Monday, April 22, 2013

മാസങ്ങള്‍ നീണ്ട ആസൂത്രണം


വളയത്തുനിന്ന് ഓര്‍ക്കാട്ടേരിക്ക് കഷ്ടിച്ച് പതിനഞ്ചു കിലോമീറ്റര്‍. വടകര താലൂക്കിലാണ് രണ്ടുപ്രദേശവും. വളയത്ത് ആര്‍എംപിയില്ല. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിരന്തരമായ നുണപ്രചാരണത്തിലൂടെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ വളയത്തിന്റെ മണ്ണില്‍ മുളപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. പക്ഷേ, സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ആ മേഖലയില്‍ ആര്‍എംപിക്ക് പകല്‍വെളിച്ചത്തില്‍ കടന്നുകയറാന്‍ ഒരിക്കലും പറ്റിയില്ല. എന്നാല്‍, അതൃപ്തിയുള്ള ചിലരുമായി ആര്‍എംപി കേന്ദ്രങ്ങള്‍ രഹസ്യബന്ധം വച്ചു. അക്കൂട്ടത്തിലൊരാളാണ് പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍. എഴുപത്തഞ്ചുകാരനായ നമ്പ്യാര്‍ വളയത്തെ പഴയ സമ്പന്ന കുടുംബാംഗമാണ്. കായികാഭ്യാസിയായ നമ്പ്യാര്‍ക്ക് വാര്‍ധക്യത്തിലും ആരോഗ്യത്തിനും വാശിക്കും കുറവില്ല. ഒന്ന് തീരുമാനിച്ചാല്‍ നടത്തിയേ അടങ്ങൂ എന്ന പ്രകൃതം. അനുജന്‍ അരവിന്ദാക്ഷന്‍നമ്പ്യാര്‍ കുന്നുമ്മക്കരയ്ക്കടുത്ത് ആര്‍എംപി കേന്ദ്രത്തില്‍ വീടുവച്ച് താമസിക്കുന്നു. കുവൈത്തില്‍ ജോലിയുള്ള അദ്ദേഹത്തിന്റെ ഇളയ മകന്‍ വിശാല്‍ എബിവിപിയില്‍നിന്ന് ആര്‍എംപിയിലെത്തിയതാണ്. അടുത്ത ബന്ധു രാജന്‍ ആര്‍എംപിയുടെ പ്രധാന പ്രവര്‍ത്തകന്‍. ഈ ബന്ധുത്വമാണ് നമ്പ്യാരില്‍ ശത്രുതയുടെ ബീജം കുത്തിവച്ചത്.

