Friday, June 12, 2009

ഗവര്‍ണര്‍ എഴുതിയ അബദ്ധപഞ്ചാംഗം

ഗവര്‍ണര്‍ ഗവായ് എന്തോ മിടുക്കുകാട്ടി എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മന്ത്രിസഭയെ ധിക്കരിച്ചുകൊണ്ട് നല്‍കിയതാണ് ഗവര്‍ണര്‍ കാണിച്ച മിടുക്കെങ്കില്‍ അത് ആഘോഷക്കാര്‍ക്ക് രുചിക്കുന്നതുതന്നെ. ഞായറാഴ്ച ദിവസം പടച്ചവന്‍പോലും വിശ്രമിക്കുമ്പോഴാണ് സിബിഐയിലെ ഏതാനും പൊലീസുകാരെ രാജ്‌ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ 'പ്രോസിക്യൂഷന്‍ അനുമതിപത്രം' കൈമാറിയത്. പത്രങ്ങളും ചാനലുകളും ഗവര്‍ണറുടെ വാക്കുകളും നിഗമനങ്ങളും പലതരത്തില്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ട് ആഴത്തില്‍ ആരെങ്കിലും പരിശോധിച്ചതായി കണ്ടില്ല. എന്തൊക്കെ കാരണങ്ങളാലാണ് അനുമതി നല്‍കുന്നത്, അനുമതി നിഷേധിച്ചുള്ള മന്ത്രിസഭാ തീരുമാനത്തെ തള്ളിക്കളയാന്‍ നിരത്തുന്ന ന്യായങ്ങള്‍ എന്തൊക്കെ, അഡ്വക്കറ്റ് ജനറല്‍ നിയമോപദേശങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്, തന്റെ നിഗമനങ്ങള്‍ക്ക് ആധാരമായി ആശ്രയിച്ച നിയമവ്യവസ്ഥകള്‍ എന്തൊക്കെ, തേടിയ നിയമോപദേശങ്ങള്‍ ആരുടെയെല്ലാം-ഇത്തരം കാര്യങ്ങളാണ് ഗവര്‍ണറുടെ തീരുമാനത്തില്‍ പരിശോധനാ വിഷയമാക്കേണ്ടത്.
യുഡിഎഫ് നല്‍കിയ നിവേദനമോ അഡ്വക്കറ്റ് രാംകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനമോ പകര്‍ത്തിയെടുത്ത് ഉണ്ടാക്കിയ ഒരു തട്ടിപ്പുറിപ്പോര്‍ട്ട് എന്നതിനപ്പുറം ഒന്നുമല്ല ഗവര്‍ണറുടേത്. പൊതുതാല്‍പ്പര്യവും സംസ്ഥാനതാല്‍പ്പര്യവും മാനിച്ചാണ് താന്‍ അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ പറയുന്നു. എന്താണ് പൊതുതാല്‍പ്പര്യത്തിന്റെ മാനദണ്ഡം? നാലുപത്രങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തയെഴുതിയതും ഉമ്മന്‍ചാണ്ടി നിവേദനം നല്‍കിയതും പൊതുതാല്‍പ്പര്യമായി കോണ്‍ഗ്രസ് ഭക്തനായ ഗവായിക്കുതോന്നാം. എന്നാല്‍, നിയമത്തിന്റെ മുന്നില്‍ അത് അങ്ങനെയാകുമോ? ഉമ്മന്‍ചാണ്ടിയും കെ എം മാണിയും ചെന്ന് ക്ളാസെടുത്തുകൊടുത്തതിന് അപ്പുറമുള്ള വിശാല താല്‍പ്പര്യമൊന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നത്. അല്ലെങ്കില്‍തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അറിയാത്ത വിശാലതാല്‍പ്പര്യം രാജ്‌ഭവന്റെ മതിലുചാടിക്കടന്ന് എങ്ങനെ ഗവായിക്കുമുന്നിലെത്തി എന്ന് വിശദീകരിക്കേണ്ടിവരും. സംസ്ഥാന മന്ത്രിസഭയുടേത് യുക്തിരഹിതവും പക്ഷപാതപരവുമായ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആക്ഷേപിക്കുന്നുണ്ട്. എങ്ങനെ അത്തരമൊരു വിലയിരുത്തലിലെത്തി എന്നുപക്ഷേ പറയുന്നുമില്ല. മൈതാന പ്രസംഗത്തില്‍ ഇതൊക്കെ ആകാം. ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാള്‍ സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ വാചകക്കസര്‍ത്തല്ല, സാധൂകരണവും അടിസ്ഥാനവുമുള്ള നിഗമനങ്ങളാണ് പറയേണ്ടത്. അതില്ലാതെ പക്ഷപാതവും യുക്തിരാഹിത്യവും ആരോപിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നാവാണ് തന്നില്‍ വിളയാടുന്നതെന്ന പ്രഖ്യാപനമായി ചുരുങ്ങിപ്പോകുന്നു. ഇത്തരമൊരു സൂത്രപ്പണിയാണ് ഇന്ദിര ഗാന്ധിക്കുവേണ്ടി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദും ചെയ്തതെന്നോര്‍ക്കാം. ഒരുതരത്തിലുമുള്ള സാധുവായ നിയമോപദേശം തേടിയല്ല ഗവര്‍ണര്‍ തന്റെ നിഗമനത്തിലെത്തിയത് എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത. അറ്റോര്‍ണി ജനറലിന്റെയോ സൊളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായം തേടിയതായി ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഗവര്‍ണര്‍പോലും പേരുവെളിപ്പെടുത്താന്‍ മടിക്കുന്ന ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അഭിപ്രായമാണത്രേ ആധികാരിക രേഖയായി പരിഗണിച്ചത്. മന്ത്രിസഭ പരിശോധിച്ചത് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമടക്കമുള്ള രേഖകളാണ്. എല്ലാ രേഖയും പരിശോധിച്ചാണ് തീരുമാനമെന്ന് ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തിട്ടുമുണ്ട്. ആ തീരുമാനം തള്ളിക്കളയുമ്പോള്‍ എന്തുകൊണ്ട് അഡ്വക്കറ്റ് ജനറലിനേക്കാള്‍ വലിയ ഒരു ഭരണഘടനാസ്ഥാപനത്തിന്റെ-സൊളിസിറ്റര്‍ ജനറലിന്റെയോ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടണമെന്ന് ഗവായിക്ക് തോന്നിയില്ല? അവര്‍ എതിരായി പറയുമെന്ന് ഭയന്നോ? അതോ അവരുടെ എതിരഭിപ്രായങ്ങള്‍ കിട്ടിയിട്ടും പൂഴ്ത്തിവച്ചോ? അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടി എന്നും മറ്റും നിരന്തരം വാര്‍ത്തകള്‍ വന്ന സ്ഥിതിക്ക് അക്കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു.
പത്രങ്ങളില്‍ വന്നമട്ടില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍, കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലാക്കുന്നവര്‍ക്ക് പുച്ഛിക്കാനേ തോന്നൂ. എവിടെനിന്നാണ് ഈ മനുഷ്യന്‍ കണക്കുകള്‍ ഉദ്ധരിച്ചത്? എത്രകോടി രൂപയുടെ കരാറാണ് എസ്എന്‍സി ലാവ്ലിന് നല്‍കിയതെന്നുപോലും ഗവണര്‍ക്ക് അറിയില്ല. 243. 98 കോടിക്ക്, നാട്ടില്‍നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനടക്കമുള്ള കരാര്‍ ലാവ്ലിന് നല്‍കി എന്നാണ് ഗവര്‍ണര്‍ എഴുതുന്നത്. അതിനര്‍ഥം വ്യഗ്രതയോടെ ഉമ്മന്‍ചാണ്ടിയും അതുപോലുള്ള വിഷജീവികളും ഇച്ഛിച്ചമട്ടില്‍ തീരുമാനം എഴുതിക്കൊടുത്തെന്നാണ്. ഇന്നാട്ടിലെ യന്ത്രസാമഗ്രികള്‍ വാങ്ങാനുള്ള ഉത്തരവാദിത്തം കെഎസ്ഇബിതന്നെയാണ് നിര്‍വഹിച്ചതെന്നും ലാവ്ലിന് നല്‍കിയത് കണ്‍സല്‍ടന്‍സിയടക്കം 149 കോടിയുടെ കരാറാണെന്നും ഈ പ്രശ്നം ആദ്യം പഠിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുതയാണ്. എന്നിട്ടും ഗവര്‍ണര്‍ക്ക് അതറിയില്ല! സിബിഐക്കുപോലും കണ്ടെത്താനാകാത്ത കണക്ക് ഗവായ് എഴുതിവച്ചിരിക്കുന്നു! പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തിയാല്‍ പോരാ, അങ്ങനെ കണ്ടെത്താനുള്ള സാഹചര്യവും ഗവര്‍ണര്‍ വിശദീകരിക്കണം. അതിന്, അഡ്വക്കറ്റ് ജനറല്‍ നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കണം. അങ്ങനെ ഒരു നിയമപരമായ പരിശോധനയും നിഗമനവുമില്ലെങ്കില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് എവിടെയാണ് സാധുത?
