Showing posts with label പി എം മനോജ്‌. Show all posts
Showing posts with label പി എം മനോജ്‌. Show all posts

Tuesday, April 23, 2013

ബന്ധം ആര്‍എംപി ഉന്നതര്‍ക്ക്




സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വധോദ്യമത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത് ഏപ്രില്‍ ഇരുപതിനാണ്. വധോദ്യമം നടന്ന് രണ്ടരയാഴ്ചയ്ക്കുശേഷം. ഇത്രയും ദിവസം നടന്ന അന്വേഷണം ഗൗരവപൂര്‍വമല്ല എന്ന കുറ്റസമ്മതം അതിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട വിഭാഗത്തില്‍ പൊലീസ് പെടുത്തിയ രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. വിവിഐപിയായി പരിഗണിക്കുന്ന അദ്ദേഹത്തിന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്ത് കെട്ടിക്കിടപ്പുണ്ട്. ഒരാള്‍ ആയുധവുമായി പിണറായിയെ വിടാതെ പിന്തുടര്‍ന്നതായി തെളിഞ്ഞു; പിടിക്കപ്പെട്ടു. അയാളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. യാദൃച്ഛികമായി ആയുധങ്ങള്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് സ്വന്തമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സഞ്ചരിച്ച വഴികള്‍, കൂടെ ഒരു യുവാവുണ്ടായിരുന്നു എന്നത്, താമസിച്ച ഹോട്ടല്‍, അവിടത്തെ ക്യാമറ, തോക്കിനായി അലഞ്ഞ സ്ഥലങ്ങള്‍- ഇവയെല്ലാം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും നാട്ടുകാരാണ്; പാര്‍ടി പ്രവര്‍ത്തകരാണ്. ആരെങ്കിലും വിവരം നല്‍കിയാല്‍ മനസ്സില്ലാ മനസ്സോടെ അന്വേഷണ പ്രഹസനവുമായി പൊലീസ് ചെല്ലുന്നു. ശാസ്ത്രീയ രീതികളില്ല. പ്രതിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമില്ല.

കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുമായി ആര്‍എംപിയുടെ ഒരുന്നത നേതാവും ഈയിടെ സജീവമായ ഒരു "ആത്മീയ" നേതാവും ഫോണിലൂടെയും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അത് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും മറ്റുചില തെളിവുകളും അന്വേഷകര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ആ വിവരം മനസിലാക്കിയപ്പോഴാണ് ആര്‍എംപി നേതൃത്വത്തിന്റെ സമനില തെറ്റിയത്. പരിഭ്രമംമൂത്ത് വിഷുത്തലേന്ന് "സ്തൂപം ആക്രമണം" പ്ലാന്‍ചെയ്തതും അതിന്റെ തുടര്‍ച്ചതന്നെ. വധോദ്യമത്തോട് ആര്‍എംപി നേതൃത്വം ദുര്‍ബലമായാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന "മനോരോഗ കെട്ടുകഥ" മാത്രമായിരുന്നു എന്‍ വേണുവിന്റെ പ്രതികരണത്തിനടിസ്ഥാനം. കേസ് തെളിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തിന്റെ ഗൗരവം ആദ്യം മുതല്‍ മനസ്സിലാക്കിയ കക്ഷി ആര്‍എംപിയാണ്. കൊല്ലിക്കാന്‍ തീരുമാനിച്ച് ആളെ വിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നാല്‍, പൊട്ടക്കിണര്‍ വിപ്ലവത്തിന് അകാല അന്ത്യം സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. രക്ഷപ്പെടാന്‍ പുതിയ നാടകങ്ങള്‍ വേണം. അതിന് ആഭ്യന്തര വകുപ്പിന്റെ സഹായം വേണം.

വള്ളിക്കാട് റോഡരികിലുള്ള ടി പി ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് അതിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ചത്. അവിടെ പൊലീസിന്റെ ബസും പത്തുപേര്‍ വീതം അടങ്ങുന്ന എംഎസ്പി സംഘവും ക്യാമ്പ് ചെയ്തിരുന്നതാണ്. മെയ് നാലിന് ആര്‍എംപി നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ ദിനാചരണം നടക്കാനിരിക്കെ എന്തിന് പൊടുന്നനെ ആ കാവല്‍ അവസാനിപ്പിച്ചു എന്നതിനുത്തരം ഇതുവരെ ആരും പറഞ്ഞിട്ടില്ല. അരമണിക്കൂര്‍ ഇടവിട്ട് വള്ളിക്കാട് വഴി പട്രോളിങ് നടത്തുന്നതിന് എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ജീപ്പുകള്‍ ക്രമീകരിച്ചിരുന്നതുമാണ്. സ്തൂപം തകര്‍ക്കുന്ന സമയത്ത് അരമണിക്കൂറിടവിട്ട പൊലീസ് പട്രോളിങ് നടന്നില്ല. മൂന്നു ജീപ്പുകളും ആ പ്രത്യേക സമയത്ത് തകരാറിലായത്രെ. ആരാണ് സ്തൂപം കേടുവരുത്തിയതെന്ന് അന്വേഷിക്കുന്നതിനു പകരം രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വാര്‍ത്ത സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ക്ക് സിപിഐ എം വിരുദ്ധ പ്രചാരണത്തിന് അവസരം നല്‍കുകയുമാണ് പൊലീസ് ചെയ്തത്. പിന്നെ പ്രതിഷേധപ്രകടനം, സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം.

സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്. പരിസരത്തുള്ള ആര്‍എംപി ബോര്‍ഡുകളും ചന്ദ്രശേഖരന്റെ ചിത്രവുമെല്ലാം ഭദ്രം. പിറ്റേന്ന് പുലരുമ്പോള്‍, പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടിക്കാനുള്ള അവസരം ഇല്ലാതാക്കി പുതിയ സ്തൂപത്തിന്റെ നിര്‍മാണം. കലക്ടര്‍ വിലക്കിയ പണി തുടരാന്‍ പൊലീസ് കാവല്‍. കെ കെ രമയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കുമെല്ലാം പ്രകടമായിത്തന്നെ നാടകത്തിന്റെ ഭാവം. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനുള്ള വാശി. എല്ലാം ചേര്‍ത്തുവായിച്ചാല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കുപിന്നില്‍ ആര്‍എംപിയാണെന്ന് പകല്‍പോലെ വ്യക്തം. അതു പുറത്തുവരരുതെന്ന് ആര്‍എംപിക്കും ആ വഴിക്ക് അന്വേഷണം എത്തരുതെന്ന് ആഭ്യന്തരവകുപ്പിനും നിര്‍ബന്ധമുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് നടക്കുന്നത്. എഡിജിപി വിന്‍സന്റ് എം പോള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി പുരോഗതി അവലോകനംചെയ്തു. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പൊലീസ് കാണിച്ച അനാസ്ഥയും അലംഭാവവുമാണ് കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ തുടക്കംമുതല്‍ തടസ്സമായത്. കസ്റ്റഡിയില്‍ കിട്ടിയ നമ്പ്യാരില്‍നിന്ന് കൂട്ടാളിയെക്കുറിച്ചുള്ള വിവരംപോലും ശേഖരിക്കാന്‍ തയ്യാറാകാതിരുന്നതും അന്വേഷണത്തിലെ സുപ്രധാന ദൗര്‍ബല്യമാണ്. ആര്‍എംപിയെ പോറ്റി വളര്‍ത്താനും അതിന്റെ കുറ്റവാളിമുഖം മറച്ചുവയ്ക്കാനും ഏറ്റവുമധികം താല്‍പ്പര്യപ്പെടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണ്.

ജുഡീഷ്യറിയെ ലക്ഷ്യമിട്ടുപോലും പ്രസ്താവനകളിറക്കി ആര്‍എംപിക്ക് സേവചെയ്യുന്ന മന്ത്രി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. അതാണ് "പൊട്ടക്കിണറ്റിലെ വിപ്ലവത്തവളകള്‍ക്ക്" ആവേശവും പ്രതീക്ഷയും. സിപിഐ എം പ്രവര്‍ത്തകരുടെ സംയമനം, തെറ്റിദ്ധരിച്ച് പാര്‍ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യം, പൊലീസിന്റെ അടിമ മനോഭാവം, കണക്കില്ലാതെ വരുന്ന പണം, മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്ഷാകര്‍തൃത്വം, യുഡിഎഫ് സര്‍ക്കാരിന്റെ നിരുപാധിക പിന്തുണ, ആര്‍എംപി അക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച മാധ്യമങ്ങള്‍- ഇത്രയുമാണ് ഇന്ന് ഒഞ്ചിയം മേഖലയിലെ ആര്‍എംപിയുടെ "മൂലധനം".

പേടികൊണ്ടാണ് പലരും ആര്‍എംപി വിടാത്തത്- എന്തിനും മടിക്കാത്ത ക്രിമിനലുകളോടും കള്ളക്കേസുകളോടുമുള്ള പേടി. പൊലീസും മാധ്യമങ്ങളും കൂടെയുള്ളതിന്റെ നെഗളിപ്പൊഴിച്ചാല്‍, പൊങ്ങച്ചമടിക്കുന്ന ഇരട്ടച്ചങ്കൊന്നും ആര്‍എംപിക്കില്ല. ഫേസ് ബുക്കില്‍ ആര്‍എംപിക്കെതിരെ കമന്റുചെയ്ത മകനെ ഇപ്പോള്‍ "വിട്ടുതരണ"മെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നെല്ലാച്ചേരിയിലെ സുന്ദരന്‍മാസ്റ്ററുടെ വീട് അര്‍ധരാത്രിയോടടുപ്പിച്ച് ആര്‍എംപി സംഘം വളഞ്ഞത്. ഒരു കല്യാണവീട്ടില്‍ തമ്പടിച്ച് മദ്യപിച്ച് ലക്കുകെട്ടശേഷമുള്ള "യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം" അതായിരുന്നു. ഒരു നേതാവും കുറെ ഉപഗ്രഹങ്ങളും. അക്കൂട്ടത്തില്‍ കൂടുതലും ഒരു രാഷ്ട്രീയവുമില്ലാത്തവര്‍. രാത്രി വീടുവളഞ്ഞ അക്രമിസംഘത്തിലെ പ്രധാനികള്‍ പൊലീസെത്തിയപ്പോള്‍ മുങ്ങി. പൊലീസാകട്ടെ എല്ലാവരെയും "സമാധാനിപ്പിച്ചു വിട്ടു". പൊലീസിനെ ആക്രമിച്ച അഞ്ച് ആര്‍എംപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം മറ്റു മാര്‍ഗമില്ലാതെ അറസ്റ്റ് ചെയ്യേണ്ടിവന്നു. മുട്ടുങ്ങുല്‍ ജിബിന്‍ ബാലന്‍, ഒഞ്ചിയം ചന്തോളി ശ്രീകാന്ത്, പാറയുള്ള പറമ്പത്ത് രജീഷ്, പരവന്‍കണ്ടി സുനില്‍, ഓര്‍ക്കാട്ടേരി ചിറയില്‍ ബാബു എന്നിവരെ. അഞ്ചുപേരെയും തിങ്കളാഴ്ച വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു.

കോടതി പരിസരത്ത് പ്രതികളുടെ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്റെ നേതൃത്വത്തിലുള്ള ആര്‍എംപി ക്രിമിനല്‍ സംഘമാണ്. പടം കൊടുത്താല്‍ തലകാണില്ല എന്ന് മാധ്യമ സംഘത്തോട് പരസ്യമായ ഭീഷണി. അതിനും സാക്ഷി പൊലീസ് തന്നെ. തല്‍ക്കാലം സര്‍ക്കാരിന്റെയും വലതുപക്ഷത്തിന്റെയും പിന്തുണ ആര്‍എംപിക്കുണ്ട്. നാളെ നിഷ്പ്രയോജനമെന്നു വരുമ്പോള്‍ ആ പിന്തുണ ഇല്ലാതാകും. പിന്നത്തെ വിപ്ലവത്തിന് മാര്‍ക്സിസ്റ്റ് വിരുദ്ധവേദി കോണ്‍ഗ്രസോ ആര്‍എസ്എസോ എന്‍ഡിഎഫോ ആകും.

