യുഡിഎഫിന്റെ ആത്മാഭിമാനം
ആരോപണങ്ങള്‍ക്ക് നാഥനുണ്ടാകട്ടെ, അപ്പോള്‍ മറുപടി പറയാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പറയുന്നത്. നാഥനില്ലാത്തതാണ് പ്രശ്നം. ആരോപണത്തിനു മാത്രമല്ല യുഡിഎഫിനും. ആ മുന്നണിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരേണ്ടത്. ആത്മാഭിമാനവും നട്ടെല്ലും അധികാരത്തിനുവേണ്ടി പണയംവയ്ക്കാത്തവര്‍ക്ക് യുഡിഎഫ് എന്ന ലേബലുമായി പുറത്തിറങ്ങാനാകില്ല. അഴിമതി മാത്രമല്ല, അത് മൂടിവയ്ക്കാന്‍ അനാശാസ്യത്തിലും ഏര്‍പ്പെടുന്നു എന്നതാണ് ആ മുന്നണിയുടെ ഒടുവിലത്തെ വിശേഷം.
നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കൂറുമാറ്റംനടത്തി ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രയാണം, സ്വന്തം നീലച്ചിത്രം കാട്ടി ബ്ലാക്മെയില്‍ ചെയ്യുന്ന കേസിലെ പ്രതിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നിടംവരെ എത്തി. യുഡിഎഫില്‍ മാത്രമല്ല, പൊലീസിലും ഇല്ല ആത്മാഭിമാനം. ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും കേസുകളില്‍നിന്ന് രക്ഷപ്പെടുത്തുക, തെളിവുകള്‍ നശിപ്പിക്കുക എന്നതായി കേരളത്തിലെ പൊലീസ് അന്വേഷണ സംവിധാനത്തിന്റെ തൊഴില്‍. അതിനുവഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പില്ല. സ്ഥാനക്കയറ്റത്തിന്റെ പേരിലെങ്കിലും അവരെ മാറ്റിനിര്‍ത്തും.
ധനമന്ത്രി കെ എം മാണി 21 കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയത് യുഡിഎഫിന്റെ സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ്. തന്റെ ടെലിഫോണ്‍ സംഭാഷണം ബിജു രമേശ് എന്ന ബാര്‍ഹോട്ടല്‍ ഉടമ പുറത്തുവിട്ടതില്‍ പിള്ള കുണ്ഠിതപ്പെടുന്നില്ല. താന്‍തന്നെ പറഞ്ഞതാണത്, അതില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയേക്കാള്‍ മുതിര്‍ന്ന യുഡിഎഫ് നേതാവാണ് പിള്ള. ആ പിള്ള ഉന്നയിക്കുന്ന ആരോപണവും നാഥനില്ലാത്തത് എന്ന് പറയുമ്പോള്‍ ഇനി ഏത് നാഥനാണ് ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമര്യാദയും നേരുംനെറിയും പഠിപ്പിക്കാന്‍ അവതരിക്കേണ്ടത് എന്ന് സംശയിക്കണം. ആറന്മുളയിലെ ക്വാറി ഉടമ ശ്രീധരന്‍നായര്‍ സോളാര്‍ തട്ടിപ്പിനിരയായ വ്യക്തിയാണ്. ആ തട്ടിപ്പില്‍ സരിതാനായര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും പങ്കാളിയാണെന്ന് കോടതിയിലും ജുഡീഷ്യല്‍ കമീഷന് മുമ്പാകെയും പരസ്യമായും ശ്രീധരന്‍നായര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസുകാരനുമാണ്. നാഥനില്ലാത്ത ആരോപണമായതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി അത് തള്ളിക്കളയുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ അഴിമതിയും തട്ടിപ്പും ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയും അധികാരദുര്‍വിനിയോഗവും കോടതിയുടെ കണ്ണില്‍പ്പെട്ടു. നീതിന്യായ കോടതിയും ഉമ്മന്‍ചാണ്ടിയുടെ കണ്ണില്‍ "നാഥനല്ല'.
