Showing posts with label അപവാദം. Show all posts
Showing posts with label അപവാദം. Show all posts

Saturday, April 20, 2013

വെറുപ്പിന്റെ പ്രചാരകര്‍




""എല്ലാ തുറയിലുംപെട്ടവര്‍ എന്നെ വന്നു കാണുകയും എന്നോട് സംസാരിക്കുകയുംചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രെ!

""വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു."" ഈ വാക്കുകള്‍ വന്നത് മഹാശ്വേതാ ദേവിയില്‍നിന്നാണ്. ഒഞ്ചിയത്ത് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന മഹാസാഹിത്യകാരിയുടെ "കണ്ടെത്തല്‍" പ്രധാന വാര്‍ത്തകളില്‍ ഇടം നേടി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി സിപിഐ എമ്മിനെയും പിണറായി വിജയനെയും ബന്ധപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധബുദ്ധിശാലയില്‍ പിറന്ന ഈ കത്തിന്റെ ഉള്ളടക്കം മഹാശ്വേത അറിഞ്ഞുകാണണമെന്നില്ല. സിപിഐ എമ്മിനെതിരായ വാളായി അവരെ സി ആര്‍ നീലകണ്ഠന്‍ പൊട്ടിച്ചിരിച്ച് തള്ളിക്കൊണ്ടുവരുന്ന കാഴ്ച "മാതൃഭൂമി"യിലൂടെ കേരളം കണ്ടതാണ്.

"എന്റെ കണ്ണുകള്‍കൊണ്ടതു കാണുന്നതുവരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല" എന്നായിരുന്നു പിണറായിയുടെ വീടിനെക്കുറിച്ച് മഹാശ്വേതയുടെ കത്തില്‍. ""നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും......."" എന്നാണ് അതിന് പിണറായി മറുപടി നല്‍കിയത്. മഹാശ്വേതാ ദേവിയെ പിന്നീട് വടക്കന്‍കേരളത്തില്‍ കണ്ടിട്ടില്ല. അവരെ കൊല്‍ക്കത്തയില്‍നിന്ന് വിമാനത്തില്‍ കയറ്റി കൊണ്ടുവന്നവര്‍ പിന്നെ അക്കാര്യം മിണ്ടിയിട്ടുമില്ല.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും ബന്ധിപ്പിക്കാന്‍ നടത്തിയ നാടകങ്ങളില്‍ ഒന്നില്‍മാത്രമാണ് മഹാശ്വേത അഭിനയിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തായ ആളാണ് ചന്ദ്രശേഖരന്‍ എന്നതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ടിക്കുമേല്‍ ആരോപിക്കുന്നതിന് സൗകര്യമുണ്ട്. ചന്ദ്രശേഖരന്റെ പരിക്കേല്‍പ്പിക്കപ്പെട്ട ശരീരം ആശുപത്രിയിലെത്തുമ്പോള്‍തന്നെ ആക്രമണത്തില്‍ സിപിഐ എം പങ്കാളിത്തം ആരോപിക്കാന്‍ മത്സരിച്ചവരില്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമുണ്ട്. അന്വേഷണമോ വിശ്വസനീയമായ വിവരമോ തെളിവുകളോ ഇല്ലാതെ നടത്തിയ ആ വിധിയെഴുത്താണ് മാധ്യമങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്തത്.

2013 മാര്‍ച്ച് ഇരുപത്തഞ്ചിന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐ എമ്മിലെ പി കെ ഗുരുദാസന് രേഖാമൂലം നല്‍കിയ മറുപടിയില്‍ (ചോദ്യം1887) ഇങ്ങനെ പറയുന്നു: ""ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം മുഖ്യമന്ത്രി ഒരുതവണയും ആഭ്യന്തരമന്ത്രി മൂന്നു തവണയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മറ്റു രണ്ടു കേന്ദ്രമന്ത്രിമാരും മറ്റു ഏഴു സംസ്ഥാന മന്ത്രിമാരും ഒരു തവണ വീതവും ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി"". മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയെന്നും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയില്‍ വിശദീകരിക്കുന്നു. ടി പി ചന്ദ്രശേഖരനും ആര്‍എംപിയും പറയുന്നത് യുഡിഎഫ് വിരുദ്ധ രാഷ്ട്രീയമാണ്. പിന്നെങ്ങനെ സര്‍ക്കാരിനും മന്ത്രിപ്പടയ്ക്കും ചന്ദ്രശേഖരനോട് ഇത്രയും താല്‍പ്പര്യമുണ്ടായി എന്ന ചോദ്യത്തിനുത്തരം ആര്‍എംപിയോടുള്ള സ്നേഹംകൊണ്ട് എന്നല്ല. മറിച്ച്, സംഭവവുമായി സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള പശ്ചാത്തലസൗകര്യം അവര്‍ മനസ്സില്‍ കണ്ടു എന്നതാണ്.

