Thursday, June 30, 2011

പഴയ വേട്ടക്കാര്‍ രംഗത്തിറങ്ങുന്നു

കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന്‍ എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന്‍ നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന്‍ എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.

ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ലാത്തിച്ചാര്‍ജിനെന്നല്ല-നേരിയ ബലപ്രയോഗത്തിനുപോലുമുള്ള പ്രകോപനം ബുധനാഴ്ച ഉണ്ടായിരുന്നില്ല. എന്നാല്‍ , രാവിലെ മുതല്‍ പൊലീസിന്റെ അസാധാരണമായ നീക്കങ്ങളുണ്ടായിരുന്നു. ഉന്നത തലത്തിലുള്ള ആസൂത്രണമാണുണ്ടായത്. അടിച്ചമര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് പൊലീസ് മേധാവികള്‍ എത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ കയറി പെണ്‍കുട്ടികളുടെ തല തല്ലിപ്പൊളിച്ചത് ഒരു പ്രകോപനവുമുണ്ടായിട്ടല്ല. ആ കലാലയത്തിലും അതിന്റെ പരിസരത്തും നമ്മുടെ കുഞ്ഞുങ്ങളുടെ കട്ടച്ചോര തളംകെട്ടിനില്‍ക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കച്ചവടക്കാര്‍ക്ക് അവിരാമം കൊള്ളക്കച്ചവടം നടത്താനാണ് രണ്ടുസീറ്റിന്റെ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കുട്ടികളെ തല്ലിയും ഗ്രനേഡ് എറിഞ്ഞും ആശുപത്രിയിലെത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേട്ടപ്പട്ടികളായി മാറുന്ന ഈ പൊലീസുകാരുടെ വീട്ടില്‍ കുട്ടികളില്ലേ? അവര്‍ക്ക് പഠിക്കേണ്ടേ? ദശലക്ഷങ്ങള്‍ കൊടുത്ത് ആ കുട്ടികളെ പഠിപ്പിക്കാന്‍ അഴിമതിക്കാരായ ഉന്നതര്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, സത്യസന്ധമായി ജോലിചെയ്യുന്നവര്‍ക്കോ? അവര്‍ക്കുവേണ്ടി കൂടിയാണ് വിദ്യാര്‍ഥികളുടെ സമരം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി വിടുപണിചെയ്യാന്‍ മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മടിയുണ്ടാകില്ല. അവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടുന്നുണ്ടാകും. എന്നാല്‍ , സാധാരണ പൊലീസുകാര്‍ക്കോ? സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനമെങ്കിലും പരിക്കേല്‍ക്കണം എന്ന നിര്‍ദേശമാണ് പൊലീസുകാര്‍ക്ക് കമീഷണര്‍ നല്‍കിയത്.

സാധാരണ മിതസ്വഭാവികളായ പൊലീസുകാരെയാണ് ഇത്തരം സമരങ്ങളെ നേരിടുമ്പോള്‍ മുന്നില്‍ നിര്‍ത്തുന്നത്. ബുധനാഴ്ച പക്ഷേ, യുഡിഎഫ് ഗുണ്ടകളായ പൊലീസുകാരെത്തന്നെയാണ് അണിനിരത്തിയത്. അതും കമീഷണറുടെ പ്രത്യേക തെരഞ്ഞെടുപ്പായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ 20 പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്ന അതിഭീകരമായ ദൃശ്യത്തിനും തലസ്ഥാന നഗരം സാക്ഷ്യംവഹിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖംതന്നെ ഇത്തരം ചോരക്കളികളുടേതായിരുന്നു. ഇന്നിതാ അതേ വഴിയില്‍ വീണ്ടും. ഇത് അപകടം പിടിച്ച കളിയാണ്്. ഇങ്ങനെ കുഞ്ഞുങ്ങളെ തല്ലി ചോര തെറിപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ അവരുടെ രക്ഷിതാക്കള്‍ക്കു കഴിയില്ല, സഹോദരങ്ങള്‍ക്ക് കഴിയില്ല. നിയമപാലനത്തിന് വടിയെടുക്കുന്നതും നിയമം ലംഘിച്ച് വടിയെടുക്കുന്നതും രണ്ടുകാര്യമാണ്. നിയമം ലംഘിച്ച് പൊലീസുകാര്‍ തല്ലാന്‍ തുടങ്ങിയാലും അത്തരക്കാര്‍ ഗുണ്ടകളുടെ ഗണത്തിലാണ് വരിക. വിദ്യാര്‍ഥികളോട് മനുഷ്യരെപ്പോലെ പെരുമാറാന്‍ ഇവര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല? എന്തിന് പകയോടെ; വെറുപ്പോടെ; നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ കുട്ടികളെ നേരിടുന്നു? ഒറ്റപ്പെട്ടുപോയ കുട്ടികളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ കണ്ടില്ലേ. പേപ്പട്ടികളോട് ഇതിലും മര്യാദ കാണിക്കും. ഉമ്മന്‍ചാണ്ടി എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണത്തിനു കൊതിച്ച് കുട്ടികളെ കടിച്ചുപറിക്കാന്‍ എങ്ങനെ ഈ പൊലീസ് ക്രിമിനലുകള്‍ക്ക് ധൈര്യം വരുന്നു?

