Wednesday, May 27, 2009

പോസ്റ്ററെഴുത്തുകാരന്റെ വക്കാലത്ത്

'പതിവായി മാനത്ത് വിടരുന്ന ചന്ദ്രന്‍പാരിതിലെല്ലാര്‍ക്കും സ്വന്തംഈ ഭൂമിയിലേവര്‍ക്കും സ്വന്തം'
എന്ന് ഗാനരചയിതാവ് വിലയിരുത്തിയ അവസ്ഥയിലാണ് കേരളത്തിലെ സിപിഐ എം. ഇടതുമുന്നണിക്കും സിപിഐ എമ്മിനും സംഭവിച്ച തെരഞ്ഞെടുപ്പു പരാജയം മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടി മുതല്‍ ഇടതുപക്ഷ ഏകോപന സമിതിക്കാരന്‍വരെ കണ്ണീരൊലിപ്പിക്കുന്നത് കാണുമ്പോള്‍, ഇത്രമാത്രം ബന്ധുബലമുളള രാഷ്ട്രീയപാര്‍ടി വേറെയുണ്ടോ എന്ന് ജനം അമ്പരക്കും.

എന്തേ ഇത്ര വൈകിയതെന്ന് അമ്പരന്നിരിക്കുന്നവരുടെ മുന്നിലേക്ക് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ വക സിപിഎം സ്നേഹവും ഇതാ മാതൃഭൂമിയുടെ താളുകള്‍ വഴി പൊട്ടിയൊലിക്കുന്നു. തെരഞ്ഞെടുപ്പില്‍ കുറെ സീറ്റില്‍ മത്സരിച്ച് അമ്പേ പരാജയപ്പെട്ട ഒരു പാര്‍ടിയുടെ നേതാവാണ് അപ്പുക്കുട്ടന്‍.

അപ്പുക്കുട്ടന്റെ പാര്‍ടിയുടെ സൈദ്ധാന്തികാചാര്യന്‍ പൊന്നാനിയില്‍ പോയി മത്സരിച്ചപ്പോള്‍ കിട്ടിയത് കഷ്ടിച്ച് രണ്ടായിരം വോട്ട്. 7,68,350 പേര്‍ വോട്ടു ചെയ്തിടത്താണ് ആസ്ഥാന ആചാര്യന് രണ്ടായിരം വോട്ടു കിട്ടിയത്. രണ്ടത്താണിയെ ഇ ടി മുഹമ്മദ് ബഷീര്‍ പരാജയപ്പെടുത്തിയത് എണ്‍പത്തി രണ്ടായിരത്തോളം വോട്ടിനാണെങ്കില്‍, സൈദ്ധാന്തിക ആചാര്യനെ രണ്ടത്താണി പരാജയപ്പെടുത്തിയത് മൂന്നു ലക്ഷത്തില്‍പരം വോട്ടിനാണ്. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക ആചാര്യനും ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ പ്രതീക്ഷയും കുരുങ്ങിക്കിടക്കുന്ന താടിയുടെ ഉടമയുമായ മഹാമനീഷിക്ക് സംഭവിച്ച ദയനീയ പരാജയത്തിന്റെ കാരണം വിശദമാക്കുന്ന ലേഖനം ആരെഴുതും..........


!"വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്താന്‍ എട്ടുകാലി മമ്മൂഞ്ഞുമാരുടെ ആവശ്യമില്ലെന്ന് തല്‍ക്കാലത്തേക്കെങ്കിലും അഹങ്കരിക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കി''-അപ്പുക്കുട്ടന്‍ പറയുന്നു. സിപിഐ എമ്മിന്റെ; ഇടതുപക്ഷത്തിന്റെയാകെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ വിമര്‍ശിക്കുകയാണ് സിപിഐ എം വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റിയുടെ സംസ്ഥാന ഭാരവാഹികൂടിയായ പഴയ മാധ്യമ പ്രവര്‍ത്തകന്‍.
ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങള്‍ സ്വന്തം നിലയില്‍ വിലയിരുത്തി അത് സിപിഐ എമ്മില്‍ കടത്തിവിടാനുള്ള ശ്രമം അപ്പുക്കുട്ടന്റെ സമീപനത്തില്‍ തെളിഞ്ഞുകാണുന്നുണ്ട്. പാര്‍ടി ഇതുവരെ സ്വീകരിച്ചതും ഇപ്പോള്‍ സ്വീകരിക്കുന്നതുമായ എല്ലാ രാഷ്ട്രീയനയവും തെറ്റിപ്പോയി, അവയെല്ലാം മാറ്റി അപ്പുക്കുട്ടന്‍ പറയുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ രക്ഷപ്പെടാം; ഇല്ലെങ്കില്‍ "അവസാനത്തെ അവസരമാണ് സി.പി.എം. നേതൃത്വം നഷ്ടപ്പെടുത്തുന്നത്''- ഇതാണ് ഭീഷണി.

അദ്ദേഹം തുടര്‍ന്നു പറയുന്നു: "ഇരുന്ന കൊമ്പ് മുറിച്ച് സന്തോഷിച്ചവര്‍ മൂടുംകുത്തി വീണപ്പോള്‍ ഞഞ്ഞാമിഞ്ഞാ പറയുന്നു. അത് കമ്മ്യൂണിസ്റുകാരുടെ രീതിയല്ല. അപ്രതീക്ഷിത വിധിയെഴുത്ത് നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണത്രെ കേരളത്തില്‍-പാര്‍ട്ടി മുഖപത്രം ഇപ്പോള്‍ കണ്ടെത്തുന്നു! 1957-ലെ കമ്മ്യൂണിസ്റ് മന്ത്രിസഭയ്ക്ക് ജന്മം നല്‍കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനസമൂഹമാണ് കേരളത്തിലേതെന്ന് മറക്കരുത്..
പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടിയാണ് എന്നാണ് മറ്റൊരുരുപ്രതിരോധം. അങ്ങാടിയില്‍ തോറ്റാല്‍ മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുന്ന പതിവുശൈലിയും സി.പി.എം. സംസ്ഥാനനേതൃത്വം സ്വീകരിച്ചുകാണുന്നു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കലാണിത്. ചുരുക്കത്തില്‍ കേന്ദ്രനേതൃത്വം പറഞ്ഞ സ്വയം വിമര്‍ശനത്തിനൊന്നും കേരള സംസ്ഥാനനേതൃത്വം തയ്യാറില്ലെന്നുന്നു വ്യക്തം.''
തെരഞ്ഞെടുപ്പു ഫലം അവലോകനംചെയ്യുന്നതിന് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ്-സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. അതില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് എന്തെന്ന് പുറത്തുവന്നിട്ടില്ല. എന്നാല്‍, അപ്പുക്കുട്ടനടക്കമുള്ള പാര്‍ടിയില്‍നിന്ന് പുറത്തുപോയവരും ഏതാനും മാധ്യമങ്ങളും ആണയിട്ടുപറയുന്നത്, കേരളത്തിലെ പാര്‍ടിനേതൃത്വം സ്വയംവിമര്‍ശനം നടത്തുന്നില്ല എന്നാണ്. സെക്രട്ടറിയറ്റ് യോഗം അവസാനിച്ചയുടനെ ചാനലുകളും പിറ്റേന്ന് ഏതാനും പത്രങ്ങളും പറഞ്ഞു: സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി തിരുത്തി എന്ന്.