ഇത്തരം കാര്യങ്ങള്‍ സിബിഐക്കും നല്ല ബോധ്യമുണ്ടെന്നുതോന്നുന്നു. അതുകൊണ്ടാണ് ഇടിയും മിന്നലുമെന്നപോലെ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഗവര്‍ണര്‍ അനുമതി നല്‍കിയത് ഞായറാഴ്ച. അത് സിബിഐയുടെ ചെന്നൈ ഓഫീസിലെ കന്തസ്വാമിക്ക് കിട്ടിയത് തിങ്കളാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രമെന്നാണ് അന്നു പറഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഉടനെ തിരുത്തി ഒരാഴ്ചകൊണ്ട് എന്നാക്കി. ഇപ്പോഴിതാ, നാലാം നാള്‍ അപൂര്‍ണമെന്ന് കോടതിതന്നെ പറയുന്ന കുറ്റപത്രവും കെട്ടിപ്പേറി സിബിഐ കോടതിയില്‍ എത്തിയിരിക്കുന്നു. ഗവര്‍ണറുടെ അബദ്ധപഞ്ചാംഗം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാലോ, അങ്ങനെ കുറ്റപത്രം നല്‍കുന്നത് തടയപ്പെട്ടാലോ എന്ന പേടി.
ഇവിടെ നിയമമോ കീഴ്വഴക്കമോ ഒന്നും പ്രശ്നമാകുന്നില്ല. എങ്ങനെയെങ്കിലും ലാവ്ലിന്‍ കേസ് വാര്‍ത്തയില്‍ നില്‍ക്കണമെന്ന അമിതാഭിനിവേശം. ഇവിടെ ഗവര്‍ണര്‍ സിബിഐ എന്ന ചക്കിക്കൊത്ത ചങ്കരന്‍. ചക്കിയെയും ചങ്കരനെയും പോറ്റുന്ന യുഡിഎഫ്-മാധ്യമ-വഞ്ചകക്കൂട്ടം. ഗവര്‍ണര്‍ അബദ്ധമെഴുതിവച്ചാലും അതിനെതിരെ കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞര്‍ പ്രതികരിച്ചാലും അതൊന്നും ഇവര്‍ കാണില്ല. കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടുമെല്ലാം തങ്ങള്‍ക്ക് അനുകൂലമായി പറയുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് വാഴ്ത്തപ്പെട്ടവരാകുക. അല്ലാത്തപ്പോള്‍ മഹാമോശക്കാരും! ഹിന്ദു പത്രത്തിന്റെയും കേരള കൌമുദിയുടെയും എഡിറ്റോറിയലുകള്‍ അവഗണിക്കാനും ഇക്കൂട്ടര്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ഇത്തരം പ്രഗത്ഭരുടെ അഭിപ്രായപ്രകടനങ്ങളും പത്രങ്ങളുടെ എഡിറ്റോറിയലുകളും പൊതുജനാഭിപ്രായത്തിന്റെ, പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ഇക്കൂട്ടര്‍ കരുതുമ്പോള്‍, ചുരുങ്ങിയത് മലയാളിക്ക് പറയാവുന്നത് 'ഞാന്‍ മാവിലായിക്കാരനാണ്' എന്നെങ്കിലുമാണ്.