പ്രതിപക്ഷത്താണ് എന്നതുകൊണ്ട് ഇന്നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ നരമേധം കണ്ട് മിണ്ടാതിരിക്കുമെന്ന് കരുതുന്നുവോ? സ്വാശ്രയ കച്ചവടക്കാര്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി ഏതാനും പൊലീസുകാരും. ഇവരെ ഈ നാടിന്റെ സ്വാസ്ഥ്യം കെടുത്താന്‍ അനുവദിക്കേണമോ എന്നതാണ് ജനങ്ങള്‍ക്കുമുന്നിലുള്ള ചോദ്യം. അതിന് അനുവദിക്കില്ല എന്നാണ് ബുധനാഴ്ച സംസ്ഥാനത്തുടനീളം ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങളുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന യുവജനങ്ങളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഉശിര് ഒരു മുന്നറിയിപ്പാണ്. അണപൊട്ടിയ പ്രതിഷേധമാണത്. പൊലീസുകാരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ , ചോരക്കൊതി പൂണ്ട പൊലീസ് ഓഫീസര്‍മാരെ തളച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം കനക്കുമെന്നാണ് പുരോഗമന പ്രസ്ഥാനങ്ങളാകെ നല്‍കുന്ന സൂചനകള്‍ . വിദ്യാര്‍ഥികള്‍ തല്ലുകൊള്ളുന്നതും ചോരയൊലിപ്പിക്കുന്നതും അവര്‍ക്കുമാത്രം വേണ്ടിയല്ല എന്നും അത് നാടിന്റെയാകെ ആവശ്യത്തിനുവേണ്ടിയാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.

Thursday, June 2, 2011

ഹസാരെ എന്ന ബിംബം

ഇരുപതാം നൂറ്റാണ്ട് അവസാനിച്ചത് സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെയും മുതലാളിത്തം മാത്രമാണ് പകരം വെക്കാവുന്നത് എന്ന അവകാശവാദം പാരമ്യത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിലാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ലോകത്തിന് ഏകധ്രുവമേയുള്ളൂ; അത് വാഷിങ്ടണ്‍ മാത്രമാണ് എന്ന അഹന്തയും സ്വപ്നങ്ങളുടെയും സ്വപ്ന ഭംഗങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ചു. മുതലാളിത്തത്തിന്റെ വിജയാഘോഷക്കാര്‍ മാര്‍ക്സിസത്തിന് 'അനന്തര സിദ്ധാന്ത'മുണ്ടാക്കി. അത് പുരോഗമനപരമായ സാമൂഹിക സിദ്ധാന്തം എന്ന ഭാവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അന്നുവരെ ആര്‍ജിച്ച പ്രബുദ്ധതയുടെ മൂല്യങ്ങളെ തിരസ്കരിക്കുന്ന 'ഉത്തരാധുനികത' മുതലാളിത്തത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്നു എന്ന് ഭാവിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് മുതലാളിത്തത്തിന് എതിരല്ല. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ബദലുമല്ല. അത് മാര്‍ക്സിസത്തിന് വിരുദ്ധമാണ്.

മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ ഒരു സംവിധാനം എന്ന നിലയിലോ വ്യവസ്ഥിതിയെന്ന നിലയിലോ അംഗീകരിക്കാതെ, സ്വത്വങ്ങളുടെയും ഭിന്നതകളുടെയും സംഘര്‍ഷങ്ങളുടെയും നാനാത്വത്തിന്റെ പേരിലാണ് അത് നിലനില്‍ക്കുന്നത്. അഥവാ അങ്ങനെ ഭാവിക്കുന്നത്. നിലവിലുള്ളതെല്ലാം വ്യവസ്ഥാപിതമാണ്; തള്ളിക്കളയുക; ഉല്‍കൃഷ്ടവും ആധുനികോത്തരവുമായ വഴി ഇതാ ഞങ്ങള്‍ തുറക്കുന്നു എന്നാണ് ഉത്തരാധുനികതയുടെ വക്താക്കള്‍ പറയുന്നത്. പഞ്ചസാരയുടെ ലേബലൊട്ടിച്ച ഭരണിയില്‍ പാഷാണം സൂക്ഷിക്കുന്നതുപോലെയാണ് ഉത്തരാധുനികത പുരോഗമനത്തിന്റെ മുഖംമൂടിയിട്ട് നമുക്ക് മുന്നിലെത്തുന്നത്. നമ്മുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെയോ പോരാട്ടങ്ങളെയോ അത് കാണുന്നില്ല. നിലനില്‍ക്കുന്ന ചൂഷണ വ്യവസ്ഥയുടെ സംരക്ഷകരായി അതിന് പ്രവര്‍ത്തിക്കേണ്ടിവരുന്നു. സ്വത്വവിഭാഗങ്ങളെ സംഘടിപ്പിച്ചും അരാജക വാദികളെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന അത്തരം നീക്കങ്ങളിലൂടെ തൊഴിലാളിക്ക് ഒരു വര്‍ഗം എന്ന നിലയില്‍ സംഘടിക്കാനുള്ള സ്വാതന്ത്യ്രം തകര്‍ക്കുക മാത്രമല്ല വര്‍ഗ രാഷ്ട്രീയത്തെ നശിപ്പിക്കുക എന്ന ദൌത്യം കൂടി ഉത്തരാധുനികതയുടെ വക്താക്കള്‍ക്കുണ്ട്.