"കേരളത്തില്‍ ഇടതുമുന്നണിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനംചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ തിരുത്ത്.'' എന്നാണ് അപ്പുക്കുട്ടന്‍ കോളമിസ്റ്റും എം പി വീരേന്ദ്രകുമാര്‍ എംഡിയുമായ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത. പാര്‍ടി മുഖപത്രമായ ദേശാഭിമാനിക്ക് അത്തരമൊരു വിവരമില്ല. പാര്‍ടി വക്താക്കളാരും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. എന്നിട്ടും മാതൃഭൂമിയും അതുപോലുള്ള പത്രങ്ങളും ചാനലുകളും ഒരേ വിവരങ്ങളടങ്ങുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു. അത് എങ്ങനെ സംഭവിച്ചു?

എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് സെക്രട്ടറി റിപ്പോര്‍ട്ടുവയ്ക്കും; ഘടകം ചര്‍ച്ചചെയ്യും; മേല്‍കമ്മിറ്റിക്കുവേണ്ടി ചര്‍ച്ചകള്‍ക്കു മറുപടിയുണ്ടാകും അതടക്കം ഉള്‍ക്കൊണ്ട് സെക്രട്ടറിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കും. അങ്ങനെ അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളല്ല ഒരു മാധ്യമത്തിലും വന്നത്. മറിച്ച്, ആ റിപ്പോര്‍ട്ടില്‍ 'ജനറല്‍സെക്രട്ടറി തിരുത്തുവരുത്താന്‍ ആവശ്യപ്പെട്ടു' എന്നാണ്. (തിരുത്തല്‍ വാര്‍ത്ത സാങ്കല്‍പികമാണ്. അങ്ങനെയൊന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ നടന്നിട്ടില്ല)

ഇത്തരമൊരു വ്യാജവാര്‍ത്ത സംഘടിതമായി പ്രചരിപ്പിക്കുന്നതിനുപിന്നിലെ ലക്ഷ്യം എന്താണ്? സിപിഐ എം എന്ന പാര്‍ടിയെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുവിശകലനം നടത്താന്‍പോലും അനുവദിക്കില്ല; അതും ഞങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്; അതങ്ങ് അനുസരിച്ചാല്‍ മതി എന്ന സമീപനം ആര്‍ക്കുവേണ്ടിയുള്ള വിടുപണിയാണ്? അതിനെതിരെ ശബ്ദിക്കുന്നത് 'ഞഞ്ഞാമിഞ്ഞാ' പറയുന്നതാകുന്നതെങ്ങനെ? മാധ്യമങ്ങളുടെ നെഞ്ചത്തുകയറലാകുന്നതെങ്ങനെ?

മാധ്യമങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ ആക്ഷേപിക്കുകയല്ല. അവര്‍ക്ക് വാര്‍ത്തകള്‍ വേണം. അത് കിട്ടുന്നിടത്തേക്ക് ചായുകയും കിട്ടാത്ത കേന്ദ്രത്തോട് അകന്നുനില്‍ക്കുകയും എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികംമാത്രം. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം രാത്രി വൈകി സമാപിക്കുമ്പോള്‍ ഏതെങ്കിലുമൊരു സ്രോതസ്സില്‍നിന്ന് ഒരു വിവരം ലഭിക്കുകയും അതിന്റെ ശരിതെറ്റുകള്‍ അന്വേഷിച്ച് ബോധ്യപ്പെടാനുള്ള സാഹചര്യമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തെറ്റായ വാര്‍ത്ത ഒരേപോലെ എല്ലാവരും അച്ചടിക്കുമെന്നുറപ്പ്. അങ്ങനെ വസ്തുതാവിരുദ്ധങ്ങളായ വാര്‍ത്ത പ്രക്ഷേപണംചെയ്യുന്ന ഒരു സംവിധാനം കേരളത്തിലുണ്ട് എന്നും അത് ഫലത്തില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഐ എമ്മിനുമെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വിമര്‍ശനം ഇപ്പോള്‍മാത്രം ഉള്ളതല്ല.

സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങുന്ന ദിവസം അപ്പുക്കുട്ടന്‍ മാതൃഭൂമിയിലെഴുതിയ ലേഖനവും മേല്‍ പറഞ്ഞ ധര്‍മമാണ് നിര്‍വഹിക്കുന്നത്. വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്തുന്നു എന്ന് വ്യാജമായി ഭാവിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരാണ് ഇടതുപക്ഷമെന്ന് കോണ്‍ഗ്രസിന് അപഹസിക്കാം. അത് അവരുടെ (നിര്‍ലജ്ജ)രാഷ്ട്രീയം. പക്ഷേ, അത് സ്വന്തം പ്രയോഗമാക്കി അപ്പുക്കുട്ടന്‍ ഉരുവിടുമ്പോള്‍, 2004ല്‍ സംഘപരിവാറിനെ അധികാരത്തിലേറ്റാതിരിക്കാന്‍ ഇടതുപക്ഷം നടത്തിയ തത്വാധിഷ്ഠിതവും ഫലപ്രദവുമായ ഇടപെടലും അതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട പൊതുമിനിമം പരിപാടിയും യുപിഎ ഭരണവും ആ ഭരണത്തില്‍ ഇടതുപക്ഷം നിര്‍ബന്ധബുദ്ധിയോടെ എടുപ്പിച്ച ജനോപകാരപ്രദമായ നടപടികളും മറച്ചുവയ്ക്കപ്പെടുകയാണ്.

കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ പാര്‍ടി സെക്രട്ടറിയാക്കുന്നതില്‍ പരിഭവിച്ച് മുഖപ്രസംഗമെഴുതിയവരടക്കം പാര്‍ടി സെക്രട്ടറിയായ പിണറായിവിജയനെ കടിച്ചുകീറാന്‍ ഒരുമ്പെടുന്നത് അദ്ദേഹത്തിനോടുള്ള വ്യക്തിവൈരാഗ്യംകൊണ്ടാണ് എന്ന് ആരും കരുതുന്നില്ല. അഖിലേന്ത്യാതലത്തില്‍ പാര്‍ടിക്കേറ്റ തെരഞ്ഞെടുപ്പുതിരിച്ചടിക്ക് ജനറല്‍ സെക്രട്ടറിയും കേരളത്തിലേതിന് സംസ്ഥാന സെക്രട്ടറിയുമാണ് ഉത്തരവാദികള്‍ എന്ന് പോസ്റ്ററെഴുതുന്നവരും ലേഖനമെഴുതി സ്ഥാപിക്കുന്നവരും കമ്യൂണിസ്റ് പാര്‍ടിയുടെ സംഘടനാ തത്വങ്ങളെക്കുറിച്ച് ഹരിശ്രീ അറിയാത്തവരാണ്. അക്കൂട്ടത്തിലാണ് അപ്പുക്കുട്ടന്‍ എന്ന് കരുതുന്നില്ല.

അങ്ങനെയൊരു വ്യത്യസ്തത സ്ഥാപിക്കാനാണ്, "സെക്രട്ടറിക്ക് കീഴ്പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക് കീഴ്പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക് കീഴ്പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നുന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരുരു പാര്‍ട്ടിയുടെ ഒരുരുപിടി നേതാക്കളുടെ മുഷ്ക്കിനും അഹന്തയ്ക്കും കീഴ്പ്പെട്ട് മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ് ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്'' എന്ന വിചിത്രമായ വാദം അപ്പുക്കുട്ടന്‍ അവതരിപ്പിക്കുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകള്‍ കൈമോശം വന്നത് അപ്പുക്കുട്ടന്‍ ഇന്നു നില്‍ക്കുന്ന നിലത്തിന്റെ ദോഷമാകാം.

എല്‍ഡിഎഫിന്റെയും പാര്‍ടിയുടെയും സര്‍ക്കാരിന്റെയും കോടതികളുടെയുംപോലും പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഒരേയൊരു വ്യക്തിയില്‍-പാര്‍ടി സെക്രട്ടറിയില്‍ ആരോപിക്കുക. വളരെ എളുപ്പം നിര്‍വഹിക്കാവുന്ന പണിയാണത്.സെക്രട്ടറിക്ക് കീഴ്പ്പെടാത്ത പാര്‍ടിയാണല്ലോ അപ്പുക്കുട്ടന്റെ പ്രസ്ഥാനം. മുഷ്കും അഹന്തയും തൊട്ടുതീണ്ടാത്തവരാണല്ലോ അപ്പുക്കുട്ടനടക്കമുളള നേതൃപുംഗവന്മാര്‍. ആ പാര്‍ടിക്കുവേണ്ടി മത്സരിച്ച സ്ഥാനാര്‍ഥികളോ, പ്രതിദിനം മൂന്നു നേരംവച്ച് ജനത്തിന്റെ മുന്നില്‍ മുട്ടിലിഴയുന്ന മഹാവിനയത്തിന്റെ ഉടമകളും. എന്നിട്ടുമെന്തേ നിങ്ങളുടെ പാര്‍ടിക്ക് ഒരു ലക്ഷം വോട്ടുപോലും തികച്ചു കിട്ടിയില്ല?

അപ്പുക്കുട്ടന്‍ വിചാരിക്കുന്നതുപോലെ അങ്ങനെയുള്ളതല്ല സിപിഐ എമ്മിന്റെ സംഘടന. അത് വ്യക്തിഘടകത്തിനും കീഴ്ഘടകം മേല്‍ഘടകത്തിനും ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴ്പ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ വേദവാക്യങ്ങളായല്ല, ചര്‍ച്ചയ്ക്കുള്ള ഇന്‍പുട്ടായാണ് സ്വീകരിക്കപ്പെടുക. തീരുമാനങ്ങളുണ്ടാകുന്നത് കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. അതല്ലെങ്കില്‍ സെക്രട്ടറി ഒരു റിപ്പോര്‍ട്ടുവയ്ക്കുകയും ജനറല്‍സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ അത് ചര്‍ച്ചചെയ്ത് അംഗീകരിക്കുകയും വേണ്ടതില്ലല്ലോ. പാര്‍ടിക്ക് കീഴ്പ്പെട്ട കോടതികളാണ് കേരള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മാതൃഭൂമിപോലൊരു പത്രത്തിന്റെ എഡിറ്റ് പേജില്‍ ലേഖനമെഴുതുന്നയാളിന്റെ മാനസികാവസ്ഥ അവിടെ നില്‍ക്കട്ടെ. അതപ്പാടെ പ്രസിദ്ധീകരിക്കുന്ന ആ പത്രത്തിന്റെ എഡിറ്ററെ ഓര്‍ത്ത് നമുക്ക്
സഹതപിക്കാം

പിഡിപി ബന്ധമാണോ അതുസംബന്ധിച്ച് നടന്ന ബോധപൂര്‍വമായ പ്രചാരണമാണോ തെരഞ്ഞെടുപ്പിനെ ബാധിച്ചത്, പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നത് ആദ്യമാണോ, എസ്എന്‍സി ലാവ്ലിന്‍ കേസ് ഇതിനുമുമ്പുനടന്ന രണ്ടു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തിയിരുന്നില്ലേ, ഇപ്പോള്‍ അതിനുണ്ടായ പ്രത്യേകത എന്താണ് എന്നൊക്കെ ചര്‍ച്ചചെയ്യാന്‍ കെല്‍പ്പുള്ളവരാണ് സിപിഐ എമ്മിന്റെ ഘടകങ്ങളിലുള്ളത്. അപ്പുക്കുട്ടനെപ്പോലൊരു മുന്‍ കമ്യൂണിസ്റ്റ് അത്തരം ചര്‍ച്ചകളെ സ്വാധീനിക്കാനുള്ള അത്യാവേശവുമായി അവതരിക്കുമ്പോള്‍, അതിനുപിന്നിലെ ലക്ഷ്യങ്ങളും പ്രേരണകളും എന്തൊക്കെയെന്ന് മനസ്സിലാക്കാനുള്ള ത്രാണിയും സിപിഐ എമ്മിനുണ്ടാകാതെ തരമില്ല.

