Showing posts with label വീരേന്ദ്രകുമാര്‍. Show all posts
Showing posts with label വീരേന്ദ്രകുമാര്‍. Show all posts

Thursday, May 6, 2010

മനോരമയുടെ നവ അടവുനയം

മുംബൈയില്‍ ബലൂണും ജപകുസും എണ്ണയും വിറ്റുനടന്ന സെയില്‍സ്മാനായിരുന്നു മനോരമയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ കെ എം മാത്യു. പരമാവധി എംആര്‍എഫിന്റെ ജില്ലാ മാനേജര്‍ ആയി റിട്ടയര്‍ചെയ്യുമായിരുന്ന ഒരാള്‍. അളന്നെടുക്കാനാവാത്ത ആസ്തിയുടെ അധിപനാണ് ഇന്ന് ആ മനുഷ്യന്‍. കേരളത്തിലും പുറത്തും ശാഖകളുള്ള വന്‍കിട പത്രസാമ്രാജ്യം, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍, കംപ്യൂട്ടര്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകളും റസ്റോറന്റുകളും, സോഡാമേക്കര്‍ ഫാക്ടറി, കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, ഇറക്കുമതി വാഹനങ്ങള്‍, ഏജന്‍സി സര്‍വീസുകള്‍, സ്പീഡ്ബോട്ട്, തോട്ടങ്ങള്‍, എസ്റ്റേറ്റ് ബംഗ്ളാവുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പങ്കാളിത്തങ്ങള്‍- ഒരു അലാവുദീനും സമ്മാനിച്ച അത്ഭുതവിളക്കിന്റെ സഹായത്താലല്ല, മുംബൈ തെരുവുകളിലൂടെ ബലൂ വിറ്റുനടന്നയാള്‍ ആകാശം മുട്ടെ വളര്‍ന്നുയര്‍ന്നത്. വളര്‍ച്ചയുടെ വഴിയില്‍ ചതിയുടെയും വഞ്ചനയുടെയും ഉപജാപങ്ങളുടെയും അനുഭവകഥകളുണ്ട്. എങ്കിലും സാരോപദേശവും നന്മയുടെ സങ്കീര്‍ത്തനവും മുഴക്കുന്നവരില്‍ ആരുടെയും പിന്നിലല്ല മാത്യുവും ഭൂതഗണങ്ങളും. ബലൂണും വാര്‍ത്തയും ഒരുപോലെ ഊതിപ്പെരുപ്പിക്കാമെന്ന് തെളിയിച്ച സാക്ഷാല്‍ മാത്യുവിന്റെ കീഴില്‍ മനോരമ വച്ചടിവച്ചടി കയറി. വിധേയ-വിശ്വസ്ത വേതാളങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും പടര്‍ന്നു വിലസി. കേരളത്തില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാനുളള കണ്ടത്തില്‍ കുടുംബത്തിന്റെ നിയോഗം ശമ്പളത്തിനൊപ്പം മാത്തുക്കുട്ടിച്ചായന്‍ ഇവര്‍ക്ക് വീതിച്ചു നല്‍കി.

കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഭീഷണിപ്പെടുത്തല്‍, ബ്ളാക്ക്മെയിലിങ്, കൂലിക്കെഴുത്ത് എന്നിങ്ങനെയുള്ള തലങ്ങളെല്ലാം കടന്ന് വേലിക്കല്‍നിന്ന് മുണ്ടുപൊക്കി തെറിവിളിക്കുന്ന നിലവാരത്തിലൂടെയും സഞ്ചരിക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം. മനോരമയിലെ പത്രപ്രവര്‍ത്തകരുടെ പരിശീലനക്കളരിയിലെ ആശാന്‍ ക്രൈം നന്ദകുമാറാണെന്ന് അവര്‍ പ്രചരിപ്പിച്ച ലാവ്ലിന്‍ കഥകളില്‍തന്നെ തെളിഞ്ഞതാണ്. നേരിയ സംശയമെങ്കിലും അവശേഷിച്ചവര്‍ക്ക് 2010 ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ ആറുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'കോടികള്‍ കോടികള്‍ പിന്നാലെ' എന്ന പരമ്പര വായിച്ചതോടെ കാര്യം ബോധ്യമായി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകളിലൂടെ, കര്‍ത്താവും കര്‍മവുമില്ലാത്ത വാചകങ്ങളിലൂടെ സിപിഐ എമ്മിനെതിരെ പടച്ചുവിട്ട അപവാദങ്ങള്‍ യഥാര്‍ഥത്തില്‍ മനോരമയിലെ ശിഷ്യന്മാര്‍ കളരിഗുരുവിന് നല്‍കിയ ദക്ഷിണയാണ്. അശ്ളീലവും അപവാദവും എഴുതുമെന്ന് ഭീഷണിപ്പെടുത്തി അരിക്കാശിന് വഴിതേടുന്ന ഗുരുവിന് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെങ്കില്‍ എഴുതിനാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനോരമാ ഭടന്‍. ഒരുപരിധിയില്‍ കൂടുതല്‍ ഊതിയാല്‍ ഈ ബലൂണ്‍ പൊട്ടുമെന്നും ഏതു ബലൂണും കുത്തിപ്പൊട്ടിക്കാന്‍ ഒരു മൊട്ടുസൂചിയുടെ ചെലവേയുള്ളൂവെന്നും ബോംബെ തെരുവുകളുടെ അനുഭവപരിചയമുള്ളവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.

കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളത് ഇടതുപക്ഷത്തെക്കുറിച്ച്, വിശേഷിച്ച് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണെന്ന് മനോരമയ്ക്കറിയാം. മാര്‍ക്സിസ്റ്റ് വിരോധം ആ പത്രത്തിന്റെ രാഷ്ട്രീയം മാത്രമല്ല, വിപണന തന്ത്രവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും മണിമാളികയുണ്ടെന്നും അദ്ദേഹം ബ്യൂട്ടിപാര്‍ലറില്‍ ചെലവിടുന്നത് പതിനായിരങ്ങളാണെന്നുമുള്ളത് മനോരമയ്ക്ക് വാര്‍ത്തയല്ല. സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവ് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വിമാനയാത്ര നടത്തിയാല്‍ അതാണ് വാര്‍ത്ത. സി എം സ്റ്റീഫന്‍ എന്ന സമുന്നത നേതാവിന് സ്മാരകമുണ്ടാക്കാന്‍ പിരിച്ച പണം ഖദര്‍ പോക്കറ്റിന്റെ ആഴങ്ങളില്‍ വിലയിച്ചുപോയാല്‍ അത് വാര്‍ത്തയല്ല-സിപിഐ എം പണം പിരിച്ച് ഏരിയാ കമ്മിറ്റി ഓഫീസ് പണിതാല്‍ അതാണ് വാര്‍ത്ത.