മെയ് നാലിന് ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം ആരംഭിച്ച സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പിന്നെ ഇടവേളയുണ്ടായിട്ടില്ല. അതിന്റെ തീവ്രത കുറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളില്‍ മഹാശ്വേതയും ടീസ്റ്റ സെത്തല്‍വാദുമൊക്കെ ആര്‍എംപിയുടെ അതിഥികളാകുന്നു. അതല്ലാത്തപ്പോള്‍ "സ്തൂപം തകര്‍ക്കല്‍" പോലുള്ള നാടകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സിപിഐ എമ്മിനെ അടച്ച്, പാര്‍ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കളെ, കണ്ണൂരിലെ ചില നേതാക്കളെ, ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെത്തന്നെ.. ആസൂത്രിതമായ കുറ്റപ്പെടുത്തലുകളും പ്രചാരണങ്ങളുമാണ് അരങ്ങേറിയത്. ആര്‍എംപിയുടെ ആത്മീയ നേതൃത്വം ഏറ്റെടുത്ത കെ കെ രമയും നേതൃസ്ഥാനത്ത് അയോഗ്യന്‍ എന്ന് ആര്‍എംപിക്കാര്‍തന്നെ വിധിയെഴുതുന്ന എന്‍ വേണുവും പാതിവഴിയിലെവിടെയോ നുഴഞ്ഞുകയറിയെത്തി ആര്‍എംപിയുടെ താത്വികാചാര്യപ്പട്ടം സ്വയം അണിഞ്ഞ കെ എസ് ഹരിഹരനും ഇക്കഴിഞ്ഞ ഒരു കൊല്ലം നടത്തിയ പ്രസ്താവനകളിലുണ്ട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന്. പൊലീസന്വേഷണം സിപിഐ എമ്മിന്റെ പ്രമുഖരായ ചില നേതാക്കളിലേക്കെത്തിക്കാന്‍ അമ്പരപ്പിക്കുന്ന സമ്മര്‍ദമാണുണ്ടായത്. തെളിവിന്റെയോ യുക്തിയുടെയോ നേരിയ അംശംപോലും ഇല്ലാതിരുന്നിട്ടും പൊലീസ് സംഘം അതിന് ശ്രമിച്ചു- ഒടുവില്‍ ചെയ്യാവുന്നതത്രയും ചെയ്തു. എന്നിട്ടും പാര്‍ടിതലത്തിലേക്ക് എത്തിക്കാനായില്ല.

കെ എസ് ഹരിഹരന്‍ പ്രഖ്യാപിച്ചു: പിണറായിയാണ് ഒന്നാം പ്രതിയെന്ന്. പിണറായി വിജയന്‍ കേസ് വഴിമാറ്റാന്‍ ശ്രമിക്കുന്നുവെന്നും "ഉന്നത ബന്ധം" പുറത്തുകൊണ്ടുവരണമെന്നും കെ കെ രമ ആവര്‍ത്തിച്ചു. കേരളത്തിലെ ഏറ്റവുമധികം ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിക്കെതിരെ ആസൂത്രിതവും സംഘടിതവുമായ പ്രചാരണം ഏറ്റെടുത്തത് ആര്‍എംപി മാത്രമല്ല, യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളാകെയുമാണ്. കെ എസ് ഹരിഹരന്‍ എന്ന രാഷ്ട്രീയക്കോമാളിയെന്നുപോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രം മൈക്കിനുമുന്നില്‍ നിന്ന് പിണറായി വിജയനെതിരെ സംസ്കാരം തൊട്ടുതീണ്ടാത്ത പ്രകടനം ആവര്‍ത്തിച്ചു നടത്തിയപ്പോള്‍ ഊറിയ ചിരിയോടെ അതിന് പരമാവധി പ്രചാരം നല്‍കാന്‍ "സംസ്കാര സമ്പന്നരായ" മാധ്യമങ്ങള്‍ മത്സരിച്ചു. വെറുപ്പിന്റെ പ്രചാരണവും കൊലവിളികളും പ്രകോപന പ്രസംഗങ്ങളും തുടര്‍ച്ചയായി വന്നു.

