Tuesday, July 24, 2012

കപട വ്യവഹാരികളെ തുറുങ്കിലടയ്ക്കണം



കവിയൂരില്‍ അനഘ എന്ന പെണ്‍കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യചെയ്യാനിടയായ ദാരുണസംഭവം രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ അമ്പരപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നത്. ആ കേസുമായി സംസ്ഥാനത്തെ സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ ഏതാനും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും തങ്ങള്‍ക്കുമുന്നിലുള്ള എല്ലാ വഴികളും ഉപയോഗിച്ചു. രാഷ്ട്രീയപ്രശ്നമാക്കി അതിനെ മാറ്റാന്‍ അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വലിയ അളവ് സാധിക്കുകയും ചെയ്തു. ആ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളായിരുന്നെന്നാണ് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐയെയും നിയമത്തെയും ജനങ്ങളെയും കബളിപ്പിച്ചാണ് കുപ്രചാരണങ്ങളും കുറ്റപ്പെടുത്തലുമുണ്ടായതെന്ന് അന്വേഷണ ഏജന്‍സിക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. കവിയൂര്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്നുമാത്രമല്ല, അങ്ങനെ ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ മുഖ്യപ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

നന്ദകുമാര്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട, കോടതികളുടെ രൂക്ഷവിമര്‍ശത്തിന് വിധേയനായ വ്യവഹാരിയാണ്. ക്രൈം എന്ന പ്രസിദ്ധീകരണത്തിന്റെ മറവില്‍ പത്രാധിപര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അയാള്‍ നിരന്തരം അനാശാസ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതും രഹസ്യമല്ല. അങ്ങനെയൊരാള്‍, സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല. എവിടെനിന്നാണ് നന്ദകുമാറിന് ഇത്രയേറെ പണം സ്വരൂപിക്കാന്‍ കഴിയുന്നത്? ഒരു കേസ് വഴിതിരിച്ചുവിടാനാണ് ഒരുകോടി രൂപ വാഗ്ദാനംചെയ്തതെങ്കില്‍, എത്രയെത്ര കേസുകള്‍, ഏതെല്ലാം കോടതികളില്‍ നന്ദകുമാര്‍ ഇതേ രീതിയില്‍ നടത്തുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. രാജ്യത്തെ ഏറ്റവും "ചെലവേറിയ" അഭിഭാഷകരാണ് ഇയാള്‍ക്കുവേണ്ടി പലപ്പോഴും കോടതികളില്‍ ഹാജരാകുന്നത്. ഒരു കൊച്ചു വാരികയുടെ പത്രാധിപര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ചെലവ് എന്ന് വ്യക്തമാണ്. അതിനര്‍ഥം അയാള്‍ക്കുപിന്നില്‍ ഏതോ അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്, പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട് എന്നാണ്. ആ ശക്തിയെയാണ് പുറത്തുകൊണ്ടുവരേണ്ടത്.

കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ""ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുന്നതുവരെ പോരാടും"" എന്നാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ""കേസ് വഴിതിരിച്ചുവിടാനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ മക്കളുടെ പേര് പറഞ്ഞാല്‍ ഒരുകോടിരൂപ നല്‍കാമെന്ന് പറഞ്ഞത് ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ചപ്പോഴാണ്. തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല, കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം.""

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അക്കാര്യം ഗത്യന്തരമില്ലാതെ സിബിഐക്ക് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സിബിഐയുടെ കര്‍ത്തവ്യം അവിടംകൊണ്ട് തീരുന്നില്ല. മറ്റു പല കേസുകളിലും സമാനമായ ഇടപെടലാണ് ഇതേ ശക്തികള്‍ നടത്തിയത്.