അഴിമതി ഇന്ന് ഇന്ത്യയെ മുറിപ്പെടുത്തുന്ന വിപത്താണ്. അഴിമതി രാജാണ് ഇന്ത്യയിലേതെന്നത് ആക്ഷേപവാക്കായല്ല അനിഷേധ്യ യാഥാര്‍ത്ഥ്യമായാണ് നമ്മുടെ മുന്നില്‍നില്‍ക്കുന്നത്. അഴിമതിക്കെതിരായ വികാരം ജനഹൃദയങ്ങളില്‍ ആഞ്ഞടിക്കുന്നു. അത് സ്വാഭാവികമായും അഴിമതിയെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കെതിരായി തിരിയേണ്ടതാണ്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയുടെ ദുര്‍ഗുണങ്ങളിലൊന്നാണ് അഴിമതിയെന്നും ലേബല്‍ മാറ്റിയൊട്ടിച്ചതുകൊണ്ട് പാഷാണം പഞ്ചസാരയാകില്ല എന്നും ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ വര്‍ഗസമരമാണ് ശക്തിപ്പെടുക. അത്തരമൊരു ശക്തിപ്പെടലിനെ ഭയക്കുന്നവര്‍ കുറുക്കുവഴികള്‍ തേടുന്നു. അങ്ങനെയുള്ള കുറുക്കുവഴിക്ക് സൈദ്ധാന്തിക രൂപം നല്‍കുന്നു. ഉത്തരാധുനികത സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ ആ കര്‍ത്തവ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗം ജനമനസ്സുകളാല്‍ വിചാരണ ചെയ്യപ്പെടുകയാണ്. ആ വിചാരണ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല. എന്നാല്‍, സമ്പന്ന വര്‍ഗത്തെ സേവിക്കുന്ന ഭരണ നയങ്ങളില്‍ പൊറുതിമുട്ടുകയും കഷ്ടപ്പാടടനുഭവിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ അരാഷ്ട്രീയതയുടെ വഴിയിലേക്ക് സൂക്ഷ്മമായി തിരിച്ചുവിടുക എന്ന ശേവുകദൌത്യം ഉത്തരാധുനികതയുടെ സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും നിര്‍വഹിക്കുന്നു. അതിലെ ചെത്തിമിനുക്കിയ ഒരുപകരണമാണ് അണ്ണാ ഹസാരെ. ഹസാരെയുടെ വഴിയില്‍ ജനാധിപത്യത്തിന് അഞ്ചാം സ്തംഭം പണിയാനായി കേരളത്തിലെ ചിലര്‍ ഇറങ്ങിപ്പുറപെട്ടതിന്റെ പൊരുളും ഈ പറഞ്ഞതിനോട് ചേര്‍ന്നുനില്‍ക്കുന്നു. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെയും അതിന്റെ അനിവാര്യമായ ദുര്‍ഗുണങ്ങളെയും ചെറുത്തു തോല്‍പിക്കുന്നതുപോലെയുള്ള വിശാലമായ ലക്ഷ്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയെ തകര്‍ക്കുന്നതിനുള്ള ഇടപെടലാണത്. യഥാര്‍ത്ഥത്തില്‍ അഴിമതി വിരുദ്ധമെന്നും മനുഷ്യാവകാശ സംരക്ഷണമെന്നും മറ്റുമുള്ള ഉദാത്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ ഇളക്കിവിടുന്നവര്‍, ആ ജനരോഷം ആത്യന്തികമായി അഴിമതിയുടെയും ചൂഷണത്തിന്റെയും സമ്മതപത്രമായി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പണംകൊടുത്ത് കോടതിവിധി വിലയ്ക്കുവാങ്ങാന്‍ അനായാസം തയാറാകുന്നവര്‍, അഴിമതി തടയാനുള്ള നിയമ നിര്‍മ്മാണത്തിന്റെ അവസാന വാക്കുപറയാന്‍ നിയോഗിക്കപ്പെടുന്ന അവസ്ഥ അനാശാസ്യവും അസഹനീയവുമാണ്.

ലോക് പാല്‍ ബില്‍ കുറ്റമറ്റതാവുകയും കര്‍ക്കശമായി നടപ്പാക്കപ്പെടുകയും വേണം. അതിന്റെ പരിധിയില്‍ എല്ലാ ഉന്നതരുമുണ്ടാകണം. എന്നാല്‍, അങ്ങനെയൊരു ബില്‍ നിയമമാകുന്നതുകൊണ്ട് കൊണ്ട് രാജ്യം എന്നെന്നേക്കുമായി രക്ഷപ്പെടും എന്ന് ധ്വനിപ്പിക്കുന്ന പ്രചാരകര്‍ ആപത്തിന്റെ സന്ദേശവാഹകരുമാണ്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നിയമമില്ലാഞ്ഞിട്ടല്ല കാശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും രണ്ടുലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. അന്ന് ആ അത്യുജ്ജ്വല ജനമുന്നേറ്റം കണ്ടില്ലെന്നു നടിച്ചവര്‍, അതേ ജന്തര്‍മന്ദിറിനു മുന്നില്‍ ഏപ്രില്‍ അഞ്ചിന് അണ്ണാഹസാരേ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ ഒരുത്സവമായി അതിനെ കൊണ്ടാടി. പ്രകടനത്തിന് ആളെ കൂട്ടിക്കൊടുക്കുക എന്ന കടമ വാശിയോടെ അവര്‍ ഏറ്റെടുത്തു. ആള്‍ദൈവത്തട്ടിപ്പു സംഘങ്ങളും വിദേശ ഫണ്ട് വിഴുങ്ങുന്ന എന്‍ജിഒകളും മധ്യവര്‍ഗ അരാജക വാദികളുമൊക്കെ കൊട്ടിയും പാടിയും ഹസാരെയോടൊപ്പം ചേര്‍ന്നു. നവ മാധ്യമങ്ങളിലൂടെ പ്രചണ്ഡപ്രചാരണം അരങ്ങേറി.