സിപിഐ എം എന്ന പ്രസ്ഥാനം പക്ഷേ, സമചിത്തതയോടെയാണ് അതിനെ നേരിട്ടത്. നേരിയ പ്രകോപനംപോലും വിപല്‍ക്കരമായ പ്രത്യാഘാതത്തിലേക്ക് നാടിനെ നയിക്കുമെന്ന തിരിച്ചറിവില്‍, കണ്‍മുന്നില്‍ നടക്കുന്ന ആര്‍എംപി ആക്രമണത്തെപ്പോലും നിയമത്തിന്റെ വഴിയില്‍മാത്രം നേരിടാന്‍ പാര്‍ടി തയ്യാറായതുകൊണ്ടാണ്, ഒഞ്ചിയം മേഖലയില്‍നിന്ന് ഏകപക്ഷീയമായ സിപിഐ എം വിരുദ്ധ ആക്രമണങ്ങളുടെമാത്രം ഉറവയുണ്ടായത്. ചന്ദ്രശേഖരനെ ആഘോഷമാക്കിയത് വലതുപക്ഷമാധ്യമങ്ങളാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും ആര്‍എംപി നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ തിരുവനന്തപുരത്തെത്തുന്നതും സിപിഐ എമ്മിനെതിരായ വാര്‍ത്തകളാക്കി അവര്‍ അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ പോളിങ് നിലയേക്കാള്‍ പ്രാധാന്യം ഒഞ്ചിയത്തെത്തിയ വി എസിന് അവര്‍ നല്‍കിയത് വി എസിനോടോ ആര്‍എംപിയോടോ ഉള്ള മമതകൊണ്ടായിരുന്നില്ല- അത് യുഡിഎഫിന് സഹായകമാകും എന്ന ബോധ്യം കൊണ്ടായിരുന്നു.

വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കുന്ന, പലയാവൃത്തി കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ശരിയല്ലേ എന്ന സന്ദേഹമുയരുന്ന മനസ്സുകളിലേക്ക് സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന പ്രക്രിയയാണ് പടിപടിയായി വന്നത്. ചിലര്‍ അതില്‍ വീണു. ചിലര്‍ സിപിഐ എമ്മിനെതിരായ കടുത്ത ശത്രുതയുടെ വഴിയിലെത്തി. ഒളിഞ്ഞും തെളിഞ്ഞും സിപിഐ എമ്മിനെ ആക്രമിക്കാനുള്ള ആലോചനകള്‍ നടന്നു. അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇല്ലായ്മചെയ്യാനുള്ള പദ്ധതി ഒരുങ്ങിയത്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=288614#sthash.2PoNUW57.dpuf

Tuesday, July 26, 2011

അപവാദം എന്ന ആയുധം


ലോകത്താകെയുള്ള മാധ്യമക്കച്ചവടക്കാരുടെ സ്വപ്നപുരുഷനാണ് കീത്ത് റൂപര്‍ട്ട് മര്‍ഡോക്. ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ തന്റെ പിതാവ് നടത്തിയിരുന്ന 'ദ ന്യൂസ്' പത്രം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്ത് മാധ്യമരംഗത്ത് എളിയ തുടക്കമിട്ട മര്‍ഡോക് ഇന്ന് ലോകത്തെ ഏറ്റവും ശക്തനായ മാധ്യമ ചക്രവര്‍ത്തിയാണ്. അമേരിക്കയില്‍ മൂന്നു പ്രസിഡന്റ്തെരഞ്ഞെടുപ്പുകളില്‍ മര്‍ഡോക്കിന്റെ നിര്‍ണായക ഇടപെടലുണ്ടായിരുന്നു.

ബ്രിട്ടനില്‍ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മര്‍ഡോക്കാണെന്ന് പറയാറുണ്ട്. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായാണ് മര്‍ഡോക് അറിയപ്പെട്ടത്. പിന്നീട് ടോണി ബ്ളെയറിന്റെ രക്ഷകനും ഉപദേശകനുമായി. അതുകഴിഞ്ഞ് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സഹായഹസ്തം നീട്ടിയത് ഗോര്‍ഡന്‍ ബ്രൌണിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രൌണിനെ വിട്ട് ഡേവിഡ് കാമറോണിനെ തുണച്ചു-അദ്ദേഹം പ്രധാനമന്ത്രിയായി.