'കൂട്ടായ പ്രവര്‍ത്തനം; വ്യക്തിപരമായ ഉത്തരവാദിത്തം' എന്നതുകൊണ്ട് അപ്പുക്കുട്ടന്‍ വിവക്ഷിക്കുന്നത് എല്ലാ ഉത്തരവാദിത്തവും സെക്രട്ടറിക്ക് എന്നാണോ എന്നറിയില്ല. ഡല്‍ഹിയില്‍ അക്ഷരത്തെറ്റോടെ പോസ്റ്ററൊട്ടിക്കുന്നവരുടെ നിലവാരത്തിലുള്ള വിലയിരുത്തലാണത്. കമ്യൂണിസ്റ്റുകാര്‍ ഏതായാലും അതിനെ കാണുന്നത് അങ്ങനെയല്ല. തെരഞ്ഞെടുപ്പ് വിജയമുണ്ടായാലും പരാജയമുണ്ടായാലും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ജയാപജയങ്ങളായാണ് പാര്‍ടി വിലയിരുത്തുക-അതിന്റെ ഉത്തരവാദിത്തമാകട്ടെ അതില്‍ പങ്കാളികളായ ഓരോ സഖാവിന്റേതും. കൂട്ടായ്മയില്‍നിന്ന് വേറിട്ടുനില്‍ക്കുമ്പോഴാണ് അപ്പുക്കുട്ടന്റെ മാനസികാവസ്ഥയിലെത്തുക.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോഴേക്കും പാര്‍ടി തകര്‍ന്നുപോകുമെന്നും അതില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമുപയോഗിച്ച് താന്‍ പറയുന്ന വഴിയിലൂടെ നടന്നുകൊള്ളണമെന്നുമുള്ള അപ്പുക്കുട്ടന്റെ ചിന്ത അദ്ദേഹത്തിനും സമാനമായ സൂത്രവിദ്യകള്‍ കൈയിലുള്ളവര്‍ക്കുംമാത്രം കൊണ്ടുനടക്കാനുള്ളതാണ്. കേരളത്തില്‍നിന്ന് സിപിഐ എമ്മിലെ ആരെയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാത്ത ഘട്ടമുണ്ടായിട്ടുണ്ട്. ഇന്നത്തേതിനേക്കാള്‍ സീറ്റുകുറഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്.

അതതുകാലത്തെ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ പ്രതിഫലനമാകും തെരഞ്ഞെടുപ്പുഫലങ്ങള്‍. തെരഞ്ഞെടുപ്പിലെ അടവുകള്‍ എല്ലാകാലത്തും ഒരുപോലെ ഫലപ്രദമായിക്കൊള്ളണമെന്നില്ല. പറ്റിയ പിശകുകളും വന്നുഭവിച്ച പാളിച്ചകളും കണ്ടെത്താനും തിരുത്താനുമുള്ള ശ്രമം പാര്‍ടി നടത്തുമ്പോള്‍, അതില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവുമുണ്ടാകും. ഏതെങ്കിലുമൊരു നിലപാട് പിശകി എന്നുകണ്ടെത്തിയാല്‍ അത് തിരുത്തി മുന്നോട്ടുപോയ പാരമ്പര്യമേ സിപിഐ എമ്മിനുള്ളൂ. അത്തരം പരിശോധനകള്‍ക്ക് അപ്പുക്കുട്ടനെപ്പോലുള്ള കുബുദ്ധികളുടെ വക്കാലത്ത് സിപിഐ എമ്മിനെന്നല്ല, ലോകത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ടിക്കും സ്വീകരിക്കാനാവില്ല.

അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ 1957നെ ഓര്‍മിക്കുകയും 1977നെ മറന്നുപോവുകയും ചെയ്യുന്ന അപ്പുക്കുട്ടന്റെ മഞ്ഞക്കണ്ണട അദ്ദേഹം ഉയര്‍ത്തുന്ന എല്ലാ വാദഗതികള്‍ക്കും സഹായം ചെയ്യുന്നുണ്ട്. സിപിഐ എമ്മിന് രക്ഷപ്പെടാന്‍ അപ്പുക്കുട്ടന്‍ വേണ്ട എന്നു പറയുമ്പോള്‍ അതിനെ ധാര്‍ഷ്ട്യത്തിന്റെ കണക്കില്‍ ആരെങ്കിലും പെടുത്തിക്കളയുമെന്ന ഭയമില്ലാത്തതും അതുകൊണ്ടുതന്നെ.
ഒരു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോഴേക്കും പാര്‍ടി തകര്‍ന്നുപോകുമെന്നും അതില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമുപയോഗിച്ച് താന്‍ പറയുന്ന വഴിയിലൂടെ നടന്നുകൊള്ളണമെന്നുമുള്ള അപ്പുക്കുട്ടന്റെ ചിന്ത അദ്ദേഹത്തിനും സമാനമായ സൂത്രവിദ്യകള്‍ കൈയിലുള്ളവര്‍ക്കുംമാത്രം കൊണ്ടുനടക്കാനുള്ളതാണ്. അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ 1957നെ ഓര്‍മിക്കുകയും 1977നെ മറന്നുപോവുകയും ചെയ്യുന്ന അപ്പുക്കുട്ടന്റെ മഞ്ഞക്കണ്ണട അദ്ദേഹം ഉയര്‍ത്തുന്ന എല്ലാ വാദഗതികള്‍ക്കും സഹായം ചെയ്യുന്നുണ്ട്.