അതിലൊന്ന് എസ്എന്‍സി ലാവ്ലിന്‍ കേസാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആ കേസില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രചിച്ച കള്ളക്കഥകളുടെയും സൃഷ്ടിച്ച കള്ളസാക്ഷികളുടെയും കള്ളത്തെളിവുകളുടെയും പിന്നാലെയാണ് സിബിഐ പോയത്. തന്റെ കൈയില്‍ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് കേസന്വേഷണം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ അവിടെയും മുന്‍കൈയെടുത്തത് ഇതേ വ്യക്തിയാണ്. ഏറ്റവുമൊടുവില്‍ ഒരു കള്ളസാക്ഷിയെ ഇറക്കുമതിചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനും അയാള്‍ തയ്യാറായി. പ്രകടമായിത്തന്നെ മ്ലേച്ഛമായ ഈ ഇടപെടലുകള്‍ക്ക് വഴങ്ങുകയായിരുന്നു ലാവ്ലിന്‍ കേസില്‍ സിബിഐ. അങ്ങനെയാണ്, പിണറായി വിജയനെ, അദ്ദേഹം എന്തെങ്കിലും കുറ്റംചെയ്തതായി കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്‍സി തയ്യാറായത്. കവിയൂര്‍ കേസിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ലാവ്ലിന്‍ കേസില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ സിബിഐ തുറന്നുപറയാന്‍ സമയമായി. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരിക്കുന്ന കക്ഷിയുടെ ഹീനമായ ഇടപെടലുകളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍കേസ് എന്നതില്‍ വിവേകബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ സിബിഐ തന്നെ, തങ്ങള്‍ വഞ്ചിക്കപ്പെടുന്ന വഴിയെക്കുറിച്ചും വഞ്ചകരെക്കുറിച്ചും തുറന്നുസമ്മതിക്കുമ്പോള്‍, അതേ മാര്‍ഗത്തിലൂടെ സൃഷ്ടിച്ച ലാവ്ലിന്‍ കേസിന്റെയും കാറ്റ് എന്നെന്നേക്കുമായി തീരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ക്രിമിനല്‍ ഇടപെടല്‍ നടത്തിയ വ്യക്തിക്കും അയാള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഒരുനിമിഷം പാഴാക്കാതെ നിയമനടപടിയെടുക്കാന്‍ സിബിഐ തയ്യാറാകണം. തികച്ചും അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ കെട്ടഴിച്ചുവിട്ട് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കാമെന്നു കരുതിയവരും അതിനുള്ള കോടാലിക്കൈകളായവരും ജനങ്ങള്‍ക്കുമുന്നില്‍ കുറ്റം ഏറ്റുപറയണം. ഇങ്ങനെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന കെട്ടുകഥകള്‍ തിരിച്ചറിഞ്ഞ്, സിപിഐ എമ്മിനെതിരായ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു ക്രിമിനല്‍ സ്വഭാവക്കാരന്റെ ചേഷ്ടകളല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വന്‍ പദ്ധതിയുടെ നടത്തിപ്പായാണ് ഇതിനെ കാണേണ്ടത്. കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട നിരവധി പേരുകളുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന വൈഷമ്യം ഊഹിക്കാവുന്നതേയുള്ളൂ. നിരപരാധികളായ അവരോടും കുടുംബാംഗങ്ങളോടും മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലിത്. വ്യാജ കഥകളുടെ പിന്നണിക്കാരെയും മുന്‍നിരക്കാരെയും ഒന്നാകെ തുറുങ്കിലടച്ചാല്‍ മാത്രമേ, അവരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിഞ്ഞാല്‍മാത്രമേ ഏറ്റവും കുറഞ്ഞ നീതിയെങ്കിലും നടപ്പാകൂ.

9 comments:

manoj pm said...

ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു.

പറയാതെ വയ്യ. said...

ക്രൈം നന്ദകുമാര്‍ അഥവാ നന്ദകുമാറിന്‍റെ ക്രൈം.

അന്തിക്കാടന്‍ said...

നന്ദകുമാറിന്റെ പിന്നിലുള്ള ക്രിമിനലിന് വീരനെന്നും ഒരു പേരുണ്ടോ??

johnpaulmerad said...

സത്യം എന്നായാലും വിജയിക്കും ..

Viswam Chembuchira said...

നമ്മുടെ നാട്ടിലെ മറ്റു മാധ്യമങ്ങളും ക്രയിം നന്ദകുമാറിനെപോലെയോ ഒരുപക്ഷെ അതിലും വലുതോ ആയ കുറ്റം ചെയ്യുന്നവരാണ്. ഇത്തരം കാപട്യം തുറന്നു കാണിക്കാന്‍ അവര്‍ നടത്തുന്ന വൈമനസ്യം അതിന്റെ തെളിവാണ്.

AJITH said...

മുഖ്യധാര മാധ്യമങ്ങളുടെയും ഒരു വിഭാഗം രാഷ്ട്രീയ മേലലന്മാരുടെയും പിന്തുണ ഇല്ലാതെ ഇതൊന്നും സാധിക്കില ..അതൊക്കെ പുറത്തു കൊണ്ട് വരാന്‍ വേറെ ഒരു സി ബി ഐ അന്വേഷണം കൊണ്ട് വരേണ്ടി വരും..

Unni said...
This comment has been removed by the author.
ഗോപകുമാര്‍.പി.ബി ! said...

ഇതേറ്റുപാടിയവരോ?

ഇ.എ.സജിം തട്ടത്തുമല said...

"സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല. "