പിണറായി വിജയനാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദി എന്ന് വിശ്വസിപ്പിക്കാനുള്ളതെല്ലാം ആര്‍എംപി സംഘം നമ്പ്യാര്‍ക്കു നല്‍കി. ലഘുലേഖകള്‍, നോട്ടീസുകള്‍, രമയുടെ കത്ത്- ഇങ്ങനെ. ഇടയ്ക്ക് രമയുടെ വീട്ടില്‍ സന്ദര്‍ശനം. നാലോ അഞ്ചോ മാസംമുമ്പ് നമ്പ്യാര്‍ ഒരു വൈകുന്നേരം തിരുവനന്തപുരത്തെ് എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ പമ്പ ബ്ലോക്ക് അറുപതാംനമ്പര്‍ മുറിയിലെത്തി. നാദാപുരം എംഎല്‍എ ഇ കെ വിജയനാണ് അവിടത്തെ താമസക്കാരന്‍. ഖദര്‍ കുപ്പായമിട്ട് എത്തിയ നമ്പ്യാര്‍ സ്വയം പരിചയപ്പെടുത്തി. "വരുന്ന വിവരം നേരത്തെ അറിയിക്കേണ്ടതല്ലേ" എന്ന് എംഎല്‍എ ചോദിച്ചപ്പോള്‍, "എന്റെ കൈയില്‍ മുറിയെടുക്കാന്‍ പണമുണ്ട്" എന്നായിരുന്നു മറുപടി. വളയത്തെ സിപിഐ നേതാവ് എം ടി ബാലനോട് അന്വേഷിച്ച് നമ്പ്യാര്‍ അവിടത്തുകാരനാണ് എന്നുറപ്പുവരുത്തിയശേഷം മുറിയില്‍ തങ്ങാന്‍ അനുവദിച്ചു. താന്‍ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കാണ് പോയതെന്നും പ്രസിഡന്റിനെ കണ്ട് ചന്ദ്രശേഖരന്‍ കേസ് വേഗത്തിലാക്കണമെന്ന് പറയുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് തിരിച്ച് നാട്ടിലെത്തി നമ്പ്യാര്‍ പലരോടും വിശദീകരിച്ചത്. അപ്പോള്‍ത്തന്നെ, നമ്പ്യാരുടെ ആര്‍എംപി ബന്ധത്തെക്കുറിച്ച് നാട്ടുകാരില്‍ സംശയം മുളച്ചിരുന്നു. ആയുധങ്ങളുമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന രണ്ടു കഥകളിലൊന്ന്, അയാള്‍ നേരത്തെ രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് തിരുവനന്തപുരത്തു പോയിട്ടുമുണ്ടെന്നായിരുന്നു. രണ്ടാമത്തെ കഥ നമ്പ്യാര്‍ മനോരോഗിയാണെന്ന്. രണ്ടും കള്ളക്കഥകള്‍. ആദ്യത്തെ തിരുവനന്തപുരം യാത്രതന്നെ പിണറായിയെ ലക്ഷ്യമിട്ടായിരുന്നുവോ എന്ന് വളയത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ സംശയിക്കുന്നു. അതിനു മുമ്പുതന്നെ തോക്കും തിരകളും തേടി നമ്പ്യാര്‍ അലച്ചില്‍ തുടങ്ങിയിരുന്നു എന്നതിന് അവര്‍തന്നെ സാക്ഷികള്‍.

പിടിക്കപ്പെട്ട വിവരത്തിനു തൊട്ടുപിന്നാലെ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ കെട്ടുകഥകള്‍ പരത്തിയവരെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. അവരിലൂടെ യഥാര്‍ഥ ആസൂത്രകരിലേക്കെത്താന്‍ പൊലീസിന് താല്‍പ്പര്യവുമില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണം നടന്നതിന് പ്രധാന സാക്ഷി വളയത്തെ ജീപ്പ് ഡ്രൈവര്‍ എന്‍ പി അശോകനാണ്. നമ്പ്യാരുടെ നേരത്തെയുള്ള പരിചയക്കാരനാണ് അശോകന്‍. തോക്കും തിരകളും വാങ്ങാന്‍ രണ്ടു മാസം മുമ്പ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തന്റെ ജീപ്പില്‍ കണ്ണവം വനാതിര്‍ത്തിയിലെ കണ്ടിവാതുക്കല്‍ കുറിച്യകോളനിയില്‍ പോയിരുന്നു എന്ന് അശോകന്‍ പറയുന്നു. അവിടെ ചെറിയചന്തുവില്‍നിന്ന് തോക്ക് വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ചന്തുവിന്റെ തോക്കിന് 30,000 രൂപ വില പറഞ്ഞു. അക്കാര്യങ്ങള്‍ അശോകനില്‍നിന്ന് മറച്ചുവച്ചു-ചന്തുവില്‍നിന്ന് പണം വാങ്ങാനാണ് പോകുന്നത് എന്നായിരുന്നു വിശദീകരണം. പറഞ്ഞ ദിവസം ചന്തു എത്തുന്നതും കാത്ത് നമ്പ്യാര്‍ മണിക്കൂറുകളോളം വളയം അങ്ങാടിയില്‍ നിന്നു. കാര്യം നടക്കാതെ വന്നപ്പോള്‍ വീണ്ടും ജീപ്പ് വാടകയ്ക്കെടുത്ത് കോളനിയില്‍ ചെന്നു. ചന്തു തയ്യാറാകാതിരുന്നതിനാലാണ് ആ ഇടപാട് നടക്കാതിരുന്നത്. വളയത്ത് തോക്ക് ലൈസന്‍സുള്ള പലരെയും നമ്പ്യാര്‍ സമീപിച്ചു. അതിലൊരാള്‍ നടുക്കണ്ടിയില്‍ ഗംഗാധരനാണ്. തന്റെ കൈയില്‍ തോക്കുണ്ടെന്നും മുള്ളന്‍പന്നിയെ വെടിവയ്ക്കാന്‍ തിരകള്‍ വേണമെന്നുമാണ് കാറോടിച്ച് ഗംഗാധരന്റെ വീട്ടിലെത്തിയ നമ്പ്യാര്‍ പറഞ്ഞത്. ആ സമയത്ത് ഗംഗാധരന്‍ വീട്ടിലുണ്ടായിരുന്നില്ല. തന്റെ മൊബൈല്‍ഫോണില്‍നിന്നാണ്, വീട്ടുകാര്‍ കേള്‍ക്കെ മുള്ളന്‍പന്നിവേട്ടക്കഥ ഗംഗാധരനോട് പറഞ്ഞത്.