'ഇ കെ നായനാരെ നെഞ്ചോടുചേര്‍ത്തുപിടിച്ചവരുടെ ആദരം മുതലെടുത്ത് സിപിഎം കണ്ണൂരില്‍ നായനാര്‍ അക്കാദമി ഒരുക്കുന്നു' എന്നാണ് പരമ്പരയില്‍ മനോരമ വിലപിച്ചത്. പറയുന്നത് കേട്ടാല്‍ തോന്നുക, ഇ കെ നായനാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചത് കണ്ടത്തില്‍ കുടുംബവും അവരുടെ എഴുത്താളന്മാരുമാണെന്നാണ്. നായനാരെ കോമാളി എന്നു വിളിച്ചാക്ഷേപിച്ച, 'നായനാര്‍ പരസ്യ വോട്ടുചെയ്തു; നടപടിയെടുക്കണം' എന്ന് തെരഞ്ഞെടുപ്പുകമീഷനോട് രേഖാമൂലം ആവശ്യപ്പെട്ട മനോരമയില്‍നിന്ന് നായനാര്‍പ്രേമം വഴിഞ്ഞൊഴുകുന്നു. മനോരമ നടത്തിയ സകല വ്യക്തിഹത്യയെയും അതിജീവിച്ചാണ് നായനാര്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ സ്ഥാനം പിടിച്ചത്. എണ്ണമറ്റ മനോരമ പ്രചാരണങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഓരോ മലയാളിയും നായനാര്‍ സ്മാരകത്തിന് സംഭാവന നല്‍കുന്നത്. ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ എഴുതിത്തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ സ്മാരകം പണിയാന്‍ സംഭാവനകള്‍ പ്രവഹിക്കുമ്പോള്‍ അപസ്മാരബാധയില്‍ തുള്ളിയിളകുന്ന കണ്ടത്തില്‍ഭൃത്യരുടെ വെപ്രാളം മനസിലാക്കാവുന്നതേയുളളൂ. തങ്ങള്‍ എഴുതിയതും പ്രചരിപ്പിച്ചതും എങ്ങും എവിടെയും വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ നെഞ്ചിന്റെ പിടച്ചിലാണ് പരമ്പരയിലൂടെ പുറത്തുവന്നത്. വിശ്വസിപ്പിക്കുന്ന നുണകളെഴുതാനുള്ള വൈഭവം ഇനിയും തങ്ങള്‍ക്ക് കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴുളള വൈക്ളബ്യം ഊഹിക്കാവുന്നതേയുള്ളൂ.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ സഹായത്തോടെ നായനാര്‍ സ്മാരകത്തിന് സഹായമഭ്യര്‍ഥിച്ച് സിപിഐ എം നേതാക്കള്‍ നടത്തിയ പര്യടനം 'ചരിത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിപുല'മായിരുന്നുവെന്ന് മനോരമ വിലപിക്കുമ്പോള്‍ അടക്കാനാവാത്ത അസൂയയാണ് പുറത്തുചാടുന്നത്. നായനാര്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതിലും അത് ഉയര്‍ന്ന നിലവാരത്തിലുള്ളതാകുന്നതും മനോരമയുടെ ഉറക്കം കെടുത്തുന്നു. ഗള്‍ഫിലെ വ്യവസായികള്‍ പലരും 'സ്ഥലത്തില്ല, ടൂറിലാണ്' എന്ന 'അടവുനയം' പ്രയോഗിച്ച് പിരിവില്‍നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ തട്ടിവിട്ട് സ്വന്തം വാദമുഖങ്ങളെ ഒരുളുപ്പുമില്ലാതെ ഖണ്ഡിക്കുമ്പോഴും മനോരമക്കാരന്റെ എരിയുന്ന നെഞ്ചിലെ പുകയാണ് പുറത്തുചാടുന്നത്.

കേരളത്തില്‍ മനോരമയ്ക്ക് വേണ്ടപ്പെട്ട ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍-അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്- ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പലരും ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അത്തരക്കാരുടെ ബിസിനസ് ബന്ധങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച് മനോരമയ്ക്ക് എഴുതാനാകും. അതെല്ലാം മറന്ന്, ആയിരക്കണക്കിന് മലയാളികളോട് പരസ്യമായി സംവദിച്ച് സന്ദര്‍ശനം നടത്തിയ സിപിഐ എം നേതാക്കളെ അപഹസിക്കുമ്പോള്‍, ബാലജനസഖ്യം വഴി വളര്‍ത്തിയ സ്വന്തം സന്തതിക്കുവേണ്ടി നിലമൊരുക്കാനുളള വെപ്രാളം തിരിച്ചറിയില്ലെന്ന് മനോരമ കരുതരുത്.

അപവാദങ്ങള്‍ ആര്‍ക്കും പറഞ്ഞു പരത്താം. സിപിഐ എമ്മിന്റെ ഒരു നേതാവിന് പ്രോഗ്രസീവ് ലെന്‍സുള്ള കണ്ണടയുണ്ട് എന്നെഴുതുന്നത് സകല നേതാക്കളുടെയും കണ്ണടയിലേക്ക് വായനക്കാരന്റെ സംശയം എയ്തു തറപ്പിക്കുന്ന തറവേലയാണ്; മാധ്യമ പ്രവര്‍ത്തനമല്ല. എന്തിന് കണ്ണട മാത്രമാക്കണം. ഓരോ നേതാവിന്റെയും പാര്‍പ്പിടത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം വിലവിവരപ്പട്ടിക മനോരമയില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അക്കൂട്ടത്തില്‍ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ചാണ്ടിയെയുമൊന്നും വിട്ടുകളയരുതെന്നു കൂടി അഭ്യര്‍ഥനയുണ്ട്. അതാകുമ്പോള്‍, തുകയും വലുപ്പവും തെറ്റാതെ എഴുതാന്‍ മനോരമയ്ക്കാകും.

