Monday, July 16, 2012

വായടപ്പിക്കാനാകില്ല


ദേശാഭിമാനി മുഖപ്രസംഗം

അടിയന്തരാവസ്ഥയായിരുന്നു ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഏറ്റവുമൊടുവിലത്തെ കടുത്ത കാലം. അന്ന് ഭരണാധികാരികളുടെ വിലക്കും ഭീഷണിയും നെഞ്ചുവിരിച്ച് നേരിട്ടുകൊണ്ട്, ഇന്ദിരാഗാന്ധി അര്‍ധഫാസിസ്റ്റ് ഭീകരതയാണ് കൊണ്ടുവരുന്നതെന്ന് പ്രഖ്യാപിക്കാന്‍ മടികാണിച്ച പത്രമല്ല ദേശാഭിമാനി. അമിതാധികാര വാഴ്ചയ്ക്കെതിരെ, സെന്‍സര്‍ഷിപ്പിനെ മറികടന്ന് വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കാനും അഭിപ്രായസ്വാതന്ത്ര്യം വിലക്കിയപ്പോള്‍ മുഖപ്രസംഗത്തിന്റെ സ്ഥലം ഒഴിച്ചിട്ട് പ്രതിഷേധിക്കാനും ദേശാഭിമാനി ആരെയും പേടിച്ചിട്ടില്ല. സത്യത്തിനും നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശത്തിനും തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേശാഭിമാനി, ഭരണകൂടത്തിന്റെ ഏത് ആക്രമണത്തെയും ഭയപ്പെടുന്നില്ലെന്ന് അതിന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രം തന്നെയാണ് തെളിവ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പത്രമാണ് ഇത്. ഏറെക്കുറെ മറ്റെല്ലാ മാധ്യമങ്ങളും സംഘടിതമായി ഇടതുപക്ഷത്തിനുനേരെ നുണപ്രളയം സൃഷ്ടിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ വെള്ളിവെളിച്ചം കേരള ജനതയുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരം തന്നെയാണ്. ആ അഭിമാനം ആര്‍ക്കെങ്കിലും മുന്നില്‍ പണയംവയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല.

സത്യം വിളിച്ചുപറയാനുള്ള ആര്‍ജവത്തില്‍ വെള്ളം ചേര്‍ക്കാനും ഒരുക്കമല്ല. അതുകൊണ്ടാണ് എല്ലാ വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ചുനിന്ന് സിപിഐ എമ്മിനെ കല്ലെറിയുമ്പോള്‍ അതിനുപിന്നിലെ പ്രേരകശക്തിയായ മാധ്യമ-പൊലീസ് അച്ചുതണ്ട് തുറന്നുകാട്ടാന്‍ ഞങ്ങള്‍ തയ്യാറായത്. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ; അതിനെ നയിക്കുന്ന സിപിഐ എമ്മിനെ തകര്‍ത്തുകളയാനുള്ള ആയുധമായി വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും അവയുടെ മാധ്യമങ്ങളും രണ്ടുമാസത്തിലേറെയായി ഉപയോഗിക്കുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവെച്ചേ അടങ്ങൂ എന്ന വാശിയോടെ നുണകളുടെ മഹാപ്രളയം സൃഷ്ടിക്കുന്നു. പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍പ്പെടുത്തുക; അവര്‍ കുറ്റം സമ്മതിച്ചെന്ന് പ്രചരിപ്പിക്കുക; നിരപരാധികളെ അപരാധികളാക്കാന്‍ പൊലീസ് പകര്‍ന്നുകൊടുക്കുന്ന നുണകള്‍ "സത്യപ്രസ്താവ"കളാക്കി അവതരിപ്പിക്കുക- ഇങ്ങനെ ആവര്‍ത്തിക്കുകയാണ് അഭ്യാസം. കഴിഞ്ഞദിവസം കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍, "കുറ്റം സമ്മതിച്ചു" എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകശബ്ദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതിയില്‍ പൊലീസ് നല്‍കിയ ഒരു രേഖയിലും അങ്ങനെയൊരു കുറ്റസമ്മതം കാണാനില്ല. അശോകന്‍ ചെയ്യാത്ത കുറ്റം എങ്ങനെ സമ്മതിക്കുമെന്ന യുക്തിഭദ്രമായ സംശയത്തിന് മാധ്യമങ്ങള്‍ മറുപടി നല്‍കിയിട്ടുമില്ല. പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തപ്പോഴും ഇങ്ങനെയൊരു കുറ്റസമ്മതത്തിന്റെ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. അതേ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ പറയുന്നു പി മോഹനന്‍ ഒന്നും പറഞ്ഞിട്ടില്ലായെന്ന്.

