം ഇന്നത്തെ ഒഞ്ചിയം സംഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍, ഭയാനകമായ ചിത്രമാണ് തെളിയുക. 

മാര്‍ക്സിസ്റ്റുകാര്‍ ബലപ്രയോഗത്തെ തിരസ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ ബലപ്രയോഗം അനവസരത്തില്‍ അനാവശ്യമായി നടത്തേണ്ട ഒന്നായി അവര്‍ കാണുന്നില്ല. സാമൂഹ്യമര്‍ദനത്തിനെതിരായ വിപ്ലവകരമായ ബഹുജനപ്രസ്ഥാനത്തിന്റെ അഭേദ്യഭാഗവും ചൂഷകവര്‍ഗത്തിന്റെ അക്രമത്തിനെതിരായ രോഷവുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ബലപ്രയോഗം. അതുകൊണ്ടുതന്നെ ഒരു ചെറു വിഘടിത ഗ്രൂപ്പിന്റെ നേതാവിനെതിരെ പ്രയോഗിക്കേണ്ടതല്ല അത്. കമ്യൂണിസ്റ്റുകാര്‍ അഹിംസാ സിദ്ധാന്തികളാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ല. അഹിംസയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഗാന്ധിജിയും അങ്ങനെതന്നെയായിരുന്നു. നിത്യവും പുള്ളിപ്പുലി കടന്നുചെല്ലുന്ന ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ ഭീരുവും പുലിയെ കൊല്ലുന്നയാള്‍ ധീരനുമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം.

 ""ഒരു കൃഷിക്കാരനായി കാട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്ക് ഏറ്റവും പരിമിതമായെങ്കിലും അക്രമം പ്രയോഗിക്കുക ഒഴിവാക്കാനാവാതെവരും. വിളകളെ തിന്നുനശിപ്പിക്കുന്ന കുരങ്ങുകളെയും പക്ഷികളെയും കീടങ്ങളെയും എനിക്ക് കൊല്ലേണ്ടതായി വരും.....ക്ഷാമമുള്ള കാലത്ത് അഹിംസയുടെ പേരില്‍ വിളകള്‍ തിന്നുനശിപ്പിക്കാന്‍ അനുവദിക്കുന്നത് പാപമാണ്. തിന്മയും നന്മയും ആപേക്ഷികമാണ്. ഒരു സാഹചര്യത്തിലെ നന്മ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പാപമായിരിക്കും."" (ഹരിജന്‍, 29 മെയ് 1946) 

തല്ലാനും കൊല്ലാനും വരുമ്പോള്‍ കൈകെട്ടി നിന്ന പാരമ്പര്യം സിപിഐ എമ്മിനുമില്ല. ഏതെങ്കിലും ഒരു കൊലപാതകക്കുറ്റം ചാര്‍ത്തിക്കിട്ടിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നതിന് അനുഭവ സാക്ഷ്യമില്ല. ചന്ദശേഖരനെ കൊന്നത് ഞങ്ങളല്ല എന്ന് സിപിഐ എം പറയുമ്പോള്‍ വരുന്ന വിശ്വാസ്യത ആ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനുമേല്‍ കെട്ടിവെക്കേണ്ടത്, പാര്‍ടിയെ എതിര്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വധം സംഭവിച്ചയുടനെ ഉത്തരവാദി സിപിഐ എം ആണെന്ന തീര്‍പ്പ് പലകണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, സിപിഐ എമ്മിന് അതുകൊണ്ടെന്ത് ലാഭം എന്ന യുക്തിപൂര്‍ണമായ ചോദ്യം ആരും ഉയര്‍ത്തിയില്ല. 

ഒന്നാമത്, ചന്ദ്രശേഖരന്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നയാളാണ്. ആ വെളിപ്പെടുത്തലിന് ചന്ദ്രശേഖരന്റെ പാര്‍ടിയില്‍നിന്ന് നിഷേധം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഏതോ അജ്ഞാത ശക്തിയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് അതില്‍നിന്ന് പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയെങ്കിലും നേരത്തെ നിലനിന്ന ശത്രുത സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ തുടര്‍ന്നിരുന്നില്ല. ഏതാണ് ആ അജ്ഞാത ശക്തി? ഉത്തരം പറയാന്‍ കഴിയുന്ന ആള്‍ ചന്ദ്രശേഖരന്റെ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് വന്ന വേണുവാണ്. 

സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ അകന്നുകഴിയണം എന്ന് കഠിനമായി ആഗ്രഹിച്ച ആ അജ്ഞാതശക്തിക്ക്, ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്ന അന്തരീക്ഷത്തിന്റെ ആനുകൂല്യവും ആഗ്രഹിക്കാവുന്നതാണ്. അതില്‍ യുക്തിയുണ്ട്. സിപിഐ എമ്മിലേക്ക് കൊണ്ടുപോയി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷണം ആ വഴിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.

ഇടതുപക്ഷം എന്ന് സ്വയംവിശേഷിപ്പിക്കുന്ന വ്യക്തികളും കേന്ദ്രങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആക്രമണത്തിന് ആയുധങ്ങളായി രംഗത്തുണ്ട്. ഇടതുപക്ഷ വേഷത്തില്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചരിത്രത്തിലെ ആദ്യ അനുഭവമല്ല. 1974ല്‍ കണ്ടെടുത്ത "നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം" എന്ന പേരിലുള്ള "അജിന്റര്‍ പ്രസ്" (ഒളിവേറ സലാസറുടെ ഏകാധിപത്യ ഭരണകാലത്ത്, 1966 സെപ്തംബറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ രൂപീകരിച്ച രഹസ്യ വാര്‍ത്താഏജന്‍സിയാണ് അജിന്റര്‍ പ്രസ്. അള്‍ജീരിയന്‍ യുദ്ധകാലത്ത്(1954-62) "ഫ്രഞ്ച് അള്‍ജീരിയയ്ക്ക്" വേണ്ടി നിലകൊണ്ട മാഡ്രിഡിലെ തീവ്രവലതുപക്ഷ ഭീകരസംഘടന ഒഎഎസിന്റെ സ്ഥാപകരില്‍ ഒരാളായ ക്യാപ്റ്റന്‍ വെസ് ഗ്യൂറിന്‍ സെറാക്കാണ് ഇതിന് നേതൃത്വം നല്‍കിയത്. യഥാര്‍ഥത്തില്‍ ലോകമെങ്ങും ശാഖകളുള്ള കമ്യൂണിസ്റ്റ്വിരുദ്ധ സായുധസംഘടനയാണ് അജിന്റര്‍ പ്രസ്. ബോംബാക്രമണങ്ങള്‍, നിശബ്ദ കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, നിഗൂഢമായ വാര്‍ത്താവിനിമയം, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീകരപ്രവര്‍ത്തനസമാനമായ രഹസ്യനടപടികള്‍ക്ക് ഈ സംഘടന അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു) രേഖ അത്തരം ഗൂഢമായ പ്രവര്‍ത്തനങ്ങളുടെ ഉപയോഗവും സംഘര്‍ഷതന്ത്രങ്ങളിലെ പങ്കാളിത്തവും വിശദീകരിക്കുന്നുണ്ട്.

""ഭരണകൂടത്തിന്റെ എല്ലാ ഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന് നാം കരുതുന്നു... കമ്യൂണിസ്റ്റ് ചൈന അനുകൂല പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജനാധിപത്യ ഭരണഘടന തകര്‍ക്കുകയെന്നതാണ് ആദ്യമായി നടത്തേണ്ട നീക്കമെന്ന് നാം കരുതുന്നു. മാത്രമല്ല, ഇത്തരം സംഘടനകളില്‍ നമ്മുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, നമ്മുടെ ആക്രമണങ്ങള്‍ ആശയപ്രചാരണത്തിന്റെ അകമ്പടിയില്‍ നടത്തണം. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കമ്യൂണിസ്റ്റ് എതിരാളികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. അങ്ങനെ, ഓരോ രാജ്യത്തും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വെറുപ്പിന്റേതായ അന്തരീക്ഷം രൂപംകൊള്ളുകയും ചെയ്യും."" ഇങ്ങനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതും, ആത്യന്തികമായി അത് ഇടതുപക്ഷതെ തുടച്ചുനീക്കാനുള്ള ആയുധമായി ഉപയോഗിക്കാനുമുള്ളതുമായ ആസൂത്രണത്തിലെ കൃത്യത ചന്ദ്രശേഖരന്‍ വധത്തെ കൈകാര്യം ചെയ്യുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷ എജന്റുമാരും മാധ്യമങ്ങളും കാണിക്കുന്നുണ്ട്.

 പയ്യപ്പിള്ളി ബാലന്‍ ഒരു അനുഭവം അനുസ്മരിക്കുന്നുണ്ട്. ""വിമോചന സമരകാലത്ത് മഞ്ഞുമ്മല്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ &ൃറൂൗീ;ഒരു പ്രസംഗകന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിലെടുത്ത് പകുത്ത് വായിക്കാന്‍ തുടങ്ങി. "ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മ പെങ്ങള്‍ വ്യത്യാസമില്ല. എല്ലാ സ്ത്രീകളും പൊതുസ്വത്താണ്. ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും പ്രാപിക്കാം." പ്രസംഗകന്‍ പുസ്തകത്തില്‍ നിന്നും നോട്ടം സദസ്സിലേക്ക് തിരിച്ചിട്ടു പറഞ്ഞു. ഞാന്‍ ചുമ്മാതെ വായ്ത്താരി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നതാണ്.

 "പ്രസംഗകന്‍ പകുത്തു പിടിച്ച പുസ്തകവുമായി സദസ്സിലേക്കിറങ്ങിച്ചെന്നു. എട്ടുപത്തുപേരെ താന്‍ വായിച്ച വരികള്‍ വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചു. ശുദ്ധമനസ്കര്‍ കമ്യൂണിസ്റ്റുകാര്‍ വെറുക്കപ്പെടേണ്ടവര്‍ തന്നെ ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് അനുഭാവികളായ ചിലര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.
പല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും ജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള അവര്‍ സംശയാലുക്കളായി.