ഇന്ന് പിണറായിക്കുനേരെ നടക്കുന്ന ആക്രമണം താരതമ്യമില്ലാത്തതാണെങ്കിലും സമാനമായ പ്രശ്നങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ കേരളത്തില്‍തന്നെ നേരിട്ടിട്ടുണ്ടെന്നത് വീണ്ടും വീണ്ടും ഓര്‍മിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ കൊടുമ്പിരിക്കൊണ്ട അരിക്ഷാമം തീര്‍ക്കാന്‍ ആന്ധ്രയില്‍നിന്ന് അരിവാങ്ങിയതിനാണ് ത്യാഗധനനും സര്‍വാദരണീയനുമായ കമ്യൂണിസ്റ്റ് നേതാവായിരുന്ന അന്നത്തെ ഭഷ്യമന്ത്രി കെ സി ജോര്‍ജിനെതിരെ അരികുംഭകോണാക്ഷേപം കോണ്‍ഗ്രസ് കൊണ്ടുവന്നത്. ജസ്റ്റിസ് രാമന്‍നായര്‍ കമീഷന്‍ അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കാമായിരുന്ന നഷ്ടം അരിക്കച്ചവടത്തില്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടി. പക്ഷേ, മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയും കമീഷന്‍ റിപ്പോര്‍ട്ടിലെ ഈ നിഗമനത്തെ അനുകൂലിച്ചില്ല. അന്ന് ഇ എം എസ് പറഞ്ഞു: 'കേരളത്തെ ഭക്ഷ്യക്ഷാമത്തില്‍നിന്നു രക്ഷിക്കാന്‍ ആന്ധ്രയില്‍നിന്ന് നേരിട്ട് അരിവാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ ഈ തീരുമാനത്തിന് പാര്‍ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഈ തീരുമാനം നടപ്പാക്കിയതിന് കെ സി ജോര്‍ജിനെ കുറ്റക്കാരനായോ തെറ്റുകാരനായോ സര്‍ക്കാരോ പാര്‍ടിയോ കാണുന്നില്ല.' അതാണ് കമ്യൂണിസ്റ്റുകാരുടെ പാരമ്പര്യം.
ആന്ധ്ര അരി ഇടപാടിലെ ആക്ഷേപത്തോടും കമീഷന്‍ റിപ്പോര്‍ട്ടിനോടുമുള്ള അതേ സമീപനമാണ് ലാവ്ലിന്‍ കേസിനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചത്. അതുകൊണ്ടാണ് പിണറായിയെ ലാവ്ലിന്‍ കേസില്‍ സിബിഐയെ ഉപയോഗിച്ച് കുരുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്താമെന്ന കോണ്‍ഗ്രസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ഖണ്ഡിതമായ നിലപാടില്‍ പാര്‍ടി എത്തിയത്.
പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ കനഡയിലെ എസ്എന്‍സി ലാവ്ലിനുമായി യുഡിഎഫ് ഭരണം ഒപ്പിട്ട ധാരണാപത്രവും കരാറും റദ്ദാക്കണമോ തുടര്‍നടപടി സ്വീകരിക്കണമോ എന്ന വിഷയം നായനാര്‍ മന്ത്രിസഭയുടെയും സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയുമാണ്. അത് പിണറായി വിജയന്‍ എന്ന വ്യക്തി തന്നിഷ്ടപ്രകാരം എടുത്തതല്ല. യുഡിഎഫ് ഭരണം പവര്‍കട്ടിലാക്കിയ കേരളത്തെ വെളിച്ചത്തിലെത്തിക്കുക എന്നതായിരുന്നു അന്നത്തെ വെല്ലുവിളി. നവീകരണം കാലതാമസം കൂടാതെ നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകാമെന്ന് സിപിഐ എം സംസ്ഥാന ഘടകവും എല്‍ഡിഎഫും തീരുമാനിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇങ്ങനെ സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും മന്ത്രിസഭയുടെയും കൂട്ടായ തീരുമാനം നടപ്പാക്കുകയാണ് മന്ത്രിയായിരുന്ന പിണറായി ചെയ്തത്.
ഇപ്പോള്‍, പിണറായിയുടെ ചോര കുടിക്കാന്‍ കൊതിക്കുന്നവര്‍ അങ്ങനെയുള്ള കാര്യങ്ങള്‍ മിണ്ടാതിരിക്കുന്നു. അത്തരം കാപട്യക്കാര്‍ക്ക് ചേരുന്നതുതന്നെ ഗവര്‍ണര്‍ ഗവായ് എഴുതിക്കൊടുത്ത വഷളന്‍ റിപ്പോര്‍ട്ട്. അങ്ങനെയൊരു റിപ്പോര്‍ട്ട് വന്നതുകൊണ്ട് ലാവലിന്‍ പ്രശ്നത്തില്‍ സിപിഐ എം എടുത്തിട്ടുള്ള സുചിന്തിതമായ നിലപാടു മാറ്റുമെന്ന് സ്വപ്നം കാണുന്നവരുമുണ്ട്. ഒരോദിവസവും ഓരോ നിലപാടുണ്ടാകണമെന്നും അത് തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചാകണമെന്നും അത്യാഗ്രഹംകൊള്ളുന്ന അത്തരക്കാരോടാണ് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞത്, ഞങ്ങളുടെ നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുതന്നെയാണെന്ന്.