അമേരിക്കയില്‍ അല്‍ഗോറിനെതിരെ മത്സരിച്ച് പരാജയത്തിലേക്ക് വീഴുമായിരുന്ന ജോര്‍ജ് ബുഷിന് രക്ഷാകവചം സൃഷ്ടിച്ചത് മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്കാണ്. ബുഷിന്റെ സംരക്ഷകനായും ഇറാഖ് അധിനിവേശത്തിന്റെ പ്രചാരകനായും മര്‍ഡോക് നിലക്കൊണ്ടു. ഇറാഖില്‍ ആണവ-രാസായുധ ശേഖരമുണ്ടെന്ന കൂറ്റന്‍ നുണ ബുഷ് പറഞ്ഞപ്പോള്‍ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്തത് മര്‍ഡോക്കിന്റെ മാധ്യമ ശൃംഖലയാണ്. ഇറാഖിനെക്കുറിച്ചുള്ള അപവാദ പരമ്പരകള്‍; ആയുധ ശേഖരത്തിന്റെ വര്‍ണനകള്‍; ഭീകരതയുടെ മറവില്‍ ഇസ്ളാംവിരുദ്ധ പ്രചാരണം-എല്ലാം മര്‍ഡോക് ഏറ്റെടുത്തു. കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് മര്‍ഡോക്കിന്റേത്.

പലസ്തീന്റെ പോരാട്ടത്തെക്കുറിച്ചോ ഇസ്രയേലി കാടത്തത്തെക്കുറിച്ചോ ക്യൂബയുടെ ഇതിഹാസതുല്യമായ ചെറുത്തുനില്‍പ്പുകളെക്കുറിച്ചോ മര്‍ഡോക്കിയന്‍ മാധ്യമങ്ങളില്‍ വായിക്കാനാവില്ല.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ഓസ്ട്രേലിയന്‍ മാഗസിനില്‍ ഒരിക്കല്‍ അച്ചടിച്ച കവറില്‍, ഒരുകൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായി നില്‍ക്കുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമായിരുന്നു. "അവളെ ഗര്‍ഭിണിയെപ്പോലെ തോന്നിച്ചു. ഗര്‍ഭിണിയല്ലെങ്കില്‍ അവള്‍ സാധാരണമട്ടില്‍ പെരുമാറുമായിരുന്നു. അവള്‍ എന്നെ നോക്കി. ഒന്നു ചിരിച്ചു; പിന്നെ പൊട്ടിത്തെറിച്ചു.'' ഗാസാചീളിലെ തടവറയിലായിരുന്ന അവള്‍ അവിഹിതമായി ഗര്‍ഭിണിയായതാണെന്നും അതാണ്, ചാവേറാകാന്‍ അവളെ നിര്‍ബന്ധിതയാക്കിയതെന്നും സമര്‍ഥിക്കുന്നു, 'മാതാവ്, കൊലപാതകി, രക്തസാക്ഷി' എന്ന ശീര്‍ഷകത്തിലുള്ള ആ കവര്‍സ്റ്റോറി. പലസ്തീന്‍ പോരാട്ടത്തെ ശാസ്ത്രീയമായി അധിക്ഷേപിക്കുന്ന ഒന്ന് എന്നാണ് അതിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല; തങ്ങള്‍ക്ക് എന്താണ് വായനക്കാരെ അറിയിക്കേണ്ടത് എന്നതാണ് മര്‍ഡോക്കിയന്‍ മാധ്യമങ്ങളുടെ അജന്‍ഡ. അതിനവര്‍ മൂന്നാംകിട അപവാദ പ്രചാരണങ്ങളെപ്പോലും ആശ്രയിക്കുന്നു; പരിഷ്കൃതലോകം ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്യുന്നു.

സമ്പത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റത്തില്‍ മര്‍ഡോക്ക് ചവിട്ടിയരച്ചത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ്. നിയമവിരുദ്ധവും അമാന്യവുമായ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന വാര്‍ത്താശകലങ്ങളും സങ്കല്‍പ്പകഥകളുമാണ് വാര്‍ത്തകളായി ഘോഷിക്കപ്പെട്ടത്. അത്തരം ആഘോഷങ്ങള്‍ക്കിടെ, നിറംപിടിപ്പിച്ച വാര്‍ത്തകളുടെ പ്രത്യാഘാതം നിരപരാധികളുടെ ജീവിതം തകര്‍ക്കുന്നത് മര്‍ഡോക്കിനെ അലട്ടിയില്ല.