 ""ഈ കൊലച്ചതി എങ്ങനെയാണെന്നോ സംഘടിപ്പിക്കുന്നത്. പാര്‍ടി തര്‍ജമ ചെയ്തിട്ടുള്ള അതേ പേജ് വലിപ്പത്തില്‍ അതേ വലിപ്പത്തിലുള്ള അച്ചുകള്‍ നിരത്തി തങ്ങള്‍ ആഗ്രഹിക്കുന്ന വളച്ചൊടിക്കല്‍ ചേര്‍ത്ത് ആവശ്യമുള്ള പേജുകള്‍ തയ്യാറാക്കുന്നു. യഥാര്‍ഥ മൂലകേന്ദ്രത്തിന്റെ ഉച്ചിക്കെട്ടഴിച്ച് വളച്ചൊടിക്കലുകള്‍ കുത്തിത്തിരുകി ഗ്രന്ഥം പൂര്‍വസ്ഥിതിയിലാക്കുന്നു. ഒറ്റനോട്ടത്തില്‍ ഈ തട്ടിപ്പ് ആരും മനസ്സിലാക്കുകയില്ല."" ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമപ്രചാരണത്തിന്റെ സ്വഭാവം ഇതില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കുന്നില്ല. 

കമ്യൂണിസ്റ്റ് വിരോധമെന്നത് കാപട്യപൂര്‍ണമാണ്. സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണത്. അതുകൊണ്ടുതന്നെ ക്രൂരവും നിര്‍ദയവുമാണ്. സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അറപ്പാണ് എന്ന് മാനിഫെസ്റ്റോ പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഭയന്ന്, നുണ പറയുന്നതിലേക്കോ ഒളിച്ചോടുന്നതിലേക്കോ എത്തിച്ചേരുന്നതുമല്ല അത്.
യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ വധിക്കപ്പെട്ട കേസില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ ഒന്‍പത് പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ സഖാക്കളുടെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി സിപിഐ എം ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. മറ്റേതൊരു ഫണ്ട് ശേഖരണത്തെയും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ജനങ്ങള്‍ അന്ന് സംഭാവന നല്‍കിയത്. തങ്ങള്‍ക്കുവേണ്ടിയാണ് ആ സഖാക്കള്‍ തടവറയില്‍ കിടക്കുന്നതെന്നും അവരാരും വെറുക്കപ്പെടേണ്ടവരല്ലെന്നുമുള്ള ഉത്തമബോധ്യമാണ് ജനങ്ങളെ നയിച്ചത്. എന്നാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ അനുഭവം മറിച്ചാണ്. 

പി ജയരാജന്‍ വധശ്രമം മുഴുമിപ്പിക്കാനായില്ല എന്ന പരിഭവം അക്കാലത്ത് ആര്‍എസ്എസിനുണ്ടായിരുന്നു. ആര്‍എസ്എസ് "കതിരൂര്‍ പൗരസമിതി" എന്ന പേരില്‍ ഒരു നോട്ടീസ് അച്ചടിച്ച് തലശ്ശേരി താലൂക്കിലാകെ വിതരണംചെയ്തു. "പി ജയരാജന്‍ ആര്? നിങ്ങള്‍ വിലയിരുത്തുക" എന്നാണ് തലക്കെട്ട്. ജയരാജനെ എന്തിനു കൊല്ലണം എന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്. വിദ്യാര്‍ഥി നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയപ്പോഴും ഇത്തരത്തിലൊരു നോട്ടീസ് ഇറക്കി. കെ വി സുധീഷിനെ കൊന്നത് സിപിഐ എംകാരനാണെന്നും സുധീഷ് ഗൗരിയമ്മ ഗ്രൂപ്പായതുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് അച്ചടിച്ചതാരെന്ന് വ്യക്തമാക്കാത്ത ആ നോട്ടീസിലുണ്ടായത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പ്രസില്‍നിന്ന് അച്ചടിച്ച് ആര്‍എസ്എസുകാര്‍ തന്നെയാണ് നോട്ടീസ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും എത്തിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. അത്തരത്തില്‍, അയഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഇടപെടലുകള്‍ ഇവിടെ ബോധപൂര്‍വം ഉണ്ടാകുന്നു. അത് ചെയ്യുന്നതാകട്ടെ, സിപിഐ എം പ്രതിസ്ഥാനത്തെത്തിയേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്.
അന്വേഷണ വിവരങ്ങള്‍ പൊലീസില്‍നിന്ന് പുറത്തുപോകില്ല എന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പൊലീസ് മേധാവികളുടെ കമ്പ്യൂട്ടറില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ എന്നുപറഞ്ഞുപോലു"മ" മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍വാര്‍ത്തകള്‍ മറ്റെന്തിനെയാണ് സുചിപ്പിക്കുന്നത്? സിപിഐ എമ്മിനോടുള്ള ഭ്രാന്തന്‍ വിദ്വേഷം സാമാന്യബോധത്തെ കീഴടക്കുന്നത് മാധ്യമ വലതുപക്ഷ സമീപനത്തില്‍ കാണാനാകും. വലതുപക്ഷ മാധ്യമ കൂട്ടായ്മയുടെ അസന്തുഷ്ടി സമ്പാദിക്കുകയോ താല്‍പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കാതിരിക്കുകയോ അതിന്റെ വിലങ്ങടിച്ചു നില്‍ക്കുകയോ ചെയ്യുന്ന ഏതൊന്നിനേയും തകര്‍ത്തു കളയാനുള്ള ധാര്‍ഷ്ട്യം അതിന് കൈവന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്രപരമായ യുദ്ധമാണ് അത് ഏറ്റെടുത്തിരിക്കുന്നത്.
ഇടതുപക്ഷത്തെ ശിഥിലീകരിക്കുക ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള സിപിഐ എമ്മിനെ അസ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കമ്യൂണിസത്തിന്റെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഉഗ്രമായ ഈ ആക്രമണത്തിന് പിന്തിരിപ്പന്‍ ശക്തികളുടെയാകെ പിന്തുണയുണ്ട്. കമ്യൂണിസം എന്ന വാക്കിനെ നിഷേധിച്ച് അതിന്റെ ആശയത്തെ അഭിശപ്തമായി ചിത്രീകരിക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആദ്യതന്ത്രം. കപടമായ ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് രംഗത്തുവരുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ അംഗസംഖ്യ ചിലപ്പോള്‍ പത്തോ നൂറോ ആയിരമോ ആയി ചുരുങ്ങും. മുണ്ടന്‍ പാര്‍ടികളെന്നാണ് അവരെ വിളിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകത അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം എന്നാണ്. അവരുടെ പേരുകളിലും രേഖകളിലും മാര്‍ക്സിസ്റ്റ് പദാവലിയുടെ തള്ളിക്കയറ്റം തന്നെ കാണാം.
കമ്യൂണിസം, തൊഴിലാളിവര്‍ഗം, വിപ്ലവം എന്നിങ്ങനെയുള്ള വാക്കുകള്‍ അവര്‍ നിര്‍ലോഭം ഉപയോഗിക്കുന്നു. സ്വയം ഇടതന്‍മാരെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിക്കുകയും മാര്‍ക്സിസ്റ്റ് പദാവലി എടുത്തു ചുഴറ്റുകയും സോഷ്യലിസമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കപടവിപ്ലവകാരികളില്‍ ഭ്രമിച്ചു പോകുന്നവര്‍ ഏറെയുണ്ടാകും. രാഷ്ട്രീയ പരിജ്ഞാനവും അനുഭവവുമില്ലാത്ത അത്തരക്കാരാണ് കപടവിപ്ലവകാരികളെ തിരിച്ചറിയാതെ പലപ്പോഴും അവര്‍ക്ക് പിന്നാലെ പോകുന്നത്. വലതും ഇടതുമായ വ്യതിയാനക്കാര്‍ക്ക് നിര്‍ദേശവും പ്രചോദനവും ലഭിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നാണ്. അവിടെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ പ്രവര്‍ത്തിച്ച അജിന്റര്‍ പ്രസിന്റെ മേല്‍ഉദ്ധരിച്ച ചരിത്രം പ്രസക്തമാകുന്നത്. 

ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഫ്രെഡറിക് നീറ്റ്ഷേയുടെ ഓര്‍മ പ്രസക്തമാണ്. സമത്വത്തിന്റെയും നീതിയുടെയും ആദര്‍ശങ്ങളെ നീറ്റ്ഷേ തിരസ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം വഹിക്കുന്നത് സംബന്ധിച്ച ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മറ്റുള്ളവരുമായുള്ള ഇടപാടില്‍ എന്ത് ക്രൂരമാര്‍ഗങ്ങള്‍ക്കും അവകാശമുള്ള അതിമാനുഷ പൂജയാണ് നീറ്റ്ഷേ ഉപദേശിച്ചത്. അത്തരമൊരതിമാനുഷ പൂജയുടെയും ആദര്‍ശങ്ങളുടെ തിരസ്കാരവും തെളിഞ്ഞു വരുന്നു എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
വസ്തുനിഷ്ഠ സാഹചര്യങ്ങളെ അതിലംഘിച്ച് കപടവിപ്ലവ വാദത്തില്‍ വ്യാപൃതരാവുന്നവര്‍ക്കാണ് വലതുപക്ഷത്തിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുന്നത്. ചഞ്ചലമനസ്കരും കുടുംബ കെട്ടുപാടുകള്‍ ഇല്ലാത്തവരും സാമൂഹ്യപദവിയെക്കുറിച്ച് ഭയപ്പാടില്ലാത്തവരുമായവരുടെ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇടതുപക്ഷത്തിനെതിരായ പോര്‍മുഖങ്ങളില്‍ അത്തരക്കാരെ ചാവേറുകളാക്കുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ചന്ദ്രശേഖരന്‍ വധത്തിനും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും മുകളിലുള്ള പ്രാധാന്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ ഈ പ്രവണതകള്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് പോരാടാനും അതിജീവിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്.

 ജനക്കൂട്ടത്തിന്റെ ഹീനവാസനകളെ ഇളക്കിവിടുന്ന നാസി പ്രസ്ഥാനത്തെ വിപ്ലവപ്രസ്ഥാനമെന്നാണ്; ബൂര്‍ഷ്വാസിക്ക് എതിരായ പ്രസ്ഥാനമെന്നാണ് ഹിറ്റ്ലറൈറ്റുകള്‍ വിശേഷിപ്പിച്ചത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിക്കപ്പെടണം. ജനക്കൂട്ടത്തിന്റെ പ്രതികാരപരമായ മനഃസ്ഥിതികളോടും സാങ്കല്‍പികമായ ആവശ്യങ്ങളോടും സമര്‍ഥമായി പൊരുത്തപ്പെടുന്നു എന്ന് നടിച്ചാണ് നാസികള്‍ ജനപിന്തുണ ആര്‍ജിച്ചത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ആ ചരിത്ത്രിന്റെ ആവര്‍ത്തനത്തിനുള്ള ഉല്‍ക്കടമായ മോഹം കേരളത്തില്‍ ഇന്ന് ഭയാനകരൂപം പ്രാപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ്മേധത്തിന്റെ ശക്തികളുടെ ഉള്ളില്‍ നിര്‍ഞ്ഞുനില്‍പ്പുണ്ട്.

