ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ അടിസ്ഥാനസ്വഭാവമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ജനവിരുദ്ധനയങ്ങളുടെയും അഴിമതിയുടെയും ഘോഷയാത്രയാണ് ഉണ്ടാകുന്നത്. അതിനെതിരെ പ്രതിഷേധമുയരുന്നത് സ്വാഭാവിക ജനാധിപത്യപ്രക്രിയയാണ്. എന്നാല്‍, അത്തരം ജനാധിപത്യമര്യാദകളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ല. മര്‍ദനസംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭങ്ങളെ തച്ചുതകര്‍ക്കുക; അതിനു സാധ്യമല്ലെങ്കില്‍ സമരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന കുപ്രചാരണങ്ങള്‍ ആസൂത്രിതമായി അഴിച്ചുവിടുക എന്നതാണ് യുഡിഎഫ് അവലംബിക്കുന്ന രീതി. കേരളം കണ്ട ഏറ്റവുംവലിയ സമരമുന്നേറ്റങ്ങളിലൊന്നായിരുന്നു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുള്ള സെക്രട്ടറിയറ്റ് ഉപരോധം. ആ സമരത്തിന്റെ കരുത്തിനുമുന്നില്‍ അടിയറവ് പറഞ്ഞാണ്, സെക്രട്ടറിയറ്റ് അടച്ചിട്ടതും ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും. ഉന്നയിച്ച രണ്ട് ആവശ്യത്തില്‍ ഒന്ന് നേടിയശേഷം അവസാനിപ്പിച്ച ആ സമരത്തെപ്പോലും പരാജയത്തിന്റെ കണക്കില്‍പ്പെടുത്തി അപഹസിക്കുന്നതിലൂടെ അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും വിടുവേല ചെയ്യാനാണ് നമ്മുടെ ചില മാധ്യമങ്ങള്‍ മുതിരുന്നത്.
കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയുടെ തെളിവുകളാണ് ബാര്‍ കേസിലൂടെ പുറത്തുവരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏതെങ്കിലും ശാസ്ത്രീയമായ ആവശ്യകതയുടെയോ യാഥാര്‍ഥ്യബോധത്തോടെയുള്ള പര്യാലോചനയുടെയോ ഭാഗമായല്ല പൊടുന്നനെ ഒരു മദ്യനയം പ്രഖ്യാപിച്ചത്. ബാറുടമകളില്‍നിന്ന് കറന്നെടുക്കാവുന്ന കോടികള്‍ ലാക്കാക്കിയുള്ള അഭ്യാസമായിരുന്നു അത്. ആ നയം അതേ സര്‍ക്കാര്‍തന്നെ വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. അതിന്റെ മറവില്‍ അനേക കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തെളിവുസഹിതം അതിലുള്‍പ്പെട്ടവര്‍ പുറത്തുപറയുന്നു. പരസ്യപ്പെടുത്തിയ തെളിവുകള്‍ വച്ച് ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രിയും യുഡിഎഫ് സര്‍ക്കാരിലെ മറ്റു ചില പ്രമുഖ മന്ത്രിമാരും ഈ അഴിമതിയില്‍ പങ്കാളികളാണ്. ദിനംപ്രതി പുതിയ തെളിവുകള്‍ പുറത്തുവരുന്നു. എന്നാല്‍, എല്ലാത്തിനെയും അവഗണിച്ച് തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊലീസ് സംവിധാനത്തെ അതിനായി നാണംകെട്ട നിലയില്‍ ദുരുപയോഗിക്കുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിനപ്പുറം സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും പൊലീസിനെ കയറൂരിവിടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞദിവസം ക്രൂരമായ ആക്രമണമാണുണ്ടായത്. ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും മാത്രമല്ല കൈയില്‍ കിട്ടിയ കല്ലുപയോഗിച്ചുപോലും സമര വളന്റിയര്‍മാരെ പൊലീസ് നേരിട്ടു. രണ്ടുപേരുടെ കണ്ണ് പൊലീസ് തകര്‍ത്തു. ഏഴുപേരുടെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേല്‍പ്പിച്ചാണ് തലസ്ഥാനഗരത്തിലെ പൊലീസ് താണ്ഡവം അവസാനിപ്പിച്ചത്.
ഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയതസ്കരന്മാരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കുമേല്‍ കുതിരകയറുന്ന പൊലീസ് നയമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സിപിഐ എമ്മിനും ഇടതുപക്ഷജനാധിപത്യമുന്നണിക്കുമെതിരെ സ്വീകരിക്കുന്ന നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിന്റെ മുന്നില്‍നില്‍ക്കുന്ന സിപിഐ എമ്മിനെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊലീസിനെ കയറൂരിവിടുന്നത്. ഏഴായിരത്തോളം കേസിലായി ഒന്നരലക്ഷത്തോളം സിപിഐ എം പ്രവര്‍ത്തകരെയാണ് ഇതിനകം സംസ്ഥാനത്ത് തെറ്റായ രീതിയില്‍ പ്രതിചേര്‍ത്തത്. കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) സാമൂഹ്യവിരുദ്ധരായ ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ കൊണ്ടുവന്ന നിയമമാണ്. ആ നിയമത്തില്‍ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരുടെ പേരിലാകുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 27 സിപിഐ എം പ്രവര്‍ത്തകരെയാണ് നാടുകടത്താന്‍ ഉത്തരവിറക്കിയത്. അഴിമതിയെയും ദുര്‍ഭരണത്തെയും എതിര്‍ക്കുന്നവരെ സമൂഹവിരുദ്ധരെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കുകയാണ്. വ്യാജവാറ്റുകാരനും കള്ളനോട്ടടിക്കാരനും മണ്ണുമാഫിയക്കാരനും ദേശവിരുദ്ധനും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവനുമാണ് ഗുണ്ട. എന്നാല്‍, അഴിമതിക്കും ചൂഷണത്തിനും വിലക്കയറ്റത്തിനും ജീവിതദുരിതങ്ങള്‍ക്കുമെതിരെ സമരം ചെയ്യുന്ന പൊതുപ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
രാഷ്ട്രീയ ദുഷ്ടലാക്കില്‍ ഭീകരപ്രവര്‍ത്തനവിരുദ്ധനിയമവും ഉപയോഗിക്കപ്പെടുന്നു. കതിരൂരില്‍ ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ നിയമം ബാധകമാക്കിയത് ഉദാഹരണം. കേരള പൊലീസ് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും നിയമസമാധാനപാലനത്തിലും ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ സേനയാണ്. ആ സേനയെ ഷണ്ഡീകരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നത്. തങ്ങളുടെ അടിമകളാക്കി പൊലീസ് സേനയെ സര്‍ക്കാര്‍ മാറ്റുമ്പോള്‍ തകരുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെയാണ്. ജനാധിപത്യവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമവിരുദ്ധനടപടികള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും ആവശ്യപ്പെടുന്നതാണ് ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തോടെയുള്ള പൊലീസ് നടപടികള്‍.