സംസ്ഥാനത്ത് ബാര്‍ ഹോട്ടലുകള്‍ തരംതിരിച്ച് പൂട്ടണമെന്നും പൊടുന്നനെ മദ്യനിരോധനത്തിലേക്ക് പോകണമെന്നും തീരുമാനിച്ചത് മറ്റാരുമല്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍തന്നെ. ആ നയത്തില്‍ വെള്ളംചേര്‍ത്തതും അടച്ചിട്ട ബാറുകളെ ബിയര്‍- വൈന്‍ പാര്‍ലറുകളാക്കി തിരികെക്കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടി. ഈ നയം മദ്യരാജാക്കന്മാര്‍ക്കുവേണ്ടിയാണ്; ദുസ്വാധീനത്തിനടിപ്പെട്ടാണ് എന്ന് പേര്‍ത്തുംപേര്‍ത്തും പറഞ്ഞത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്വന്തം പാര്‍ടിയെ നയിക്കുന്ന സുധീരനും മുഖ്യമന്ത്രിയുടെ കണ്ണില്‍ നാഥനല്ല. സുധീരനെ അടിച്ചമര്‍ത്തി ബാറുടമകളെ തൃപ്തിപ്പെടുത്തിയതിന്റെ വിജയമാണ് ഉമ്മന്‍ചാണ്ടി ആഘോഷിക്കുന്നത്.കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ കൂടെനിര്‍ത്തേണ്ടത് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം തുടരുന്നതിന്റെ മുഖ്യ ഉപാധിയാണ്. മാണി ഇടഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജ്ഭവനില്‍ച്ചെന്ന് രാജി നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. മാണിക്ക് മുന്നില്‍ മറ്റ് പഴുതുകള്‍ അടയ്ക്കുക എന്നത് സ്വന്തം ആവശ്യമായിരിക്കെ, ബാര്‍ കോഴക്കേസില്‍ മാണിയെ കേന്ദ്രീകരിച്ച് ആക്രമണം നടന്നതിന്റെ പൊരുള്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ് അറിയാവുന്നത്.
ഇന്ന് മുഖ്യമന്ത്രി പറയുന്നു, വരുന്ന ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്ന്. കോടാനുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് മാണിക്കെതിരെ നിലനില്‍ക്കുന്നത്. കൊടുത്തവരും കൊടുപ്പിച്ചവരും അറിഞ്ഞവരും അത് വിളിച്ചുപറയുന്നു. കേസ് അന്വേഷണം നടക്കുന്നു. മാണി നിരപരാധിയെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും സ്വന്തം മുന്നണിയുടെ സ്ഥാപകന്റെ വാക്കുകളെപ്പോലും പുറംകാല്‍കൊണ്ട് തട്ടി മാണിയെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ഇറങ്ങുന്നത്.
ബാര്‍ കോഴ ഒരു വലിയ കൂട്ടുകച്ചവടമാണ്. പൊടുന്നനെ മദ്യനയമാറ്റം കൊണ്ടുവന്നത് കെസിബിസിയെ തൃപ്തിപ്പെടുത്താനോ സുധീരന്റെ ആഗ്രഹസാഫല്യത്തിനോ അല്ല. മറിച്ച് ബാറുടമകളില്‍നിന്ന് കണക്കുപറഞ്ഞ് കാശുവാങ്ങാനാണ്. 35 കോടി രൂപയുടെ കഥയാണ് പുറത്തുവന്നത്. മാണി പണം വാങ്ങിയിട്ടുണ്ടെന്നും പാലായിലെ വീട്ടില്‍ സൂക്ഷിച്ച നോട്ടെണ്ണല്‍ യന്ത്രത്തിലൂടെ ആ പണം കടന്നുപോയിട്ടുണ്ടെന്നും തെളിയിക്കാന്‍ ഒരു നാഥന്റെയും ആവശ്യമില്ല. മാണി മാത്രമാണോ വാങ്ങിയത് എന്നതാണ് മറ്റൊരു പ്രശ്നം. എക്സൈസ് വകുപ്പ് കെ ബാബുവിന്റെ കൈയിലാണ്. സര്‍ക്കാരിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. മാണിക്ക് ഒരു വിഹിതം ചെല്ലുമ്പോള്‍ രണ്ടുവിഹിതം ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും പോകും. അതാണ് യുഡിഎഫിന്റെ നടപ്പുനീതി. ബാറുടമകളില്‍നിന്ന് പല തട്ടിലായി പണം പിരിച്ചുവെന്നും പല വഴിക്ക് അത് കൈമാറിയെന്നും അവര്‍തന്നെ പറഞ്ഞുകഴിഞ്ഞു. മാണിയെ കൈവിട്ടാല്‍ മാണി വാങ്ങിയതിനു പുറമെ മറ്റുള്ളവര്‍ വാങ്ങിയതിന്റെയും കണക്ക് പുറത്തുവരും. അതുകൊണ്ട് പിള്ള പറഞ്ഞതും ബിജു രമേശ് പറഞ്ഞതും ഉമ്മന്‍ചാണ്ടി വിഴുങ്ങും.
