മാധ്യമ പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരാള്‍ ഒരു ദിനപത്രത്തിന്റെ പത്രാധിപന്‍മാരിലൊരാളായി വരുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. ഏതു പത്രത്തിലാണോ നിയമനം നടക്കുന്നത്, ആ പത്രത്തില്‍ മാത്രമാണ് സാധാരണ നിലയില്‍ വാര്‍ത്ത വരാറുള്ളത്.
എന്‍ മാധവന്‍കുട്ടി കേരളത്തിലെ മുതിര്‍ന്ന; കഴിവുറ്റ മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന്റെ കേരള ചീഫായിരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തുമെല്ലാം ആ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ് ചുമതലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഇന്ത്യന്‍ എക്സ്പ്രസ് ഗോയങ്കയുടെ പത്രമാണ്. അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ മാധവന്‍കുട്ടി എന്തെഴുതി, എങ്ങനെ വിമര്‍ശിക്കപ്പെട്ടു എന്നതിന് ആ സന്ദര്‍ഭത്തിന്റെ പ്രസക്തിയേ ഉള്ളൂ.
ഇപ്പോള്‍ ഒരു മാധ്യമത്തിലും പ്രവര്‍ത്തിക്കുന്നില്ല ശ്രീ മാധവന്‍കുട്ടി. എന്നാല്‍, കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിര്‍ഭയമായ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റേതായി വരുന്നു. അതിനോട് വിയോജിക്കുന്നവരുണ്ടാകാം. ഏതഭിപ്രായം പറയുന്നു എന്നുനോക്കിയല്ല ഒരാളുടെ മാധ്യമ പ്രവര്‍ത്തനത്തിലെ പ്രാവീണ്യം അളക്കുന്നത്.
മാധവന്‍കുട്ടി ദേശാഭിമാനിയില്‍ ചേരുന്നു എന്നും അതില്‍ എതിര്‍പ്പുയരുന്നു എന്നും മംഗളം, ചന്ദ്രിക, ജന്മഭൂമി, മാധ്യമം എന്നീ പത്രങ്ങളില്‍ വാര്‍ത്ത കണ്ടു. ചേരുന്നോ, എങ്കില്‍ ഏതു തസ്തികയില്‍ എന്ന വിഷയം ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നില്ല. അത് ദേശാഭിമാനിയുടെ മാനേജ്മെന്റും രാഷ്ട്രീയ നേതൃത്വവും തീരുമാനിക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ട കാര്യമാണ്. മാധ്യമ രംഗത്ത് നില്ക്കുന്ന ഒരാളെന്ന നിലയില്‍, ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നിശ്ചയമായും മനസ്സിലുയരുന്ന ചോദ്യം 'മാധവന് കുട്ടി ദേശാഭിമാനിയിലെത്തുന്നതിനെ ആരാണ് ഭയപ്പെടുന്നത്' എന്നതാണ്.
മാധവന്‍കുട്ടി പലപ്പോഴും വികാരാധീനനായി പ്രശ്നങ്ങളെ സമീപിക്കുന്നത് കണ്ടിട്ടുണ്ട്. പറയുന്ന കാര്യങ്ങളില്‍ സുദൃഢമായ വിശ്വാസം മനസ്സിലുള്ളവര്‍ക്കുമാത്രമേ അങ്ങനെ വികാരവായ്പോടെ സംസാരിക്കാന്‍ കഴിയൂ എന്നാണ് എനിക്കുതോന്നിയിട്ടുള്ളത്. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ മാധവന്‍കുട്ടി എഴുതിയ ചില കാര്യങ്ങളോട് ദേശാഭിമാനിയിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചയാളാണ് ഈ ലേഖകന്‍. അത്തരം രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയപ്പോഴും വ്യക്തിപരമായ വിരോധത്തിന് അത് കാരണമാക്കാന്‍ മാധവന്‍കുട്ടി തയാറായില്ല. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനേജുമെന്റുകളുടെ താല്പര്യത്തിനനുസരിച്ച് എഴുതേണ്ടിവരും. ഞങ്ങളെപ്പോലെ, പാര്‍ട്ടി പ്രവര്‍ത്തകരാവുകയും പാര്‍ട്ടി മുഖപത്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അത്തരം വൈരുധ്യം നേരിടേണ്ടിവരുന്നില്ല. പാര്‍ട്ടിതാല്‍പര്യംതന്നെയാണ് എന്റെയും താല്‍പര്യമെന്നുവരുമ്പോള്‍ മനസ്സിലൊന്നും പ്രവൃത്തിയില്‍ മറ്റൊന്നും എന്ന അവസ്ഥ ഉണ്ടാകില്ലല്ലോ.