അണ്ണ ഹസാരെ എന്ന വ്യക്തിയെ അവതാര പുരുഷനാക്കി മാറ്റുക; അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനാധിപത്യത്തിന്റെയും മുകളില്‍ സ്ഥാനം നല്‍കുക; അഴിമതി തടയാന്‍ ഇതേ മാര്‍ഗമുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുക; പ്രകടനം നടത്തുന്ന ജനങ്ങളെച്ചൂണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുക-ഈ തന്ത്രമാണരങ്ങേറിയത്. കൃത്യമായി ആസൂത്രണംചെയ്ത ഒരു താളവും ക്രമവും ആ സമരത്തിനുണ്ടായിരുന്നു. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോക്പാല്‍ ബില്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മതസംഘടനകളും വര്‍ഗീയ സംഘടനകളും പ്രമുഖ വ്യക്തികളും എന്നുവേണ്ട ഇന്നലെവരെ രാഷ്ട്രീയത്തെയും സമരങ്ങളെയും പുച്ഛിച്ചു നടന്നവര്‍പോലും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിക്കൊണ്ടേയിരുന്നു. ടുണീഷ്യയിലും ഈജിപ്തിലുമെല്ലാം ജീവിതം വഴിമുടി ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനമുന്നേറ്റത്തിന്റെ ഇന്ത്യന്‍ രൂപമായി ഇതും വ്യാഖ്യാനിക്കപ്പെട്ടു. ഇനി സിവില്‍ സമുഹത്തിന്റെ കാലമാണ്; രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും മ്ളേച്ഛതരം എന്ന ചിന്തയാണ് ആയിരം വോള്‍ട്ട് ശക്തിയോടെ പ്രസരിപ്പിക്കപ്പെട്ടത്.

അനന്തരം എന്തുണ്ടായി? ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു. ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും അണ്ണാ ഹസാരെയുമടക്കമുളളവരെ നിരത്തി ലോക്പാല്‍ ബില്ലിന് കരടുണ്ടാക്കുന്നതിനുള്ള കമ്മറ്റി രൂപീകരിക്കപ്പെട്ടു. എന്താണ് ഈ അംഗത്വത്തിന്റെ യോഗ്യത? ശാന്തി-പ്രശാന്ത ഭൂഷണ്‍മാര്‍ക്കെതിരെ വന്ന ആരോപണം കോടതിയെ വിലയ്ക്കുവാങ്ങാന്‍ മടിയില്ലാത്ത മാഫിയാ സ്വഭാവം അവര്‍ക്കുണ്ടെന്നാണ്. അത്തരക്കാര്‍ എങ്ങനെ അഴിമതിവിരുദ്ധ നിയമത്തിന്റെ സ്രഷ്ടാക്കളാകും?