നേരത്തെ നമ്പ്യാര്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. അതുകൊണ്ട് ആരും വലുതായി സംശയിച്ചില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ മാസ് എയര്‍ റൈഫിള്‍സില്‍നിന്നാണ് എയര്‍ഗണ്‍ വാങ്ങിയത്. അവിടെയും പിസ്റ്റള്‍ കിട്ടാനുള്ള സാധ്യത ആരാഞ്ഞിരുന്നു. നമ്പ്യാരുടെ നീക്കങ്ങള്‍ വിശകലനംചെയ്താല്‍ അയാള്‍ക്കുപിന്നില്‍ വലിയ ആസൂത്രണം നടന്നതിന്റെ നിരവധി സൂചനകള്‍ കാണാം. എഴുപതു കഴിഞ്ഞ വൃദ്ധന്‍, കണ്ടാല്‍ സംശയം തോന്നാത്ത പ്രകൃതം, ഒരു കേസിലുംപെട്ടിട്ടില്ലാത്ത പാരമ്പര്യം-ഇതെല്ലാം സംശയരഹിതമായി കുറ്റകൃത്യം നിര്‍വഹിക്കാനുള്ള അനുകൂല ഘടകങ്ങളാണ്. രഹസ്യമായ വികാരപ്രകടനങ്ങളും ആസൂത്രണവുമല്ലാതെ വളയത്ത് തന്റെ സിപിഐ എം വിരോധം നമ്പ്യാര്‍ പുറത്തുകാട്ടിയിട്ടില്ല. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലല്ലാതെ എവിടെയൊക്കെ നമ്പ്യാര്‍ പോയി എന്ന അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. പിന്നീട് പിണറായിയെ തേടി പോയത് ലഭ്യമായ വിവരമനുസരിച്ച് കൂട്ടുപുഴയിലാണ്. കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന അവിടെ, ഇക്കഴിഞ്ഞ എ കെ ജി ദിനത്തില്‍ (മാര്‍ച്ച് 22ന്) പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിവരം തേടിയാണ് എത്തിയത്്. മാര്‍ച്ച് 27ന് പിണറായി പാണ്ട്യാല മുക്കില്‍ നമ്പ്യാര്‍ എത്തിയിരുന്നു. അവിടെ വൈദ്യശാലയിലാണ് ചെന്നത്. കുഴമ്പു വാങ്ങാന്‍ എന്ന വ്യാജേന. പിണറായി വിജയന്റെ വീട് എവിടെയാണെന്ന് ആരാഞ്ഞു. പിണറായിക്ക് കൊട്ടാരംപോലുള്ള വീടാണെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ അവിടെ എത്തുന്നവരുടെ എണ്ണം ഏറെയാണ്. പലരും വന്നന്വേഷിക്കും. റോഡരികില്‍തന്നെയുള്ള വീടിനുമുന്നില്‍നിന്ന് ഫോട്ടോയെടുക്കും. വീട്ടില്‍ ആളുണ്ടെങ്കില്‍ അകത്തുകയറിയടക്കം നോക്കും. കൊട്ടാരമല്ല, സാധാരണ വീടുമാത്രമാണതെന്ന് നേരില്‍ ബോധ്യപ്പെട്ട് മടങ്ങുകയും ചെയ്യും. അതൊരു പതിവായതുകൊണ്ട്, സംശയമില്ലാതെ വൈദ്യര്‍ വീട് ചൂണ്ടിക്കാണിച്ചുക്കൊടുത്തു. മാര്‍ച്ച് 30ന് അതേ വ്യദ്ധന്‍ വീണ്ടും കുഴമ്പ് വാങ്ങാന്‍ എത്തിയപ്പോഴും വൈദ്യര്‍ക്ക് പ്രത്യേക സംശയമൊന്നുമുണ്ടായില്ല.