അങ്ങോട്ടുള്ള വഴിയിലെ സഞ്ചാരത്തിനിടയില്‍ കാട്ടിയ പരാക്രമങ്ങളിലൊന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വകവരുത്താനുള്ളതാകുമ്പോള്‍ പൊട്ടക്കിണറ്റിന് പുറത്തും അതിന് ഗൗരവം വരുന്നു. സത്യം പുറത്തുകൊണ്ടുവരാനും ഗൂഢാലോചകരെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും തയ്യാറാകാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുമ്പോള്‍ ആ ഗൗരവം ഒന്നുകൂടി വര്‍ധിക്കുകയാണ്. ആര്‍എംപിയെയും അതിന്റെ വഷളന്‍ രാഷ്ട്രീയത്തെയും തുറന്നുകാട്ടി ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു തെളിയിക്കുന്നതാകും പിണറായി വധോദ്യമക്കേസില്‍ പുറത്തുവരാനിരിക്കുന്ന ഓരോ തെളിവുകളും. (അവസാനിച്ചു)
- See more at: http://deshabhimani.com/newscontent.php?id=289753#sthash.j7N21aq2.dpuf

Monday, April 22, 2013

മാസങ്ങള്‍ നീണ്ട ആസൂത്രണം


വളയത്തുനിന്ന് ഓര്‍ക്കാട്ടേരിക്ക് കഷ്ടിച്ച് പതിനഞ്ചു കിലോമീറ്റര്‍. വടകര താലൂക്കിലാണ് രണ്ടുപ്രദേശവും. വളയത്ത് ആര്‍എംപിയില്ല. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിരന്തരമായ നുണപ്രചാരണത്തിലൂടെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ വളയത്തിന്റെ മണ്ണില്‍ മുളപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. പക്ഷേ, സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ആ മേഖലയില്‍ ആര്‍എംപിക്ക് പകല്‍വെളിച്ചത്തില്‍ കടന്നുകയറാന്‍ ഒരിക്കലും പറ്റിയില്ല. എന്നാല്‍, അതൃപ്തിയുള്ള ചിലരുമായി ആര്‍എംപി കേന്ദ്രങ്ങള്‍ രഹസ്യബന്ധം വച്ചു. അക്കൂട്ടത്തിലൊരാളാണ് പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍. എഴുപത്തഞ്ചുകാരനായ നമ്പ്യാര്‍ വളയത്തെ പഴയ സമ്പന്ന കുടുംബാംഗമാണ്. കായികാഭ്യാസിയായ നമ്പ്യാര്‍ക്ക് വാര്‍ധക്യത്തിലും ആരോഗ്യത്തിനും വാശിക്കും കുറവില്ല. ഒന്ന് തീരുമാനിച്ചാല്‍ നടത്തിയേ അടങ്ങൂ എന്ന പ്രകൃതം. അനുജന്‍ അരവിന്ദാക്ഷന്‍നമ്പ്യാര്‍ കുന്നുമ്മക്കരയ്ക്കടുത്ത് ആര്‍എംപി കേന്ദ്രത്തില്‍ വീടുവച്ച് താമസിക്കുന്നു. കുവൈത്തില്‍ ജോലിയുള്ള അദ്ദേഹത്തിന്റെ ഇളയ മകന്‍ വിശാല്‍ എബിവിപിയില്‍നിന്ന് ആര്‍എംപിയിലെത്തിയതാണ്. അടുത്ത ബന്ധു രാജന്‍ ആര്‍എംപിയുടെ പ്രധാന പ്രവര്‍ത്തകന്‍. ഈ ബന്ധുത്വമാണ് നമ്പ്യാരില്‍ ശത്രുതയുടെ ബീജം കുത്തിവച്ചത്.

പിണറായി വിജയനാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദി എന്ന് വിശ്വസിപ്പിക്കാനുള്ളതെല്ലാം ആര്‍എംപി സംഘം നമ്പ്യാര്‍ക്കു നല്‍കി. ലഘുലേഖകള്‍, നോട്ടീസുകള്‍, രമയുടെ കത്ത്- ഇങ്ങനെ. ഇടയ്ക്ക് രമയുടെ വീട്ടില്‍ സന്ദര്‍ശനം. നാലോ അഞ്ചോ മാസംമുമ്പ് നമ്പ്യാര്‍ ഒരു വൈകുന്നേരം തിരുവനന്തപുരത്തെ് എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ പമ്പ ബ്ലോക്ക് അറുപതാംനമ്പര്‍ മുറിയിലെത്തി. നാദാപുരം എംഎല്‍എ ഇ കെ വിജയനാണ് അവിടത്തെ താമസക്കാരന്‍. ഖദര്‍ കുപ്പായമിട്ട് എത്തിയ നമ്പ്യാര്‍ സ്വയം പരിചയപ്പെടുത്തി. "വരുന്ന വിവരം നേരത്തെ അറിയിക്കേണ്ടതല്ലേ" എന്ന് എംഎല്‍എ ചോദിച്ചപ്പോള്‍, "എന്റെ കൈയില്‍ മുറിയെടുക്കാന്‍ പണമുണ്ട്" എന്നായിരുന്നു മറുപടി. വളയത്തെ സിപിഐ നേതാവ് എം ടി ബാലനോട് അന്വേഷിച്ച് നമ്പ്യാര്‍ അവിടത്തുകാരനാണ് എന്നുറപ്പുവരുത്തിയശേഷം മുറിയില്‍ തങ്ങാന്‍ അനുവദിച്ചു. താന്‍ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കാണ് പോയതെന്നും പ്രസിഡന്റിനെ കണ്ട് ചന്ദ്രശേഖരന്‍ കേസ് വേഗത്തിലാക്കണമെന്ന് പറയുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് തിരിച്ച് നാട്ടിലെത്തി നമ്പ്യാര്‍ പലരോടും വിശദീകരിച്ചത്. അപ്പോള്‍ത്തന്നെ, നമ്പ്യാരുടെ ആര്‍എംപി ബന്ധത്തെക്കുറിച്ച് നാട്ടുകാരില്‍ സംശയം മുളച്ചിരുന്നു. ആയുധങ്ങളുമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന രണ്ടു കഥകളിലൊന്ന്, അയാള്‍ നേരത്തെ രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് തിരുവനന്തപുരത്തു പോയിട്ടുമുണ്ടെന്നായിരുന്നു. രണ്ടാമത്തെ കഥ നമ്പ്യാര്‍ മനോരോഗിയാണെന്ന്. രണ്ടും കള്ളക്കഥകള്‍. ആദ്യത്തെ തിരുവനന്തപുരം യാത്രതന്നെ പിണറായിയെ ലക്ഷ്യമിട്ടായിരുന്നുവോ എന്ന് വളയത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ സംശയിക്കുന്നു. അതിനു മുമ്പുതന്നെ തോക്കും തിരകളും തേടി നമ്പ്യാര്‍ അലച്ചില്‍ തുടങ്ങിയിരുന്നു എന്നതിന് അവര്‍തന്നെ സാക്ഷികള്‍.

പിടിക്കപ്പെട്ട വിവരത്തിനു തൊട്ടുപിന്നാലെ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ കെട്ടുകഥകള്‍ പരത്തിയവരെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. അവരിലൂടെ യഥാര്‍ഥ ആസൂത്രകരിലേക്കെത്താന്‍ പൊലീസിന് താല്‍പ്പര്യവുമില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണം നടന്നതിന് പ്രധാന സാക്ഷി വളയത്തെ ജീപ്പ് ഡ്രൈവര്‍ എന്‍ പി അശോകനാണ്. നമ്പ്യാരുടെ നേരത്തെയുള്ള പരിചയക്കാരനാണ് അശോകന്‍. തോക്കും തിരകളും വാങ്ങാന്‍ രണ്ടു മാസം മുമ്പ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തന്റെ ജീപ്പില്‍ കണ്ണവം വനാതിര്‍ത്തിയിലെ കണ്ടിവാതുക്കല്‍ കുറിച്യകോളനിയില്‍ പോയിരുന്നു എന്ന് അശോകന്‍ പറയുന്നു. അവിടെ ചെറിയചന്തുവില്‍നിന്ന് തോക്ക് വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ചന്തുവിന്റെ തോക്കിന് 30,000 രൂപ വില പറഞ്ഞു. അക്കാര്യങ്ങള്‍ അശോകനില്‍നിന്ന് മറച്ചുവച്ചു-ചന്തുവില്‍നിന്ന് പണം വാങ്ങാനാണ് പോകുന്നത് എന്നായിരുന്നു വിശദീകരണം. പറഞ്ഞ ദിവസം ചന്തു എത്തുന്നതും കാത്ത് നമ്പ്യാര്‍ മണിക്കൂറുകളോളം വളയം അങ്ങാടിയില്‍ നിന്നു. കാര്യം നടക്കാതെ വന്നപ്പോള്‍ വീണ്ടും ജീപ്പ് വാടകയ്ക്കെടുത്ത് കോളനിയില്‍ ചെന്നു. ചന്തു തയ്യാറാകാതിരുന്നതിനാലാണ് ആ ഇടപാട് നടക്കാതിരുന്നത്. വളയത്ത് തോക്ക് ലൈസന്‍സുള്ള പലരെയും നമ്പ്യാര്‍ സമീപിച്ചു. അതിലൊരാള്‍ നടുക്കണ്ടിയില്‍ ഗംഗാധരനാണ്. തന്റെ കൈയില്‍ തോക്കുണ്ടെന്നും മുള്ളന്‍പന്നിയെ വെടിവയ്ക്കാന്‍ തിരകള്‍ വേണമെന്നുമാണ് കാറോടിച്ച് ഗംഗാധരന്റെ വീട്ടിലെത്തിയ നമ്പ്യാര്‍ പറഞ്ഞത്. ആ സമയത്ത് ഗംഗാധരന്‍ വീട്ടിലുണ്ടായിരുന്നില്ല. തന്റെ മൊബൈല്‍ഫോണില്‍നിന്നാണ്, വീട്ടുകാര്‍ കേള്‍ക്കെ മുള്ളന്‍പന്നിവേട്ടക്കഥ ഗംഗാധരനോട് പറഞ്ഞത്.