ബാര്‍ കോഴക്കേസില്‍ കൂട്ടുപ്രതികളാണ് മാണിയും ഉമ്മന്‍ചാണ്ടിയും കെ ബാബുവും. ആ പ്രതികളെ സംരക്ഷിക്കുന്നതിലൂടെ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണ് വിജിലന്‍സിനെ ഏല്‍പ്പിച്ച ജോലി. അത് ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍, സോളാര്‍ കേസിലെ അന്വേഷണ അട്ടിമറിപോലെ ഒന്ന് വിജിലന്‍സ് സംഘത്തെക്കൊണ്ടും നടത്തിക്കേണ്ടതുണ്ട്. നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് അതിന്റെ ഭാഗംതന്നെ. ജേക്കബ് തോമസിന് പൊടുന്നനെ വന്ന സ്ഥാനക്കയറ്റം അദ്ദേഹത്തോടുള്ള സ്നേഹംകൊണ്ടല്ല എന്നും ഇവിടെ വായിച്ചെടുക്കാം.
യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമല്ലാതെ മറ്റ് ചില കക്ഷികളുമുണ്ട്. മുസ്ലിംലീഗ് തല്‍ക്കാലം മൗനത്തിലാണ്. മുസ്ലിംലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പില്‍ നടമാടുന്ന അഴിമതി വിളിച്ചുപറഞ്ഞതിന് പിള്ള ഗ്രൂപ്പിന്റെ എംഎല്‍എ ഗണേശ്കുമാര്‍ യുഡിഎഫ് നിയമസഭാകക്ഷിക്ക് പുറത്തായി. ഗണേശിനേക്കാള്‍ വാശിയോടെ സര്‍ക്കാരിനെതിരെ പറയുക മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുക കൂടി ചെയ്ത ചീഫ് വിപ്പ് പി സി ജോര്‍ജ് ഇന്നും പദവിയില്‍ തുടരുന്നു. കഴിഞ്ഞദിവസം ബിജു രമേശിനെതിരെ പരസ്യമായി അസഭ്യംവിളിച്ച് തന്റെ സാംസ്കാരിക നിലവാരം പി സി ജോര്‍ജ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആ ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തത് ജോര്‍ജ് പലതിലും ശക്തനാണെന്ന് ബോധ്യമുള്ളതിനാലാണ്.
പിള്ള ഗ്രൂപ്പിന് ഒരു സീറ്റേ ഉള്ളൂ. മാണിയും ജോര്‍ജും നയിക്കുന്ന കേരള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുണ്ട്. അധികാരം നിലനിര്‍ത്താന്‍ ഒമ്പതുതന്നെ വേണം. മാണി എത്ര കോടി കോഴവാങ്ങിയാലും ജോര്‍ജ് ആരുടെ പിതൃത്വത്തെ ചോദ്യംചെയ്താലും ഒമ്പതിന്റെ ഫലം ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിക്കും. കേരള കോണ്‍ഗ്രസും ലീഗും മാത്രമല്ല സഖ്യകക്ഷികള്‍. വീരേന്ദ്രകുമാര്‍ നയിക്കുന്ന ഐക്യ ജനാതാദളുണ്ട്, ഇടതുപക്ഷത്തുനിന്ന് അടര്‍ന്നുമാറിച്ചെന്ന ആര്‍എസ്പിയുണ്ട്. ഇവയ്ക്കൊന്നും എന്തുകൊണ്ട് ഈ വിഷയങ്ങളില്‍ നെഞ്ചൂക്കോടെ അഭിപ്രായം പറയാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. എല്ലാ ഘടകകക്ഷികളും അധികാരത്തിനുമുന്നില്‍ ആത്മാഭിമാനം പണയംവച്ചുവോ? യുഡിഎഫ് സംവിധാനം എണ്ണത്തിന്റെ ബലത്തില്‍ ഭരണംനിലനിര്‍ത്തുമ്പോള്‍ കേരളീയന്റെ അന്തസ്സിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കപ്പെടുകയാണോ?