Tuesday, May 29, 2012

കേസില്ലാത്ത പൊന്‍കുഞ്ഞുങ്ങള്‍




Monday, May 21, 2012

തന്തൂരി അടുപ്പിലെ മാംസഗന്ധം


തന്തൂരി അടുപ്പിലെ മാംസഗന്ധം

പത്താം ഭാഗം: കക്കയം ക്യാമ്പിന്റെ പ്രേതം

""15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാന്‍ മൂന്നുമാസത്തെ പരോള്‍ വേണം"". കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ സുശീല്‍ശര്‍മ അപേക്ഷിച്ചു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മിന്നും താരമായിരുന്നു സുശീല്‍ ശര്‍മ. എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഉറ്റ കൂട്ടുകാരന്‍; യൂത്ത് കോണ്‍ഗ്രസിന്റെ ഡല്‍ഹി പ്രദേശ് പ്രസിഡന്റ്. ശര്‍മയുടെ ഭാര്യ നൈ സാഹ്നി ഡല്‍ഹി മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ് എംഎല്‍എ, ഭാര്യ ഡല്‍ഹിയിലാകെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ആഘോഷജീവിതം. നൈയുടെ സഹപാഠിയായിരുന്ന മത്ലബ് കരീമും കോണ്‍ഗ്രസ് നേതാവാണ്. കരീമിന് നൈയുമായി അവിഹിതബന്ധമുണ്ടെന്ന് ശര്‍മ സംശയിച്ചു. 95 ജൂലൈ രണ്ടിന് രാത്രി ശര്‍മ വീട്ടിലെത്തിയപ്പോള്‍ നൈ ആരോടോ ഫോണില്‍ സംസാരിക്കുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ സംഭാഷണം അവസാനിപ്പിച്ചു. അതോടെ അവിഹിതബന്ധം ഉറപ്പിച്ച ശര്‍മ തോക്കെടുത്തു. ഭാര്യയെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. അശോക് റോഡിലെ ഭാഗ്യ എന്ന റസ്റ്റോറന്റിലേക്ക് ശവശരീരവുമായി ശര്‍മ യാത്രയാകുന്നു. അവിടെ റസ്റ്റോറന്റ് മാനേജര്‍ കേശവ്കുമാറിന്റെ സഹായത്തോടെ ജഡം ചെറുകഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ സംശയംതോന്നി അടുത്തുചെന്നപ്പോള്‍ ശര്‍മ സ്ഥലംവിട്ടു. കേശവ് പിടിയിലായി. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി അടുപ്പിലിട്ടു ചുട്ട കോണ്‍ഗ്രസ് നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ശര്‍മയാണ്, തനിക്ക് മൂന്നുമാസം പരോള്‍ വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു നേതാവിന്റെ ചരിത്രമാണിത്.

ഇതുപോലെ അനേകം സംഭവങ്ങള്‍. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസ് ഔദ്യോഗികമായി നടപ്പാക്കിയതാണ്. സിഖ് വംശജരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അതിന് നേതൃത്വം നല്‍കിയ ജഗദീശ് ടൈറ്റ്ലറിനെയും സജ്ജന്‍കുമാറിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്വവും മന്ത്രിപദവും നല്‍കി ആദരിച്ചു. കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ സുശീല്‍ ശര്‍മയാണ് കോണ്‍ഗ്രസിന്റെ പ്രതീകമെങ്കില്‍, ഇങ്ങ് കേരള തലസ്ഥാനത്തും അനുയായികള്‍ പിന്നോട്ടല്ല. കെപിസിസി നേതാവായ മുന്‍ എംഎല്‍എ സ്വന്തമായി എന്തിനുംപോന്ന ക്വട്ടേഷന്‍ സംഘത്തെ പോറ്റി വളര്‍ത്തുന്നുണ്ട്. മറ്റ് പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയും ഡസനോളം സംഘങ്ങള്‍ സജീവം.
2004ലാണ് കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി വിളയിക്കുളം ലാലിയെ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ അനുയായിയുടെ രക്തം മണ്ണില്‍ വീണു. എം എ വാഹിദ് എംഎല്‍എയും ഡിസിസി ഭാരവാഹി സി മോഹനചന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് വൈരം രണ്ട് ഗുണ്ടാപ്പടകള്‍ തമ്മിലുള്ള തെരുവുയുദ്ധമായി മാറിയപ്പോഴാണ് ലാലി ബലിയാടായത്. 2001ല്‍ മോഹനചന്ദ്രനെ "വെട്ടിയാണ്" എം എ വാഹിദ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. വാഹിദിനെ തോല്‍പ്പിക്കാന്‍ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇവരോടൊപ്പം ലാലിയും സജീവമായി ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വാഹിദിന്റെ "കോടതി" ലാലിക്ക് വധശിക്ഷ വിധിച്ചു. പ്രതികളായത്, സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമുഖര്‍.
2010 മെയ് അഞ്ചിന് തലസ്ഥാന നഗരത്തില്‍ത്തന്നെ, കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്വന്തം പാര്‍ടി പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നു. സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഗ്രൂപ്പുതിരിഞ്ഞുണ്ടായ തര്‍ക്കമാണ് നന്തന്‍കോട് ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസിനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്റെ ചവിട്ടേറ്റായിരുന്നു മരണം. നന്തന്‍കോട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു ആന്റണി. അവിടെയെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരാണ് സമരത്തിന് വിളിച്ചത്" എന്നുചോദിച്ച് ആന്റണിയെ വലിച്ചുപുറത്തിട്ടു മര്‍ദിച്ചു. പിടിവലിയില്‍ ഇരുവരും വീണപ്പോള്‍ വിജയന്‍ ചാടിയെണീറ്റ് ആന്റണിയുടെ നെഞ്ചത്ത് ചവിട്ടി. വിജയന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ആന്റണി ഐ ഗ്രൂപ്പുമായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ചവിട്ടുകൊണ്ടുവീണ ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ബര്‍ണബാസിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ""സൂക്ഷിച്ചോ, അടുത്തത് നീയാണ്"" എന്ന് പറയാന്‍ വിജയന്‍ മടിച്ചില്ല. കേസ് തേച്ചുമാച്ചുകളയാന്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ത്തന്നെ ഇടപെടല്‍ തുടരുന്നു. അന്ന് വിജയനെ പുറത്താക്കി എന്ന് നേതൃത്വം പ്രചരിപ്പിച്ചു. ഇന്ന് വിജയന്‍ പഴയ പ്രസിഡന്റ് സ്ഥാനത്തുതന്നെയാണ്. അത് എതിര്‍ഗ്രൂപ്പുകാര്‍ അംഗീകരിക്കുന്നില്ലെങ്കിലും.

കോണ്‍ഗ്രസ് ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിയല്ല- ഗാന്ധിയുടെയും ഖാദിയുടെയും പാരമ്പര്യത്തിന്റെ പലിശകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരുപറ്റം തട്ടിപ്പുകാരുടെ കൂട്ടായ്മ മാത്രം. ആ മുഖംമൂടിക്കുള്ളില്‍ ഏറ്റവും നികൃഷ്ടമായ കൊലപാതകിയുടെ ദംഷ്ട്രകളുണ്ട്. ചതിയന്റെ കുടിലമനസ്സുണ്ട്. ആ കുടിലതയാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ അജന്‍ഡയായി അനുദിനം പുറത്തുവരുന്നത്.

കേരളത്തിന്റെ സമുന്നത രാഷ്ട്രീയനേതാവായിരുന്ന ബേബി ജോണിനെ ഒരു സരസന്റെ തിരോധാനത്തിന്റെ പേരില്‍ കൊലയാളിയാക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ ആവേശം ഓര്‍ത്തെടുത്താല്‍ സമാനതകളില്ലാത്ത നെറികേടിന്റെ ചിത്രം തെളിഞ്ഞുവരും. സരസന്‍ ചവറയിലെ ആര്‍എസ്പിയുടെ സാധാരണ പ്രവര്‍ത്തകനായിരുന്നു. ഇടയ്ക്ക് പാര്‍ടി വിട്ടു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. അതോടെ, കഴുകന്മാര്‍ രംഗത്തുവന്നു. പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കുടകില്‍ ഒരു തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു; സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് നാട്ടുകാരോട് പറഞ്ഞു. പക്ഷേ, പറഞ്ഞ കള്ളം പിന്‍വലിക്കാനോ ബേബി ജോണിനോട് മാപ്പുപറയാനോ കോണ്‍ഗ്രസ് തയ്യാറായില്ല- അദ്ദേഹത്തിന്റെ ബോധം മറയുന്നതുവരെ. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ മത്സരമുണ്ടായിരുന്നെങ്കില്‍ ബേബി ജോണിനെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയേനെ.