നേരത്തെ നമ്പ്യാര്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. അതുകൊണ്ട് ആരും വലുതായി സംശയിച്ചില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ മാസ് എയര്‍ റൈഫിള്‍സില്‍നിന്നാണ് എയര്‍ഗണ്‍ വാങ്ങിയത്. അവിടെയും പിസ്റ്റള്‍ കിട്ടാനുള്ള സാധ്യത ആരാഞ്ഞിരുന്നു. നമ്പ്യാരുടെ നീക്കങ്ങള്‍ വിശകലനംചെയ്താല്‍ അയാള്‍ക്കുപിന്നില്‍ വലിയ ആസൂത്രണം നടന്നതിന്റെ നിരവധി സൂചനകള്‍ കാണാം. എഴുപതു കഴിഞ്ഞ വൃദ്ധന്‍, കണ്ടാല്‍ സംശയം തോന്നാത്ത പ്രകൃതം, ഒരു കേസിലുംപെട്ടിട്ടില്ലാത്ത പാരമ്പര്യം-ഇതെല്ലാം സംശയരഹിതമായി കുറ്റകൃത്യം നിര്‍വഹിക്കാനുള്ള അനുകൂല ഘടകങ്ങളാണ്. രഹസ്യമായ വികാരപ്രകടനങ്ങളും ആസൂത്രണവുമല്ലാതെ വളയത്ത് തന്റെ സിപിഐ എം വിരോധം നമ്പ്യാര്‍ പുറത്തുകാട്ടിയിട്ടില്ല. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലല്ലാതെ എവിടെയൊക്കെ നമ്പ്യാര്‍ പോയി എന്ന അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. പിന്നീട് പിണറായിയെ തേടി പോയത് ലഭ്യമായ വിവരമനുസരിച്ച് കൂട്ടുപുഴയിലാണ്. കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന അവിടെ, ഇക്കഴിഞ്ഞ എ കെ ജി ദിനത്തില്‍ (മാര്‍ച്ച് 22ന്) പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിവരം തേടിയാണ് എത്തിയത്്. മാര്‍ച്ച് 27ന് പിണറായി പാണ്ട്യാല മുക്കില്‍ നമ്പ്യാര്‍ എത്തിയിരുന്നു. അവിടെ വൈദ്യശാലയിലാണ് ചെന്നത്. കുഴമ്പു വാങ്ങാന്‍ എന്ന വ്യാജേന. പിണറായി വിജയന്റെ വീട് എവിടെയാണെന്ന് ആരാഞ്ഞു. പിണറായിക്ക് കൊട്ടാരംപോലുള്ള വീടാണെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ അവിടെ എത്തുന്നവരുടെ എണ്ണം ഏറെയാണ്. പലരും വന്നന്വേഷിക്കും. റോഡരികില്‍തന്നെയുള്ള വീടിനുമുന്നില്‍നിന്ന് ഫോട്ടോയെടുക്കും. വീട്ടില്‍ ആളുണ്ടെങ്കില്‍ അകത്തുകയറിയടക്കം നോക്കും. കൊട്ടാരമല്ല, സാധാരണ വീടുമാത്രമാണതെന്ന് നേരില്‍ ബോധ്യപ്പെട്ട് മടങ്ങുകയും ചെയ്യും. അതൊരു പതിവായതുകൊണ്ട്, സംശയമില്ലാതെ വൈദ്യര്‍ വീട് ചൂണ്ടിക്കാണിച്ചുക്കൊടുത്തു. മാര്‍ച്ച് 30ന് അതേ വ്യദ്ധന്‍ വീണ്ടും കുഴമ്പ് വാങ്ങാന്‍ എത്തിയപ്പോഴും വൈദ്യര്‍ക്ക് പ്രത്യേക സംശയമൊന്നുമുണ്ടായില്ല.

ഏപ്രില്‍ മൂന്നിനാണ് നമ്പ്യാര്‍ പിണറായിയുടെ വീടിന് സമീപത്തുനിന്ന് പിടിക്കപ്പെട്ടത്. തലേദിവസം ഉച്ചയ്ക്കുമുമ്പ് വളയത്തുനിന്ന് വേങ്ങരോട്ട് ബിനുവിന്റെ ഓട്ടോ വിളിച്ച് ചെക്യാട് പുളിയാവ് റോഡിലെ ബാലകൃഷ്ണന്റെ വീട്ടില്‍ നമ്പ്യാര്‍ ചെന്നിരുന്നു. ബാലകൃഷ്ണന്‍ കൊല്ലപ്പണി നടത്തുന്നത് വീട്ടുമുറ്റത്തെ ആലയിലാണ്. എയര്‍ ഗണ്ണുമായി അവിടെ ചെന്നു. തോക്കിന്റെ ചില കുഴപ്പങ്ങള്‍ തീര്‍ക്കണമെന്നായിരുന്നു ആവശ്യം. ബാലകൃഷ്ണന്‍ വിസമ്മതിച്ചു. താന്‍തന്നെ ചെയ്തോളാമെന്നുപറഞ്ഞ നമ്പ്യാര്‍ ആലയിലിരുന്ന് കുറെ നേരം തോക്കില്‍ പണിയെടുത്തു. എയര്‍ ഗണ്ണാണ്, കുഴപ്പമൊന്നുമില്ല എന്നാണ് ബാലകൃഷ്ണനെ വിശ്വസിപ്പിച്ചത്. മറ്റു ജോലിക്കായി കരുതിവച്ചിരുന്ന കരി നമ്പ്യാര്‍ ഉലകത്തിച്ച് നശിപ്പിച്ചതായി ബാലകൃഷ്ണന്റെ വീട്ടുകാര്‍ ഓര്‍ക്കുന്നു. തോക്ക് ശരിയാക്കിയശേഷം കല്ലാച്ചിയിലേക്കാണ് പോയത്. ബിനുവിന്റെ ഒട്ടോയില്‍ത്തന്നെ. കൈയിലുള്ള തോക്കിനെക്കുറിച്ച് ബിനു തിരക്കിയപ്പോള്‍, "പക്ഷിയെ വെടിവയ്ക്കാ"നാണ് എന്നായിരുന്നു മറുപടി. കല്ലാച്ചിയിലെ ഒരു സര്‍ബത്ത് കടയ്ക്കു മുന്നിലാണ് നമ്പ്യാരെ ബിനു വിട്ടത്. ഇതിനു മുമ്പുതന്നെ, വടകരയിലെ ആലയ്ക്കല്‍ റെസിഡന്‍സി എന്ന ഹോട്ടലില്‍ നമ്പ്യാര്‍ മുറിയെടുത്തിരുന്നു. നൂറ്റിപ്പത്താം നമ്പര്‍ മുറിയിലാണ് താമസിച്ചത്. വളയത്തു വീടുള്ളയാള്‍ എന്തിന് വടകരയില്‍ താമസിക്കുന്നു എന്ന് റിസപ്ഷനിസ്റ്റ് ചോദിച്ചു. ബിസിനസ് ആവശ്യത്തിന് വന്നതാണ്, ഇടയ്ക്കിടെ പോയിവരാന്‍ പറ്റാത്തതുകൊണ്ടാണ് താമസിക്കുന്നത് എന്ന്മറുപടി. വൃദ്ധനായതുകൊണ്ട് അവിടെയും സംശയമുണ്ടായില്ല.

പകല്‍സമയത്ത് മുറിപൂട്ടി താക്കോലുംകൊണ്ട് പുറത്തുപോകും. തിരിച്ചെത്തിയാല്‍ കതകടച്ച് മുറയില്‍തന്നെ. കവുങ്ങിന്റെ കഷണങ്ങള്‍ കൂര്‍പ്പിച്ചുവച്ചത് പിന്നെ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളികളായ മേപ്പാടന്‍ പവിത്രനും അനില്‍കുമാറും ഏപ്രില്‍ മൂന്നിന് ജോലി കഴിഞ്ഞ് എരുവട്ടി പന്തക്കപ്പാറയില്‍ ബസിറങ്ങിയപ്പോള്‍ തലശേരി ഭഭാഗത്തുനിന്ന് മോട്ടോര്‍ ബൈക്കില്‍ വൃദ്ധനെ പുറകിലിരുത്തി ഒരു യുവാവ് എത്തി. മമ്പറത്തേക്കും പിണറായിയിലേക്കും പോകുന്ന വഴി അന്വേഷിച്ചു. അന്ന് രാത്രി എട്ടേമുക്കാലിനാണ് പിണറായി വിജയന്റെ വീടിന് മുന്നില്‍ റോഡരികില്‍ കൂട്ടിയിട്ട കുടിവെള്ള പൈപ്പിനിടയില്‍ സംശയകരമായി ഒരു പൊതി തിരുകി വയ്ക്കുന്ന വൃദ്ധനെ ആ പ്രദേശത്തെ ചെറുപ്പക്കാര്‍ പിടിക്കുന്നത്. 116 സെന്റീമീറ്റര്‍ നീളമുള്ള തോക്കും 43 സെന്റീമീറ്റര്‍ നീളമുള്ള മൂര്‍ച്ചയേറിയ വെട്ടുകത്തിയുമടങ്ങുന്ന പൊതി കണ്ടെത്തിയപ്പോള്‍, വൃദ്ധനെ തടഞ്ഞു നിര്‍ത്തി ധര്‍മടം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ആ ദിവസങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി പിണറായി വിജയന്‍ വീട്ടിലുണ്ടായിരുന്നു-കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍. അത് കൃത്യമായി മനസിലാക്കിയാണ് നമ്പ്യാരും കൂട്ടരും വധശ്രമം ആസൂത്രണംചെയ്തത്.

ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചാല്‍, സംശയരഹിതമായി തെളിയുന്ന ചില വസ്തുതകളുണ്ട്. ഒന്ന്: കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഒറ്റയ്ക്കല്ല വധഗൂഢാലോചന നടത്തിയത്. രണ്ട്: ആസൂത്രണത്തിന് തലസ്ഥാന നഗരംമുതല്‍ കര്‍ണാടക അതിര്‍ത്തിവരെ വ്യാപ്തിയുണ്ട്. മൂന്ന്: എത്ര അലഞ്ഞാലും അധ്വാനിച്ചാലും പിണറായിയെ വകവരുത്തിയേ അടങ്ങൂ എന്ന വാശി നമ്പ്യാര്‍ക്കുണ്ടായിരുന്നു. നാല്: ആര്‍എംപിയുടെ ഇടപെടല്‍ ആസൂത്രണത്തിലുണ്ട് എന്നതും നമ്പ്യാര്‍ക്ക് ദൃഢമായ ആര്‍എംപി ബന്ധമുണ്ട് എന്നതും. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പിടിക്കപ്പെട്ടശേഷമുള്ള ആര്‍എംപിയുടെയും പൊലീസിന്റെയും സമീപനങ്ങളും സമനില വിട്ട പ്രകടനങ്ങളും ഈ വസ്തുതകളെ സാധൂകരിക്കുന്നതാണ്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=289381#sthash.gSXufEE7.dpuf

Saturday, April 20, 2013

വെറുപ്പിന്റെ പ്രചാരകര്‍




""എല്ലാ തുറയിലുംപെട്ടവര്‍ എന്നെ വന്നു കാണുകയും എന്നോട് സംസാരിക്കുകയുംചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രെ!

""വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു."" ഈ വാക്കുകള്‍ വന്നത് മഹാശ്വേതാ ദേവിയില്‍നിന്നാണ്. ഒഞ്ചിയത്ത് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന മഹാസാഹിത്യകാരിയുടെ "കണ്ടെത്തല്‍" പ്രധാന വാര്‍ത്തകളില്‍ ഇടം നേടി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി സിപിഐ എമ്മിനെയും പിണറായി വിജയനെയും ബന്ധപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധബുദ്ധിശാലയില്‍ പിറന്ന ഈ കത്തിന്റെ ഉള്ളടക്കം മഹാശ്വേത അറിഞ്ഞുകാണണമെന്നില്ല. സിപിഐ എമ്മിനെതിരായ വാളായി അവരെ സി ആര്‍ നീലകണ്ഠന്‍ പൊട്ടിച്ചിരിച്ച് തള്ളിക്കൊണ്ടുവരുന്ന കാഴ്ച "മാതൃഭൂമി"യിലൂടെ കേരളം കണ്ടതാണ്.

"എന്റെ കണ്ണുകള്‍കൊണ്ടതു കാണുന്നതുവരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല" എന്നായിരുന്നു പിണറായിയുടെ വീടിനെക്കുറിച്ച് മഹാശ്വേതയുടെ കത്തില്‍. ""നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും......."" എന്നാണ് അതിന് പിണറായി മറുപടി നല്‍കിയത്. മഹാശ്വേതാ ദേവിയെ പിന്നീട് വടക്കന്‍കേരളത്തില്‍ കണ്ടിട്ടില്ല. അവരെ കൊല്‍ക്കത്തയില്‍നിന്ന് വിമാനത്തില്‍ കയറ്റി കൊണ്ടുവന്നവര്‍ പിന്നെ അക്കാര്യം മിണ്ടിയിട്ടുമില്ല.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും ബന്ധിപ്പിക്കാന്‍ നടത്തിയ നാടകങ്ങളില്‍ ഒന്നില്‍മാത്രമാണ് മഹാശ്വേത അഭിനയിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തായ ആളാണ് ചന്ദ്രശേഖരന്‍ എന്നതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ടിക്കുമേല്‍ ആരോപിക്കുന്നതിന് സൗകര്യമുണ്ട്. ചന്ദ്രശേഖരന്റെ പരിക്കേല്‍പ്പിക്കപ്പെട്ട ശരീരം ആശുപത്രിയിലെത്തുമ്പോള്‍തന്നെ ആക്രമണത്തില്‍ സിപിഐ എം പങ്കാളിത്തം ആരോപിക്കാന്‍ മത്സരിച്ചവരില്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമുണ്ട്. അന്വേഷണമോ വിശ്വസനീയമായ വിവരമോ തെളിവുകളോ ഇല്ലാതെ നടത്തിയ ആ വിധിയെഴുത്താണ് മാധ്യമങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്തത്.