8 comments:

manoj pm said...

അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ 1957നെ ഓര്‍മിക്കുകയും 1977നെ മറന്നുപോവുകയും ചെയ്യുന്ന അപ്പുക്കുട്ടന്റെ മഞ്ഞക്കണ്ണട അദ്ദേഹം ഉയര്‍ത്തുന്ന എല്ലാ വാദഗതികള്‍ക്കും സഹായം ചെയ്യുന്നുണ്ട്. സിപിഐ എമ്മിന് രക്ഷപ്പെടാന്‍ അപ്പുക്കുട്ടന്‍ വേണ്ട എന്നു പറയുമ്പോള്‍ അതിനെ ധാര്‍ഷ്ട്യത്തിന്റെ കണക്കില്‍ ആരെങ്കിലും പെടുത്തിക്കളയുമെന്ന ഭയമില്ലാത്തതും അതുകൊണ്ടുതന്നെ.

മൂര്‍ത്തി said...

ജനാധിപത്യം പോരെന്ന് പറഞ്ഞ് കെ വേണുവിന്റെ വിമര്‍ശനം (വീണ്ടും) വന്നിട്ടുണ്ട്.. ജനാധിപത്യം കൂടിപ്പോയെന്നും കാഡര്‍ സ്വഭാവം നഷ്ടപ്പെട്ടെന്നുമൊക്കെ പറഞ്ഞുള്ള വിമര്‍ശനമായിരുന്നു മാ‍ധ്യമങ്ങള്‍ കുറെക്കാലം മുന്‍പ് ആര്‍ത്തു പിടിച്ച് കൊണ്ടാടിയ ഒന്ന്. അതിലെ പലരും അധിനിവേശപ്രതിരോധ സമിതിയില്‍ ഉണ്ടു താനും.

karimeen/കരിമീന്‍ said...

അപ്പുക്കുട്ടന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ നേതാവാണ്.
നിഷ്പഷന്റെയോ, നിരീഷകന്റെയോ കുപ്പായം അയാള്‍ക്ക് ഇനി അഴിച്ചുവക്കാം

kaalidaasan said...

മെയ് 16 നു ശേഷം ഇവിടെയൊക്കെ ഉണ്ടാകണമെന്നു മറ്റു ചിലരോട് ആവശ്യപ്പെട്ടിട്ട് മനോജിനെ ഇവിടെയെങ്ങും കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. മനോജും മനോജിന്റെ നേതാവു പിണറായിയും , തെരഞ്ഞെടുപ്പു ഫലം കാണുമ്പോള്‍ ഞെട്ടിപ്പോകുമെന്ന് പറഞ്ഞ പോലെ മനോജ് ഇപ്പോള്‍ അക്ഷേപിക്കുന്നവരൊക്കെ ഒന്നു ഞെട്ടിയതാണ്. അത് കണ്ണീര്‍ പൊഴിക്കലായി വ്യാഖ്യാനിക്കല്ലേ.

തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടിയുടെ നേതാവിനു ഫലം വിശകലനം ചെയ്യാനവകാശമില്ല എന്നൊക്കെ ശഠിക്കുന്നത് മണ്ടത്തരമല്ലേ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വര്‍ഷങ്ങളായി സി പി എമ്മിനെ വിമര്‍ശിക്കുന്നു. ഇപ്പോഴും വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവു പൊന്നാനിയില്‍ പിടിച്ച വോട്ടിനെ കളിയാക്കുന്ന കൂടെ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കോഴിക്കോടു പിടിച്ച വോട്ടു കൂടി ഒന്നു പറയാമോ? ആ വോട്ടിന്റെ അഞ്ചിലൊന്നു കൂടി കിട്ടിയിരുന്നെങ്കില്‍ അവിടെ സി പി എം സ്ഥാനാര്‍ത്ഥി ജയിക്കില്ലായിരുന്നോ?.

അപ്പുക്കുട്ടന്‍ ജീവിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലാണ്. അതു കൊണ്ട് അദ്ദേഹത്തിന്, ആരെ വിമര്‍ശിക്കാനും ഏത് തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യാനും അവകാശമുണ്ട്. അദ്ദേഹം പറയുന്ന കാരണങ്ങള്‍ സി പി എമ്മില്‍ കടത്തി വിടാനാണു ശ്രമിക്കുന്നതെന്നൊക്കെ പറയുന്നതിലെ ഉദ്ദേശ്യം എന്താണെന്നു മനസിലാകുന്നുണ്ട്. വഴിയെ പോകുന്നവരെല്ലാം പറയുന്നതൊക്കെ കടന്നു വരാനായി വായും പൊളിച്ചാണു സി പി എം ഇരിക്കുന്നതെന്നാണോ മറ്റുള്ളവര്‍ മനസിലാക്കേണ്ടത്.

പാര്‍ട്ടിയില്‍ നടക്കുന്ന പല കാര്യങ്ങളും ദേശാഭിമാനി അറിയാറില്ലല്ലോ. മറ്റു മാധ്യമങ്ങള്‍ പലപ്പോഴും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണല്ലോ ആദ്യം ദേശാഭിമാനി പറയുന്നതും . പിന്നീടവ പലതും ശരിയാവുകയും ചെയ്യുന്നു.


വര്‍ഗ്ഗീയ ശക്തികളെ അകറ്റി നിറുത്തുന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. ആ നയത്തില്‍ നിന്നും വ്യതി ചലിച്ച് മത തീവ്രവാദിയായ മദനിയെ കൂടെ കൂട്ടിയതുകൊണ്ടല്ലേ സി പി എം വ്യാജമായി അഭിനയിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുന്നത്? അക്ഷേപിക്കുന്നവരെ അധിക്ഷേപിക്കാതെ ചെയ്ത പ്രവര്‍ത്തിയുടെ നിര്‍ലജ്ജതയല്ലേ ആദ്യം മനസിലാക്കേണ്ടത്?