കമ്യൂണിസ്റ്റുകാരോടാകുമ്പോള്‍ എല്ലാ മര്യാദകളും മാറ്റിവയ്ക്കാം എന്ന ബോധം അടിച്ചുറപ്പിക്കുകയാണ് വലതുപക്ഷം. ഒരു ഭാഗത്ത് ഏകപക്ഷീയമായ നുണക്കഥകള്‍. സ്വന്തം വീട് ആര്‍ക്കും അഭയസ്ഥാനമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആ അഭയകേന്ദ്രം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് വിരോധം കാപട്യപൂര്‍ണമാണെന്നതുപോലെ നിര്‍ദയവുമാണ്. ഒരു പാര്‍ടിയില്‍ വിശ്വസിക്കുന്ന കുറ്റത്തിന് നൂറുകണക്കിനാളുകളെ ആട്ടിയോടിക്കുന്ന ക്രൗര്യത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. പൊലീസ്, മാധ്യമ, വലതുപക്ഷ ആക്രമണം ഏകോപിച്ച് ഊര്‍ജമാവാഹിക്കാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം കാരണമായി. അത് അരങ്ങുതകര്‍ത്താടുകയാണ്. പശ്ചിമ ബംഗാളിലെന്നപോലെ മഹാസഖ്യമുണ്ടാകുന്നു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അന്വേഷണത്തില്‍ മറയില്ലാതെ ഇടപെടുന്നു. ഒരു കൊലപാതകത്തിന്റെ പാപഭാരം കയറ്റിവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം പൂത്തുലയുകയാണ്. ആജ്ഞാനുവര്‍ത്തികളായ കുറെ പൊലീസുകാരും മാധ്യമസ്വാധീനവുമുണ്ടെന്ന ഹുങ്കാണ് ബംഗാള്‍ മോഡല്‍ സ്വപ്നത്തിനാധാരം. സിപിഐ എം കടന്നുവന്ന വഴികളും നേരിട്ട വെല്ലുവിളികളും സഹിച്ച ത്യാഗങ്ങളും ചിന്തിയ രക്തവും അറിയാത്തവരുടെ ആ ദിവാസ്വപ്നമാണ് കേരളത്തെ സമീപനാളുകളില്‍ ശബ്ദമുഖരിതമാക്കുന്നത്. എന്നാല്‍ അതിന് അല്‍പ്പായുസ് മാത്രം. (അവസാനിച്ചു)

Sunday, May 20, 2012

കക്കയം ക്യാമ്പിന്റെ പ്രേതം


കക്കയം ക്യാമ്പിന്റെ പ്രേതം

പാടിക്കുന്നിന്റെ വിശാലതയില്‍ ഒരു ചുവന്ന പൊട്ടായി അകലെ നിന്നുതന്നെ ചെങ്കൊടി കാണാം. പൊലീസിനെ ഉപയോഗിച്ചു കോണ്‍ഗ്രസ് നടത്തിയ കൂട്ടക്കൊലയുടെ സ്മാരകമാണ് ആ ചുവപ്പ്. 1950 മെയ് മൂന്നിന് അര്‍ധരാത്രിയാണ് പാടിക്കുന്നില്‍ മൂന്ന് കമ്യൂണിസ്റ്റുകാരെ മലബാര്‍ സ്പെഷ്യല്‍ പൊലീസ് വെടിവച്ചുകൊന്നത്. പൊലീസുമായി ഏറ്റുമുട്ടി മൂന്ന് കമ്യൂണിസ്റ്റുകാര്‍ മരിച്ചെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ചിറക്കല്‍ താലൂക്കില്‍ ചുവപ്പുപടര്‍ന്ന കാലം.


1940ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയ, "മുന്നോട്ട്" എന്ന രഹസ്യ മാസിക ഇറക്കിയ, കര്‍ഷക- കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച ചിറക്കല്‍ പുത്തന്‍ ഭരണാധികാരികളുടെ മനസ്സില്‍ തീകോരിയിട്ടു. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ കോണ്‍ഗ്രസ്- പൊലീസ് ഗൂഢാലോചന രൂപപ്പെട്ടു. പ്രധാന പ്രവര്‍ത്തകരെ കൊല ചെയ്ത് ഭീഷണി പടര്‍ത്തണമെന്നായിരുന്നു തീരുമാനം.

 കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്തവരില്‍ "അപകടകാരികളെ" കൊല്ലാന്‍ നിശ്ചയിച്ചു. കയരളത്തെ പൊലീസ് ക്യാമ്പില്‍ നിന്ന് ഗോപാലനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെയും പാടിക്കുന്നിലെത്തിച്ചു. നിരായുധരും നിസ്സഹായരുമായ സഖാക്കളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റേ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും പൊലീസും കോണ്‍ഗ്രസ് നേതൃത്വവും കള്ളജാമ്യത്തിലെടുത്താണ് പുറത്തിറക്കിയത്. രാഷ്ട്രീയാവശ്യത്തിനുവേണ്ടി പൊലീസിനെ വേട്ടമൃഗങ്ങളാക്കിയതിന്റെ ആദ്യാനുഭവങ്ങളിലൊന്ന്. 

1948ല്‍ കണ്ണൂര്‍ ചേലേരിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പി സി അനന്തന്‍ എന്ന ഇരുപതുകാരനെ കൊല്ലാക്കൊല ചെയ്ത് പായയില്‍ കെട്ടി വളപട്ടണം പുഴയില്‍ എറിഞ്ഞുകൊന്നതും കോണ്‍ഗ്രസ്- പൊലീസ് കൂട്ടുകെട്ടായിരുന്നു.

 പൂഴ്ത്തിവയ്പിനെതിരായ സമരം ചേലേരിയിലും നടന്നു. സമരനാളില്‍ സ്ഥലത്തില്ലാതിരുന്ന പി സി അനന്തന്‍ പിറ്റേന്നാണ് ഇരിക്കൂറില്‍ നിന്ന് നടന്ന് നാട്ടിലെത്തുന്നത്. ആനപ്പാപ്പാനായ അച്ഛനെ കാണാനാണ് ഇരിക്കൂറില്‍ പോയത്. പനിപിടിച്ച് നടന്ന് തളര്‍ന്നെത്തിയ അനന്തന്‍ കടയില്‍ നിന്ന് ചായപ്പൊടിയും പഞ്ചസാരയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. പൊടുന്നനെ കോണ്‍ഗ്രസ് സംഘം അനന്തനെ വളഞ്ഞു. പിടിച്ചുകെട്ടി ചേലേരി മുതല്‍ കമ്പില്‍ വരെ തല്ലി വീഴ്ത്തിയും പിടിച്ചെഴുന്നേല്‍പ്പിച്ച് വീണ്ടും തല്ലിയും നടത്തിച്ചു. വഴിയില്‍ പൊലീസും ഒപ്പം കൂടി. കമ്പില്‍ പൊലീസ് ക്യാമ്പും കോണ്‍ഗ്രസ് ഓഫീസും ഒന്നിച്ചാണ്. അനന്തനെ അവിടെ കൊണ്ടിട്ട് മര്‍ദനം തുടര്‍ന്നു. മരിച്ചിട്ടുണ്ടാകുമെന്നു കരുതി പായയില്‍ കെട്ടി പുഴയില്‍ ഒഴുക്കി. 

കമ്പില്‍- കയരളം പൊലീസ് ക്യാമ്പുകള്‍ കോണ്‍ഗ്രസിന് ഇന്നും മാതൃക തന്നെ. വടകരയിലെ പൊലീസ് ക്യാമ്പിലും ഇന്ന് പുതിയ കഥകള്‍ പിറക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇത്തരം ക്യാമ്പുകള്‍ പുതിയതല്ല.

 1976 ഫെബ്രുവരി 28നു ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നു. ആ കേസ് തെളിയിക്കാനാണ്, കക്കയത്ത് പൊലീസ് ക്യാമ്പ് സ്ഥാപിച്ചത്. പലരെയും പിടിച്ചു; ചോദ്യംചെയ്തു. സൂചനയൊന്നും കിട്ടിയില്ല. മര്‍ദനത്തിന്റെ പുതിയ രീതികള്‍ ഓരോ ശരീരത്തിലും പരീക്ഷിക്കപ്പെട്ടു. റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിച്ചു. സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28നു രാത്രി പി രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ യൂത്ത്ഫെസ്റ്റിവലിലായിരുന്നു. പിറ്റേന്നു രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ച് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയി. നിരപരാധിത്വം കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ല. തല്ലിയും ഇടിച്ചും ഉരുട്ടിയും അവര്‍ ആ ചെറുപ്പക്കാരന്റെ ജീവനെടുത്തു. മൃതദേഹം എവിടെ നശിപ്പിച്ചെന്ന് ഇന്നും അറിയില്ല.

 കൊലപാതകികള്‍ കോണ്‍ഗ്രസിന്റെ ചിറകില്‍ സുരക്ഷിതരായി. അതിലൊരാള്‍ ഇന്ന് മറ്റൊരു കേസില്‍ ജീവപര്യന്തം തടവിലാണ്- വര്‍ഗീസ് വധത്തിന് ഉത്തരവിട്ട അന്നത്തെ ഡിവൈഎസ്പിയും പിന്നത്തെ ഐജിയുമായ ലക്ഷ്മണ. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കക്കയം ക്യാമ്പിന്റെയും വര്‍ഗീസ് വധത്തിന്റെയും സ്മരണകള്‍ ഉണരുകയാണ്. 

അടിയന്തരാവസ്ഥയ്ക്കു മുമ്പാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. സിപിഐ എം വിട്ട് തീവ്രവാദത്തിന്റെ വഴിയിലൂടെയാണ് വര്‍ഗീസ് നടന്നത്. പാര്‍ടിയുടെ ശത്രുപാളയത്തില്‍. അദ്ദേഹത്തെ പൊലീസ് പിടിച്ചുകെട്ടി വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടെന്ന് സര്‍ക്കാരും മാധ്യമങ്ങളും പറഞ്ഞു. സിപിഐ എം മാത്രമാണ്; ദേശാഭിമാനി മാത്രമാണ് വര്‍ഗീസിനെ ക്രൂരമായി കൊല്ലുകയായിരുന്നെന്ന് വിളിച്ചുപറഞ്ഞത്. ആ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സത്യം വിളിച്ചുപറഞ്ഞ പാര്‍ടിയെ മലയാളമനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അപഹസിച്ചു. "ഏറ്റുമുട്ടലിന്റെ" സങ്കല്‍പ്പകഥകള്‍ അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍നായര്‍ എന്ന പൊലീസുകാരന്റെ കുറ്റസമ്മതം വന്നപ്പോഴാണ്, സിപിഐ എം പറഞ്ഞതാണ് ശരി എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നത്.

 വര്‍ഗീസ് വധക്കേസിലെന്ന പോലെ വ്യാജ പ്രചാരണവും രാജന്‍ കേസിലെന്ന പോലെ പൊലീസിന്റെ അഴിഞ്ഞാട്ടവുമാണ് വടകരയിലും. കസ്റ്റഡിയിലെടുക്കുന്ന ആളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിയമം. സിപിഐ എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ കസ്റ്റഡിയിലെടുത്ത് നേരത്തോടുനേരമായിട്ടും വിടാന്‍ തയ്യാറായില്ല. കോടതിയില്‍ എത്തിച്ചതുമില്ല. അതു ചൂണ്ടിക്കാട്ടി പൊലീസ് ക്യാമ്പിനു മുന്നില്‍ കുത്തിയിരുന്ന അഭിഭാഷകര്‍ക്കെതിരെ കേസ്, ഭീഷണി, കേസില്‍ ഇടപെടുന്നുവെന്ന ആരോപണവും.