2013 മാര്‍ച്ച് ഇരുപത്തഞ്ചിന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐ എമ്മിലെ പി കെ ഗുരുദാസന് രേഖാമൂലം നല്‍കിയ മറുപടിയില്‍ (ചോദ്യം1887) ഇങ്ങനെ പറയുന്നു: ""ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം മുഖ്യമന്ത്രി ഒരുതവണയും ആഭ്യന്തരമന്ത്രി മൂന്നു തവണയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മറ്റു രണ്ടു കേന്ദ്രമന്ത്രിമാരും മറ്റു ഏഴു സംസ്ഥാന മന്ത്രിമാരും ഒരു തവണ വീതവും ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി"". മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയെന്നും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയില്‍ വിശദീകരിക്കുന്നു. ടി പി ചന്ദ്രശേഖരനും ആര്‍എംപിയും പറയുന്നത് യുഡിഎഫ് വിരുദ്ധ രാഷ്ട്രീയമാണ്. പിന്നെങ്ങനെ സര്‍ക്കാരിനും മന്ത്രിപ്പടയ്ക്കും ചന്ദ്രശേഖരനോട് ഇത്രയും താല്‍പ്പര്യമുണ്ടായി എന്ന ചോദ്യത്തിനുത്തരം ആര്‍എംപിയോടുള്ള സ്നേഹംകൊണ്ട് എന്നല്ല. മറിച്ച്, സംഭവവുമായി സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള പശ്ചാത്തലസൗകര്യം അവര്‍ മനസ്സില്‍ കണ്ടു എന്നതാണ്.

മെയ് നാലിന് ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം ആരംഭിച്ച സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പിന്നെ ഇടവേളയുണ്ടായിട്ടില്ല. അതിന്റെ തീവ്രത കുറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളില്‍ മഹാശ്വേതയും ടീസ്റ്റ സെത്തല്‍വാദുമൊക്കെ ആര്‍എംപിയുടെ അതിഥികളാകുന്നു. അതല്ലാത്തപ്പോള്‍ "സ്തൂപം തകര്‍ക്കല്‍" പോലുള്ള നാടകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സിപിഐ എമ്മിനെ അടച്ച്, പാര്‍ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കളെ, കണ്ണൂരിലെ ചില നേതാക്കളെ, ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെത്തന്നെ.. ആസൂത്രിതമായ കുറ്റപ്പെടുത്തലുകളും പ്രചാരണങ്ങളുമാണ് അരങ്ങേറിയത്. ആര്‍എംപിയുടെ ആത്മീയ നേതൃത്വം ഏറ്റെടുത്ത കെ കെ രമയും നേതൃസ്ഥാനത്ത് അയോഗ്യന്‍ എന്ന് ആര്‍എംപിക്കാര്‍തന്നെ വിധിയെഴുതുന്ന എന്‍ വേണുവും പാതിവഴിയിലെവിടെയോ നുഴഞ്ഞുകയറിയെത്തി ആര്‍എംപിയുടെ താത്വികാചാര്യപ്പട്ടം സ്വയം അണിഞ്ഞ കെ എസ് ഹരിഹരനും ഇക്കഴിഞ്ഞ ഒരു കൊല്ലം നടത്തിയ പ്രസ്താവനകളിലുണ്ട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന്. പൊലീസന്വേഷണം സിപിഐ എമ്മിന്റെ പ്രമുഖരായ ചില നേതാക്കളിലേക്കെത്തിക്കാന്‍ അമ്പരപ്പിക്കുന്ന സമ്മര്‍ദമാണുണ്ടായത്. തെളിവിന്റെയോ യുക്തിയുടെയോ നേരിയ അംശംപോലും ഇല്ലാതിരുന്നിട്ടും പൊലീസ് സംഘം അതിന് ശ്രമിച്ചു- ഒടുവില്‍ ചെയ്യാവുന്നതത്രയും ചെയ്തു. എന്നിട്ടും പാര്‍ടിതലത്തിലേക്ക് എത്തിക്കാനായില്ല.

കെ എസ് ഹരിഹരന്‍ പ്രഖ്യാപിച്ചു: പിണറായിയാണ് ഒന്നാം പ്രതിയെന്ന്. പിണറായി വിജയന്‍ കേസ് വഴിമാറ്റാന്‍ ശ്രമിക്കുന്നുവെന്നും "ഉന്നത ബന്ധം" പുറത്തുകൊണ്ടുവരണമെന്നും കെ കെ രമ ആവര്‍ത്തിച്ചു. കേരളത്തിലെ ഏറ്റവുമധികം ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിക്കെതിരെ ആസൂത്രിതവും സംഘടിതവുമായ പ്രചാരണം ഏറ്റെടുത്തത് ആര്‍എംപി മാത്രമല്ല, യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളാകെയുമാണ്. കെ എസ് ഹരിഹരന്‍ എന്ന രാഷ്ട്രീയക്കോമാളിയെന്നുപോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രം മൈക്കിനുമുന്നില്‍ നിന്ന് പിണറായി വിജയനെതിരെ സംസ്കാരം തൊട്ടുതീണ്ടാത്ത പ്രകടനം ആവര്‍ത്തിച്ചു നടത്തിയപ്പോള്‍ ഊറിയ ചിരിയോടെ അതിന് പരമാവധി പ്രചാരം നല്‍കാന്‍ "സംസ്കാര സമ്പന്നരായ" മാധ്യമങ്ങള്‍ മത്സരിച്ചു. വെറുപ്പിന്റെ പ്രചാരണവും കൊലവിളികളും പ്രകോപന പ്രസംഗങ്ങളും തുടര്‍ച്ചയായി വന്നു.

സിപിഐ എം എന്ന പ്രസ്ഥാനം പക്ഷേ, സമചിത്തതയോടെയാണ് അതിനെ നേരിട്ടത്. നേരിയ പ്രകോപനംപോലും വിപല്‍ക്കരമായ പ്രത്യാഘാതത്തിലേക്ക് നാടിനെ നയിക്കുമെന്ന തിരിച്ചറിവില്‍, കണ്‍മുന്നില്‍ നടക്കുന്ന ആര്‍എംപി ആക്രമണത്തെപ്പോലും നിയമത്തിന്റെ വഴിയില്‍മാത്രം നേരിടാന്‍ പാര്‍ടി തയ്യാറായതുകൊണ്ടാണ്, ഒഞ്ചിയം മേഖലയില്‍നിന്ന് ഏകപക്ഷീയമായ സിപിഐ എം വിരുദ്ധ ആക്രമണങ്ങളുടെമാത്രം ഉറവയുണ്ടായത്. ചന്ദ്രശേഖരനെ ആഘോഷമാക്കിയത് വലതുപക്ഷമാധ്യമങ്ങളാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും ആര്‍എംപി നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ തിരുവനന്തപുരത്തെത്തുന്നതും സിപിഐ എമ്മിനെതിരായ വാര്‍ത്തകളാക്കി അവര്‍ അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ പോളിങ് നിലയേക്കാള്‍ പ്രാധാന്യം ഒഞ്ചിയത്തെത്തിയ വി എസിന് അവര്‍ നല്‍കിയത് വി എസിനോടോ ആര്‍എംപിയോടോ ഉള്ള മമതകൊണ്ടായിരുന്നില്ല- അത് യുഡിഎഫിന് സഹായകമാകും എന്ന ബോധ്യം കൊണ്ടായിരുന്നു.

വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കുന്ന, പലയാവൃത്തി കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ശരിയല്ലേ എന്ന സന്ദേഹമുയരുന്ന മനസ്സുകളിലേക്ക് സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന പ്രക്രിയയാണ് പടിപടിയായി വന്നത്. ചിലര്‍ അതില്‍ വീണു. ചിലര്‍ സിപിഐ എമ്മിനെതിരായ കടുത്ത ശത്രുതയുടെ വഴിയിലെത്തി. ഒളിഞ്ഞും തെളിഞ്ഞും സിപിഐ എമ്മിനെ ആക്രമിക്കാനുള്ള ആലോചനകള്‍ നടന്നു. അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇല്ലായ്മചെയ്യാനുള്ള പദ്ധതി ഒരുങ്ങിയത്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=288614#sthash.2PoNUW57.dpuf

Wednesday, April 17, 2013

ആര്‍എംപി എന്ന ട്രോജന്‍കുതിര




അറുപതോളം വെട്ടുകള്‍ വി പി വാസുവിന്റെ ശരീരത്തിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടുമുമ്പ് ഒഞ്ചിയം പ്രദേശത്ത് നടന്ന കുടികിടപ്പുസമരം അടിച്ചമര്‍ത്താന്‍ മുസ്ലിം ലീഗുകാരാണ് വാസുവിനെ വെട്ടിക്കൊന്നത്. ആ രക്തസാക്ഷി വാസുവിന്റെ സ്മാരകമായ സിപിഐ എം വൈക്കിലിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് വിഷുദിനത്തില്‍ ആര്‍എംപി സംഘം അടിച്ചുതകര്‍ത്തു. രക്തസാക്ഷിത്വത്തോട് "യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്കു"ള്ള ആദരവിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം എഴുപത്തൊന്‍പത് വീടുകളാണ് ആര്‍എംപിക്കാര്‍ ഈ മേഖലയില്‍ തകര്‍ത്തത്. എല്ലാം സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും. 12 സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു. അവയോടനുബന്ധിച്ച വായനശാലകളെയും ഗ്രന്ഥാലയങ്ങളെയും വെറുതെവിട്ടില്ല. കണക്കുകള്‍ പിന്നെയും നീളുന്നു- 22 കച്ചവട സ്ഥാപനങ്ങള്‍, 24 വാഹനങ്ങള്‍, നൂറോളം സ്തൂപങ്ങള്‍ ഇങ്ങനെ. നൂറോളം എന്ന കണക്ക് കൃത്യമല്ല- ഒരു സ്തൂപംതന്നെ പലവട്ടം ആക്രമിക്കപ്പെടുന്നു. നന്നാക്കിയ ഉടനെ രണ്ടാം തകര്‍ക്കല്‍. ഇതെല്ലാം നടന്നത് നാലു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊച്ചു പ്രദേശത്താണെന്നോര്‍ക്കണം. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ഇത്രയേറെ ആക്രമണം നടത്താന്‍ ആര്‍എംപിക്ക് കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യംതന്നെയാണ്.

ഇത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. സിപിഐ എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ പരക്കെ പ്രചരിപ്പിച്ചിരുന്നു. ""ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു"" എന്നാണ് അതിന് ആര്‍എംപിയും മാധ്യമങ്ങളും നല്‍കിയ വിശേഷണം. ""ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം"" എന്നും അവര്‍ വിശദീകരിച്ചു. ആ ബോംബാക്രമണം നടത്തിയത് ചന്ദ്രശേഖരന്റെതന്നെ നേതൃത്വത്തിലായിരുന്നു. അതിലുള്ള പ്രതിഷേധ യോഗത്തിലാണ് ഗോപാലകൃഷ്ണന്‍ വികാരപരമായി പ്രസംഗിച്ചത്. ആ പ്രസംഗം "വധഗൂഢാലോചനയായി" അതിശയോക്തിപരമായി അവതരിപ്പിക്കുമ്പോള്‍ വ്യക്തമാകുന്നത്, ആര്‍എംപിയുടെ ആക്രമണ രാഷ്ട്രീയം ഒഞ്ചിയംപ്രദേശത്തെ നേരത്തെതന്നെ അസ്വസ്ഥമാക്കിയിരുന്നു എന്നാണ്. ഒഞ്ചിയം ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി ടി കെ മോഹനനെ ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ചത് 2009 മേയിലാണ്. 2010 ല്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനുനേരെ ബോംബാക്രമണം നടത്തി. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍. അവയ്ക്ക് സ്വാഭാവികമായ ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളുമുണ്ടായി.