2004ല് സംഘപരിവാറിനെ അധികാരത്തിലേറ്റാതിരിക്കാന്‍ ഇടതുപക്ഷം നടത്തിയ തത്വാധിഷ്ഠിതവും ഫലപ്രദവുമായ ഇടപെടലും എല്ലാവരും മാനിക്കുന്നുണ്ട്. ആ ഇടപെടലിനു തികച്ചും വിരുദ്ധമായിപ്പോയി മദനിയുമായി കൂട്ടു കൂടിയത്. മനോജിന്റെ നേതാവ് പിണറായി വി എസിനെ അപമാനിക്കുകയും മദനിയെ ആദരിക്കുകയും ചെയ്തപ്പോള്‍ 2004 ലെ ഇടപെടല്‍ നിരര്‍ത്ഥകമായിപ്പോയി. അതു പറയുന്നവരെ അപഹസിക്കാതെ അതേക്കുറിച്ച് ഒന്നു ചിന്തിച്ചുകൂടെ?

സോം നാഥ് ചാറ്റര്‍ജി സി പി എമ്മിന്റെ സമുന്നത നേതാവായിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പല പദവികള്‍ വഹിക്കുകയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമയിരുന്നു അദ്ദേഹം . അദ്ദേഹവും പറഞ്ഞു പ്രകാശ് കാരാട്ടിന്റെ കഴിവുകേടാണ്, ഈ പരാജയമെന്ന്. അദ്ദേഹത്തിനു സി പി എമ്മിന്റെ കമ്യൂണിസ്റ് പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളെക്കുറിച്ച് ഹരിശ്രീ അറിയില്ലെന്നു മനോജ് പറഞ്ഞാല്‍ ആരും ചിരിച്ചു പോകും .

പിണറായിവിജയനെ കടിച്ചുകീറാന്‍ ആരും ഒരുമ്പെടുന്നില്ല. പിണറായി വിജയന്‍ വിമര്‍ശനത്തിനതീതനാണെന്നും ആരും കരുതുന്നില്ല. പിണറായി വിജയനെ വിമര്‍ശിക്കുന്നത് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതാണെന്നു മനോജിനു തോന്നുന്നത്, ഇ പി ജയരാജന്റെ രോഗം ബാധിച്ചതു കൊണ്ടാണ്. പിണറായിയാണു കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു വിശ്വസിക്കുനവര്‍ക്ക് ഇതൊക്കെ തോന്നും .

മനോജൊക്കെ എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ എല്ലാ തീരുമാനങ്ങളും പിണറായിയാണെടുത്തത്. അവയെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായിട്ടു പോലും അടിച്ചേല്‍പ്പിക്കുകയായിരുന്നു. ആ അവസ്ഥയില്‍ ഇതിന്റെയെല്ലാം ഉത്തരവാദിത്തം ഈ വ്യക്തിയില്‍ വരിക സ്വാഭാവികമാണ്. ലാവലിന്‍ വിഷയം , ജനതാദളിനേയും സി പി ഐയേയും പിണക്കിയത്, മദനിയുമായി കൂട്ടു കൂടിയത് തുടങ്ങിയവക്ക് പിണറായി തന്നെയാണുത്തരവാദി. പിണറായിയുടെ ഇഷ്ടം നടപ്പാക്കുന്ന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഉള്ളപ്പോള്‍ കൂട്ടായ തീരുമാനമെന്നൊക്കെ പറയുന്നത് വെറും സങ്കേതിക മണ്ടതരമല്ലേ മനോജ്?

പി ഡി പി ബന്ധവും ലാവലിന്‍ കേസുമൊക്കെ ചര്‍ ച്ച ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്, സി പി എമ്മിലുള്ളത്. അല്ലെന്നാരും കരുതുന്നില്ല. പുറത്തുനിന്നുള്ളവര്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നതാണാ ചര്‍ച്ചകളെന്നൊക്കെ മനോജിനു തോന്നുന്നത് കുറ്റബോധം കൊണ്ടാണ്. പരാജയത്തെ പാര്‍ട്ടി എങ്ങനെ വിലയിരുത്തിയാലും , മറ്റുള്ളവര്‍ക്ക് അത് അംഗീകരിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിക്കുള്ളിലുള്ള ആളുകളേപ്പോലെ തന്നെ ചിന്തിക്കാനും മനസിലാക്കാനും കഴിവുള്ളവരാണവര്‍ .

kaalidaasan said...

ഹിന്ദുവില്‍ എഴുതിയ ഗൌരീദാസന്‍ നായര്‍ സാധാരണ ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്നു വിലയിരുത്തിയാണ്, യു ഡി എഫിനു 15-16 സീറ്റു കിട്ടുമെന്നു പറഞ്ഞത്. അതിനെ കളിയാക്കിയാണല്ലോ മനോജ് ഒരു ബ്ളോഗെഴുതിയതും ഗൌരീദാസന്‍ നായര്‍ക്ക് മാധ്യമ സിന്‍ഡിക്കേറ്റ് പട്ടം ചാര്‍ത്തിക്കൊടുത്തതും . അന്നു പാര്‍ട്ടി വിലയിരുത്തിയതാണ്, മനോജിന്റെ അവകാശവാദം . പാര്‍ട്ടി വിലയിരുത്തിയതാണോ ഗൌരീദാസന്‍ നായര്‍ വിലയിരുത്തിയതാണോ ശരിയെന്ന് കേരളീയര്‍ ഇപ്പോള്‍ മനസിലാക്കുന്നു. പാര്‍ട്ടിക്ക് ഇതുപോലെയുള്ള വിലയിരുത്തലുകള്‍ നടത്താന്‍ എല്ലാ അവകാശവുമുണ്ട്. പക്ഷെ ആരും അത്തരത്തിലുള്ള വിലയിരുത്തലുകളെ ഗൌരവമായി കാണില്ല. പാര്‍ട്ടി എന്തു വിലയിരുത്തലുകള്‍ നടത്തിയാലും , ദയനീയമായി നേരിട്ട തോല്‍വി മറ്റാനാവില്ല. അതെന്തുകൊണ്ടാണെന്ന് വോട്ടു ചെയ്ത ജനങ്ങള്‍ക്കറിയാം .അവര്‍ ശരിക്കും വിലയിരുത്തി തന്നെയാണ്‌ വോട്ടു ചെയ്തതും .പാര്‍ട്ടി അവസാനം വിലയിരുത്തിയല്ലോ, ലെനിനിസ്റ്റ് സം ഘടന തത്വങ്ങള്‍ പാലിക്കപ്പെടാത്താണു പരാജയകാരണമെന്നു. ഈ തത്വങ്ങളേക്കുറിച്ച് അറിവില്ലാത്ത ജനങ്ങളാണ്, വോട്ടു ചെയ്ത് യു ഡി എഫിനെ ജയിപ്പിച്ചത്. ഇതു കേട്ടാല്‍ അവരൊന്നു പൊട്ടിച്ചിരിക്കും .ജനങ്ങളില്‍ നിന്നകന്നു പോയ ഒരു പറ്റം നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ്, പരാജയപ്പെട്ടതെന്ന് ശരിക്കും അറിയാം .പക്ഷെ അതു സമ്മതിക്കാന്‍ ഒരിക്കലും അവരുടെ ധാര്‍ഷ്ട്യം അനുവദിക്കില്ല. അതു കൊണ്ടാണ്, ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ പോലെ കടിച്ചാല്‍ പൊട്ടാത്ത വാചോടപങ്ങള്‍ നടത്തുന്നത്