ഇവിടെ സിപിഐ എം നേരിടുന്ന സവിശേഷമായ ഒരു പ്രശ്നമുണ്ട്. പാര്‍ടിക്കെതിരെ ഉയരുന്ന എല്ലാ ആക്ഷേപത്തിനും അതിന്റേതായ അര്‍ഥത്തിലും തീവ്രതയിലും മറുപടി പറയാന്‍ സാഹചര്യം അനുവദിക്കുന്നില്ലെന്നതാണ് ആ പ്രശ്നം. കാരണം, നുണയില്‍ പൊതിഞ്ഞ ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നത് പാര്‍ടിയിലെ ചില പ്രവണതകളുമായി കൂട്ടിക്കുഴച്ചാണ്. മറുപടികള്‍ വരുമ്പോള്‍ അത് പാര്‍ടിയിലെ ആര്‍ക്കെങ്കിലും എതിരാണെന്നു വ്യാഖ്യാനിക്കാന്‍ ഈ സൂത്രവിദ്യ കാരണമാകുന്നു. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും വട്ടപ്പൂജ്യന്‍ വക്കീലായ ശിവന്‍ മഠത്തിലിനെയും പോലുള്ളവര്‍ 'ഞങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം' എന്നു പറയുമ്പോള്‍ അവര്‍ക്കുള്ള മറുപടി 'ഇടതുപക്ഷ വിരുദ്ധ'മാണെന്നു വ്യാഖ്യാനിക്കാന്‍ എളുപ്പമാണല്ലോ. ഇനി ഗവര്‍ണര്‍ ഗവായിയും പറയുമോ ആവോ, താനും ഇടതുപക്ഷക്കാരനെന്ന്.

3 comments:

manoj pm said...

സിപിഐ എം നേരിടുന്ന സവിശേഷമായ ഒരു പ്രശ്നമുണ്ട്. പാര്‍ടിക്കെതിരെ ഉയരുന്ന എല്ലാ ആക്ഷേപത്തിനും അതിന്റേതായ അര്‍ഥത്തിലും തീവ്രതയിലും മറുപടി പറയാന്‍ സാഹചര്യം അനുവദിക്കുന്നില്ലെന്നതാണ് ആ പ്രശ്നം. കാരണം, നുണയില്‍ പൊതിഞ്ഞ ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നത് പാര്‍ടിയിലെ ചില പ്രവണതകളുമായി കൂട്ടിക്കുഴച്ചാണ്. മറുപടികള്‍ വരുമ്പോള്‍ അത് പാര്‍ടിയിലെ ആര്‍ക്കെങ്കിലും എതിരാണെന്നു വ്യാഖ്യാനിക്കാന്‍ ഈ സൂത്രവിദ്യ കാരണമാകുന്നു. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും വട്ടപ്പൂജ്യന്‍ വക്കീലായ ശിവന്‍ മഠത്തിലിനെയും പോലുള്ളവര്‍ 'ഞങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം' എന്നു പറയുമ്പോള്‍ അവര്‍ക്കുള്ള മറുപടി 'ഇടതുപക്ഷ വിരുദ്ധ'മാണെന്നു വ്യാഖ്യാനിക്കാന്‍ എളുപ്പമാണല്ലോ. ഇനി ഗവര്‍ണര്‍ ഗവായിയും പറയുമോ ആവോ, താനും ഇടതുപക്ഷക്കാരനെന്ന്.

amalan said...