കമ്യൂണിസ്റ്റ് പൈതൃകവും ഇടതുപക്ഷത്തിന്റെ നൈര്‍മല്യവും ആദര്‍ശത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന ആര്‍എംപി ചെ ഗുവേരയെ പിടിച്ചാണ് ആണയിടാറുള്ളത്. "കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല" എന്നാണവരുടെ അഭിനവ ആസ്ഥാന മുദ്രാവാക്യം. ഒഞ്ചിയം എന്ന പേരുതന്നെ കമ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ പര്യായമാണ്. ആ പേരാണ്, പൊട്ടക്കിണര്‍ വിപ്ലവകാരികളുടെ വലിയ മൂലധനം. അവര്‍ ചെയ്യുന്നതോ? ഒഞ്ചിയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചരിത്രബോധമുള്ളവരുടെ മനസ്സില്‍ വരുന്ന ആദ്യപേര് മണ്ടോടി കണ്ണന്റേതാണ്. ഒഞ്ചിയത്തിന്റെ എക്കാലത്തെയും വിപ്ലവനായകന്‍. ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് ലോക്കപ്പ് മുറിയില്‍ ചോരയില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ചുവച്ച ധീരന്‍. ആ മണ്ടോടി കണ്ണന്റെ ഓര്‍ക്കാട്ടേരിയിലെ സ്മാരകം ആറുതവണയാണ് പരിശുദ്ധ ആര്‍എംപി സംഘം ആക്രമിച്ചത്. ഒഞ്ചിയം രക്തസാക്ഷി സ്മാരകവും കേളു ഏട്ടന്റെയും ഇ എം എസിന്റെയും പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയും പേരിലുള്ള മന്ദിരങ്ങളും സ്മാരകങ്ങളും തല്ലിത്തകര്‍ക്കാനും തീയിടാനും എറിഞ്ഞുപൊളിക്കാനും മടികാണിക്കാത്ത രാഷ്ട്രീയത്തെയാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് ആര്‍എംപി വിളിക്കുന്നത്. എളങ്ങോളിയിലെ കേളുവേട്ടന്‍ സ്മാരകം ആറുതവണയാണ് ആക്രമിച്ചത്. ജനലുകളും വാതിലുകളും തകര്‍ക്കുകമാത്രമല്ല, കരി ഓയില്‍ അഭിഷേകവും നടത്തി. മുയിപ്രയിലെ എ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു, കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. ഒഞ്ചിയത്തിന്റെ വികസനശില്‍പ്പി എന്നറിയപ്പെടുന്ന എം ആര്‍ നാരായണക്കുറുപ്പിന്റെ സ്മാരകം പലവട്ടം ആക്രമിച്ചു.

കോഴിക്കോടു ജില്ലയില്‍തന്നെയാണ് മാറാട്. അവിടെ കൂട്ടക്കൊലയ്ക്കു പിന്നാലെ ജനങ്ങളെ ആട്ടിയോടിച്ചു. കിടപ്പാടങ്ങള്‍ തകര്‍ത്തു. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടിവന്നു. ചന്ദ്രശേഖരന്‍ വധത്തിനുശേഷം സമാനസ്ഥിതിയാണ് ഒഞ്ചിയം മേഖലയില്‍ വന്നത്. കിടപ്പാടം നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും അനേകം. അവരുടെ മുറിവില്‍ ഉപ്പിടാനേ സര്‍ക്കാര്‍ എത്തിയുള്ളൂ. ഓര്‍ക്കാട്ടേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി കെ ബാലന്റെ വീട് പരിപൂര്‍ണമായാണ് നശിപ്പിച്ചു കളഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡുപോലും ചാമ്പലാക്കി. അന്ന്, സഹായഹസ്തവുമായി പാര്‍ടി എത്തിയില്ലെങ്കില്‍ തെരുവിലേക്കിറങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നാണ്, പുതുക്കിപ്പണിത വീടിന്റെ ഉമ്മറത്തിരുന്ന് ബാലന്‍ പറയുന്നത്.

ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരിയാണ് സി കെ കല്യാണി. ഇ എം എസ് ഭവന പദ്ധതിയനുസരിച്ചും പാര്‍ടിയുടെ സഹായത്തോടെയും അവര്‍ പണിത കൊച്ചുവീട് പാടേ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷത്തിന്റെ" കിങ്കരന്മാര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടായില്ല. ക്ലോസറ്റ് തകര്‍ക്കാന്‍ കഴിയാതായപ്പോള്‍ അതില്‍ കല്ല് കുത്തിക്കയറ്റി ഉപയോഗശൂന്യമാക്കിയാണ് സംഘം സ്ഥലംവിട്ടത്. ഇപ്പോള്‍ കല്യാണി അവശയാണ്. എങ്കിലും പുതുക്കിയ വീട്ടിലിരുന്ന്, ആക്രമണത്തിന്റെ ഭീകരതയോര്‍ത്ത് അവര്‍ കണ്ണീരണിയുന്നില്ല.

ഈ ആക്രമണങ്ങള്‍ ആര്‍എംപി ഒറ്റയ്ക്കാണ് നടത്തിയതെന്ന് കരുതിപ്പോയാല്‍ പരമാബദ്ധമാകും. ആര്‍എംപി ചെറിയൊരാള്‍ക്കൂട്ടംമാത്രം. അതിന് മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളുടെയാകെ പിന്തുണയുണ്ട്. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍നിന്നുള്ള സര്‍വവ്യാപിയായ സഹായമുണ്ട്. ആര്‍എംപി വളരേണ്ടത് യുഡിഎഫിന്റെ; വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് വിജയം നേടി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യമാണ്. ഇടതുപക്ഷ വോട്ടുകള്‍ ചിതറിച്ചുകളയാന്‍ ഒരു കോടാലിക്കൈ അവര്‍ക്കുവേണം. ലോക്സഭയിലേക്ക് ആര്‍എംപിക്കുവേണ്ടി മത്സരിച്ച് 21833 വോട്ടാണ് ചന്ദ്രശേഖരന്‍ നേടിയത്. വടകര മണ്ഡലത്തിലാകെയുള്ള ആര്‍എംപി സ്വാധീനം അത്രമാത്രമാണെന്നിരിക്കെ, ആ "പാര്‍ടി"യുടെ ദൗത്യം വളരെ വ്യക്തം- ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഒഞ്ചിയത്തെ പരുവപ്പെടുത്തുക എന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ സീറ്റുനിര്‍ണയചര്‍ച്ച രമേശ് ചെന്നിത്തലയുമായി നടത്തിയതും യുഡിഎഫ് വോട്ടുകള്‍ ആര്‍എംപിക്കായി മറിഞ്ഞതും ഏറാമലയില്‍ ജനതാദളിനോട് കലഹിച്ച് സിപിഐ എം വിട്ടവര്‍തന്നെ പിന്നീട് ജനതാദളുമായി ചേര്‍ന്ന് സിപിഐ എമ്മിനെതിരെ തിരിഞ്ഞതും തുടര്‍ചലനങ്ങള്‍.

തകര്‍ക്കപ്പെട്ട ഓഫീസുകളുടെയും സ്തൂപങ്ങളുടെയും എണ്ണത്തില്‍തന്നെ വായിച്ചെടുക്കാം മേഖലയിലെ സിപിഐ എമ്മിന്റെ ശക്തി. അത് തകര്‍ക്കാനുള്ള മോഹം വലതുപക്ഷത്തിന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നോളം കടന്നുകയറാന്‍ പറ്റാതിരുന്ന ചുവന്ന മണ്ണിലേക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊണ്ടിറക്കാനുള്ള ട്രോജന്‍ കുതിരയായി ആര്‍എംപി മാറുകയായിരുന്നു. വര്‍ഗീയവാദികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലുമ്പന്‍ ശക്തികള്‍ക്കും ഇന്ന് ആര്‍എംപിയുടെ കൊടി പിടിക്കാന്‍ കഴിയുന്നു. അവര്‍ സംഘടിതരായി സിപിഐ എമ്മിനുനേരെ തിരിയുമ്പോള്‍ അതിന് പൊലീസിന്റെ അകമ്പടിയുണ്ടാകുന്നു. സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആക്രമിച്ചാല്‍ കേസില്ല- അഥവാ ഉണ്ടെങ്കില്‍ ഏറ്റവും ദുര്‍ബലമായ വകുപ്പുകളാകും. അക്രമി സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തിലിറങ്ങും. ആര്‍എംപിക്കാരന്‍ അവരുടെതന്നെ സ്തൂപം തകര്‍ത്താല്‍, അവര്‍ ചുണ്ടിക്കാട്ടുന്ന സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പൊലീസ് പാഞ്ഞുചെല്ലും. അറസ്റ്റും ജാമ്യമില്ലാ വകുപ്പുകളും ജയിലിലടയ്ക്കലും പിന്നാലെ. ഒഞ്ചിയത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ ആര്‍എംപിയുടെ മൂശയില്‍ അടിച്ചുപരത്തപ്പെടുന്നതാണ്. വാഗ്ഭടാനന്ദന്റെയും മൊയാരത്ത് ശങ്കരന്റെയും കര്‍മഭൂമിയായിരുന്ന, മണ്ടോടി കണ്ണനടക്കമുളള ഒരുഡസന്‍ രക്തസാക്ഷികളുടെ ചോരവീണു ചുവന്ന ഒഞ്ചിയത്തെ ഇന്ന് എന്‍ വേണുവിന്റെയും കെ കെ രമയുടെയും നാടായി മാധ്യമങ്ങളില്‍ ചുരുക്കിക്കളഞ്ഞിരിക്കുന്നു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിമിത്തമാക്കി ആര്‍എംപിക്ക് ഉയിരും ഊര്‍ജവും നല്‍കാന്‍ പാഞ്ഞടുത്തവരുടെ നിര ശ്രദ്ധിച്ചാല്‍ ഒഞ്ചിയം എങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധ മാരകായുധ നിര്‍മാണത്തിന്റെ പരീക്ഷണശാലയായി എന്ന് മനസിലാക്കാം. ചന്ദ്രശേഖരനെ കൊന്നവരെ പിടിക്കുകയോ ശിക്ഷിക്കുകയോ ആയിരുന്നില്ല ആ പരീക്ഷകരുടെ ലക്ഷ്യം. ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നും വഴിയേ കേരളത്തില്‍നിന്നാകെയും ചെങ്കൊടി പറിച്ചെറിയുക എന്ന പടുകൂറ്റന്‍ അജന്‍ഡയാണവരെ നയിച്ചത്. അതിന്റെ ഭാഗമായി നടന്ന വെറുപ്പിന്റെ പ്രചാരണം സമൂഹത്തിന് ആഴത്തിലുള്ള മുറിവുകളാണേല്‍പ്പിച്ചത്.

(അവസാനിക്കുന്നില്ല)

Thursday, February 14, 2013

ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ



കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ളിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: "ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു''. മലയാളമനോരമ മുഖപ്രസംഗത്തിലൂടെ,  "ഒരു കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്'' എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. "നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.'' ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.

മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. "മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി''

കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. "താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റിന് വിഘാതമാകും'' ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.

ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: "ഷുക്കൂര്‍ വധക്കേസില്‍ അറസ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൌരവം, അറസ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്‍കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്യ്രത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്‍. ഹര്‍ജിക്കാരനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.''

ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൌസില്‍ മുഹമ്മദ് മകന്‍ പി പി അബു (30) നല്‍കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്‍കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന്‍ മുഹമ്മദ് സാബിര്‍. "ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.''

ഇത് വെറുതെ പറയുന്നതോ സൌഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്.

ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള്‍ നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ 'മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.
അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ 'പാര്‍ട്ടിക്കോടതി' യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന്‍ ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള്‍ ഉപയോഗിച്ചത്. മാര്‍ക്സിസ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് 'അക്രമി' പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക?

സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ളിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്‍കി.



 ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില്‍ സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റുകാരെ, 'കാരായി'മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്. ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.

Thursday, December 20, 2012

മണിയും മഅ്ദനിയും മനുഷ്യരല്ലേ







പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്ന കുറ്റവാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോവുകയാണ്. അതിനവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൌകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അതേസമയം, ഇടുക്കിയിലെ ഹൈറേഞ്ചില്‍ തോട്ടംതൊഴിലാളികള്‍ക്കുനേരെ നടന്ന കടുത്ത ആക്രമണങ്ങളെയും അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പിനെയുംകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ എം എം മണി ജാമ്യം നിഷേധിക്കപ്പെട്ട് പീരുമേട് ജയിലില്‍ തുടരുകയാണ്. പ്രത്യക്ഷത്തില്‍തന്നെ വ്യാജതെളിവുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് ബോധ്യമാകുന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനി എന്ന മനുഷ്യന്‍ അനന്തമായി തടവറയില്‍ കഴിയുന്നു- വേദനയും പീഡയും കുടിച്ചുവറ്റിക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ പി മോഹനന്‍ മാസ്റര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെട്ടത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് തെളിവോടെ പിടിക്കപ്പെട്ടിട്ടല്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചെന്നു എന്നു പറയുന്ന ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു കോള്‍ മറയാക്കിയാണ് അറസ്റുണ്ടായത്- ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുന്നത്.


കേരളത്തിലും ഇന്ത്യയിലും ഭരണകൂടഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെച്ചൂണ്ടി, നിരവധി കൊലക്കേസുകള്‍ക്ക് നേതൃത്വം നല്‍കിയ ആളെന്ന് കൂട്ടുപ്രതിതന്നെയാണ് പരസ്യമായി പറഞ്ഞത്. ആ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ച് പുറത്തുവന്ന തെളിവുകളും അനിഷേധ്യമായി നിലനില്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് ദൃക്സാക്ഷിയാണ് താനെന്ന് വെളിപ്പെടുത്തിയതും സുധാകരനാണ്. പ്രശാന്ത്ബാബു എന്ന മുന്‍ സഹായിയുടെ തുറന്നുപറച്ചിലനുസരിച്ച് സുധാകരനെതിരെ കൊലക്കേസ് ചുമത്താന്‍ തലയ്ക്ക് വെളിവുള്ള പൊലീസ് അറച്ചുനില്‍ക്കേണ്ടതില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രണ്ടുവട്ടം പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങുന്നില്ല. പൊതുയോഗം വിളിച്ച് പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഇരട്ടക്കൊലപാതകക്കേസില്‍, പരസ്യാഹ്വാനം നല്‍കിയ മുസ്ളിംലീഗ് എംഎല്‍എ പ്രതിയേ ആയില്ല.


നിയമത്തിന്റെ സാങ്കേതികത്വമുന്നയിച്ചുള്ള മറുപടികളും വിശദീകരണങ്ങളും ഉണ്ടാകാം. അതെന്തായാലും ഈ കാണുന്ന വൈരുധ്യങ്ങള്‍ അനീതിയാണ്. നീതിപീഠത്തെക്കൊണ്ട് അനീതി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നഗ്നമായി ഇടപെടുകയാണ്. കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ലൊത്തേറോ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്ക് സാധാരണനിലയില്‍ വിചാരണ കഴിയാതെ ജാമ്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍കേസില്‍ പ്രതിചേര്‍ത്ത ഒരാള്‍പോലും ജാമ്യത്തിലിറങ്ങാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ വിചാരണ അതിവേഗമാക്കിയത്. വിചാരണ കഴിഞ്ഞ് വെറുതെ വിട്ടാലും പി മോഹനന്‍ ഉള്‍പ്പെടെയുള്ള ഏതാനും സിപിഐ എം നേതാക്കളെ അതുവരെ ജയിലില്‍ കിടത്തി സംതൃപ്തിയടയാനാണത്്.
പി മോഹനനും കാരായി രാജനുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളവരാണ്. അവര്‍ ജയിലിലായലും പുറത്തായാലും ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകില്ല. വിശ്വസനീയമായ തെളിവിന്റെ തുരുമ്പുപോലുമില്ലാതെ അവരെ തുറുങ്കിലടച്ച്, ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞ അതേകൂട്ടര്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിദേശികളെ ക്രിസ്മസ് ആഘോഷത്തിനായി വിമാനം കയറ്റിവിടുന്നതിനെ ഏതുഭാഷയിലാണ് ന്യായീകരിക്കാനാവുക? ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നും (ഇറ്റാലിയന്‍ സര്‍ക്കാരിന് ആറുകോടിയല്ല; അറുപതുകോടിയായാലും എന്തു പ്രശ്നം) ജനുവരി പത്തിനകം തിരിച്ചെത്തണമെന്നമുള്ള ജാമ്യവ്യവസ്ഥയുണ്ട്.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ആറുവര്‍ഷമായിട്ടും ഇന്നുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കനേഡിയന്‍ പൌരനായ ക്ളൌസ് ട്രിന്‍ഡലിനും കനേഡിയന്‍ കമ്പനിക്കും വാറന്റ് കൈമാറാന്‍പോലും ഇന്ത്യാ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ചാരക്കപ്പല്‍കേസില്‍ കോടതിയുടെ അനുവാദത്തോടെ ഫ്രാന്‍സിലേക്കയച്ച പ്രതികള്‍ പിന്നെ തിരിച്ചുവന്നിട്ടില്ല. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പും എവിടെപ്പോയെന്ന് സിബിഐക്ക് അറിയില്ല- പിന്നെ അന്വേഷിച്ചിട്ടുമില്ല. ഈ അനുഭവങ്ങളെല്ലാം ഉണ്ടായിരിക്കെയാണ്, ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ രണ്ട് കൊലപാതകികളെ ഇറ്റലിയിലേക്ക് വിടുന്നത്. ഇറ്റലിയുടെ ഉറപ്പ് വിശ്വസിച്ച് ജാമ്യം നല്‍കട്ടെ എന്ന നിലപാടാണ് യുപിഎ നേതൃത്വം എടുത്തത്്.
മതപണ്ഡിതനും ശാരീരികമായി കടുത്ത അവശതയുള്ളയാളുമാണ് അബ്ദുള്‍നാസര്‍ മഅ്ദനി. അദ്ദേഹത്തെ തുറുങ്കിലടച്ചശേഷം നിരവധി ആഘോഷവേളകള്‍ കടന്നുപോയി. റമദാന്‍നിലാവ് തെളിയുകയും അസ്തമിക്കുകയും ചെയ്തു. മഅ്ദനിക്ക് പെരുന്നാളാഘോഷിക്കാനോ നോമ്പുനോല്‍ക്കാനോ ജാമ്യം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചികിത്സ കിട്ടാനും മാന്യമായ പെരുമാറ്റം ഉറപ്പിക്കാനുമുള്ള ആവശ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. ആ മഅ്ദനിക്കുവേണ്ടി ഇടപെടാനോ ഒരിറ്റ് കണ്ണീരുപൊഴിക്കാനോ തയ്യാറാകാത്തവരുടെ മനസ്സ് ഇറ്റലിക്കാര്‍ക്കുവേണ്ടി തപിക്കുന്നു- ക്രിസ്മസ് കേക്ക് മുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറാകുന്നു.


നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കലോ ദുരുപയോഗംചെയ്യലോ ആണിത്്. കണ്‍മുന്നിലെത്തുന്ന തെളിവുകളും വസ്തുതകളുംവച്ചേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയുടെ തീര്‍പ്പുകളിലേക്കുകൂടി കുരുക്കെറിയുന്നത് നീതിന്യായവ്യവസ്ഥയെ മറികടക്കാന്‍ ഉദ്ദേശിച്ചാണ്. എം എം മണിയും മോഹനന്‍ മാസ്ററുമുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളും അബ്ദുള്‍നാസര്‍ മഅ്ദനിയും അന്യായമായി തുറുങ്കിലടയ്ക്കപ്പെടാന്‍ ഒത്താശചെയ്തവരുടെ ഇറ്റാലിയന്‍സ്നേഹം ചോദ്യംചെയ്യപ്പെടണം.
ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന അവശരും വൃദ്ധരും രോഗികളുമായവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്കുപോലും പരോള്‍ നിഷേധിക്കുന്നു. ആ അനുഭവമുള്ള നാട്ടിലാണ്, കൈയോടെ പിടിക്കപ്പെട്ട രണ്ട് വിദേശി ക്രിമിനലുകളെ അല്ലലുമാശങ്കയുമില്ലാതെ ആഘോഷച്ചടങ്ങിലേക്ക് പറത്തിവിടുന്നത്.

 കൊലപാതകം കറുത്തതൊലിയുള്ളയാള്‍ നടത്തിയാലും വെളുത്തയാള്‍ നടത്തിയാലും ഒരേകുറ്റംതന്നെ. മഅ്ദനി ആരെയും കൊന്നതായി തെളിവില്ല- ഇറ്റലിക്കാര്‍ കൊന്നതിന് തെളിവുണ്ട്. ഇറ്റലിക്കാര്‍ കൊന്നുതള്ളിയ രണ്ടു പാവങ്ങളുടെ ആശ്രിതര്‍ക്ക് ക്രിസ്മസ് കണ്ണീരിന്റേതാണ്. അവരോടില്ലാത്ത മമത കൊലപാതകികളോടുണ്ടാകുന്നത് നീതിന്യായവ്യവസ്ഥയെ അവഹേളിക്കലാണ്; ദുരുപയോഗിക്കലാണ്. മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്- ആ മനുഷ്യനെ കൊടുംപീഡനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള സൌമനസ്യം കോണ്‍ഗ്രസിനില്ല. എം എം മണിക്ക് ജാമ്യം ലഭിക്കുന്നതിനെ കോടതിയില്‍ച്ചെന്ന് പേര്‍ത്തും പേര്‍ത്തും എതിര്‍ക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസാണ്. മോഹനന്‍ മാസ്റര്‍ ഇറങ്ങാനേ പാടില്ല എന്നുറപ്പിക്കാനാണ് പൊലീസ് വെപ്രാളപ്പെടുന്നത്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും കാര്യത്തില്‍ അതേദുഷ്ടബുദ്ധിയായിരുന്നു പ്രയോഗിച്ചത്. അപകടകരമായ ഇരട്ടത്താപ്പാണിത്. മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും- ജനങ്ങള്‍ക്കുമുന്നില്‍.

Tuesday, December 18, 2012

കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍

"അതേസമയം, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറയാത്ത കാര്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോടതി വിമര്‍ശിച്ചു" എന്ന് മനോരമ ഓണ്‍ലൈനില്‍ "ലാവ് ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജിയില്‍ 24ന് വിധിപറയും" എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്തയില്‍ കാണുന്നു. എസ്എന്‍സി ലാവ് ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം മാധ്യമങ്ങള്‍ കോടതിയുടെ നിരീക്ഷണമാക്കി അവതരിപ്പിച്ചതിനെപ്പറ്റിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തുറന്ന വിമര്‍ശമുന്നയിച്ചത്. തുറന്ന കോടതിമുറിയിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കാണുമ്പോള്‍ ന്യായാധിപന്മാര്‍ അമ്പരന്നുപോകുന്ന അവസ്ഥ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല മലയാള മനോരമ പത്രവും കോടതി നടപടി തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍, ലാവ് ലിന്‍ കമ്പനിക്കും അതിന്റെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമുള്ള പതിവു പല്ലവിയാണ് അന്ന് സിബിഐ നിരത്തിയത്. പിണറായി വിജയന്‍ കേസില്‍ ഹാജരാകുന്നില്ലെന്നും അതുകൊണ്ട് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. ആ വാദം ഖണ്ഡിച്ച കോടതി, വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. അത് മൂടിവച്ച് സിബിഐയുടെ വാദം കോടതിയുടെ നിരീക്ഷണമാക്കി ചിത്രീകരിച്ച് "ലാവ്ലിന്‍ വിവാദം" കൊഴുപ്പിക്കാന്‍ സംഘടിതമായി നടത്തിയ മാധ്യമശ്രമമാണ് കോടതിയെ അമ്പരപ്പിച്ചതും പരസ്യമായ അഭിപ്രായപ്രകടനത്തിലേക്ക് നയിച്ചതും.