 അടിയന്തരാവസ്ഥയുടെ പ്രേതം വടകരയില്‍ ചുറ്റിത്തിരിയുകയാണ്. പൊലീസ് ചോദ്യംചെയ്യല്‍ രഹസ്യമാണ്. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്ന പേരില്‍ ഓരോ ദിവസവും മനോരമയും മാതൃഭൂമിയും കഥകള്‍ കൊണ്ടുവരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ മാധ്യമപ്രവര്‍ത്തകരില്ല. പിന്നെങ്ങനെ ചില മാധ്യമങ്ങള്‍ക്കുമാത്രം ചോദ്യംചെയ്യലിന്റെയും അന്വേഷണത്തിന്റെയും വിവരങ്ങള്‍ തുടര്‍ച്ചയായി കിട്ടുന്നു? ജയറാം പടിക്കലും മധുസൂദനും ലക്ഷ്മണയുമെല്ലാം പുനര്‍ജനിക്കുകയാണ് വടകരയില്‍. (അവസാനിക്കുന്നില്ല

Saturday, May 19, 2012

കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം

കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം

എട്ടാം ഭാഗം: കഥാനന്തരം കല്ലാച്ചിയിലെ ചോര

സ്വന്തം പാര്‍ടിയില്‍ ഗ്രൂപ്പ് മാറിയ കുറ്റത്തിന് വെട്ടി കരള്‍പിളര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിസംഘത്തിന്റെ ചരിത്രം. പുതുപ്പള്ളി കവലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ പയ്യപ്പാടിയിലേക്ക്. കരള്‍പിളരുന്ന കാഴ്ച എന്നത് ഇന്നാട്ടുകാര്‍ക്ക് വെറുമൊരു ആലങ്കാരികമായ പ്രയോഗമല്ല. ഐഎന്‍ടിയുസി ഐ വിഭാഗം യൂണിറ്റ് പ്രസിഡന്റ് പുതുപ്പറമ്പില്‍ പി വി ഔസേപ്പിന്റെ കരള്‍ എ ഗ്രൂപ്പുകാര്‍ നെടുകെ വെട്ടിപ്പിളര്‍ക്കുന്നത് കണ്ടവരാണവര്‍.

1997 ഏപ്രില്‍ 21നായിരുന്നു അത്. മൂന്നുമാസംമുമ്പുവരെ എ ഗ്രൂപ്പിലായിരുന്ന ഔസേപ്പ് അന്ന് പ്രബലപ്പെടുന്ന കരുണാകരവിഭാഗത്തിലേക്ക് ചേക്കേറി ആ വിഭാഗത്തിന്റെ യൂണിയന്‍ നേതാവായതാണ് പ്രകോപനം. കവലയില്‍ നിന്ന ഔസേപ്പിനെ തമ്പാന്‍ കുര്യന്‍, കൊച്ചുമോന്‍, ഈശോ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വളഞ്ഞു. എല്ലാവരും പ്രധാന കോണ്‍ഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം അനുയായികള്‍. വടിവാള്‍ വീശലില്‍ കരള്‍ പാതിയായി പിളര്‍ന്നുപോയി. ആരെയും ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. ആയുധങ്ങളുമായി അക്രമികള്‍ കൊലവിളി തുടര്‍ന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഔസേപ്പ് മരിച്ചു. ഡിസിസി ട്രഷററും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. വി വി പ്രഭയാണ് പ്രതികള്‍ക്കുവേണ്ടി കേസ് നടത്തിയത്. പ്രതികളെയും വക്കീലിനെയും നയിച്ചത് ഉമ്മന്‍ചാണ്ടി. കൊലയാളികളെ എ ഗ്രൂപ്പ് സംരക്ഷിക്കുകയായിരുന്നുവെന്ന് പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ പുതുപ്പറമ്പില്‍ സാബു ഉറപ്പിച്ചുപറയുന്നു. ""ഗ്രൂപ്പുവൈരത്തിന്റെ രക്തസാക്ഷിയാണ് ഔസേപ്പ്. ഉമ്മന്‍ചാണ്ടിയാണ് കൊലപാതകികള്‍ക്ക് എല്ലാ സഹായവും ചെയ്തത്""- സാബു ഇന്നും രോഷത്തിലാണ്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നിട്ടും സാബുവിന് ഇതുപറയാന്‍ ഭയമില്ല. ഔസേപ്പിന്റെ കൊലപാതകം തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഔസേപ്പിന്റെ ഭാര്യക്ക് ബിവറേജസ് കോര്‍പറേഷനില്‍ കുപ്പിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലി തരപ്പെടുത്തിക്കൊടുത്താണ് ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചത്.

എല്ലാ അക്രമങ്ങളുടെയും ഒരുഭാഗത്ത് സിപിഐ എം എന്നാണ് സമാധാനപ്പറവകളുടെ വിലാപം. കണ്ണൂരില്‍മാത്രമാണ് അക്രമമെന്ന് മറ്റൊരു കൂട്ടര്‍. ഇവിടെ സിപിഐ എമ്മുമില്ല, കണ്ണൂരുമില്ല.

കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ മുണ്ടുരിയലും തെറിവിളികളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കായി വേറെയും കഥകളുണ്ട്. ഏലൂരിലെ ഐഎന്‍ടിയുസി ഭവനില്‍ ഇരുന്നുകൊണ്ട് ബി ശശിധരന്‍ ഒരു കഥ പറയും. ഗ്രൂപ്പുപോര് മൂത്ത് ഐ വിഭാഗം നിയോഗിച്ച ക്വട്ടേഷന്‍സംഘത്തിന്റെ ആക്രമണത്തിനിരയായ ശശിധരന്‍ ഇന്ന് ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ്. അന്ന് കെപിസിസി അംഗമായിരുന്നു. 1991 നവംബര്‍ 13ന് രാവിലെ കാറിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ 33 വെട്ടാണ് ഏറ്റത്. വലത് കൈപ്പത്തിയും ഇടത് കാല്‍പ്പാദവും അറ്റുതൂങ്ങി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറികൂടിയാണ് ഇന്ന് ശശിധരന്‍. അറ്റുപോയ കൈ തുന്നിച്ചേര്‍ത്തെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. ""ഫിസിയോതെറാപ്പി നടത്തിയെങ്കിലും കൈക്ക് സ്വാധീനം വീണ്ടുകിട്ടിയില്ല. കാല്‍പ്പാദം തുന്നിച്ചേര്‍ത്തതിനാല്‍ നടക്കാന്‍ വിഷമം. പരസഹായം വേണം. എങ്കിലും വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഓഫീസില്‍ വന്നിരിക്കുന്നു"" ശശിധരന്റെ സ്വരം നൈരാശ്യത്തിന്റേതാണ്. ""എല്ലാബലവും ഉപയോഗിച്ച് കാറില്‍നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടുമാത്രമാണ് ജീവന്‍ അവശേഷിച്ചത്. മുഴുവന്‍ വെട്ടും വാഹനത്തില്‍ ഇരുന്നുതന്നെ ഏറ്റുവാങ്ങുകയായിരുന്നു. മദിരാശിയിലും മറ്റും ദീര്‍ഘകാലം ചികിത്സ നടത്തിയശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്""- ആ ദുരന്തദിനത്തിന്റെ ഓര്‍മ ശശിധരനെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.

കേസില്‍ പത്തു പ്രതികളായിരുന്നു. അക്രമികളെ വാടകയ്ക്കെടുത്തവര്‍ പ്രതികളെയും വാടകയ്ക്കെടുത്തു. കരുണാകരന്റെ പൊലീസ് കേസില്‍ മായംചേര്‍ത്തു. പക്ഷേ, പ്രതികള്‍ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. ക്വട്ടേഷന്‍ നല്‍കിയവര്‍ ഇന്നും ശശിധരന്റെ പാര്‍ടിയില്‍തന്നെ.

കോണ്‍ഗ്രസുകാരുടെ രക്തം കോണ്‍ഗ്രസുകാരന്റെ ആയുധത്തില്‍ പുരണ്ട കഥകള്‍ കണ്ണൂരിലുമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ സുധാകരസംഘം നടത്തിയ ബോംബേറില്‍ നാണു മരിച്ചതിനൊപ്പം ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസുകാരന്റെ കൈപ്പത്തിയും നഷ്ടപ്പെട്ടു. ഊണ് കഴിക്കുകയായിരുന്ന ജയകൃഷ്ണന്റെ കൈ ആ ഇലയില്‍തന്നെ അറ്റുവീണു. ജോലിചെയ്യാന്‍ വയ്യാതായ ജയകൃഷ്ണന്‍ പിന്നീട് ലോട്ടറിക്കച്ചവടക്കാരനായി നരകിച്ചു. തീപ്പൊരിപ്രസംഗകനും കണ്ണൂര്‍ ഡിസിസി- ഐ അംഗവും ഐഎന്‍ടിയുസി നേതാവുമായിരുന്ന സി പി പുഷ്പരാജ് കിടക്കയിലായിട്ട് വര്‍ഷങ്ങളായി. കെ സുധാകരന്‍ മന്ത്രിയായിരിക്കെ പുഷ്പരാജ് മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു പരാതി അയച്ചു. തന്റെ സഹോദരിയെ സുധാകരന്‍ മദിരാശിയില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കയാണ്; വെപ്പാട്ടിയാക്കിയിരിക്കയാണ്; അവളെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയായിരിക്കെ മാസത്തില്‍ അഞ്ചും ആറും തവണ സുധാകരന്‍ മദിരാശിയില്‍ പോയിരുന്നു. ഒന്നും ഔദ്യോഗികകാര്യത്തിനല്ല. പുഷ്പരാജിന്റെ സഹോദരിയെ മദിരാശിയില്‍ ഒളിവില്‍ പാര്‍പ്പിച്ച് അനൗപചാരിക കുടുംബജീവിതം നയിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പിന്നീട് സംശയരഹിതമായി തെളിഞ്ഞു. പരാതി ഉന്നയിച്ചതിന് പുഷ്പരാജ് പരസ്യമായി ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ കൈകാലുകള്‍ തകര്‍ന്ന് കിടപ്പിലാണ്. കണ്ണൂര്‍ ഡിസിയുടെ ഗുണ്ടാസംഘം ഡിസിസി- ഐ അംഗമായ പുഷ്പരാജിനെ വീട്ടില്‍ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ചു. വീടാക്രമിച്ചു. വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പുഷ്പരാജ്, മാസങ്ങളോളം മരണത്തോട് മല്ലിട്ട് മംഗലാപുരം ആശുപത്രിയില്‍ കഴിഞ്ഞു. പുഷ്പരാജിനുവേണ്ടി ഉപവാസം നടത്താന്‍ ആരും ചെന്നില്ല. മരുന്നിനും അരിവാങ്ങാനും സഹായം നല്‍കിയതുമില്ല.(അവസാനിക്കുന്നില്ല)