ഏപ്രില്‍ മൂന്നിനാണ് നമ്പ്യാര്‍ പിണറായിയുടെ വീടിന് സമീപത്തുനിന്ന് പിടിക്കപ്പെട്ടത്. തലേദിവസം ഉച്ചയ്ക്കുമുമ്പ് വളയത്തുനിന്ന് വേങ്ങരോട്ട് ബിനുവിന്റെ ഓട്ടോ വിളിച്ച് ചെക്യാട് പുളിയാവ് റോഡിലെ ബാലകൃഷ്ണന്റെ വീട്ടില്‍ നമ്പ്യാര്‍ ചെന്നിരുന്നു. ബാലകൃഷ്ണന്‍ കൊല്ലപ്പണി നടത്തുന്നത് വീട്ടുമുറ്റത്തെ ആലയിലാണ്. എയര്‍ ഗണ്ണുമായി അവിടെ ചെന്നു. തോക്കിന്റെ ചില കുഴപ്പങ്ങള്‍ തീര്‍ക്കണമെന്നായിരുന്നു ആവശ്യം. ബാലകൃഷ്ണന്‍ വിസമ്മതിച്ചു. താന്‍തന്നെ ചെയ്തോളാമെന്നുപറഞ്ഞ നമ്പ്യാര്‍ ആലയിലിരുന്ന് കുറെ നേരം തോക്കില്‍ പണിയെടുത്തു. എയര്‍ ഗണ്ണാണ്, കുഴപ്പമൊന്നുമില്ല എന്നാണ് ബാലകൃഷ്ണനെ വിശ്വസിപ്പിച്ചത്. മറ്റു ജോലിക്കായി കരുതിവച്ചിരുന്ന കരി നമ്പ്യാര്‍ ഉലകത്തിച്ച് നശിപ്പിച്ചതായി ബാലകൃഷ്ണന്റെ വീട്ടുകാര്‍ ഓര്‍ക്കുന്നു. തോക്ക് ശരിയാക്കിയശേഷം കല്ലാച്ചിയിലേക്കാണ് പോയത്. ബിനുവിന്റെ ഒട്ടോയില്‍ത്തന്നെ. കൈയിലുള്ള തോക്കിനെക്കുറിച്ച് ബിനു തിരക്കിയപ്പോള്‍, "പക്ഷിയെ വെടിവയ്ക്കാ"നാണ് എന്നായിരുന്നു മറുപടി. കല്ലാച്ചിയിലെ ഒരു സര്‍ബത്ത് കടയ്ക്കു മുന്നിലാണ് നമ്പ്യാരെ ബിനു വിട്ടത്. ഇതിനു മുമ്പുതന്നെ, വടകരയിലെ ആലയ്ക്കല്‍ റെസിഡന്‍സി എന്ന ഹോട്ടലില്‍ നമ്പ്യാര്‍ മുറിയെടുത്തിരുന്നു. നൂറ്റിപ്പത്താം നമ്പര്‍ മുറിയിലാണ് താമസിച്ചത്. വളയത്തു വീടുള്ളയാള്‍ എന്തിന് വടകരയില്‍ താമസിക്കുന്നു എന്ന് റിസപ്ഷനിസ്റ്റ് ചോദിച്ചു. ബിസിനസ് ആവശ്യത്തിന് വന്നതാണ്, ഇടയ്ക്കിടെ പോയിവരാന്‍ പറ്റാത്തതുകൊണ്ടാണ് താമസിക്കുന്നത് എന്ന്മറുപടി. വൃദ്ധനായതുകൊണ്ട് അവിടെയും സംശയമുണ്ടായില്ല.