മാധ്യമങ്ങള്‍ വ്യക്തമായ താല്‍പ്പര്യങ്ങളും അജന്‍ഡകളും വാര്‍ത്തകളില്‍ പ്രയോഗിക്കുമ്പോള്‍ കോടതികള്‍ പോലും തെറ്റായ നിഗമനങ്ങളിലേക്കും തീര്‍പ്പുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. പൊതുസമൂഹത്തില്‍ അയഥാര്‍ഥമായ സൂചനകളും ചിത്രങ്ങളും സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് ഇത്തരം മാധ്യമ ഇടപെടലുകള്‍. കോടതിയെ എങ്ങനെ മാധ്യമങ്ങള്‍ കാണുന്നു; കോടതികള്‍ എങ്ങനെ മാധ്യമങ്ങളെ സമീപിക്കുന്നു എന്ന ചര്‍ച്ച സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഏതാനും മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പൊലീസിന്റെയും സര്‍ക്കാരിന്റെയും പരിപൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ടായിരുന്നു. സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത ഫോണില്‍ നിന്ന്, സഹപ്രവര്‍ത്തകരെ വിളിക്കുന്നതിനേക്കാള്‍ ആവേശത്തോടെ ഏതാനും മാധ്യമപ്രവര്‍ത്തകരോടാണ് ഒരു പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് "ദേശാഭിമാനി"യാണ്. കുറ്റം ചെയ്ത പൊലീസുകാരനെയും നിയമവിരുദ്ധമായി അയാളില്‍ നിന്നു ലഭിക്കുന്ന അര്‍ധസത്യവും അസത്യവും തുടരെ വായനക്കാര്‍ക്കു വിളമ്പിയ മാധ്യമങ്ങളെയും മഹത്വപ്പെടുത്താനും സത്യസന്ധമായ വാര്‍ത്ത എഴുതിയ "ദേശാഭിമാനി"യെ പ്രതിക്കൂട്ടിലെത്തിക്കാനുമാണ് അന്ന് സര്‍ക്കാര്‍ തയ്യാറായത്.

യുഡിഎഫ്- മാധ്യമ കൂട്ടുകെട്ട് നീതിന്യായവ്യവസ്ഥയ്ക്കും അതിന്റെ തീര്‍പ്പുകള്‍ക്കുമുള്ള അച്ചുകള്‍ നിര്‍മിച്ചു നല്‍കുകയാണ്. ന്യായാധിപന്മാര്‍ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരാണ്. മുന്നിലെത്തുന്ന തെളിവുകള്‍ക്കൊപ്പം അനുനിമിഷം മനസ്സിലേക്ക് കുത്തിത്തിരുകപ്പെടുന്ന ഏകപക്ഷീയമായ വാര്‍ത്തകളും അവരുടെ തീര്‍പ്പുകളെ സ്വാധീനിച്ചെന്ന് വരാം. ആ സാധ്യത സമര്‍ഥമായി ഉപയോഗിക്കാനുള്ളതാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും കണ്ണൂരില്‍ അരിയിലെ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും ഉണ്ടായ മാധ്യമ ഇടപെടലുകള്‍. തുറന്ന കോടതിയില്‍ ന്യായാധിപന്‍ പറയാത്ത കാര്യങ്ങള്‍ "വിശ്വസനീയമാംവണ്ണം" റിപ്പോര്‍ട്ട് ചെയ്ത് ന്യായാധിപനെത്തന്നെ അമ്പരപ്പിച്ച മാധ്യമങ്ങള്‍ക്ക് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നത് കൂടുതല്‍ എളുപ്പമാകും. ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ, ചോദ്യംചെയ്യപ്പെടുന്നതും വെല്ലുവിളിക്കപ്പെടുന്നതും സമൂഹത്തിന്റെ നീതിബോധവും വിവേകബുദ്ധിയുമാണെന്ന് വലതുപക്ഷ മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അതിന്റെ ആത്യന്തികമായ അപകടത്തെ കുറിച്ച് അവര്‍ ബോധവാന്മാരല്ല.

ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ട്ടി കോടതി" എന്ന പ്രയോഗം കൊണ്ടുവന്നത് മനോരമ, മാതൃഭൂമി പത്രങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ചേര്‍ന്നാണ്. ഒരു സംഘര്‍ഷത്തിനിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ "ആസൂത്രിത കൊലപാതക"മാക്കി മാറ്റാനുള്ള രാസപ്രവര്‍ത്തനം നടന്നത് മാധ്യമ- യുഡിഎഫ് ഗവേഷണശാലയിലാണ്. അങ്ങനെ ചെയ്തിട്ടും സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ കുരുക്കാനാകില്ലെന്ന് വന്നപ്പോള്‍, അവിശ്വസനീയമായ കാപട്യത്തിന്റെ വഴിയിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ നയിച്ചു. അങ്ങനെയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷും പ്രതിപ്പട്ടികയിലെത്തിയത്. അവര്‍ ഇരുവരെയും പെടുത്താന്‍ പൊലീസ് കൊണ്ടുവന്നത് രണ്ടു കള്ളസാക്ഷികളെയാണ്. സര്‍സയ്യിദ് ഹൈസ്കൂളിലെ പ്യൂണ്‍ കപ്പാലത്തെ പഴയപുരയില്‍ അബു, കേയീസാഹിബ് കോളേജ് പ്യൂണ്‍ അള്ളാംകുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ.

ഫെബ്രുവരി 20നു തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വാതില്‍ പകുതി തുറന്നുവച്ച് സിപിഐ എം അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടെന്ന് ഇവര്‍ നല്‍കിയ മൊഴിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും തുറുങ്കിലടയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആധാരമാക്കിയ "തെളിവ്". ആ ഫോണ്‍ സംഭാഷണം ഇരുനേതാക്കളും കേട്ടിട്ടുണ്ടാകുമെന്നും അങ്ങനെ കേട്ടിട്ടും ഒന്നും ചെയ്യാത്തത് അപരാധമെന്നും കേസ്. ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചേ തീരൂ എന്ന് പൊലീസിന്റെ വാശി. അറസ്റ്റിന് ന്യായീകരണവുമായി മാധ്യമങ്ങള്‍ രംഗത്തുവന്നു. കുറ്റാരോപണത്തിലെ യുക്തിഹീനതയല്ല, അറസ്റ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതാണ് വമ്പന്‍ വാര്‍ത്തയായത്്- സിപിഐ എമ്മിന്റെ "അപരാധ"മായത്. ജയരാജന് ജാമ്യം നിഷേധിക്കാന്‍ കാരണം പോലുമായത്.

ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്. തീര്‍ച്ചയായും, നേതാക്കളെ അന്യായമായി കേസില്‍ കുരുക്കി ജയിലിലടയ്ക്കാന്‍ സാഹചര്യമൊരുക്കിയ വാര്‍ത്താ ഭാവനകളുടെ സ്രഷ്ടാക്കളും അതില്‍ ഭ്രമിച്ചുപോയവരുമാകെ ഉത്തരം പറയേണ്ട പ്രശ്നങ്ങളാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

ഷുക്കൂര്‍ കേസുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു വിഷയവും സൂചിപ്പിക്കേണ്ടതുണ്ട്. ആ കേസില്‍ സിപിഐ എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുന്നതിനായി പൊലീസ് പ്രയോഗിച്ച മൂന്നാം മുറയ്ക്കെതിരായി വന്ന കോടതി ഇടപെടലാണത്. കെ വി സുമേഷ് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷനിലാണ് പ്രാകൃതമായ മൂന്നാം മുറയ്ക്ക് ഇരയാക്കിയത്. മെയ് 31നു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സുമേഷിനെ മൂന്നു ദിവസത്തിനുശേഷമാണ് ജയിലില്‍ എത്തിച്ചത്. അതുവരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. അവിടെ, സുമേഷിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കുത്തിക്കയറ്റിയതടക്കമുള്ള മര്‍ദനമുറകള്‍ അരങ്ങേറി. പരാതികളും വാര്‍ത്തകളും യുഡിഎഫ് സര്‍ക്കാരും പൊലീസും വലതുപക്ഷ മാധ്യമങ്ങളും പൂഴ്ത്തിവച്ചു. "മലദ്വാരത്തില്‍ കമ്പി കയറ്റിയ" പൊലീസിനെ കുറിച്ചുള്ള പരാതിയെയും പരാമര്‍ശങ്ങളെയും ക്രൂരമായി പരിഹസിച്ചു തള്ളി. ഇപ്പോഴിതാ, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കെ വി സുമേഷ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിക്കുകയും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നു. പരിക്കുപറ്റിയത് പൊലീസില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണെന്ന് മജിസ്ട്രേട്ട് ചോദിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ച കോടതി മൂന്നാം മുറ നടന്നെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. മര്‍ദകവീരന്മാരായ ഉദ്യോഗസ്ഥര്‍ ഇനി വിചാരണ നേരിടണം.

വലതുപക്ഷ മാധ്യമങ്ങളുടെയും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെയും ആസൂത്രിതപ്രവര്‍ത്തനത്തിലൂടെ നീതിന്യായസംവിധാനത്തെ "വളച്ചൊടിക്കാന്‍" കഴിയുന്നില്ലെന്നതിന്റെ സൂചനകളാണ് ഇത്. എന്നാല്‍, കോടതികളെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനുള്ള ആഗ്രഹത്തിനും പ്രയത്നത്തിനും അവര്‍ അവധി കൊടുക്കുന്നില്ല. കണ്ണൂരിലെ കെ ടി ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണ തീരുമാനം അത്തരത്തിലൊന്നാണ്. സുപ്രീംകോടതി തീര്‍പ്പാക്കിയ കേസ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുത്തിപ്പൊക്കുന്നതിനു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കേസില്‍ പിടിയിലായ ഒരാള്‍ പൊലീസിനോട് പറഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന ചില കാര്യങ്ങളാണ്. അതുവച്ച് പുനരന്വേഷണം, മാധ്യമവാര്‍ത്തകള്‍, പുതിയ പ്രതികളെ കണ്ടെത്തല്‍.