"കോണ്‍ഗ്രസുകാര്‍ ആദ്യം എന്റെ "ഘാതകരെ" കണ്ടെത്തട്ടെ"

തൃശൂര്‍: ""ഒഞ്ചിയത്തെ കൊലപാതകം മാര്‍ക്സിസ്റ്റുകാരുടെ തലയില്‍ വച്ചുകെട്ടാന്‍ വെമ്പല്‍കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളേ, നിങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ മറന്നുപോയോ? എന്റെ നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കുമെല്ലാം എന്നെ ഈ അവസ്ഥയിലാക്കിയ ഘാതകരെ കണ്ടെത്താന്‍ കഴിയുമോ""- "അജ്ഞാതരുടെ" ആകമണത്തില്‍ മൂന്നു വര്‍ഷത്തിലധികമായി ശരീരം തളര്‍ന്നു കിടപ്പിലായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിബു ജോര്‍ജ് ചോദിക്കുന്നു.

2009ല്‍ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പില്‍ പോയപ്പോള്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഷിബു പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ഇപ്പോഴും വീട്ടിലെ കിടക്കയിലാണ് നിയമബിരുദധാരിയായ ഷിബു ജോര്‍ജ് (35). സഹപ്രവര്‍ത്തകരുടെ കുടിലമോഹങ്ങളുടെ ഭാഗമായി ആരോ തലയ്ക്കടിച്ച് കെട്ടിടത്തില്‍നിന്ന് തള്ളിയിട്ടതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരിന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു താമസിയാതെ പ്രസിഡന്റാകുമെന്ന് ഉറപ്പായിരന്നു. അതു തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ ഹീനകൃത്യമെന്ന് ഷിബു പറഞ്ഞിരുന്നു.

തൃശൂര്‍ ചേര്‍പ്പ് തണ്ടാശേരി വിട്ടില്‍ റിട്ട. വില്ലേജ് ഓഫീസര്‍ ജോര്‍ജിന്റെയും ജെസിയുടെയും മകനായ ഷിബുവിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും നിയമ വിദ്യാര്‍ഥിയുമായിരിക്കെയാണ് "ദുരന്തം" വേട്ടയാടിയത്. അടൂരില്‍ പഠനക്യാമ്പ് കഴിഞ്ഞ് ഷിബുവും സഹപ്രവര്‍ത്തകരും രാത്രി അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള യമുന ഹോട്ടലില്‍ തങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ ഫോണ്‍ വന്നു. പിന്നീട് ഷിബുവിന് ഒന്നും ഓര്‍മയില്ല. ഏഴാംദിവസം ബോധംതെളിഞ്ഞപ്പോള്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ശരീരമാകെ തളര്‍ന്നനിലയിലായിരുന്നു. ഹോട്ടലിലെ കെട്ടിടത്തില്‍നിന്ന് വീണുവെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുണ്ടാകുന്ന പരിക്കുകളില്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍നിന്നാണ് ആരോ പിന്നില്‍നിന്നും തലക്കടിച്ചതാണെന്ന് ബോധ്യമായത്. അന്ന് ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല- ഷിബു പറഞ്ഞു.

Friday, May 18, 2012

കഥാനന്തരം കല്ലാച്ചിയിലെ ചോര


കഥാനന്തരം കല്ലാച്ചിയിലെ ചോര


ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം 

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ആറാം ഭാഗം: കാലന്‍ വന്ന് വിളിച്ചിട്ടും

ഏഴാം ഭാഗം: കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"

ഒരു ബലാത്സംഗകഥയാണ് കല്ലാച്ചി അങ്ങാടിയില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ശരീരം തുണ്ടുതുണ്ടാക്കിയത്. ടാക്സി ഡ്രൈവറായിരുന്നു ഈന്തുള്ളതില്‍ ബിനു. 2001 ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് വണ്ടി ഒതുക്കി പുറത്തിറങ്ങുമ്പോഴാണ് ഒരു ജീപ്പിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ബിനുവിനെ പിടച്ചില്‍ മാറുന്നതുവരെ വെട്ടിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ കുടിയേറിയ തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ കൊല. നാദാപുരത്ത് പതിവായിരുന്ന സംഘര്‍ഷത്തിനിടെയായിരുന്നില്ല അത്. ആ വര്‍ഷം ജനുവരിയിലുണ്ടായ സംഘട്ടനങ്ങളുടെ കാലം തെറ്റിയ തുടര്‍ച്ച. ജനുവരിമുതല്‍ മുസ്ലിംലീഗ്-എന്‍ഡിഎഫും കിരാത ആക്രമണത്തിനു വേദിയായിരുന്നു നാദാപുരം. ചെക്യാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പി വി സന്തോഷിനെ വെടിവച്ചു കൊന്നു. വീടുകളും കടകളും തീവച്ചു നശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. സഹികെട്ട ഘട്ടങ്ങളില്‍ തിരിച്ചടി നല്‍കിയതിനൊപ്പം സിപിഐ എം പ്രവര്‍ത്തകര്‍ ലീഗ് ആക്രമണങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ ശ്രദ്ധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരുന്നു. ആ ഘട്ടത്തിലാണ്, തെരുവംപറമ്പില്‍ മുസ്ലിംസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കഥ പിറന്നത്. കേരളത്തിലുടനീളം യുഡിഎഫും എന്‍ഡിഎഫും ബിജെപിയും പത്രങ്ങളും ബലാത്സംഗകഥ കൊണ്ടാടി. ന്യൂനപക്ഷ കമീഷനെയും വനിതാ കമീഷനെയും രംഗത്തിറക്കി. നാദാപുരത്തെ സ്ത്രീയുടെ മാനത്തിന്റെ വില തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെ ബോധ്യപ്പെടുത്തണമെന്ന വൈകാരികമായ ആഹ്വാനമുയര്‍ന്നു. സോണിയ ഗാന്ധിയെക്കൊണ്ട്, "ഇര"യ്ക്ക് സഹായം കൊടുപ്പിച്ചു. അന്ന് മലയാള മനോരമ പത്രം വനിതാ കമീഷനെ ഉദ്ധരിച്ച് നല്‍കിയ വാര്‍ത്ത ഇങ്ങനെ:

നാദാപുരത്ത് ലൈംഗിക പീഡനം ഉണ്ടായെന്ന് വനിതാ കമീഷന്‍ കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ടമ്മയ്ക്കും എട്ടു വയസ്സായ മകള്‍ക്കും ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം ഏറ്റിട്ടുണ്ടെന്ന് വനിതാകമീഷന്‍ നിഗമനത്തിലെത്തി. അമ്മയും മകളും ഇതിനകം വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് കമീഷന്‍ രണ്ടുദിവസമായി നടത്തിയ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടതായി കമീഷന്‍ അംഗങ്ങളായ റോസമ്മ പുന്നൂസ്, എം കമലം, അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമീഷന്‍ അംഗങ്ങള്‍ കരുതുന്നു. പരാതിയില്‍ ലോക്കല്‍ പൊലീസ് പെട്ടെന്ന് പ്രതികരിച്ചില്ല. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല... നാദാപുരം മാനഭംഗക്കേസ് സംബന്ധിച്ച് കമീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടും... ഭര്‍ത്താവിന്റെ അസുഖം കാരണം ചെയര്‍പേഴ്സണ്‍ സുഗതകുമാരി വന്നിരുന്നില്ല. മറ്റൊരംഗം ടി ദേവി വരാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അവസാനം എത്തിയില്ല. രാവിലെ വനിതാ കമീഷന്‍ ആദിവാസി സ്ത്രീകള്‍ക്കായി നടത്തിയ സെമിനാറില്‍ ദേവി സംബന്ധിച്ചിരുന്നു. ടി ദേവി സിപിഐ എം പ്രതിനിധിയാണ്. അവര്‍ ബോധപൂര്‍വം മാറിനിന്നു എന്ന് ധ്വനി. ഇതായിരുന്നു അന്ന് പ്രചരിപ്പിച്ച വാര്‍ത്തകളുടെയാകെ രീതി. ലൈംഗിക പീഡനം നടന്നു; അത് ക്രൂരമായിരുന്നു എന്നുറപ്പിച്ചുകൊണ്ടുള്ള നുണകളുടെ അനുസ്യൂതപ്രവാഹം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയത്തിലേക്കു നയിച്ച പ്രധാന സംഭവങ്ങളിലൊന്ന് ഈ ബലാത്സംഗമായിരുന്നു. കേസില്‍ ഒന്നാം പ്രതിയാക്കിയത് ഈന്തുള്ളതില്‍ ബിനുവിനെ. ആ ബിനുവിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, പരസ്യമായി വധിച്ചുകളഞ്ഞത്. ബലാത്സംഗകഥയ്ക്ക് പക്ഷേ ഏറെ ആയുസുണ്ടായില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനയിലും ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നു വ്യക്തമായി. ലീഗ് നേതൃത്വത്തിന്റെ ചതിയില്‍പ്പെട്ടതായി ബലാത്സംഗക്കഥയിലെ സ്ത്രീയുടെ ഭര്‍ത്താവിന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയേണ്ടിവന്നു. കുറ്റ്യാടി മഹല്ല് പള്ളി ഖാദിയും ഖത്വീബുമായിരുന്ന മൊയ്തു മൗലവിക്ക് യാഥാര്‍ഥ്യം അറിയാമായിരുന്നു. അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു: ""അവിടെ മാനഭംഗം നടന്നിട്ടില്ല, അത് കെട്ടിച്ചമച്ച കഥയാണ്."" ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഓര്‍ക്കുകപോലുമില്ല. ബിനുവിന്റെ ചിതറിത്തെറിച്ച ചോരയും മാംസച്ചീളുകളും പക്ഷേ കല്ലാച്ചിയിലെ സാധാരണക്കാര്‍ക്ക് മറക്കാനാകുന്നില്ല. ബലാത്സംഗം നടന്നെന്നു പറഞ്ഞ സമയത്ത് താന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു എന്ന് ആണയിട്ടു പറഞ്ഞിട്ടുപോലും ബിനുവിനോട് കാപാലികര്‍ ഒരിറ്റ് ദയ കാട്ടിയില്ല. ബോംബും വടിവാളും കൊണ്ടുവന്നവര്‍ മാത്രമല്ല ആ കൊലപാതകക്കേസിലെ പ്രതികള്‍. അതില്‍ അന്നത്തെ യുഡിഎഫ് ഉന്നതരും മാധ്യമങ്ങളുമുണ്ട്. ഒരു ഇല്ലാക്കഥ ക്രൂരമായി പ്രചരിപ്പിച്ചുറപ്പിച്ചതിന്റെ അവസാനമായിരുന്നു ബിനുവിന്റെ നുറുക്കപ്പെട്ട ശരീരം.