പകല്‍സമയത്ത് മുറിപൂട്ടി താക്കോലുംകൊണ്ട് പുറത്തുപോകും. തിരിച്ചെത്തിയാല്‍ കതകടച്ച് മുറയില്‍തന്നെ. കവുങ്ങിന്റെ കഷണങ്ങള്‍ കൂര്‍പ്പിച്ചുവച്ചത് പിന്നെ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളികളായ മേപ്പാടന്‍ പവിത്രനും അനില്‍കുമാറും ഏപ്രില്‍ മൂന്നിന് ജോലി കഴിഞ്ഞ് എരുവട്ടി പന്തക്കപ്പാറയില്‍ ബസിറങ്ങിയപ്പോള്‍ തലശേരി ഭഭാഗത്തുനിന്ന് മോട്ടോര്‍ ബൈക്കില്‍ വൃദ്ധനെ പുറകിലിരുത്തി ഒരു യുവാവ് എത്തി. മമ്പറത്തേക്കും പിണറായിയിലേക്കും പോകുന്ന വഴി അന്വേഷിച്ചു. അന്ന് രാത്രി എട്ടേമുക്കാലിനാണ് പിണറായി വിജയന്റെ വീടിന് മുന്നില്‍ റോഡരികില്‍ കൂട്ടിയിട്ട കുടിവെള്ള പൈപ്പിനിടയില്‍ സംശയകരമായി ഒരു പൊതി തിരുകി വയ്ക്കുന്ന വൃദ്ധനെ ആ പ്രദേശത്തെ ചെറുപ്പക്കാര്‍ പിടിക്കുന്നത്. 116 സെന്റീമീറ്റര്‍ നീളമുള്ള തോക്കും 43 സെന്റീമീറ്റര്‍ നീളമുള്ള മൂര്‍ച്ചയേറിയ വെട്ടുകത്തിയുമടങ്ങുന്ന പൊതി കണ്ടെത്തിയപ്പോള്‍, വൃദ്ധനെ തടഞ്ഞു നിര്‍ത്തി ധര്‍മടം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ആ ദിവസങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി പിണറായി വിജയന്‍ വീട്ടിലുണ്ടായിരുന്നു-കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍. അത് കൃത്യമായി മനസിലാക്കിയാണ് നമ്പ്യാരും കൂട്ടരും വധശ്രമം ആസൂത്രണംചെയ്തത്.

ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചാല്‍, സംശയരഹിതമായി തെളിയുന്ന ചില വസ്തുതകളുണ്ട്. ഒന്ന്: കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഒറ്റയ്ക്കല്ല വധഗൂഢാലോചന നടത്തിയത്. രണ്ട്: ആസൂത്രണത്തിന് തലസ്ഥാന നഗരംമുതല്‍ കര്‍ണാടക അതിര്‍ത്തിവരെ വ്യാപ്തിയുണ്ട്. മൂന്ന്: എത്ര അലഞ്ഞാലും അധ്വാനിച്ചാലും പിണറായിയെ വകവരുത്തിയേ അടങ്ങൂ എന്ന വാശി നമ്പ്യാര്‍ക്കുണ്ടായിരുന്നു. നാല്: ആര്‍എംപിയുടെ ഇടപെടല്‍ ആസൂത്രണത്തിലുണ്ട് എന്നതും നമ്പ്യാര്‍ക്ക് ദൃഢമായ ആര്‍എംപി ബന്ധമുണ്ട് എന്നതും. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പിടിക്കപ്പെട്ടശേഷമുള്ള ആര്‍എംപിയുടെയും പൊലീസിന്റെയും സമീപനങ്ങളും സമനില വിട്ട പ്രകടനങ്ങളും ഈ വസ്തുതകളെ സാധൂകരിക്കുന്നതാണ്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=289381#sthash.gSXufEE7.dpuf

6 comments:

manoj pm said...