വിചാരണക്കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ച കേസാണ് ജയകൃഷ്ണന്‍ വധം. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വധശിക്ഷ ഇളവുചെയ്യപ്പെട്ടതും നാലുപേര്‍ വിട്ടയക്കപ്പെട്ടതും. അഞ്ചുപേര്‍ക്ക് കൂട്ട വധശിക്ഷ ലഭിച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ നല്‍കിയ സാക്ഷിമൊഴിയുടെ ബലത്തിലാണെന്ന് അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ഇപ്പോള്‍ പുനരന്വേഷണം വരുമ്പോള്‍, ആ പിഞ്ചുകുഞ്ഞുങ്ങളുടെ മൊഴി തെറ്റായിരുന്നെന്ന് വരുന്നു. പ്രതിക്ക് ശിക്ഷ വിധിക്കാന്‍ പാകത്തില്‍ വ്യാജ മൊഴി കോടതിയില്‍ നല്‍കിയവര്‍ക്ക്, പ്രതിക്ക് വിധിച്ച അതേ ശിക്ഷ ലഭിക്കാന്‍ പോലും അര്‍ഹതയുണ്ടെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേകത. കോടതിയുടെ തീര്‍പ്പുകളും സാക്ഷിമൊഴികളുടെ വിശ്വാസ്യതയുമാകെ തകര്‍ക്കാന്‍ ഒരാള്‍ നല്‍കിയെന്ന് ഉറപ്പില്ലാത്ത മൊഴി മതിയെന്നത് അപകടമായ കീഴ്വഴക്കമായി മാറും. പരമോന്നത കോടതിയുടേത് ഉള്‍പ്പെടെയുള്ള തീര്‍പ്പുകള്‍ക്ക് തുരങ്കംവയ്ക്കാന്‍, പൊലീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൊഴി മതിയെങ്കില്‍, ഇന്നു നടക്കുന്ന നിയമവ്യവഹാരങ്ങളാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടും. അന്വേഷണവും വിചാരണയും ശിക്ഷാവിധിയും പൂര്‍ത്തിയായ ഏതു കേസും അതതു ഘട്ടത്തിലെ ഭരണാധികാരികളുടെ ഇച്ഛയ്ക്കും രാഷ്ട്രീയ താല്‍പ്പര്യത്തിനും അനുസരിച്ച് പുനരന്വേഷിക്കപ്പെടാം. അങ്ങനെ വന്നാല്‍, കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണു   വധക്കേസിലെ കൂട്ടുപ്രതി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ കെ സുധാകരനെ കല്‍ത്തുറുങ്കിലേക്ക് നയിക്കും. കേസുകള്‍ ഒന്നില്‍ ഒതുങ്ങുകയുമില്ല. ആര്‍ക്കും എപ്പോഴും "വെളിപ്പെടുത്തല്‍ താര"മാകാം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്, സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു കേസ് വേണം. ടി പി ചന്ദ്രശേഖരന്‍ കേസിന്റെ ആഘോഷം പുതിയ പരീക്ഷണങ്ങളിലേക്ക് അവരെ നയിക്കുകയാണ്്. ഈ പ്രവണത, നീതിന്യായവ്യവസ്ഥയുടെയും ഭരണസംവിധാനത്തിന്റെയും പച്ചയായ ദുരുപയോഗമായി തിരിച്ചറിയപ്പെടുന്നുണ്ട്. അത് എക്കാലത്തേക്കും അപകടമാണ്. മാധ്യമങ്ങള്‍ മൂടിവച്ചതുകൊണ്ട് അത്തരം നീക്കം തിരിച്ചറിയപ്പെടാതിരിക്കില്ലെന്നാണ്, സമീപനാളുകളിലെ കോടതി ഇടപെടലുകളില്‍ ചിലതെങ്കിലും തെളിയിക്കുന്നത്.

Wednesday, March 30, 2011

തികച്ചും വ്യക്തിപരം

'ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ഒടുങ്ങാനേ ഉള്ളൂ നിന്റെ ഈ ജീവിതം' എന്ന് സുധീഷ് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കെ വി സുധീഷ് എന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ; സഖാവിന്റെ വെട്ടിനുറുക്കപ്പെട്ട ശരീരം മനസ്സിലേക്ക് കടന്നവരുമ്പോഴെല്ലാം അങ്ങനെയൊരു ചിന്തയും മനസ്സിലുണ്ടാകും. അതിനെ ഭയപ്പാടോടെയല്ല നേരിട്ടിട്ടുള്ളത്. ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ജീവന്‍ കോര്‍ക്കപ്പെട്ടാലും അതിന് ഒരന്തസ്സുണ്ട്. രാഷ്ട്രീയ ശത്രുവിനോട് ഏറ്റുമുട്ടിയുള്ള മരണമാകുമല്ലോ അത്.

ഇന്നലെ മനോരമ ന്യുസില്‍ വന്ന ഒരുചര്‍ച്ചയെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ സത്യത്തില്‍ ആത്മനിന്ദയാണ് തോന്നിയത്. പെയിഡ് ന്യൂസിനെക്കുറിച്ചായിരുന്നുവത്രെ ചര്‍ച്ച. അതില്‍ എന്‍ എം പിയേഴ്സണ്‍ എന്ന 'മാധ്യമ ചിന്തകന്‍' പെയിഡ് ന്യൂസിന്റെ പ്രയോക്താക്കളായി വിശേഷിപ്പിച്ച രണ്ടുപേര്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനായ ആര്‍ എസ് ബാബുവുമാണ്. ഞങ്ങള്‍ ഇരുവരും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍എസ് ബാബു സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റാണ്. ഞാന്‍ അസോസിയേറ്റ് എഡിറ്റര്‍. ഞങ്ങള്‍ ദേശാഭിമാനിയിലേ എഴുതാറുള്ളൂ (മറ്റ് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലും).സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും വേണ്ടിയല്ലാതെ ഒരക്ഷരം ഞങ്ങളില്‍നിന്ന് ഉതിര്‍ന്നിട്ടില്ല. അങ്ങനെ എഴുതാന്‍വേണ്ടി ഞങ്ങള്‍ക്ക് ദേശാഭിമാനി ശമ്പളവും മറ്റ് സൌകര്യങ്ങളും നല്‍കുന്നുണ്ട്.
ദേശാഭിമാനിയില്‍, പത്രത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ എഴുതാനാവുകയുമില്ല. ആ നിലയ്ക്ക്, ഞങ്ങള്‍ക്ക് പണംതന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിക്കുന്നത് എന്ന് പറയാം. അതാണോ പെയിഡ് ന്യൂസ്?

മനോരമ ചാനലിന്റെ പരിപാടി കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, നിരവധിപേര്‍ വിളിച്ചു പറഞ്ഞു. കേസ് കൊടുക്കണമെന്നും പറഞ്ഞു. സാധാരണ ആ ചര്‍ച്ച രാത്രി പന്ത്രണ്ടുമണിക്ക് പുനഃസംപ്രേഷണം ചെയ്യാറുണ്ട്. പക്ഷെ ഇന്നലെ അതുണ്ടായില്ല. രാവിലെ ചാനലിന്റെ തലപ്പത്തുള്ള ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍," മനോജിനെ കൂടുതല്‍ പ്രയാസപ്പെടുത്തേണ്ടതില്ല എന്നു കരുതി പുനഃസംപ്രേഷണം വേണ്ടന്നുവെച്ചു'' എന്നാണ് പറഞ്ഞത്. 'കേസ് ഒഴിവാക്കാന്‍വേണ്ടി അങ്ങനെ ചെയ്തു എന്ന് പറയുന്നതല്ലേ നല്ലത്' എന്ന് തിരിച്ചുചോദിച്ചപ്പോള്‍ ചിരി ആയിരുന്നു ഉത്തരം.

പിയേഴ്സണ്‍ എന്ന മാധ്യമ ചിന്തകനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; അദ്ദേഹം എന്നെയും. ചാനല്‍ ചര്‍ച്ചകളിലും മലയാളം വാരിക പോലുള്ള ആനുകാലികങ്ങളിലെ ലേഖനങ്ങളിലും കണ്ടാണ് അദ്ദേഹത്തെ എനിക്ക് പരിചയം. എന്നെക്കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനോരമയുടെ ആങ്കര്‍ വേണുവാകട്ടെ, പിയേഴ്സന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാനും അതിന് മറുപടി ഇല്ലാതെ നോക്കാനുമാണ് ശ്രദ്ധിച്ചുകണ്ടത്. ഞാന്‍ വലിയതോതില്‍ സമ്പാദ്യമുണ്ടാക്കി എന്നാണത്രെ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് തെളിയിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഞാന്‍ എന്തുസമ്പാദിച്ചു, എവിടെ, എത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദയവായി രണ്ടുകൂട്ടരും വെളിപ്പെടുത്തണം. അനധികൃതമായോ അധികൃതമായോ എന്ത് സമ്പാദ്യമുണ്ടാക്കിയാലും അത് പറയട്ടെ. തെളിയിക്കുകയൊന്നും വേണ്ട-വെറുതെ പറഞ്ഞാല്‍ മതി. തെളിയിക്കാനുള്ള ബാധ്യത ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അതല്ല, മാന്യതയും മര്യാദയുമുണ്ടെങ്കില്‍ ഇന്നലത്തെ ആരോപണം പരസ്യമായി ഒന്നുകൂടി ഉന്നയിക്കൂ.
"ദേശാഭിമാനിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അനധികൃത സ്വത്ത് സമ്പാദിച്ചവരുണ്ട്. അവരുടെ പേരു തന്നെ ഞാൻ പറയാൻ തയ്യാറാണ് പി.എം മനോജും ആർ എസ് ബാബുവും." എന്ന് പിയെഴ്സന്‍ പറഞ്ഞത് അവായം തോന്നിയാണോ അതോ മനോരമ പീയേഴ്സണെക്കൊണ്ട് പറയിച്ചതാണോ എന്നറിയില്ല . ചര്‍ച്ചയില്‍ പങ്കെടുത്ത ദേശാഭിമാനി ക്നസ്ല്ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടിക്ക് അത് ക്ലാരിഫൈ ചെയ്യാന്‍ അവസരം നല്‍കിയില്ല എന്നത് അത്തരം സംശയം ഉണ്ടാക്കുന്നു.തിരഞ്ഞെടുപ്പ് സമയത് മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയത്തിന്‌ വഴങ്ങിക്കൊടുക്കുന്ന ചാനല്‍ അവതാരകനും പെയ്‌ഡ് ന്യൂസിന്റെ പരിധിയില്‍ വരുമെന്നതും ഓര്‍ക്കേണ്ടതുണ്ട്.

പെയിഡ് ന്യൂസ് എന്ന കെട്ട രീതിക്കെതിരെ ഏറ്റവും ഒച്ചവെച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഞാനാണ് എന്നതില്‍ ഇന്ന് അഭിമാനം തോന്നുന്നു. അത് നട്ടെല്ലുനിവര്‍ത്തി ഇനിയും പറയാനുള്ള ആര്‍ജവം എനിക്കുണ്ട്. പണം വാങ്ങിയും സൌജന്യങ്ങള്‍ പറ്റിയും ആഭിചാരസമാനമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടെയുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വേഷമിട്ട് സെക്രട്ടറിയേറ്റിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെ പാര്‍പ്പിടങ്ങളുടെയും തിണ്ണനിരങ്ങി കാര്യം സാധിച്ച് പണം പറ്റുന്നവരുണ്ട്. അത്തരക്കാരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഭാരിച്ച ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നില്ലെങ്കിലും അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അതിന് പിയേഴ്സന്റെയും വേണുവിന്റെയും ആരോപണം തടസ്സമാവുകയുമില്ല

ആര്‍എസ്എസിന്റെ കത്തിമുന വന്നാല്‍ നെഞ്ചുവിരിച്ചുകൊടുക്കാമായിരുന്നു. ഇതിപ്പോള്‍,ഞെളിയന്‍പറമ്പിലെ മാലിന്യക്കൂമ്പാരം അപ്പാടെ എടുത്തു ദേഹത്തിട്ടപോലത്തെ ഒരസ്ക്യതയാണ്. ശത്രുവിനും വേണമല്ലോ അന്തസ്സ്്. തലക്കടിയേല്‍ക്കുന്നതിനേക്കാള്‍ മോശം അമേദ്യം കൊണ്ടുള്ള ഏറുകൊള്ളുന്നതാണല്ലോ.
ആട് അങ്ങാടിയിലിറങ്ങിയാല്‍ സകലതും കടിക്കും. ചില മാധ്യമ ചിന്തകര്‍ ചര്‍ച്ചയ്ക്കിറങ്ങിയാല്‍ എന്തും പറയും. പറയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് നേരിയ ബോധ്യമെങ്കിലും വേണമെന്നില്ല. ഇതൊക്കെ എവിടെ എത്തിക്കുമെന്ന് മനോരമ തന്നെ ചിന്തിക്കട്ടെ.