നിരാഹാരോത്സവം സംഘടിപ്പിച്ച ഹസാരെക്ക് ജനങ്ങളെ ഉപദേശിക്കാം-പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമ നിര്‍മ്മാണത്തിന് നേതൃത്വം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ്. ജനപിന്തുണ ആള്‍ക്കൂട്ടത്തെ പ്രദര്‍ശിപ്പിക്കുന്നതിലല്ല; വ്യക്തമായ നയ സമീപനങ്ങള്‍ അവതരിപ്പിച്ച് ജനഹിതം ആര്‍ജിക്കുന്നതിലാണ്. അവിടെയാണ് ജനാധിപത്യത്തിന്റെ അടിത്തറ. അല്ലാത്തത് കേവലമായ ആള്‍ക്കൂട്ടത്തിന്റെ വികാര പ്രകടനമായി അവസാനിക്കും. ഇവിടെയും അതാണുണ്ടായത്. ഫലമോ? അസഹ്യമായ അഴിമതികണ്ട് ജനങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള സാധ്യതയില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഹസാരെയുമായുണ്ടാക്കിയ തീര്‍പ്പുകള്‍ അഴിമതിക്കെതിരായ യുപിഎ സര്‍ക്കാരിന്റെ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഗുണഭോക്താക്കളായത് അഴിമതിക്കാര്‍തന്നെ. യുക്തിഭദ്രമായ ഇത്തരം ചിന്തകളും കണ്ടെത്തലുകളും വലതുപക്ഷം ഇഷ്ടപ്പെടുന്നില്ല. അവരുടെ മാധ്യമങ്ങള്‍ അതിലേക്ക് എത്തിനോക്കുന്നില്ല.

പ്രകടനങ്ങളിലും മാധ്യമക്കസര്‍ത്തുകളിലും വികാര വിക്ഷോഭങ്ങളിലും ജനതയുടെ വിചാരത്തെ മുക്കിക്കെടുത്തി അവര്‍ 'ലാഭം' കൊയ്യുന്നു. പുരോഗമന പ്രസ്ഥാനങ്ങളെ അപഹസിക്കുന്നു; അവമതിക്കുന്നു.