നാലോ അഞ്ചോ മാസംമുമ്പ് നമ്പ്യാര്‍ ഒരു വൈകുന്നേരം തിരുവനന്തപുരത്തെ് എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ പമ്പ ബ്ലോക്ക് അറുപതാംനമ്പര്‍ മുറിയിലെത്തി. നാദാപുരം എംഎല്‍എ ഇ കെ വിജയനാണ് അവിടത്തെ താമസക്കാരന്‍. ഖദര്‍ കുപ്പായമിട്ട് എത്തിയ നമ്പ്യാര്‍ സ്വയം പരിചയപ്പെടുത്തി. "വരുന്ന വിവരം നേരത്തെ അറിയിക്കേണ്ടതല്ലേ" എന്ന് എംഎല്‍എ ചോദിച്ചപ്പോള്‍, "എന്റെ കൈയില്‍ മുറിയെടുക്കാന്‍ പണമുണ്ട്" എന്നായിരുന്നു മറുപടി. വളയത്തെ സിപിഐ നേതാവ് എം ടി ബാലനോട് അന്വേഷിച്ച് നമ്പ്യാര്‍ അവിടത്തുകാരനാണ് എന്നുറപ്പുവരുത്തിയശേഷം മുറിയില്‍ തങ്ങാന്‍ അനുവദിച്ചു. താന്‍ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കാണ് പോയതെന്നും പ്രസിഡന്റിനെ കണ്ട് ചന്ദ്രശേഖരന്‍ കേസ് വേഗത്തിലാക്കണമെന്ന് പറയുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് തിരിച്ച് നാട്ടിലെത്തി നമ്പ്യാര്‍ പലരോടും വിശദീകരിച്ചത്.

സഫറുള്ള പാലപ്പെട്ടി said...

സ. പിണറായിക്കു നേരെയുള്ള വധശ്രമത്തിന്റെ ചുരുളഴിയുന്ന വളരെ വിശദവും വ്യക്തവുമായ അന്വേഷണാത്മക റിപ്പോര്‍ട്ട്..........

kanikkonna said...

മനോജ്‌ ഇപ്പോൾ ഉള്ളത് ഒഞ്ചിയതെ കല്യാണി മുക്കിൽ നിന്നും പഴയ ഓഫീസ് സെക്രട്ടറി ബിനുവിന്റെ വീടിനു മുന്നിലുള്ള കനാലിൽ ആണ്. ഒഞ്ചിയതിന്റെ ഊടുവഴികളിലൂടെയുള്ള റിപ്പോർട്ട്‌ ഗംഭീരമാകുന്നുണ്ട്. അവിടെ കനാലിൽ പാമ്പുണ്ട്. പംബുകടിയെട്ടു മരിക്ക
ണ്ട. വെറുതെ കൃഷ്ണപ്പിള്ള കളിക്കണ്ട. മാര്ക്സ് പറഞ്ഞത് മറക്കണ്ട. "ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും. "

kanikkonna said...

മനോജ്‌ ഇപ്പോൾ ഉള്ളത് ഒഞ്ചിയതെ കല്യാണി മുക്കിൽ നിന്നും പഴയ ഓഫീസ് സെക്രട്ടറി ബിനുവിന്റെ വീടിനു മുന്നിലുള്ള കനാലിൽ ആണ്. ഒഞ്ചിയതിന്റെ ഊടുവഴികളിലൂടെയുള്ള റിപ്പോർട്ട്‌ ഗംഭീരമാകുന്നുണ്ട്. അവിടെ കനാലിൽ പാമ്പുണ്ട്. പംബുകടിയെട്ടു മരിക്ക
ണ്ട. വെറുതെ കൃഷ്ണപ്പിള്ള കളിക്കണ്ട. മാര്ക്സ് പറഞ്ഞത് മറക്കണ്ട. "ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും. "

olive said...

ഒരു വികാര വിക്ഷോഭത്തിനു പുറത്തുള്ള ഇറങ്ങിപ്പുറപ്പാട്.അയാള്‍ക്ക് പിണറായി വിജയനോട് പക തോന്നിയിരിക്കാം.അതിന്റെ പിന്നില്‍ മറ്റൊരു ഗൂഢാലോചനയുടെ കരം,ഒറ്റനോട്ടത്തില്‍ തന്നെ അങ്ങനെയൊന്നില്ലെന്ന് മനസിലാക്കാം.

olive said...

ഒരു വികാര വിക്ഷോഭത്തിനു പുറത്തുള്ള ഇറങ്ങിപ്പുറപ്പാട്.അയാള്‍ക്ക് പിണറായി വിജയനോട് പക തോന്നിയിരിക്കാം.അതിന്റെ പിന്നില്‍ മറ്റൊരു ഗൂഢാലോചനയുടെ കരം,ഒറ്റനോട്ടത്തില്‍ തന്നെ അങ്ങനെയൊന്നില്ലെന്ന് മനസിലാക്കാം.