കേരള കൌമുദിയുടെ എഡിറ്റോറിയല്‍ ഇവിടെ വായിക്കാം

"അശോകാ യൂണിവേഴ്സിറ്റി"യുടെ സര്‍ട്ടിഫിക്കറ്റ്
2009 ജൂണ്‍ 12

ലാവ്ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ശ്രീ. ആര്‍.എസ്. ഗവായ് സി.ബി.ഐ ഓഫീസറെ നേരില്‍ വിളിച്ചുവരുത്തി അനുമതി നല്‍കിയതില്‍ അദ്ഭുതമൊന്നുമില്ലെന്നും സമാനസംഭവങ്ങള്‍ മറ്റു ചില സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ഗവര്‍ണറുടെ വിവാദ തീരുമാനം സൃഷ്ടിച്ച കോലാഹലത്തെക്കാള്‍ വലിയ കോലാഹലമാണ് ഇളക്കിവിട്ടിരിക്കുന്നത്. ഗവര്‍ണറുടെ നടപടിയില്‍ അദ്ഭുതം കാണാത്ത മുഖ്യമന്ത്രിയുടെ നിരീക്ഷണങ്ങളില്‍ പക്ഷേ, പ്രശ്നം ഗൌരവത്തോടെ വീക്ഷിക്കുന്ന, ബുദ്ധി പണയംവച്ചിട്ടില്ലാത്ത സകലര്‍ക്കും അദ്ഭുതം തന്നെയാണ് തോന്നുന്നത്. തന്റെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനം മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുമ്പോള്‍ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഭരണഘടനാപരവും നിയമപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയും നാണക്കേടും മനസിലാക്കാതെയാണോ മുഖ്യമന്ത്രി ഇത്തരത്തിലൊരു അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നതെന്ന് നിശ്ചയമില്ല. ഗവര്‍ണര്‍പദവിയുടെ അധികാരസീമകള്‍ ലംഘിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ശ്രീ. ആര്‍.എസ്. ഗവായ് ഒപ്പുവച്ചതെന്ന് രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധന്മാരും മുന്‍ ന്യായാധിപന്മാരുള്‍പ്പെടെയുള്ള നിയമപണ്ഡിതന്മാരും ഇതിനകം അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ താന്‍ സ്വീകരിച്ച വഴികളെക്കുറിച്ച് ഗവര്‍ണര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പല കേസുകെട്ടുകളും അഴിച്ചു പരിശോധിക്കുന്നുണ്ട്. വിചാരണക്കോടതിയിലെന്നവണ്ണം വീണ്ടും വീണ്ടും തെളിവുകള്‍ വരുത്തി പരിശോധിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മനസിലാകാത്ത കാര്യം ഇത്രയധികം വാശിയോടെ ഈ വിഷയത്തില്‍ ഗവര്‍ണര്‍ കാണിച്ച ഭരണഘടനാതീതമായ ശുഷ്കാന്തി എന്തിനുവേണ്ടിയായിരുന്നുവെന്നതാണ്. പ്രോസിക്യൂഷന് അനുമതി നല്‍കുകമാത്രമല്ല ചെറിയ തോതില്‍ കുറ്റവിചാരണയും വിധിപ്രസ്താവനയും കൂടി നടത്തിയശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐക്ക് അനുമതി പത്രം ഒപ്പിട്ടുനല്‍കിയത്. ഗവര്‍ണറുടെ റിപ്പോര്‍ട്ടുമായി ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലെത്തിയ മുഖ്യമന്ത്രി അത് വായിച്ചു മനസിലാക്കിയശേഷമാണോ മാധ്യമങ്ങള്‍ക്കുമുന്നില്‍ സ്വന്തം സര്‍ക്കാരിന്റെ വില കെടുത്തുന്ന മട്ടിലുള്ള പ്രസ്താവനയ്ക്കൊരുങ്ങിയതെന്ന് നിശ്ചയമില്ല. ഗവര്‍ണറുടെ തീരുമാനത്തില്‍ അസാധാരണത്വമൊന്നും കാണാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം തന്റെ അഭിപ്രായവും അതുതന്നെയാണെന്നാണ്. പ്രോസിക്യൂഷന്‍ പ്രശ്നത്തില്‍ വ്യക്തിപരമായി ശ്രീ. അച്യുതാനന്ദന്റെ ആഗ്രഹം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്. ഒളിഞ്ഞും തെളിഞ്ഞും കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, അച്യുതാനന്ദന്‍ എന്ന വ്യക്തിയുടെ അഭിപ്രായമോ ആഗ്രഹമോ അല്ല ഇവിടെ സംഗതമായ കാര്യം. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഈ പ്രശ്നത്തില്‍ സ്വീകരിക്കുന്ന അഭിപ്രായവും നിലപാടുമാണ് മുഖ്യം. താന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് കൈക്കൊണ്ട തീരുമാനം ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഗവര്‍ണര്‍, വൃത്തിഹീനമായ കടലാസ് നാപ്കിന്‍പോലെ ചുരുട്ടിയെടുത്ത് വലിച്ചെറിഞ്ഞ് സ്വന്തം തീരുമാനം ഗവണ്‍മെന്റിനുമേല്‍ അടിച്ചേല്പിക്കുമ്പോള്‍ അതില്‍ അദ്ഭുതമോ അസാധാരണത്വമോ ഒന്നും കാണാന്‍ കഴിയുന്നില്ലെന്നുവന്നാല്‍ എവിടെയൊക്കെയോ കുഴപ്പമുണ്ടെന്നു തന്നെയാണ് അര്‍ത്ഥം. ഗവര്‍ണറുടെ നടപടിയെ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ട് മന്ത്രിസഭായോഗത്തിന്റെ തലേദിവസം സ്വന്തം ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തിയ കാര്യം മുഖ്യമന്ത്രി അറിഞ്ഞതാണ്. ഇടതുമുന്നണിയുടെ കണ്‍വീനറും സമാനമായ നിലപാട് വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്നിരുന്നു. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി 'എനിക്ക് സ്വന്തം അഭിപ്രായവും സ്വന്തം വഴിയും' എന്ന നിലപാടുമായി മുഖ്യമന്ത്രി വരുമ്പോള്‍ തകരുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും രാഷ്ട്രീയ സദാചാരവുമാണ്. ചേരിപ്പോരിന്റെയും വിഭാഗീയതയുടെയും ഏറ്റവും വൃത്തികെട്ട ഒരു രൂപമാണ് ഇതുവഴി ഇവിടെ മലര്‍ക്കെ തുറന്നിടുന്നത്. വിവേകശൂന്യമായ ഇത്തരം നിലപാടുകളിലൂടെ സ്വന്തം സര്‍ക്കാരിന്റെ അടിത്തറ തന്നെയാണ് തകര്‍ക്കപ്പെടുന്നത്. കേരളത്തിലെ ഭരണനേതൃത്വത്തില്‍ ഇത്തരം പൊറാട്ടുനാടകം അരങ്ങേറുമ്പോഴും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന മട്ടില്‍ ലാഘവത്തോടെ കഴിയുന്നതാണ് മനസിലാക്കാന്‍ വയ്യാത്ത മറ്റൊരു കാര്യം. കേരളപ്രശ്നത്തില്‍ ഇടപെടാന്‍ നല്ല മുഹൂര്‍ത്തവും ഗണിച്ച് കാത്തിരിക്കുകയാണത്രേ അവര്‍.

amalan said...

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ചില മന്ത്രിമാര്‍ രാജിഭീഷണി വരെ മുഴക്കി നില്‍ക്കുകയാണ്. ഈ അസാധാരണ സ്ഥിതിവിശേഷത്തിനിടയിലും ഗവര്‍ണര്‍ സൃഷ്ടിച്ച ഭരണഘടനാപ്രശ്നം വിസ്മരിക്കപ്പെടാനിടയാകരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. പ്രോസിക്യൂഷന്‍ പ്രശ്നത്തില്‍ അഡ്വക്കേറ്റ് ജനറലും മന്ത്രിസഭയും പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുന്നത് ഇപ്പോള്‍ ഗവര്‍ണര്‍ തന്നെയാണെന്നു കാണാന്‍ പ്രയാസമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ട, കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഗവര്‍ണര്‍ നടപ്പാക്കുകയായിരുന്നുവെന്ന് മനസിലാക്കാന്‍ വിശേഷബുദ്ധിയുടെ ആവശ്യമൊന്നുമില്ല. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി മുഖ്യമന്ത്രിക്കുമാത്രം ഇല്ലാതെപോയി.