അന്നന്നത്തെ ഉദ്വേഗജനക വാര്‍ത്തകള്‍ക്കായി പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ചുവിടുന്നത് പൊലീസാണെന്ന് ആരോപണം കോടതിയുടെ പരിശോധനയിലാണ്. കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലം തങ്ങള്‍ മാധ്യമങ്ങളുമായി ഒന്നും പങ്കിടുന്നില്ലെന്നാണ്. മാധ്യമങ്ങളാകട്ടെ രഹസ്യമായ ചോദ്യംചെയ്യലിനിടെ ലഭിച്ചെന്ന മട്ടില്‍ പൊലീസിനെ ഉദ്ധരിച്ച് ദിവസവും പുതിയ കഥകള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു. ഒന്നുകില്‍ പൊലീസ് തെറ്റായ വിവരങ്ങള്‍ നല്‍കണം; അല്ലെങ്കില്‍ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കണം. ഇതില്‍ ഏതെങ്കിലുമൊന്നേ നടക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ രണ്ടു കൂട്ടരും കുറ്റക്കാരാണ്; നിയമവിരുദ്ധ പ്രവര്‍ത്തനം അഭംഗുരം തുടരുന്നവരാണ്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ നിശ്ശബ്ദരായി നിയമലംഘനത്തെ, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നപ്പോഴാണ് ദേശാഭിമാനി മാധ്യമ- പൊലീസ് അവിശുദ്ധബന്ധം തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനി അസാധാരണമാംവിധം തുടര്‍ച്ചയായി മാധ്യമങ്ങളുമായി ബന്ധം പുലര്‍ത്തി എന്നതിന്റെ തെളിവാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആ ഉദ്യോഗസ്ഥനും കോഴിക്കോട്ടെ വാര്‍ത്താ സ്രഷ്ടാക്കളായ മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എന്തു സംസാരിച്ചു എന്നല്ല, എത്രതവണ വിളിച്ചു എന്നാണ് ദേശാഭിമാനി വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. തെറ്റു ചെയ്തവര്‍ക്ക്, അത് പുറത്തുവരുമ്പോള്‍ സ്വാഭാവികമായും വെപ്രാളം കാണും. ഇവിടെ പൊലീസും മാര്‍ക്സിസ്റ്റുവിരുദ്ധ മാധ്യമസഖ്യവും ചെയ്ത നെറികേട് പുറത്തുവന്നപ്പോള്‍ ഉണ്ടായ ഹാലിളക്കമാണ് ദേശാഭിമാനിക്കെതിരായ കേസായി പരിണമിച്ചത്. പൊലീസിന്റേതു മാത്രമല്ല, ആരുടേയും ഫോണ്‍ ചോര്‍ത്തിയെടുത്ത് അത് സ്വന്തം മിടുക്കായി അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ ഇന്നുവരെ ഒരു പൊലീസുദ്യോഗസ്ഥനും കേസ് എടുത്തതായി അറിവില്ല. എന്നുമാത്രമല്ല, ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഭാഗമായി മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നിയമപരമായി കോടതിയെ സമീപിച്ചതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമായി ചിത്രീകരിച്ച് പ്രതിഷേധിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. ഇന്നൊരു വാര്‍ത്തയുടെ പേരില്‍ പത്രത്തിനെതിരെ കേസ് എടുത്തിരിക്കുന്നു. അതില്‍ പ്രതിഷേധിക്കാന്‍ അത്തരം നാവുകള്‍ പൊന്തുന്നില്ല.

കേസുകളും പൊലീസ് വേഷവും കാട്ടി ഭയപ്പെടുത്തിയാല്‍ പിന്തിരിഞ്ഞോടുകയോ മാപ്പുപറഞ്ഞ് സാഷ്ടാംഗം വീഴുകയോ ചെയ്യുന്ന നട്ടെല്ലില്ലാ പൈതങ്ങളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ കണ്ടിട്ടുള്ളൂ. ദേശാഭിമാനി ആ ഗണത്തിലല്ല. നിങ്ങള്‍ എത്രതന്നെ കേസുകളില്‍പ്പെടുത്തിക്കോളൂ, ഒറ്റ തിരിച്ച് ആക്രമിച്ചോളൂ അതുകണ്ട് മോഹാലസ്യപ്പെട്ട് വീഴാനോ പിന്തിരിഞ്ഞ് നടക്കാനോ ഞങ്ങളെ കിട്ടില്ല എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. വലതുപക്ഷ മാധ്യമ- മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കാപട്യങ്ങളിലും അധാര്‍മികതയിലും കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഞങ്ങളിവിടെയുണ്ട്. കേസുകളും എതിര്‍പ്പും ഞങ്ങളെ ഊര്‍ജസ്വലരാക്കുകയേ ഉള്ളൂ.

1 comment:

manoj pm said...

കേസുകളും പൊലീസ് വേഷവും കാട്ടി ഭയപ്പെടുത്തിയാല്‍ പിന്തിരിഞ്ഞോടുകയോ മാപ്പുപറഞ്ഞ് സാഷ്ടാംഗം വീഴുകയോ ചെയ്യുന്ന നട്ടെല്ലില്ലാ പൈതങ്ങളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ കണ്ടിട്ടുള്ളൂ. ദേശാഭിമാനി ആ ഗണത്തിലല്ല. നിങ്ങള്‍ എത്രതന്നെ കേസുകളില്‍പ്പെടുത്തിക്കോളൂ, ഒറ്റ തിരിച്ച് ആക്രമിച്ചോളൂ അതുകണ്ട് മോഹാലസ്യപ്പെട്ട് വീഴാനോ പിന്തിരിഞ്ഞ് നടക്കാനോ ഞങ്ങളെ കിട്ടില്ല എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. വലതുപക്ഷ മാധ്യമ- മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കാപട്യങ്ങളിലും അധാര്‍മികതയിലും കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഞങ്ങളിവിടെയുണ്ട്. കേസുകളും എതിര്‍പ്പും ഞങ്ങളെ ഊര്‍ജസ്വലരാക്കുകയേ ഉള്ളൂ.