ദുസ്സൂചനകളുടെയും ദ്വയാര്‍ഥങ്ങളുടെയും സമാഹാരമായി അവതരിപ്പിച്ച പരമ്പരയ്ക്ക് കൃത്യമായ വിപണി-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുണ്ടുകൂടുന്ന പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈവരുന്ന അന്യൂനമായ ഐക്യവും ഊര്‍ജസ്വലതയും-ഇത്രയുമാണ് രാഷ്ട്രീയ കാരണങ്ങള്‍. മനോരമ എഴുതിയാല്‍ പിറ്റേന്ന് അത് വീരേന്ദ്രകുമാര്‍ പ്രസംഗിക്കും. സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ സമ്മാന പദ്ധതി തുടങ്ങിയിരിക്കുന്നു മനോരമ. അതിന്റെ മറ്റൊരു രൂപമാണീ മാര്‍ക്സിസ്റ്റ് പാര്‍ടി വധം.

ലാഭം കുന്നുകൂട്ടാനുള്ള തന്ത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നൈതികതയും മനോരമയ്ക്ക് പ്രശ്നമല്ല. വിമോചന സമരകാലത്ത് സിഐഎയുടെ പണം പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തയെഴുതിയ അളിഞ്ഞ മാധ്യമപാരമ്പര്യത്തിന് ഒരു പോറലും പറ്റാതെ മനോരമ ഇക്കാലമത്രയും കാത്തുപോരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് ദാസ്യവേലചെയ്ത് രാജമുദ്ര നെറ്റിയില്‍പതിപ്പിച്ച പത്രമാണത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ മര്‍ദക വീരന്മാര്‍ക്ക് ഓശാനപാടിയ പത്രമാണത്. എക്കാലത്തെയുംപോലെ ഇന്നും അവര്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ സമാഹരിച്ച് വില്‍ക്കുന്നു.

സിപിഐ എമ്മിന് ഓഫീസുകളുണ്ട്, പത്രമുണ്ട്, മറ്റു പ്രസിദ്ധീകരണങ്ങളുണ്ട്, പാര്‍ടി നേതൃത്വത്തിലും പാര്‍ടിയുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ സുശക്തമായി ഇടപെടുകയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അംഗങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ലെവിയായി പാര്‍ടി പ്രവര്‍ത്തനത്തിന് സിപിഐ എം നീക്കിവയ്ക്കുന്നു. ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നാല്‍പ്പതുശതമാനമെങ്കിലും ഉറച്ച ഇടതുപക്ഷ അനുഭാവികളാണ്. അത് എന്തായാലും മനോരമയുടെ സര്‍ക്കുലേഷന്റെ പല മടങ്ങ് വരും. അങ്ങനെയുള്ള അനുഭാവികള്‍ സ്വമേധയാ പാര്‍ടിക്കുവേണ്ടി സംഭാവന നല്‍കിയാല്‍തന്നെ മനോരമ മുതലാളിമാര്‍ പത്രം വിറ്റുണ്ടാക്കിയതിനേക്കാള്‍ ആസ്തി സിപിഐ എമ്മിനുണ്ടാകുമല്ലോ. കോണ്‍ഗ്രസ് പിരിച്ചാല്‍ അത് നേതാക്കളുടെ കീശയിലേക്കാണ് പോകുന്നതെങ്കില്‍ സിപിഐ എം പിരിച്ചെടുക്കുന്ന പണം ജനങ്ങളുടെ ആസ്തിയായി മാറും. എ കെ ജി സെന്ററും ഇ എംഎസ് അക്കാദമിയും കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്ന നായനാര്‍ സ്മാരകവുമെല്ലാം ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വത്തല്ല-ജനങ്ങളുടേതാണ്; പാര്‍ടിയുടേതാണ്. ലാഭം കൊയ്യുന്ന ബിസിനസിലേക്ക് ഊളിയിടാനുള്ള തന്ത്രങ്ങളല്ല ജനങ്ങളുടെ പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള പോരാട്ടത്തിന്റെ വഴിയാണ് അവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് മനോരമയുടെ ഓഫീസ് സമുച്ചയത്തിന് തൊട്ടടുത്താണ് ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം. കെട്ടിടം പണി തുടങ്ങിയതുമുതല്‍ ഒരുതരം അസഹിഷ്ണുതയോടെ മനോരമ അതിനെ കാണുന്നു. പണി നടക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നു. ദേശാഭിമാനിക്ക് മികച്ച കെട്ടിടം ഉണ്ടാവുകയോ? ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവുകയോ? കല്ലച്ച്, പരിപ്പുവട, കട്ടന്‍ചായ-ഇത്രയും മതി മാര്‍ക്സിസ്റ്റുകാര്‍ക്ക് എന്നാണ് മനോരമ കല്‍പ്പിക്കുന്നത്. സ്വന്തം ചാനല്‍ മാനംമുട്ടെ വളരുമ്പോള്‍ കൈരളി മുരടിച്ചുതന്നെ തീരണം. പത്തു കൊല്ലംകൊണ്ട് കൈരളി ലാഭം നേടിയതും ആസ്ഥാനം നിര്‍മിച്ചതും കൊടും പാതകം! രണ്ടര ലക്ഷം ഓഹരിയുടമകളുണ്ട് കൈരളിക്ക്. മനോരമയുടെ ഉടമസ്ഥത ഒരു കുടുംബത്തിന്. ലാഭവും വളര്‍ച്ചയും മനോരമയ്ക്കുമാത്രം, സ്വകാര്യമുതലാളിമാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ.