ഹസാരെയുടെയോ സമരത്തില്‍ അണിചേര്‍ന്നവരുടെയോ ഉദ്ദേശ്യശുദ്ധിയെ വെറുതെ വിട്ടാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. 'ഇന്ത്യ അഴിമതിക്കെതിരെ' എന്നാണ് ഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യം. സമരത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട രൂപം ഗാന്ധിജിയുടതാണ്. ഗാന്ധിജിയുടെ പേരില്‍ ആണയിട്ട, ഗാന്ധിയന്‍ മുറയോട് തുല്യപ്പെടുത്തിയ സമരത്തില്‍ രാഷ്ട്രീയക്കാര്‍ക്കെതരെ പുലയാട്ടുകളാണ് ഉയര്‍ന്നുകേട്ടത്. സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹത്തിനാണ് സമരത്തിന്റെ നേതൃത്വമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഈ 'പൌരസമൂഹം' എവിടെനിന്നു വന്നു? എന്താണതിന്റെ സ്വഭാവം? ആരാണ് സംഘാടകര്‍? ആള്‍ദൈവക്കൂട്ടത്തിന്റെ ഫണ്ടിങ്ങ് സമരപ്പന്തലിലെത്തുമ്പോള്‍ അതിനുപിന്നിലെ ചരടുകള്‍ എങ്ങനെയുള്ളതാകും?
സമരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ലോക്പാല്‍ ബില്‍ തതയാറാക്കുന്നതിനായി സമിതി രൂപീകരിക്കപ്പെട്ടു. അതില്‍ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരാണുള്ളത്. സ്വാഭാവികമായും അവര്‍ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നു. ഹസാരേയുടെ പ്രതിനിധികള്‍ അരാഷ്ട്രീയക്കാര്‍. എന്നു്വച്ചാല്‍ കോണ്‍ഗ്രസ്-അരാഷ്ട്രീയ സമിതി. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയും സമിതിയില്‍ ഇല്ല. അതായത്, ഒരു കോണ്‍ഗ്രസ് വിലാസം സമിതിയായി അത് മാറി എന്നര്‍ത്ഥം. ആര്‍ക്കാണതുകൊണ്ട് പ്രയോജനം? അഴിമതിക്കാര്‍ക്കുതന്നെ എന്നുപറയാന്‍ മടിച്ചുനില്‍ക്കേണ്ടതില്ല.
ബൂര്‍ഷ്വാഭരണ വ്യവസ്ഥയുടെ അവയവംതന്നെയാണ് അഴിമതി. രാഷ്ട്രത്തെ ബാധിച്ചമാരകരോഗമാണത്. പത്തുപേര്‍ പടച്ചുണ്ടാക്കുന്ന ഒരു നിയമത്തിലൂടെ മാറുന്നതല്ല ആ മഹാരോഗം. വ്യവസ്ഥിതിയുടെ കൂടപ്പിറപ്പാണത്. വ്യവസ്ഥിതി മാറാതെ രോഗം മാറില്ല. ഈ അടിസ്ഥാന വസ്തുത മറച്ചുവെച്ചുള്ള വലിയൊരു പ്രത്യയശാസ്ത്ര ഒളിയുദ്ധമാണ് ഹസാരെ സമരത്തിലൂടെ അരങ്ങേറിയത്. അതിന്റെ പ്രയോജനം നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കാണ്. ശുദ്ധമനസ്സുകളെ സ്വാധീനിക്കാനുള്ള അതിന്റെ പ്രയത്നം ഫലം കണ്ടു എന്നതില്‍ സംശയത്തിനവകാശമില്ല. അല്ലെങ്കിലും അതുതന്നെയാണ് അതിന്റെ ദൌത്യവും.
അരാഷ്ട്രീയവല്‍ക്കരണമാണ് പ്രയോഗിക്കപ്പെടുന്നത്. ഭരണകൂടത്തേയും പൌരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോളവല്‍ക്കരണ ശക്തികളുടെ; ധനമൂലധനത്തിന്റെ ആവശ്യമാണ്. ജനാധിപത്യം അപ്രസക്തമാണെന്നു വരുത്തുന്നിടത്ത് രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. രാഷ്ട്രീയ പാര്‍ട്ടികളുടെ അതിരുവിട്ട് പുറത്തുചാടുകയോ വളരുകയോ ചെയ്യുന്ന ചില ബിംബങ്ങള്‍ മുന്‍നിര്‍ത്തപ്പെടുന്നു. അഴിമതിവിരോധം, പരിസ്ഥിതിപ്രണയം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ വൈകാരികമായി ഇടപെട്ടുകൊണ്ട്, അവയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ ഇകഴ്ത്തിക്കൊണ്ട് സര്‍വസ്വീകാര്യതയിലേക്ക് അത്തരം ബിംബങ്ങളെ ഉയര്‍ത്തുകയും തങ്ങളുടെ വിശ്വസനീയമായ ഉപകരണമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. പുറമെ കാണുന്ന നിഷ്കളങ്കതയല്ല, ഒളിപ്പിച്ചുവെച്ച വിഷമുള്ളുകളാണ് ഇത്തരം 'പ്രതിഭാസ'ങ്ങളുടെ പ്രത്യേകത.
ഹസാരെ സംശയിക്കപ്പെടുന്നു എന്നോ വിമര്‍ശിക്കപ്പെടുന്നു എന്നോ ഉള്ള തൊലിപ്പുറമെയുള്ള കാഴ്ചക്കപ്പുറം രാഷ്ട്രീയമായ അജണ്ട ഇതില്‍ കാണാതിരിക്കുന്നതാണ് അപകടം. സമരങ്ങള്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടാകാം. സമര നായകര്‍ പലരും നേരായ ലക്ഷ്യമുള്ളവരാകാം. സമരത്തില്‍ അണിചേരുന്നവര്‍ നന്‍മ മാത്രം ലക്ഷ്യമിടുന്നവരാകാം. എന്നാല്‍ ഇത്തരം സമരങ്ങളുടെ ആത്യന്തികമായ ഫലം വ്യവസ്ഥിതിയുടെ സംരക്ഷണത്തിന് സഹായം നല്‍കലാണ്. അത് തിരിച്ചറിയാനും ശരിയായ രാഷ്ട്രീയത്തിന്റെ; വര്‍ഗ സമരത്തിന്റെ വഴിയിലേക്ക് ജനതയെ കൈപിടിച്ചുയര്‍ത്താനുമുള്ള ശ്രമങ്ങളിലാണ് പുരോഗമന-ജനാധിപത്യ ശക്തികള്‍ മുഴുകേണ്ടത്.