ഗവര്‍ണറുടെ ഇടപെടലുകള്‍ സംസ്ഥാന മന്ത്രിസഭകളുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരവും സുഗമവുമായ പ്രവര്‍ത്തനരീതിക്ക് ശൈഥില്യം സൃഷ്ടിക്കുന്ന കാര്യം മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ തന്നെ ഒരു ലേഖനത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. കേരളപ്പിറവിക്കുശേഷം അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആവശ്യപ്രകാരം പിരിച്ചുവിട്ട നടപടിയെ സൂചിപ്പിച്ചുകൊണ്ട് ശ്രീ. ഇ.എം.എസ് ഇങ്ങനെ എഴുതിയിരുന്നു: "ഗവര്‍ണര്‍സ്ഥാനം എടുത്തുകളയണം. അഥവാ ഒരു ഗവര്‍ണര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അദ്ദേഹം രാഷ്ട്രപതിയെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കണം." 1969-ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഒട്ടാകെ കോണ്‍ഗ്രസ് മൂടുപറിഞ്ഞ് വീണപ്പോള്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിതര ഗവണ്‍മെന്റുകള്‍ക്കെതിരെ ഗവര്‍ണര്‍മാര്‍ ചില്ലറ ചില അധികാരക്കളികള്‍ നടത്തിനോക്കി. പക്ഷേ, അവര്‍ക്കെല്ലാം പത്തിമടക്കേണ്ടിവന്നു. സുപ്രീംകോടതിപോലും അവരെ ന്യായീകരിച്ചില്ല. നമ്മുടെ ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട ആളല്ല. കേന്ദ്രഗവണ്‍മെന്റ് ചപ്പരാസികളെ നിയമിക്കുന്ന ലാഘവത്തോടെ ശമ്പളം കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച ഒരു ഉദ്യോഗസ്ഥനാണ്. തമിഴ്നാട്ടില്‍ നിന്ന് ഉപ്പിലിടുയമ്മ (ശ്രീമതി ജ്യോതിവെങ്കടചെല്ലം) കേരളത്തില്‍ ഗവര്‍ണറായി വന്നപ്പോഴും ചില കുണ്ടാമണ്ടിത്തരങ്ങള്‍ കാണിക്കാന്‍ നോക്കിയിരുന്നു. ശക്തമായ എതിര്‍പ്പുണ്ടായതുകൊണ്ട് അധികാരംവച്ച് വിലസാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ഗവര്‍ണറായതിന്റെ മാനദണ്ഡമാകട്ടെ, ദളിതനായ ശ്രീ. വെങ്കടചെല്ലത്തിന്റെ ഭാര്യയായ ബ്രാഹ്മണസ്ത്രീയെന്ന ക്വാളിഫിക്കേഷനായിരുന്നു. ആ സാധുസ്ത്രീ ഉപ്പുമാങ്ങയുണ്ടാക്കി വിറ്റ് ജീവിച്ചുവരികയായിരുന്നു. ഗവര്‍ണര്‍ എന്നുപറയുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയെക്കാള്‍ ബഹുമാനവും സര്‍വാധികാരിയെന്ന ഭയജടിലമായ കാഴ്ചപ്പാടും നല്‍കേണ്ടതില്ല. ശമ്പളം പറ്റുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍. അങ്ങനെയുള്ള കേരള ഗവര്‍ണര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള കേരളത്തിലെ മന്ത്രിസഭയുടെമേല്‍ തുല്യം ചാര്‍ത്താനുള്ള അധികാരമുണ്ടെന്ന് സമ്മതിച്ചുകൊടുക്കുകയും നേരാണേ അതു നേരാണേ എന്ന് വിളിച്ചുകൂവുന്ന പ്രതിപക്ഷത്തിന് കൊടിപിടിച്ചുകൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നമുക്ക് ഭൂഷണമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഇപ്പോഴും ഞങ്ങള്‍ ആവശ്യപ്പെടുന്നു ഈ ഗവര്‍ണറുടെ ഉത്തരവിന് വാലിഡിറ്റി ഉണ്ടോയെന്ന് അന്വേഷിച്ചിട്ടുമതി പ്രോസിക്യൂഷനും മറ്റ് നടപടികളും എന്ന്. കമ്മ്യൂണിസം വേരോടെ പിഴുതെറിയുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നയമെങ്കില്‍ ശ്രീ. ഗവായ് ചാവോളം ഇവിടെ ഗവര്‍ണറായിര്‍രിക്കട്ടെ.
പണ്ട് ഇവിടെ "അശോകാ യൂണിവേഴ്സിറ്റി" എന്നൊരു 'സ്ഥാപന'മുണ്ടായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തോറ്റ കുട്ടികളെ അവര്‍ ജയിപ്പിക്കുമായിരുന്നു. അവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ അതേ വിലയേയുള്ളൂ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിനും.