മുംബൈയില്‍നിന്നിറങ്ങുന്ന മിഡ് ഡേ എന്ന പത്രം ആ മഹാനഗരത്തിന്റെ അഭേദ്യഭാഗമാണ്. ആ പത്രത്തിലെ പ്രമുഖ റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ഡേ(ജെ ഡേ)യുടെ കൊലപാതകം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയെല്ലാം ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുംബൈ അധോലോകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തിന് പകര്‍ന്നുനല്‍കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു ജെ ഡേ. അധോലോകത്തെക്കുറിച്ച് വിവരങ്ങള്‍ പൊലീസിനു നല്‍കുന്നവരുടെ അപകടംപിടിച്ച ജീവിതത്തെക്കുറിച്ചുള്ള "സീറോ ഡയല്", "ഖലാസ്" എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.
ഒരു ദശാബ്ദത്തോളം "ദ ഇന്‍ഡ്യന്‍ എക്സ്പ്രസ്" പത്രത്തില്‍ മുംബൈയില്‍നിന്നുള്ള ശ്രദ്ധേയ വാര്‍ത്തകള്‍ പേരുവച്ചെഴുതിയ ഡേ, അധോലോകത്തുനിന്ന് എന്ന പേരില്‍ ആഴ്ചക്കോളവും കൈകാര്യംചെയ്തു. മുംബൈ തീരത്ത് പ്രവര്‍ത്തിക്കുന്ന എണ്ണ മാഫിയയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുനടന്ന പതിനായിരം കോടി രൂപയുടെ വെട്ടിപ്പിനെക്കുറിച്ചും ലോകം അറിഞ്ഞത് ഡേയുടെ വാര്‍ത്തകളിലൂടെയാണ്. അങ്ങനെയൊരു മനുഷ്യനെ പട്ടാപ്പകലാണ് വെടിവച്ചുകൊന്നത്. രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിനുപിന്നില്‍ അധോലോകസംഘങ്ങളാണെന്ന സംശയം ഇതുവരെ നടന്ന അറസ്റ്റുകളോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഡേയുടേത് ഒറ്റപ്പെട്ട സംഭവമല്ല. നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താന്‍ സന്നദ്ധരാകുന്നവര്‍ നാനാഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്നു. അബ്ദുനാസര്‍ മഅ്ദനിക്കെതിരായി ചുമത്തിയ "ബംഗ്ലൂര് സ്ഫോടനക്കേസ്" കെട്ടിച്ചമച്ചതാണെന്ന് സാക്ഷിമൊഴികളിലെ പൊള്ളത്തരവും സാക്ഷികളുടെ ഏറ്റുപറച്ചിലും കൊണ്ട് തെളിയിച്ച മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയെ ഭീകരപ്രവര്‍ത്തകയായി ചിത്രീകരിച്ച് വേട്ടയാടുകയാണ് കര്‍ണാടക പൊലീസ്. ഷാഹിനയ്ക്കുവേണ്ടി കേരളത്തിലെ "മാധ്യമസ്വാതന്ത്ര്യ"ത്തിന്റെ അപ്പോസ്തലന്മാരായ മുഖ്യധാരാപത്രങ്ങളൊന്നുംതന്നെ ഒരിറ്റു കണ്ണീരൊഴുക്കുന്നത് കണ്ടില്ല. സ്വന്തം സഹപ്രവര്‍ത്തക വേട്ടയാടപ്പെടുന്ന വാര്‍ത്ത അവര്‍ ക്രൂരമായി തമസ്കരിച്ചു. മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂടഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. ജനങ്ങളെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഭരണകൂടത്തിന് മാധ്യമങ്ങള്‍ . കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി സംഘ്പരിവാര്‍ നിയന്ത്രിച്ച എന്‍ഡിഎ സര്‍ക്കാര്‍ ജയിലിലടച്ചത് അദ്ദേഹം സംഘപരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതിയെന്ന "കുറ്റം"കൊണ്ട് മാത്രമായിരുന്നു. ഭരണനേതൃത്വത്തിലെ കൊടിയ അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്ന തെഹല്‍ക ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിനെ നശിപ്പിക്കാന്‍ കേന്ദ്ര എന്‍ഡിഎ ഭരണാധികാരികള്‍ സ്വീകരിച്ചത് വിചിത്രവും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ മാര്‍ഗങ്ങളാണ്. അത്തരം സമീപനങ്ങള്‍ യുപിഎ ഭരണത്തിലും അവിരാമം തുടരുന്നു.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസങ്ങളിലായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഛത്തീസ്ഗഢില്‍ വധിക്കപ്പെട്ടു. ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്കറിന്റെയും നയിദുനിയയുടെയും പ്രതിനിധികളായ സുശീല്‍ പാഠക്, ഉമേഷ് രജപുത് എന്നിവരാണ് വധിക്കപ്പെട്ടത്. കേസ് സിബിഐ അന്വേഷണത്തിലാണിന്ന്. ഇതുവരെ തുമ്പൊന്നും കിട്ടിയില്ല. മഹാരാഷ്ട്രയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 180 ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായി. മിക്കകേസും പൊതിയാത്തേങ്ങയായി കിടക്കുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളും ഭിന്നമല്ല. ഒറീസ, ഗോവ, അരുണാചല്‍ പ്രദേശ്,ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്. ഭരണകൂടഭീകരതയുടെ ഇരകളായും മാഫിയകളുടെ ആക്രമണലക്ഷ്യമായും ഒരേസമയം മാധ്യമപ്രവര്‍ത്തകര്‍ മാറുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഭീതിദമാണ് അവസ്ഥ. അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലിട്ടതിനുപുറമെ 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന് റദ്ദാക്കി.
ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. സര്‍ക്കാരിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പ്പന പുറപ്പെടുവിച്ചു. അത്രതന്നെ തുറന്ന യുദ്ധമല്ലെങ്കിലും തുടര്‍ച്ചയായി പുറത്തുവരുന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ പത്രങ്ങളില്‍ അച്ചടിച്ചുവരാതിരിക്കാന്‍ ചതുരുപായങ്ങളും പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ . അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ പൊറുക്കപ്പെടുന്നത്, അഥവാ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പന്ത്രണ്ടുവര്‍ഷം മുമ്പാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനപരിഷ്കരണം നടന്നത്. നിയമപ്രകാരം പുതിയ വേതനപരിഷ്കരണ കമീഷന് രൂപീകരിച്ച് വളരെ വൈകി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ , ആ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന വാശിയിലാണ് മാധ്യമ ഉടമകള്‍ . ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാരും നിസ്സംഗതയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയും ആക്രമിക്കപ്പെടുന്നു. അഴിമതി സര്‍വവ്യാപിയായി സാമൂഹ്യജീവിതത്തെ ഗ്രസിക്കുന്ന കാലമാണ് ആഗോളവല്‍ക്കരണത്തിന്റേത്. മാധ്യമങ്ങളും അതില്‍നിന്ന് മുക്തമല്ല. എന്നാല്‍ , ബദല്‍ മാധ്യമങ്ങളുടെയും സാമൂഹ്യവും തൊഴില്‍പരവുമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചിലരുടെയും ഇടപെടലുകള്‍ മാധ്യമമേഖലയെ അഴിമതിവിരുദ്ധസമരത്തില്‍ കണ്ണിചേര്‍ക്കുന്നു. പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ജനങ്ങളോട് സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെടുന്നത് എന്നതോര്‍ക്കണം.
മാധ്യമപ്രവര്‍ത്തകരില്‍ പുഴുക്കുത്തുകളില്ലെന്നല്ല. പണം വാങ്ങിയുള്ള വാര്‍ത്തയും ദുഃസ്വാധീനങ്ങള്‍ക്കടിപ്പെട്ട് വ്യാജവാര്‍ത്തകള്‍ ചമച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും കള്ളമെന്നറിഞ്ഞിട്ടും പ്രത്യേക ഉദ്ദേശ്യത്തോടെ അവയ്ക്ക് പ്രസിദ്ധീകരണം നല്കുന്ന മാധ്യമങ്ങളും നമ്മുടെ തീരാശാപമായി നിലനില്ക്കുന്നു. അത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, നിര്‍ഭയമായി ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയും പരിരക്ഷയും നല്‍കിയേ തീരൂ. അതിനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ജെ ഡേയെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ ഇനിയും കൊല്ലപ്പെട്ടുകൂടാ. കുറ്റവാളികളെയാകെ പിടികൂടി മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണാനും എതിര്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം
3 comments:
പന്ത്രണ്ടുവര്‍ഷം മുമ്പാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനപരിഷ്കരണം നടന്നത്. നിയമപ്രകാരം പുതിയ വേതനപരിഷ്കരണ കമീഷന് രൂപീകരിച്ച് വളരെ വൈകി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ , ആ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന വാശിയിലാണ് മാധ്യമ ഉടമകള്‍ . ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാരും നിസ്സംഗതയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയും ആക്രമിക്കപ്പെടുന്നു.
ആടിനെ പട്ടിയാക്കുന്ന പട്ടിയെ പേപട്ടിയാക്കുന്ന "മാധ്യമ പ്രവര്‍ത്തകര്‍" എന്നറിയപ്പെടുന്ന വേശ്യകളും കൂട്ടികൊടുപ്പുകാരും തെരുവ്തെമ്മാടികളും കൂലിതല്ലുകരും മനോരോഗികള്‍ക്കും ഒരിറ്റുവെള്ളം പോലുംകൊടുക്കരുത്, ഇവരെ രാജിയദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടക്കുക
Post a Comment