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും അനേകം സിപിഐ എം പ്രവര്‍ത്തകരുടെ ജീവനെടുത്തിട്ടുണ്ട്. മേപ്പയൂര്‍ പട്ടണമധ്യത്തില്‍ 1987 ഡിസംബര്‍ 28ന് സന്ധ്യക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഇബ്രാഹിമടക്കം അനേകംപേര്‍. സിപിഐ എം ഇരുപതാം കോണ്‍ഗ്രസിന് ഉയര്‍ത്താനുള്ള ദീപശിഖ ജില്ലയിലെ രക്തസാക്ഷികുടീരങ്ങളില്‍നിന്നാണ് കൊണ്ടുവന്നത്. ഒഞ്ചിയം രക്തസാക്ഷികളും സേലം ജയിലില്‍ വെടിയുണ്ടകള്‍ക്ക് വിരിമാറുകാട്ടിയവരും അടങ്ങുന്ന ആ രക്തസാക്ഷികളുടെ പാരമ്പര്യമാണ് കോഴിക്കോടിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. മുള്ളന്‍കൊല്ലിയിലെ രവിയും ശശിയും കര്‍ഷകത്തൊഴിലാളികളുടെ കൂലി പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഐയുടെയും കൊലക്കത്തിക്കിരയായത്. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് ഐക്ക് നഷ്ടമായതിലുള്ള പകയാണ് വേങ്ങേരിയിലെ വിജയനെയും വിജുവിനെയും കൊല്ലാന്‍ കാരണം.

എതിരാളികളെ പിച്ചിച്ചീന്തുന്ന ക്രൂരനായ കൊലയാളിക്ക് സമാധാന പതാക പിടിക്കുന്ന മാലാഖയായി ഭംഗിയായി അഭിനയിക്കാന്‍ കഴിയും എന്നാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് തെളിയിക്കുന്നത്. രമേശ് ചെന്നിത്തല ഗാന്ധിത്തൊപ്പിയണിഞ്ഞാണ് വടകരയില്‍ വ്യാഴാഴ്ച ഉപവസിച്ചത്. ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്, ""ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്"" എന്നാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ഈ "ശരിയായ രീതി" കോണ്‍ഗ്രസിന്റെ താല്‍പ്പര്യത്തിനുസരിച്ച രീതിയാണ്. പൊലീസിന്റെ സ്വാതന്ത്ര്യം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ശാഠ്യങ്ങള്‍ക്ക് അപ്പുറത്തേയ്ക്കില്ല. കൊലപാതകം നടന്ന് ആദ്യമണിക്കൂറില്‍ത്തന്നെ സിപിഐ എമ്മിനെതിരെ പ്രചാരണം തുടങ്ങി. കരുണാകരന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്തവിധം പരസ്യമായി പൊലീസില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചില ഓഫീസര്‍മാരെ മുന്നില്‍നിര്‍ത്തി മറസൃഷ്ടിച്ച് ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നു- മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു; സിപിഐ എമ്മിനെതിരായ പല്ലവി ആവര്‍ത്തിക്കുന്നു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ ബിനുവിന്റെ അരുംകൊലയിലേക്ക് നയിച്ചതുപോലെ, സിപിഐ എമ്മിന് ക്ഷീണമുണ്ടാക്കുക എന്ന ഏക ലക്ഷ്യംമാത്രം. പലരെയും പിടിക്കുന്നു; അവര്‍ പറഞ്ഞതായി പല കള്ളങ്ങളും പുറത്തുവിടുന്നു. അതിനിടയില്‍, എന്തിനാണ് അവരെ പിടിച്ചത് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍പോലും പൊലീസിനു കഴിയുന്നില്ല. (അവസാനിക്കുന്നില്ല)

Thursday, May 17, 2012

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"

കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ആറാം ഭാഗം: കാലന്‍ വന്ന് വിളിച്ചിട്ടും

ഇരുപതു വര്‍ഷംമുമ്പാണ്. രാഷ്ട്രീയ അക്രമങ്ങളുടെ വേര് തേടി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ജില്ലയല്ലേ, സിപിഐ എം ഭീകരതയാണ് അവിടെ എന്നാണ് പറഞ്ഞുകേട്ടത്. അവിടെച്ചെന്ന് അന്വേഷിച്ചപ്പോള്‍ അതുവരെ കേട്ട ചിത്രമല്ല തെളിഞ്ഞത്. ഉപായത്തില്‍ ചില കോണ്‍ഗ്രസുകാരുമായി അടുത്തു. കോണ്‍ഗ്രസിന്റെ "ശക്തി"യെക്കുറിച്ച് അവര്‍ വാചാലരായി. പലതരം ബോംബുകളുണ്ട്; വേണമെങ്കില്‍ കാണിച്ചുതരാം; പക്ഷേ സുധാകരേട്ടന്റെ സമ്മതം വേണം. ഉടന്‍കിട്ടി സമ്മതം. ""നമ്മുടെ ഫയറിങ്ങ് ശക്തി സിപിഎമ്മുകാര്‍ ഒന്നറിയട്ടെ"" എന്ന് നേതാവിന്റെ പ്രതികരണം. ആയുധം സൂക്ഷിച്ച കേന്ദ്രത്തിലേക്ക് കാര്‍ വിളിച്ച പത്രപ്രവര്‍ത്തകനോട് കണ്ണൂര്‍ നഗരമധ്യത്തില്‍വച്ച് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്, നടന്നുപോകാം എന്ന്. എത്തിയത് മറ്റെവിടെയുമല്ല. തളാപ്പിലെ ഡിസിസി ഓഫീസില്‍. അര്‍ധരാത്രിയായിരുന്നു. ചെന്നയുടന്‍ അകത്തുകൊണ്ടുപോയി. പലതരം ബോംബുകള്‍ കാണിച്ചു. പടമെടുക്കാന്‍ സൗകര്യംചെയ്തു. ഒരാള്‍ മുഖംമൂടി ധരിച്ച് ബോംബുമായി ചിത്രത്തിന് പോസ് ചെയ്തു. ഒരു നിബന്ധന മാത്രം. വാര്‍ത്തയില്‍ ഡിസിസി ഓഫീസിലാണ് ബോംബ് ശേഖരം എന്ന് എഴുതരുത്. അത് പാലിക്കപ്പെട്ടു. പക്ഷേ, അച്ചടിച്ചു വന്ന ചിത്രത്തില്‍ ഡിസിസി ഓഫീസിന്റെ ചുവരും അതിലെ പെയിന്റും നാട്ടുകാര്‍ വ്യക്തമായി കണ്ടു. വിവിധതരം ബോംബുകള്‍ നിര്‍മിക്കാറുണ്ടെന്നും ഡിസിസി ഓഫീസില്‍ സൂക്ഷിക്കാറുണ്ടെന്നും ഡിസിസി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു. ഈ ബോംബുകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെക്കാലം നിന്നുപൊട്ടിയത്.

എന്‍ രാമകൃഷ്ണനില്‍നിന്ന് കണ്ണൂരിലെ ഗുണ്ടാപ്പടയുടെ കമാന്‍ഡ് ഏറ്റെടുത്തത് കെ സുധാകരന്‍. കോണ്‍ഗ്രസിലെ ഈ പുത്തന്‍കൂറ്റുകാരന്‍ മുന്‍കാല നേതാക്കളെയാകെ ഒതുക്കിയാണ് നേതൃത്വം പിടിച്ചത്. കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ""അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും"" എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ- സുധാകരനാണത്. എല്ലാ അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും മാര്‍ക്സിസ്റ്റ് അക്രമ മുറവിളികൂട്ടി രക്ഷപ്പെടുകയുമെന്നത് എക്കാലത്തെയും കോണ്‍ഗ്രസ് തന്ത്രം. അന്നും ഒരു "അക്രമവിരുദ്ധജാഥ" നടത്തി. ജാഥാനേതാവ് സുധാകരന്‍. ജാഥ മട്ടന്നൂരിനടുത്ത് ഇടവേലിക്കലിലെത്തി. നാല്‍പ്പാടി വാസുവും നാരോത്ത് സദാനന്ദനുമടക്കമുള്ള തൊഴിലാളികള്‍ അവിടെ കടയിലിരുന്ന് ചായകുടിക്കുന്നു. ജാഥ പോകുമ്പോള്‍ അവര്‍ പരിഹസിച്ചതായി തോന്നി. അക്രമ വിരുദ്ധ ജാഥയുടെ വാഹനം നിര്‍ത്തി ഗാന്ധിശിഷ്യര്‍ കടയിലേക്ക് ഇരച്ചുകയറി അവിടെയുള്ളവരെ തല്ലി. ഭയന്ന് ഓടിയ വാസുവിനെ സുധാകരന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്നു. കൊല നടത്തിയശേഷം മട്ടന്നൂരിലെത്തിയ സുധാകരന്‍ അവിടെ പൊതുയോഗത്തിലാണ്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ആ കൊലയ്ക്ക് ന്യായീകരണമായി ജാഥയെ ആക്രമിച്ചു എന്നൊരു കഥ പടച്ചു-അതിന് പക്ഷേ അച്ചടിച്ച മനോരമയുടെ വിലയേ ഉണ്ടായുള്ളൂ. സുധാകരനടക്കം 13 പേര്‍ക്കെതിരെ നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സുധാകരന്റെ നേരിട്ടുള്ള പങ്ക് സംശയാതീതം തെളിഞ്ഞു. എന്നാല്‍, അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമിറച്ചു. കുറ്റപത്രത്തില്‍നിന്ന് സുധാകരന്റെ പേര്‍ ഒഴിവായി.

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്താണ് സേവറി എന്ന ഹോട്ടല്‍. 1992 ജൂണ്‍ 13ന് ഉച്ചയ്ക്ക് ഊണ്‍ സമയത്താണ് അവിടെ ബോംബാക്രമണമുണ്ടായത്. ഊണ്‍ വിളമ്പുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകന്‍ കെ നാണു കൊല്ലപ്പെട്ടു. ഡിസിസി ഐ ഓഫീസില്‍നിന്ന് നേരിട്ട് എത്തിയാണ് സുധാകരന്‍സംഘം "കൃത്യം" നിര്‍വഹിച്ചത്.

തല്ലിക്കൊല്ലലില്‍ തുടങ്ങി കത്തിയും വാളും ബോംബും കടന്ന് തോക്കിലെത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും മുഖ്യ സംഭാവന കോണ്‍ഗ്രസിനാണ്. നേതാക്കളെ വകവരുത്തിയാല്‍ പ്രസ്ഥാനം തകര്‍ക്കാമെന്ന ചിന്തയും ഖദറിനുള്ളില്‍ ജനിച്ചതുതന്നെ. പിണറായി വിജയനെ കൊല്ലുക എന്ന ആശയം സുധാകരന്റെയും എം വി രാഘവന്റെയും കൂടിയാലോചനയിലാണ് മൊട്ടിട്ടത്. അതിന് ആര്‍എസ്എസുകാരായ പ്രൊഫഷണല്‍ കില്ലര്‍മാരെ വാടകയ്ക്കെടുത്തതും അവര്‍തന്നെ. പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കൊലയാളികള്‍ക്ക് കിട്ടിയില്ല- കിട്ടിയത് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ. ഇ പി പറയുന്നു:
""സിപിഐ എമ്മിന്റെ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചണ്ഡീഗഢില്‍നിന്ന് തിരിച്ചുവരുമ്പോള്‍ രാജധാനി എക്സ്പ്രസില്‍വച്ചാണ് എനിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍വച്ച് ഭാര്യ, ഭാര്യയുടെ സഹോദരി കൂടിയായ പി കെ ശ്രീമതി ടീച്ചര്‍, എം വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിനടുത്ത് ചെന്ന് വാഷ്ബേസിനില്‍ മുഖം കഴുകിക്കൊണ്ടിരിക്കെ പിറകില്‍നിന്ന് അരടി കിട്ടിയതുപോലെ തോന്നി. കഴുത്തിനുമേല്‍ തലയുടെ പിന്‍ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. വണ്ടിയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതിനാലും വൈകാതെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അതൊരത്ഭുതമായിട്ടാണ് എനിക്കുതന്നെ തോന്നുന്നത്""

ഇ പി ഇന്ന് അസഹ്യമായ വേദനതിന്നുകൊണ്ടാണ് ജീവിക്കുന്നത്. പിടലിയില്‍ വെടിയുണ്ടയുടെ അംശം ഇപ്പോഴുമുണ്ട്. അതുകൊണ്ടുള്ള കടുത്ത തലവേദന. ഇടയ്ക്ക് തലകറങ്ങി വീഴുന്ന അവസ്ഥ. ഇ പിയെ വെടിവച്ച വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ അന്നുതന്നെ പൊലീസിന്റെ പിടിയിലായി. റെയില്‍വേ പൊലീസിനും പിന്നീട് റെയില്‍വേ മജിസ്ട്രേട്ട് കോടതിയിലും കൊടുത്ത മൊഴിയില്‍ അവര്‍ പറഞ്ഞു: മന്ത്രി (അന്നത്തെ) എം വി രാഘവനും കെ സുധാകരനും ഗൂഢാലോചന നടത്തിയാണ് തങ്ങളെ നിയോഗിച്ചയച്ചത്. തോക്കുകള്‍ തന്നതും ചെലവിനുള്ള പണം എത്തിച്ചുതന്നതും ഡല്‍ഹിയില്‍ താമസസൗകര്യമൊരുക്കിയതും കെ സുധാകരനാണ്. അതനുസരിച്ച് പൊലീസ് കേസെടുത്തു. സുധാകരന്‍ മാസങ്ങളോളം ഒളിവിലായി. സുധാകരനെ രക്ഷിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കിണഞ്ഞു ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചു.

ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ രാഷ്ട്രീയത്തിന്റെയും വാടകക്കൊലയാളികളുടെയും കേരളത്തിലെ അരങ്ങേറ്റമായിരുന്നു അത്. സിപിഐ എമ്മിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് വാടകക്കൊലയാളി സംഘവും തോക്കും പണവും ഉപയോഗിക്കപ്പെട്ടത്. വിക്രംചാലില്‍ ശശി ആര്‍എസ്എസില്‍നിന്ന് ശിവസേനയിലെത്തിയ കൊടും ക്രിമിനല്‍. പേട്ട ദിനേശനാകട്ടെ കെ വി സുധീഷ് വധമുള്‍പ്പെടെ അനേകം കേസുകളിലെ മുഖ്യ പ്രതി (ഇപ്പോഴും ജയിലില്‍). ആ രണ്ടുപേരെയാണ് ക്വട്ടേഷന്‍ സംഘമായി അയച്ചത്. രാഷ്ട്രീയത്തിലെ രണ്ട് ക്രിമിനലുകള്‍ കൊലപാതകം തൊഴിലാക്കിയ രണ്ടുപേരുമായി ഒത്തുചേര്‍ന്നുള്ള ആ ക്വട്ടേഷന്‍ സംഘത്തേക്കാള്‍ വലിയ ഒന്ന് കേരളത്തില്‍ അതിനുമുമ്പും പിന്നെയും ഉണ്ടായിട്ടില്ല. ജയിലില്‍ കഠിനതടവനുഭവിക്കേണ്ടവര്‍ യുഡിഎഫിന്റെ പരമോന്നത നേതൃത്വത്തിലാണ് ഇന്നും. (അവസാനിക്കുന്നില്ല)

Wednesday, May 16, 2012

"കാലന്‍ വന്നുവിളിച്ചിട്ടും"


"കാലന്‍ വന്നുവിളിച്ചിട്ടും"

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം 

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.

"മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്.

കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ.

പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു. (അവസാനിക്കുന്നില്ല)

Tuesday, May 15, 2012

അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര


അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം 

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം 

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെഎസ്യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.

നീലക്കൊടിയുടെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊന്ന് കെഎസ്യു തീര്‍ത്തത്. ആദ്യമായി എസ്എഫ്ഐ കോളേജ് യൂണിയന്‍ പിടിച്ചു. ചെയര്‍മാന്‍ എ കെ ബാലന്‍. മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കെഎസ്യുക്കാര്‍ അസ്വസ്ഥരായി. ആ അസഹിഷ്ണുത കൊലപാതകത്തിലേക്കാണ് നയിച്ചത്. എ കെ ബാലന്‍ പറയുന്നു: ""എനിക്കുനേരെ വരേണ്ട കത്തി അഷ്റഫ് ഓട്ടോയില്‍നിന്ന് ചാടി തടുത്തു"". സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെഎസ്യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്ന് ആക്രമിച്ചു. സൈക്കിള്‍ചെയിന്‍കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റി ആക്രമിച്ചു. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിച്ചു. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.

""തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ തലച്ചോറ് തകര്‍ന്നുപോയിരുന്നു. 17 വയസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഭുവനേശ്വരന്‍ സിപിഐ എം കാന്‍ഡിഡേറ്റ് അംഗവുമായിരുന്നു"". പട്ടാമ്പി സംസ്കൃതകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്യുവിന് കൂട്ടായി എബിവിപിയും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെഎസ്യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ജോസ് ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പ് കൊന്നുകളഞ്ഞു. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തി മരണമുറപ്പാക്കി. എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്.

കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്. കെഎസ്യു നടത്തിയ കൊലപാതകങ്ങളെല്ലാം ഏറെക്കുറെ പരസ്യമായിരുന്നു; പട്ടാപ്പകലായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നത്. താമരശേരിയില്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെഎസ്യു-എംഎസ്എഫ് സംഘം ജോബിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്നത്.

പൊലീസ് മര്‍ദനത്തിലും വര്‍ഗീയവാദികളുടെ കൈകളാലും ഒട്ടേറെ പ്രവര്‍ത്തകരെയും നേതാക്കളെയും എസ്എഫ്ഐക്ക് നഷ്ടപ്പെട്ടു. കെ വി സുധീഷ് മറക്കാനാകാത്ത പേര്. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘം വിളിച്ചുണര്‍ത്തി കൊല്ലുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണ വെട്ടി. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണു. എസ്എഫ്ഐക്കുനേരെ അക്രമത്തിന്റെ ചാപ്പകുത്ത് മാത്രമല്ല നടന്നത്. കെഎസ്യുക്കാര്‍ സ്വന്തം പ്രവര്‍ത്തകന്റെ ശരീരത്തില്‍ ചാപ്പകുത്തി അത് എസ്എഫ്ഐയുടെ തലയിലിട്ട് നടത്തിയ പ്രചാരണങ്ങളും അതു പച്ചക്കള്ളമെന്ന് തെളിഞ്ഞതും സമീപകാല ചരിത്രം. ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല. എന്നിട്ടും എസ്എഫ്ഐയെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. മാധ്യമനുണകളുടെ കുത്തൊഴുക്കില്‍ തളരാതെ പതറാതെ എസ്എഫ്ഐ മുന്നേറുന്നു. ഖദറിട്ട രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതിഗീതം രചിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എസ്എഫ്ഐ അജയ്യമായി യാത്ര തുടരുന്നു-ഗ്രാമങ്ങളെയും നഗരങ്ങളെയും മാത്രമല്ല, അക്ഷരക്ഷേത്രങ്ങളെയും കൊലക്കളമാക്കിയ ഖദര്‍ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ രോഷംകൂടിയാണ് ഈ വളര്‍ച്ച. (അവസാനിക്കുന്നില്ല)