'ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ഒടുങ്ങാനേ ഉള്ളൂ നിന്റെ ഈ ജീവിതം' എന്ന് സുധീഷ് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കെ വി സുധീഷ് എന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ; സഖാവിന്റെ വെട്ടിനുറുക്കപ്പെട്ട ശരീരം മനസ്സിലേക്ക് കടന്നവരുമ്പോഴെല്ലാം അങ്ങനെയൊരു ചിന്തയും മനസ്സിലുണ്ടാകും. അതിനെ ഭയപ്പാടോടെയല്ല നേരിട്ടിട്ടുള്ളത്. ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ജീവന്‍ കോര്‍ക്കപ്പെട്ടാലും അതിന് ഒരന്തസ്സുണ്ട്. രാഷ്ട്രീയ ശത്രുവിനോട് ഏറ്റുമുട്ടിയുള്ള മരണമാകുമല്ലോ അത്.
ഇന്നലെ മനോരമ ന്യുസില്‍ വന്ന ഒരുചര്‍ച്ചയെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ സത്യത്തില്‍ ആത്മനിന്ദയാണ് തോന്നിയത്. പെയിഡ് ന്യൂസിനെക്കുറിച്ചായിരുന്നുവത്രെ ചര്‍ച്ച. അതില്‍ എന്‍ എം പിയേഴ്സണ്‍ എന്ന 'മാധ്യമ ചിന്തകന്‍' പെയിഡ് ന്യൂസിന്റെ പ്രയോക്താക്കളായി വിശേഷിപ്പിച്ച രണ്ടുപേര്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനായ ആര്‍ എസ് ബാബുവുമാണ്. ഞങ്ങള്‍ ഇരുവരും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍എസ് ബാബു സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റാണ്. ഞാന്‍ അസോസിയേറ്റ് എഡിറ്റര്‍. ഞങ്ങള്‍ ദേശാഭിമാനിയിലേ എഴുതാറുള്ളൂ (മറ്റ് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലും).സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും വേണ്ടിയല്ലാതെ ഒരക്ഷരം ഞങ്ങളില്‍നിന്ന് ഉതിര്‍ന്നിട്ടില്ല. അങ്ങനെ എഴുതാന്‍വേണ്ടി ഞങ്ങള്‍ക്ക് ദേശാഭിമാനി ശമ്പളവും മറ്റ് സൌകര്യങ്ങളും നല്‍കുന്നുണ്ട്.
ദേശാഭിമാനിയില്‍, പത്രത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ എഴുതാനാവുകയുമില്ല. ആ നിലയ്ക്ക്, ഞങ്ങള്‍ക്ക് പണംതന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിക്കുന്നത് എന്ന് പറയാം. അതാണോ പെയിഡ് ന്യൂസ്?
മനോരമ ചാനലിന്റെ പരിപാടി കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, നിരവധിപേര്‍ വിളിച്ചു പറഞ്ഞു. കേസ് കൊടുക്കണമെന്നും പറഞ്ഞു. സാധാരണ ആ ചര്‍ച്ച രാത്രി പന്ത്രണ്ടുമണിക്ക് പുനഃസംപ്രേഷണം ചെയ്യാറുണ്ട്. പക്ഷെ ഇന്നലെ അതുണ്ടായില്ല. രാവിലെ ചാനലിന്റെ തലപ്പത്തുള്ള ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍," മനോജിനെ കൂടുതല്‍ പ്രയാസപ്പെടുത്തേണ്ടതില്ല എന്നു കരുതി പുനഃസംപ്രേഷണം വേണ്ടന്നുവെച്ചു'' എന്നാണ് പറഞ്ഞത്. 'കേസ് ഒഴിവാക്കാന്‍വേണ്ടി അങ്ങനെ ചെയ്തു എന്ന് പറയുന്നതല്ലേ നല്ലത്' എന്ന് തിരിച്ചുചോദിച്ചപ്പോള്‍ ചിരി ആയിരുന്നു ഉത്തരം.