കൊലപാതകമായാലും രാഷ്ട്രീയ സംഭവങ്ങളായാലും കേസന്വേഷണവും വിചാരണയും വിധിപ്രസ്താവവും മാധ്യമം ഏറ്റെടുക്കുന്ന അവസ്ഥ വന്നു. കടിഞ്ഞാണില്ലാത്ത ആ പോക്കില്‍നിന്നാണ് മര്‍ഡോക്കിന് ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും പിന്മാറേണ്ടിവന്നിരിക്കുന്നത്. 168 വര്‍ഷത്തെ പാരമ്പര്യവും 27 ലക്ഷം വായനക്കാരും ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ അതുല്യമായ സ്വാധീനശേഷിയുമുണ്ടായിരുന്ന 'ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്രം അടച്ചുപൂട്ടേണ്ടിവന്നു മര്‍ഡോക്കിന്. റബേക്ക ബ്രൂക്സ് എന്ന തന്റെ വിശ്വസ്ത പത്രാധിപയെ നിയമത്തിന്റെ പിടിയിലേക്ക് വിട്ടുകൊടുത്തതിനുപുറമെ ബ്രിട്ടീഷ് ജനതയോട് പരസ്യമായി 'എന്റെ പിഴ; എന്റെ വലിയ പിഴ' എന്ന് ഏറ്റുപറയേണ്ടിയും വന്നു സുര്യനസ്തമിക്കാത്ത മാധ്യമ സാമ്രാജ്യത്തിന്റെ അധിപന്. അതിനുമപ്പുറം ബി സ്കൈ ബി (ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റിങ്) എന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖല അപ്പാടെ വെട്ടിപ്പിടിക്കാനുള്ള നീക്കത്തില്‍നിന്നു നിരുപാധികം പിന്മാറുകയുംചെയ്തു.

'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്രത്തിന് പ്രചാരം വര്‍ധിപ്പിക്കാന്‍ നടത്തിയ അധാര്‍മിക 'അഴുക്കുചാല്‍' ഇടപെടലുകളാണ് മര്‍ഡോക്കിന്റെ പല്ലുകള്‍ കൊഴിക്കുന്ന ആഘാതമായി പരിണമിച്ചത്. 2002ല്‍ കാണാതായ മില്ലിഡൌളര്‍ എന്ന പെണ്‍കുട്ടിയുടെ കേസ് സ്വന്തമായി അന്വേഷിക്കാന്‍ ന്യൂസ് ഓഫ് ദ വേള്‍ഡിലെ 'പത്രപ്രവര്‍ത്തകര്‍' പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കി. മില്ലിയുടെ മാതാപിതാക്കള്‍ മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അങ്ങനെ ചോര്‍ത്തി. അതുവച്ച് അനേകം കഥകള്‍ സൃഷ്ടിച്ചു. സൌകര്യത്തിനുവേണ്ടി ചില ശബ്ദസന്ദേശങ്ങള്‍ മായ്ച്ചുകളയാനും മടിച്ചില്ല. കേസന്വേഷിച്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് ഇതിലൂടെ തെറ്റായ നിഗമനങ്ങളിലെത്തേണ്ടിവന്നു. കൊല്ലപ്പെട്ട കുട്ടി ജീവിച്ചിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഒരുഘട്ടത്തില്‍, മാതാപിതാക്കളാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന വാര്‍ത്തവരെ വന്നു.

മില്ലി സംഭവത്തിലെ പത്രത്തിന്റെ ഇടപെടല്‍ പുറത്തുവന്നതോടെ അത്തരം കഥകളുടെ ഘോഷയാത്രയാണുണ്ടായത്. വായനക്കാരെ ആകര്‍ഷിക്കാന്‍ അഴുക്കുചാലിലൂടെ നീന്തുന്ന മാധ്യമ ദുഷ്പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചകള്‍ക്കാണ് ലോകവ്യാപകമായി ഈ സംഭവം വഴിതുറന്നത്.

ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയതിനുപുറമെ നിരവധി അറസ്റുകളുമുണ്ടായി; അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അനധികൃതമായി ചോര്‍ത്തിക്കൊടുത്ത പൊലീസുദ്യോഗസ്ഥര്‍ അഴികള്‍ക്കുള്ളിലായി; സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നു. എല്ലാമായിട്ടും മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ ഉലയ്ക്കാന്‍ പര്യാപ്തമല്ല ഇതൊന്നും. ഇത്തരം നിരവധി അഴുക്കുചാലുകളിലൂടെയാണ് അത് വളര്‍ന്നുവന്നത്. തല്‍ക്കാലം പിറകോട്ടുവച്ച കാല്‍ വീണ്ടും മുന്നോട്ടുവയ്ക്കാന്‍തന്നെയാണെന്ന് മര്‍ഡോക് പിന്നിട്ട വഴികളില്‍നിന്നുള്ള അനുഭവസാക്ഷ്യങ്ങള്‍ ഏറെയുണ്ട്.

ബ്രിട്ടനില്‍ പിറകോട്ടുപോയപ്പോള്‍, ഓസ്ട്രേലിയയില്‍ എബിസിയുടെ അന്താരാഷ്ട്ര ടിവി ബ്രോഡ്കാസ്റിങ് ശൃംഖല സ്വന്തമാക്കാനുള്ള തിടുക്കപ്പെട്ട നീക്കത്തിലാണ് മര്‍ഡോക്. ആഗോള മാധ്യമക്കുത്തകകളുടെ ഈ അനാശാസ്യവഴികള്‍ നമുക്കും അന്യമല്ലാതായിരിക്കുന്നു എന്നതാണ് കേരളത്തിന്റെ മാധ്യമരംഗത്തെ സമകാലീന പ്രവണതകള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ അധികാരവും മാധ്യമ ഉടമസ്ഥതയും തമ്മിലുള്ള പാരസ്പര്യം സദാചാരത്തിന്റെയും മാന്യതയുടെയും മാനവികതയുടെയും തുടലുകള്‍പൊട്ടിച്ച് മുക്രയിടുകയാണിന്ന് കേരളത്തില്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി എതിരാളികളുടെ സ്വഭാവഹത്യ പതിവാക്കിമാറ്റുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത എസ്എംഎസ് വിവാദം നോക്കുക. കേരള കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ക്ക് മന്ത്രിയാകാന്‍ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണംചെയ്ത കേസാണ് അത് എന്ന് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. ഇതൊരു ഉദാഹരണംമാത്രമാണ്. പി ജെ ജോസഫ് കുറ്റക്കാരനാണോ നിരപരാധിയാണോ മറ്റേതെങ്കിലും അപരാധികള്‍ ഈ കേസിലുണ്ടോ എന്ന് തെളിയിക്കാനുള്ള അന്വേഷണം കെ എം മാണി ഏറ്റെടുത്തിരിക്കുന്നു. അത് അതിന്റെ വഴിക്ക് നടക്കട്ടെ. പി ജെ ജോസഫിനെതിരെ നേരത്തെയും സാമ്യമുള്ള കേസ് ഉയര്‍ന്നിരുന്നു എന്ന പശ്ചാത്തലവും അതിനുണ്ട്. അതായിരിക്കില്ല എല്ലാവരുടെയും സ്ഥിതി.

അങ്ങേയറ്റം സെന്‍സിറ്റീവായ സമൂഹത്തില്‍, മാന്യമായി ജീവിക്കുന്ന ഒരാള്‍ ഇത്തരം കേസുകളില്‍ കുടുങ്ങുക എന്നത് അയാളുടെ പൊതുജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും അന്ത്യംതന്നെയായി മാറിയേക്കും. അങ്ങനെയൊരു പരിസമാപ്തി ഉദ്ദേശിച്ചാണ്, സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച് കേസ് കെട്ടിച്ചമയ്ക്കുകയും അതിന് മാധ്യമങ്ങള്‍ പ്രചാരം കൊടുക്കുകയും ചെയ്യുന്നതെങ്കിലോ? അപകടകരമായ അവസ്ഥയാണത്. ആര്‍ക്കും ആരെയും അങ്ങനെ അപമാനിക്കാം.

നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഒരു നിമിഷത്തേക്ക് മറ്റാരെങ്കിലും എടുത്ത് അനാവശ്യ നമ്പരിലേക്ക് ഒരു സന്ദേശം അയച്ചാല്‍പോലും നിങ്ങള്‍ വലിയ വിപത്തിലേക്ക് പതിക്കാം. ടെലിഫോണിനെ; ഇ-മെയിലിനെ; യാത്രകളെ; എന്തിന് മാന്യമായ പെരുമാറ്റത്തെപ്പോലും ഇത്തരം മഞ്ഞയും നീലയും കലര്‍ന്ന കഥകളാക്കി പ്രചരിപ്പിച്ചാല്‍ അതിന് വിപണിമൂല്യം ലഭിക്കുന്ന കെട്ട അവസ്ഥ നിലനില്‍ക്കുന്നു. മര്‍ഡോക്കിന്റെ പണവും മാധ്യമ ഉടമസ്ഥതയും മാത്രമല്ല മര്‍ഡോക്കിയന്‍ പാപ്പരാസി സംസ്കാരവും ഇവിടെ മൂക്കുകയറില്ലാതെ ചീറിപ്പായുന്നുണ്ട്.

സ്വന്തം കൊച്ചുമക്കളുടെ പ്രായമില്ലാത്ത കുരുന്നുകളെ കാമപൂര്‍ത്തിക്കായി പീഡിപ്പിക്കുന്നവരും മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന പിതാക്കന്മാരും മദിച്ചുജീവിക്കുന്ന സമൂഹത്തില്‍ എന്തിനെയും സംശയത്തോടെമാത്രം കാണാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ ഗതികേടും മാധ്യമങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കാനും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ചൂഷണംചെയ്യപ്പെടുകയാണ്. ഒരു ചാരക്കേസുണ്ടായതും മറിയം റഷീദയിലൂടെ പിറകോട്ട് സഞ്ചരിച്ച് മാതാഹരി എന്ന മദാലസ ചാരവനിതയുടെ ഉറക്കറക്കഥകളിലേക്ക് മാധ്യമങ്ങള്‍ കൂപ്പുകുത്തിയതും മറക്കാറായിട്ടില്ല. ഇക്കിളിക്കഥകളാണവര്‍ക്ക് പഥ്യം.

ബോധപൂര്‍വമായ അപവാദ പ്രചാരണത്തിനുമുന്നില്‍ ശിലപോലെ ഉറച്ച പ്രകൃതക്കാരും അലിഞ്ഞില്ലാതായിപ്പോകും എന്നറിയാവുന്നവരാണ് കളിക്കുന്നത്. അവര്‍ക്കെതിരെ; അവരുടെ തെറ്റായ രീതിക്കെതിരെ പ്രതികരിക്കാനുള്ളതാകണം മര്‍ഡോക്കിന്റെ ഇംഗ്ളണ്ടിലെ കൊള്ളരുതായ്മകളെക്കുറിച്ചുള്ള ചര്‍ച്ച. അത്തരം രീതികള്‍ പകര്‍ത്താനുള്ളതാവരുത്; അവയെ എതിര്‍ത്തുതോല്‍പ്പിക്കാനുള്ളതാകണം ഈ സംവാദങ്ങളുടെ ശേഷിപ്പ്. വീണുകിട്ടുന്ന കഥകള്‍ വിശ്വാസ്യതയോ ആധികാരികതയോ പരിശോധിക്കാതെ, അതുകൊണ്ട് ആര്‍ക്ക് പ്രയോജനമെന്നോ ആര് തകര്‍ക്കപ്പെടുമെന്നോ എത്ര കുടുംബങ്ങള്‍ കണ്ണീരുകുടിക്കുമെന്നോ ചിന്തിക്കാതെ വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അമാന്യമായ രീതിപോലുമല്ല. ഒരുതരം കൂലിയെഴുത്ത് എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.

ചിലരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി അത്തരം കൃത്യത്തില്‍ തങ്ങളും പങ്കാളികളാകുന്നുണ്ടോ എന്ന ആത്മപരിശോധന മാധ്യമ പ്രവര്‍ത്തകരുടെ നിലവാരം ഉയര്‍ത്തുകയേ ഉള്ളൂ. എസ്എംഎസ് വിവാദത്തിന്റെ ചര്‍ച്ച കെ എം മാണിയുടെ അന്വേഷണ പ്രഖ്യാപനത്തോടെ ഒതുക്കേണ്ടതല്ല എന്നുതിരിച്ചറിയാനുള്ള വിശേഷബുദ്ധിയെ ഉണര്‍ത്താന്‍ മര്‍ഡോക്കിന്റെ കഥ പറയേണ്ടിവരികയാണ് ഇവിടെ. അതാണ് നമ്മുടെ യഥാര്‍ഥ മാധ്യമ വിശേഷം.