മാധവന്‍കുട്ടി ദേശാഭിമാനിയില്‍ വരുന്നുണ്ടെങ്കില്‍, അതെന്തിന് ദേശാഭിമാനിയുടെ ശത്രുപക്ഷത്തുനില്ക്കുന്ന പത്രങ്ങള്‍ക്ക് വിശകലന വിഷയമാകണം? ഒരു പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റിന്റെ സേവനം ദേശാഭിമാനിക്ക് നിഷിദ്ധമോ? പാര്‍ട്ടി അംഗമല്ലാത്ത ഡോ. സെബാസ്റ്റ്യന്‍ പോള്‍ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. മാധ്യമ വിമര്ശത്തില് ആരോടും ദാക്ഷിണ്യം കാണിച്ചിട്ടില്ലാത്ത സെബാസ്റ്റ്യന്‍ പോളിനെ ഉന്നത സ്ഥാനത്ത് സസന്തോഷം ഉള്‍ക്കൊള്ളാന്‍ ദേശാഭിമാനിയില്‍ ആര്‍ക്കും പ്രയാസമുണ്ടായിട്ടില്ല.
ചിലതരം അഭിപ്രായങ്ങള്‍ പ്രസരിപ്പിക്കുന്നവര്‍ ഉദാത്തമനസ്കരും ചില അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവര്‍ ഉപജാപകരും എന്ന് സ്ഥാപിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. അങ്ങനെ വ്യാജമായി മാധവന്‍കുട്ടിക്ക് ഒരു വില്ലന്‍വേഷം കൊടുക്കാന്‍ ബോധപൂര്‍വം ഇന്നാട്ടില് ശ്രമങ്ങളുണ്ടായിട്ടുണ്ട്. നിങ്ങള്‍ അദ്ദേഹം പറയുന്ന കാര്യങ്ങളെ വിമര്‍ശിക്കൂ; ഖണ്ഡിക്കൂ-അദ്ദേഹത്തിന്റെ വൈകാരികമായ ശൈലിയെയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തെയും അതിന്റെ വഴിക്ക് വിടൂ. ഏതെങ്കിലും ഘട്ടത്തില്‍ പറഞ്ഞ അഭിപ്രായങ്ങളെയും എഴുതിയ ലേഖനത്തെയും ചൂണ്ടിക്കാട്ടി അതാണ് ഒരാളുടെ സ്ഥായിയായ സ്വഭാവം എന്നു പുള്ളികുത്തി അകറ്റിനിര്‍ത്തുന്നത് മാര്‍ക്സിസ്റ്റുകാര്‍ അംഗീകരിക്കുന്ന രീതിയല്ല. മുമ്പ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവര്‍ പിന്നീട് നിലപാടുമാറ്റി പാര്‍ട്ടിയോടൊപ്പം നില്ക്കാന് തയാറായാല്‍, "ഹേ, ഇങ്ങോട്ടു കയറിവരേണ്ട'' എന്ന് പറയുന്നതല്ല മാര്‍ക്സിസ്റ്റുകാരുടെ ശൈലി. അത്തരമൊരു നിലപാട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവരാണെന്നും പറയാനാകില്ല.
മാധവന്‍കുട്ടി ദേശാഭിമാനിയിലേക്ക് എത്തുന്നോ ഇല്ലയോ എന്നല്ല ഇവിടെ ചര്‍ച്ചചെയ്യേണ്ട വിഷയം. അദ്ദേഹത്തെപ്പോലൊരാള്‍ വരുന്നുണ്ടെങ്കില്‍ അതിനെതിരെ എന്തിന് സംഘടിത പ്രചാരണം നടക്കുന്നു എന്നതാണ്്. ഒരു പത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറ്റൊന്നില്‍ ചേരാന്‍ പാടില്ല എന്ന വിലക്കും നടപ്പുള്ളതല്ല. മനോരമയില്‍നിന്ന് ദീപികയിലൂടെ മാതൃഭൂമിയിലെത്തിയ ഗോപാലകൃഷ്ണനെ നാം കണ്ടതാണല്ലോ. ദേശാഭിമാനി ആരെ എടുക്കുന്നു എന്ന് കണ്ണുനട്ട് നോക്കിയിരുന്ന് അപവാദ പ്രചാരണം നടത്തുന്നവര്‍ക്ക്, ആ പ്രചാരണം മാധ്യമ രംഗത്തെ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് എന്ന ധാരണപോലും ഇല്ലാതാകുന്നു-കഷ്ടം.
ഒരു മഹാന്റെ പേരില്‍ 'പടവാളിന്റെ' രൂപത്തില്‍ പടുത്തുയര്‍ത്തിയ സ്ഥാപനത്തെക്കുറിച്ച് മാധ്യമ പടയാളികള്‍ക്കിടയില്‍ പലതും പ്രചരിക്കുന്നുണ്ട്്. അത്തരം കാര്യങ്ങള്‍ അന്വേഷിച്ച് വാര്‍ത്ത എഴുതാന്‍ ഈ അന്വേഷണ കുതുകികള്‍ തയാറാകുമോ? യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം എഴുതുമോ? അതല്ലേ വാര്‍ത്ത. അതല്ലാതെ ഒരു പത്രത്തില്‍ ഒരാളുടെ സേവനം ആവശ്യമാണെന്ന് തോന്നുകയും ബന്ധപ്പെട്ടയാള്‍ അതിന് സന്നദ്ധനാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതാണ് വാര്‍ത്തയെന്നും വിവാദമെന്നും പ്രചരിപ്പിക്കുന്നത് നല്ല പണിയല്ല.