കേരളവും കേരളീയരും ഇതിനുമുമ്പ് ഇത്തരമൊരു പരിതോവസ്ഥയില്‍ എത്തിയിട്ടില്ല. കെ കരുണാകരന്‍ ഭരിക്കുമ്പോള്‍പോലും ഭരണത്തിലും ജനങ്ങളോടുള്ള സമീപനത്തിലും ഇതിലേറെ അന്തസ്സുണ്ടായിരുന്നു. ആ കരുണാകരനെ ഉപജാപത്തിലൂടെ പുറത്താക്കാന്‍ കാണിച്ച കൗശലം ഇന്ന് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മറ്റൊരര്‍ഥത്തില്‍ പ്രയോഗിക്കുകയാണ്. അതിന് അദ്ദേഹത്തിന് ചില സാമുദായിക ശക്തികളുടെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ ഹീനമായ വഴികളിലൂടെ തൃപ്തിപ്പെടുത്തി ജനവിരുദ്ധസര്‍ക്കാരിന്റെ ആയുസ്സ് നീട്ടാമെന്ന് അദ്ദേഹം തെളിയിക്കുകയാണ്. അതിനെതിരെ ശബ്ദിക്കാന്‍ ഘടകകക്ഷികളെന്നല്ല കോണ്‍ഗ്രസിനകത്തുപോലും നീതിബോധമോ അന്തസ്സോ ഉള്ള ശബ്ദം ഉയരുന്നില്ല എന്നത് കേരളത്തിന്റെ ശാപംതന്നെ. ഒരര്‍ഥത്തില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ തീര്‍ത്ത കവചമാണ് ഉമ്മന്‍ചാണ്ടിയുടെ ബലം.
ബാര്‍ കോഴക്കേസ് എ കെ ആന്റണി ഇടപെട്ട് അത്ഭുതകരമായി അവസാനിപ്പിച്ചുവെന്ന് ലജ്ജയില്ലാതെ നമ്മുടെ മാധ്യമങ്ങള്‍ എഴുതി. ബിന്ധ്യാസ് തോമസ് എന്ന നീലച്ചിത്ര ബ്ലാക്മെയില്‍ കേസ് പ്രതി ബിജു രമേശിന്റെ വസതിയിലേക്ക് മാധ്യമ ക്യാമറകള്‍ക്ക് നടുവിലൂടെ നടന്നുകയറിയതും തിരിച്ച് ജനിബിഡമായ തെരുവിലൂടെ മന്ദംമന്ദം നടന്ന് അഭിനയിച്ചതും ബാര്‍ കോഴക്കേസില്‍ "വഴിത്തിരിവ്' സൃഷ്ടിക്കാനുള്ള ഉപജാപമാണെന്ന് കണ്ടെത്താനുള്ള ഔചിത്യംപോലും നമ്മുടെ ചില മാധ്യമങ്ങള്‍ കാണിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് നാടുഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും മാത്രമല്ല സരിതാനായരും ബിന്ധ്യാസ് തോമസും കൂടിയാണ്. ഈ അവിശുദ്ധ ഐക്യമുന്നണിയെ തുറന്നുകാണിക്കാനുള്ള പ്രക്രിയയാണ് കേരളത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ യുഡിഎഫില്‍ അണിനിരന്ന ആര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടോ എന്ന് കാത്തിരുന്നുകാണാം.