സി പി എമ്മിനു പറ്റിയ പാളിച്ചകള്‍ മറ്റാര്‍ക്കും വിലയിരുത്താന്‍ അവകാശമില്ലെന്ന നിലപാട്, സ്വേച്ഛാഅധിപത്യപരമാണ്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ആര്‍ക്കും അതിനവശമുണ്ട്. ആ വിലയിരുത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ ആരെയെങ്കിലും തുക്കിക്കൊല്ലാനൊന്നും പോകുന്നില്ല. ജനങ്ങളില്‍ നിന്നകന്നു പോയ രാഷ്ട്രീയ നേതാക്കള്‍ക്ക് ജനങ്ങളുടെ പള്‍സ് അറിയില്ല. അതു കൊണ്ടാണ്, മനോജും പിണറായിയും വലിയ സ്വപ്നങ്ങള്‍ കണ്ടത്. ഗൌരീദാസന്‍ നായരേപ്പോലുള്ളവര്‍ ജനങ്ങളുടെ മനസറിഞ്ഞു ഇടതുപക്ഷത്തിനു വരാന്‍ പോകുന്ന പരാജയം മുന്‍ കൂട്ടി പറഞ്ഞപ്പോള്‍ അവരെയൊക്കെ പുലഭ്യം പറയുകയാണ്, മനോജൊക്കെ ചെയ്തത്. അത് ശരിയായിരുന്നോ എന്ന് ഇപ്പോഴെങ്കിലും ആലോചിക്കൂ. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനോട് മനോജിനുള്ള ദേഷ്യം കാരണം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല. വേറെ എത്രയോ പേര്‍ സമാനമായ വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ നിന്നൊക്കെ എന്തെങ്കിലും മനസിലാക്കാന്‍ പറ്റുമെങ്കില്‍ മനസിലാക്കുക.

kaalidaasan said...

അപ്രതീക്ഷിതമായ വിധിയെഴുത്തുകള് കേരളത്തില് ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതിനെന്താണു പ്രസക്തി?


എല്ലാ തെരഞ്ഞെടുപ്പുഫലങ്ങളും ചിലര്‍ക്ക് അപ്രതീക്ഷിതമായ വിധിയെഴുത്താണ്. ഇപ്രാവശ്യത്തേത് സി പി എമ്മിലെ പിണറായി വിഭാഗത്തിനപ്രതീക്ഷിതമായിരുനു. പക്ഷെ ഭൂരിപക്ഷം ആളുകള്‍ക്കും പ്രതീക്ഷിച്ചതായിരുന്നു. യു ഡി എഫിനേ സം ബന്ധിച്ച് പലയിടത്തും ലഭിച്ച ഭൂരിപക്ഷം അപ്രതീക്ഷിതമായിരുന്നു.

കേരളത്തില്‍ മാത്രമല്ല അപ്രതീക്ഷിത വിധിയെഴുത്തുണ്ടായത്. ആന്ധ്രയിലും ,ഒറീസ്സയിലും , ബം ഗാളിലും , ബീഹാറിലും , യു പിയിലും ഒക്കെ ഇത്തവണ അപ്രതീക്ഷിത വിധിയെഴുത്താണു ജനങ്ങള്‍ നടത്തിയത്. കേരളത്തില്‍ മാത്രം അപ്രതീക്ഷിതം കാണുന്നത് വലിയ അവകാശ്വാദങ്ങള്‍ തകര്‍ന്ന് തരിപ്പണമായതിന്റെ ജാള്യതകൊണ്ടാണ്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ മുപ്പതു വര്‍ഷത്തെ കുത്തക തകര്‍ന്നതിനോളം അപ്രതീക്ഷിതമല്ല കേരളത്തിലേത്. കേരള ജനത പതിവായി രണ്ടു മുന്നണികളെയും മാറിമാറി തെരഞ്ഞെടുക്കാറുണ്ട്.

അപ്രതീക്ഷിതവിധിയെഴുത്ത് കേരളം നടത്തിയതാണു സീറ്റു കുറഞ്ഞതെന്നൊക്കെ പറയുന്നത് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പാണെന്നു മാത്രം .ഈ വിധിയെഴുത്തുണ്ടാകുമെന്ന്, പിണറായി വിജയന്‍ നടപ്പിലാക്കിയ ചില നയപരിപാടികള്‍ ചൂണ്ടിക്കാണിച്ച് മാധ്യമങ്ങളും , രാഷ്ട്രീയ വിദഗ്ദ്ധരും സാംസ്കാരിക പ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കിയതാണ്. അത് ചെവിക്കൊള്ളാന്‍ പിണറായിക്കോ കൂടെയുള്ളവര്‍ക്കോ കഴിഞ്ഞില്ല. അതിനു ശേഷം അപ്രതീക്ഷിത വിധിയെഴുത്തെന്നൊക്കെ വിലപിക്കുമ്പോള്‍ ജനം പുച്ഛിച്ചു തള്ളും.


ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ ദ്ധിപ്പിക്കാന്‍ കഴിഞ്ഞാലും വിജയിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സാഹചര്യം എന്നൊക്കെ പറയുന്നത് വസ്തുതകള്‍ ക്ക് നിരക്കാത്തതാണ്.
വെറും വിഡ്ഡിത്തവും . ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ദ്ധിച്ചു തന്നെയാണ്, 2004 ലും 2006 ലും ഇടതുപക്ഷം വിജയം നേടിയത്.