പിയേഴ്സണ്‍ എന്ന മാധ്യമ ചിന്തകനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; അദ്ദേഹം എന്നെയും. ചാനല്‍ ചര്‍ച്ചകളിലും മലയാളം വാരിക പോലുള്ള ആനുകാലികങ്ങളിലെ ലേഖനങ്ങളിലും കണ്ടാണ് അദ്ദേഹത്തെ എനിക്ക് പരിചയം. എന്നെക്കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനോരമയുടെ ആങ്കര്‍ വേണുവാകട്ടെ, പിയേഴ്സന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാനും അതിന് മറുപടി ഇല്ലാതെ നോക്കാനുമാണ് ശ്രദ്ധിച്ചുകണ്ടത്. ഞാന്‍ വലിയതോതില്‍ സമ്പാദ്യമുണ്ടാക്കി എന്നാണത്രെ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് തെളിയിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഞാന്‍ എന്തുസമ്പാദിച്ചു, എവിടെ, എത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദയവായി രണ്ടുകൂട്ടരും വെളിപ്പെടുത്തണം. അനധികൃതമായോ അധികൃതമായോ എന്ത് സമ്പാദ്യമുണ്ടാക്കിയാലും അത് പറയട്ടെ. തെളിയിക്കുകയൊന്നും വേണ്ട-വെറുതെ പറഞ്ഞാല്‍ മതി. തെളിയിക്കാനുള്ള ബാധ്യത ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അതല്ല, മാന്യതയും മര്യാദയുമുണ്ടെങ്കില്‍ ഇന്നലത്തെ ആരോപണം പരസ്യമായി ഒന്നുകൂടി ഉന്നയിക്കൂ.
"ദേശാഭിമാനിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അനധികൃത സ്വത്ത് സമ്പാദിച്ചവരുണ്ട്. അവരുടെ പേരു തന്നെ ഞാൻ പറയാൻ തയ്യാറാണ് പി.എം മനോജും ആർ എസ് ബാബുവും." എന്ന് പിയെഴ്സന്‍ പറഞ്ഞത് അവായം തോന്നിയാണോ അതോ മനോരമ പീയേഴ്സണെക്കൊണ്ട് പറയിച്ചതാണോ എന്നറിയില്ല . ചര്‍ച്ചയില്‍ പങ്കെടുത്ത ദേശാഭിമാനി ക്നസ്ല്ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടിക്ക് അത് ക്ലാരിഫൈ ചെയ്യാന്‍ അവസരം നല്‍കിയില്ല എന്നത് അത്തരം സംശയം ഉണ്ടാക്കുന്നു.തിരഞ്ഞെടുപ്പ് സമയത് മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുക്കുന്ന ചാനല്‍ അവതാരകനും പെയ്‌ഡ് ന്യൂസിന്റെ പരിധിയില്‍ വരുമെന്നതും ഓര്‍ക്കേണ്ടതുണ്ട്.
പെയിഡ് ന്യൂസ് എന്ന കെട്ട രീതിക്കെതിരെ ഏറ്റവും ഒച്ചവെച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഞാനാണ് എന്നതില്‍ ഇന്ന് അഭിമാനം തോന്നുന്നു. അത് നട്ടെല്ലുനിവര്‍ത്തി ഇനിയും പറയാനുള്ള ആര്‍ജവം എനിക്കുണ്ട്. പണം വാങ്ങിയും സൌജന്യങ്ങള്‍ പറ്റിയും ആഭിചാരസമാനമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടെയുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വേഷമിട്ട് സെക്രട്ടറിയേറ്റിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെ പാര്‍പ്പിടങ്ങളുടെയും തിണ്ണനിരങ്ങി കാര്യം സാധിച്ച് പണം പറ്റുന്നവരുണ്ട്. അത്തരക്കാരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഭാരിച്ച ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നില്ലെങ്കിലും അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അതിന് പിയേഴ്സന്റെയും വേണുവിന്റെയും ആരോപണം തടസ്സമാവുകയുമില്ല
ആര്‍എസ്എസിന്റെ കത്തിമുന വന്നാല്‍ നെഞ്ചുവിരിച്ചുകൊടുക്കാമായിരുന്നു. ഇതിപ്പോള്‍,ഞെളിയന്‍പറമ്പിലെ മാലിന്യക്കൂമ്പാരം അപ്പാടെ എടുത്തു ദേഹത്തിട്ടപോലത്തെ ഒരസ്ക്യതയാണ്. ശത്രുവിനും വേണമല്ലോ അന്തസ്സ്്. തലക്കടിയേല്‍ക്കുന്നതിനേക്കാള്‍ മോശം അമേദ്യം കൊണ്ടുള്ള ഏറുകൊള്ളുന്നതാണല്ലോ.
ആട് അങ്ങാടിയിലിറങ്ങിയാല്‍ സകലതും കടിക്കും. ചില മാധ്യമ ചിന്തകര്‍ ചര്‍ച്ചയ്ക്കിറങ്ങിയാല്‍ എന്തും പറയും. പറയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് നേരിയ ബോധ്യമെങ്കിലും വേണമെന്നില്ല. ഇതൊക്കെ എവിടെ എത്തിക്കുമെന്ന് മനോരമ തന്നെ ചിന്തിക്കട്ടെ.