പൊന്നാനിയില്‍ കനത്ത തോല്‍ വി ഏറ്റുവാങ്ങിയത് ഇടതുപക്ഷം അതിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തി ഒരു മതതീവ്രവാദിയുമായി കൂട്ടു കൂടിയതു കൊണ്ടാണ്. ആ ഇടതുപക്ഷത്തെ ശിക്ഷിക്കാന്‍ ജനം മറുഭാഗത്തണിനിരന്നു. ജനാധിപത്യത്തില്‍ ഇതൊക്കെ സര്‍വ സാധാരണമാണ്. കേരളത്തില്‍ മതതീവ്രവാദികളെ ഭൂരിഭാഗം ജനങ്ങളും സ്വീകരിക്കില്ല. അതു കൊണ്ടാണ്, ബി ജെ പിക്ക് ഇന്നുവരെ അവരുടെ സാന്നിദ്ധ്യം അറിയിക്കാന്‍ സാധിക്കാത്തത്. ബി ജെ പ്പിക്ക് 12 ശതമാനം വോട്ടുണ്ടെന്നാണല്ലോ ദേശാഭിമാനി അഭിപ്രായപ്പെട്ടത്. ഈ 12 ശതമാനം സ്ഥിരമായി ഏതെങ്കിലും മുന്നണിക്ക് കിട്ടുകയാണെങ്കില്‍ മറ്റേ മുന്നണിക്ക് ഒരു കാലത്തും അധികാരത്തില്‍ വരാനാവില്ല. ഇതറിയാമെങ്കിലും രണ്ടുമുന്നണികളും അവരെ കൂടെ കൂട്ടില്ല. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. ബി ജെ പി വര്‍ഗ്ഗീയ പാര്‍ ട്ടിയാണെന്നതാണതില്‍ പ്രധാനം . കേരളത്തിലെ ജനങ്ങള്‍ അവരുമായോ മറ്റേതെങ്കിലും വര്‍ഗ്ഗീയ പാര്‍ട്ടികളുമായോ ഒരു കൂട്ടുകെട്ട് അം ഗീകരിക്കില്ല.

പൊന്നാനിയിലേതിനു സമാനമായ തെരഞ്ഞെടുപ്പ് നടന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് വടകരയിലും ബേപ്പൂരുമാണ്. അന്ന് കോണ്‍ ഗ്രസും , മുസ്ലിം ലീഗും ബി ജെപിയും കൂടി വടകരയില്‍ അഡ്വകേറ്റ് രത്നസിംഗിനേയും ബേപ്പൂരില്‍ ഡോ മാധവന്‍ കുട്ടിയേയും സ്വര്തന്ത്ര സ്ഥാനര്‍ത്ഥികളാക്കി മത്സരിപ്പിച്ചു. രണ്ടിടത്തും വോട്ടര്‍ മാര്‍ ആ അവിശുധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. പൊന്നാനിയിലും അതേ സംഭവിച്ചുള്ളു. ബി ജെപി യേയും പി ഡി പിയേയും ജനങ്ങള്‍ കാണുന്നത് ഒരേ തലത്തിലാണ്.

അനില്‍ കുരിയാത്തി said...

................ സഖാവ് :പിണറായി
-------------------
ദിനകര ജ്വാലയില്‍ നിഷ്പ്രഭരായി
മറഞ്ഞിരിക്കുന്ന കറുത്ത നക്ഷത്രങ്ങളെ
അറിയുക നിങ്ങളീ ഭൂമിക്കു വെളിച്ചമേകാന്‍
സൂര്യനായ് അവന്‍ മാത്രം ,........

ദിനകര ജ്വാലയില്‍ നിഷ്പ്രഭരായി
ഒളിഞ്ഞിരിക്കുന്ന ഇരുണ്ട താരകങ്ങളെ ....
നന്മയെ കല്ലെറിഞ്ഞട്ടഹസിക്കുന്നു നിങ്ങള്‍
തിന്മകടഞ്ഞെടുത്ത പൊളി വചനത്തിന്‍റെ
നാവായി പടരുന്നു ......

മണിമേടകള്‍ മനസ്സില്‍ മെനഞ്ഞു സന്ദേശങ്ങളാക്കി
വിഷ തീമഴ പെയ്യിച്ചു സത്യത്തെ തമസ്കരിച്ചു
ഇനിയുമുറഞ്ഞ്‌ തുള്ളുന്നത് ആരുടെ ചോരക്കായി,...

നല്ലൊരു നാളെയുടെ സ്വപ്‌നങ്ങള്‍ പേറുന്ന
വിപ്ലവ സാഗര തിരകള്‍ ഇരമ്പുന്ന
വര്‍ഗസമര പഠനയകന്‍റെ
മസ്തകം തകര്‍ക്കാന്‍
കാരിരുമ്പിന്‍റെ
മനകോട്ടകള്‍ പണിയുന്നവരെ ,....

നാളെ ,...

ചരിത്രത്തോട് മറുപടിപറയാന്‍

ഇന്നേ വാക്കുകള്‍ കരുതി വയ്ക്കുക


........................ അനില്‍ കുരിയാത്തി

Rajesh Krishnakumar said...

കാളിദാസാ ഒരു പാട് കൊണയ്ക്കല്ലെ..
തന്റെ ധാർമ്മികതയും കമിറ്റ്മെന്റും ഒക്കെ കുറേ കണ്ടതാണ്. സി പി എമ്മിനേയും പിണറായിയേയും തെറി വിളിക്കാൻ കോൺഗ്രസ്സിന്റെ കയ്യിൽ നിന്ന് കാശും വാങ്ങി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ കാളിദാസനേ പോലെ ഉള്ള ഇത്തിക്കണ്ണികൾക്ക് മറുപടി കൊടുക്കരുത്.

കൂലി എഴുത്തുകാരൻ കോൺഗ്രസ്സിന്റെ കുഴലൂത്തുകാരൻ കാളിദാസനു കുറച്ച് കാലമായി വേറെ പണി ഒന്നും ഇല്ല