മറ്റൊരു ഉദ്ദേശ്യത്തോടെയാണെങ്കിലും മനോരമ ഇവിടെ സിപിഐ എമ്മിന് ഒരുപകാരം ചെയ്യുന്നുണ്ട്. പാര്‍ടി പിരിക്കുന്ന പണം മറ്റെവിടെയും പോകുന്നില്ല, ഓഫീസുകളും ജനോപകാര സംരംഭങ്ങളുമായി മാറുന്നുണ്ട് എന്ന് സംശയരഹിതമായി സ്ഥാപിക്കുന്നുണ്ട്. നായനാര്‍ക്ക് സ്മാരകം വരുന്നു എന്നതിനും അത് മികച്ച ഒന്നാണ് എന്നും പരസ്യം ചെയ്യുന്നുണ്ട്. മെയ് എട്ടിന് ഉദ്ഘാടനംചെയ്യാന്‍ പോകുന്ന ദേശാഭിമാനി ആസ്ഥാന മന്ദിരത്തിന്റെ ചിത്രം ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിച്ച് സഹായിക്കുന്നുണ്ട്. അതിനപ്പുറം ഏതോ ഒരു നേതാവ് വില കൂടിയ കണ്ണട വെക്കുന്നു, ചില നേതാക്കളുടെ മക്കള്‍ ഗല്‍ഫില്‍ ജോലി ചെയ്യുന്നു, ഏതോ ഒരു നേതാവ് പണ്ട് മദ്യപിച്ചു; ഇ.എം.എസ് പറഞ്ഞപ്പോള്‍ നിര്‍ത്തി, ഒരാള്‍ വിയറ്റ്നാമില്‍ ചെന്നപ്പോള്‍ ഉപചാരത്തിനു മദ്യം കഴിച്ചു എന്നെല്ലാമാണ് പരമ്പരയിലെ “കണ്ടെത്തലു“കള്‍”. പൊട്ടക്കണ്ണന്റെ മാവേലേറുകള്‍. എല്ലാ നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കട്ടെ എന്ന ലക്ഷ്യം.

സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഇതേ മട്ടില്‍ പല പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.

മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.

Wednesday, April 14, 2010

വീരന്‍, പ്രകമ്പനമരുതേ

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

വീരന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മണ്‍മറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും?

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍.

ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുരുലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ:

"തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുന്നുപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി)

ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു.

സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിസെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്.

വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്. ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്റ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം രേഖകളും വസ്തുതകളുമായി ഭൂമി കൈയേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് വിശദീകരണം നല്‍കാന്‍ വീരേന്ദ്രകുമാര്‍ മുതിരുന്നില്ല. പകരം പാരമ്പര്യത്തിന്റെ കഥപറയുന്നു; തുറന്ന കത്തയക്കുന്നു; പ്രസംഗിച്ചും ലേഖനമെഴുതിച്ചും അപവാദ പ്രചാരണം നടത്തുന്നു. ഇതിലെവിടെയാണ് ന്യായം? രാഷ്ട്രീയ മര്യാദ? സാമാന്യ മര്യാദ? പ്ളാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരപ്പന്തല്‍ തകര്‍ക്കുകയും ആദിവാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത് വീരേന്ദ്രകുമാറിന്റെ പാര്‍ടിക്കാരാണ്. അദ്ദേഹംതന്നെ പറയുന്നുണ്ട് തന്റേത് ചെറിയൊരു പാര്‍ടിയാണെന്ന്. ചെറിയ പാര്‍ടിയായിട്ടും ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അല്‍പ്പം വലുതായിരുന്നെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. മാനസാന്തരം വന്ന മുന്‍ സോഷ്യലിസ്റ്റിന്റെ വിചിത്രമായ ന്യായീകരണ ശ്രമങ്ങളല്ല, ഇടതുപക്ഷ മുഖംമൂടിയിട്ടിരുന്ന കാപട്യത്തിന്റെ പൊട്ടിയൊലിക്കലാണുണ്ടാകുന്നത്. വലതുപക്ഷ കൂടാരത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇടതുപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ അവകാശമുണ്ട്; പക്ഷേ, അതുകൊണ്ട് ഇന്നു നില്‍ക്കുന്നിടത്തെ ദുര്‍ഗന്ധം ഇല്ലാതാകില്ല. അതുകൊണ്ട്, പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ താങ്കള്‍ പ്രകമ്പനം കൊള്ളുന്നതില്‍ അല്‍പ്പം നിയന്ത്രണം പാലിക്കൂ.

Tuesday, April 7, 2009

വില്ലാദി വീരന്‍ ആയിരം നാവന്‍

ഇന്നിറങ്ങിയ വീരഭൂമിയിലെ ഒരു വാര്‍ത്ത:
ലാവലിന്‍: ഗൂഢാലോചനയിലൂടെ പ്രതികള്‍
ഉയര്‍ന്ന നിരക്ക്‌ നല്‍കി

തിരുവനന്തപുരം: മൂന്ന്‌ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയ എസ്‌.എന്‍.സി. ലാവലിന്‌ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ. കണ്ടെത്തി.
389.99 കോടി രൂപയുടേതായിരുന്നു അടങ്കല്‍. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുടെ നവീകരണം 100 കോടി രൂപയ്‌ക്ക്‌ പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെക്കൊണ്ട്‌ ചെയ്യിക്കാമെന്ന ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ മറികടന്നുകൊണ്ടാണ്‌ ഇത്രയും വലിയ തുക അടങ്ങിയ എസ്റ്റിമേറ്റിലേക്ക്‌ വൈദ്യുതി ബോര്‍ഡ്‌ നീങ്ങിയത്‌.

' പിണറായി ഗൂഢാലോചന നടത്തിയെന്ന് സിബിഐ' എന്നായിരുന്നു.
ഇപ്പോള്‍ എവിടെനിന്നു വന്നു വീണ്ടുമൊരു കഥ?

ഇതാണ് വീരഭൂമി. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ എം പി വീരേന്ദ്രകുമാറിന്റെ ശൈലി ഇങ്ങനെയാണ്. തനിക്ക് ഇഷടമില്ലാത്തവരെ എഴുതി നാറ്റിച്ചുകളയും. അതിന് ക്രൈം നന്ദകുമാറോ അജിതയോ കാളീശ്വരം രാജോ ഏതുചെകുത്താനോ ആകട്ടെ-വീരന്‍ കൂട്ടുപിടിക്കും.

വീരന്റെ വലംകൈയും ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറലുമായ കൃഷ്ണന്‍കുട്ടിയുടെ പ്രസംഗം മലയാള മനോരമ (ഏപ്രില്‍ 6)പ്രസിദ്ധീകരിച്ചത് നോക്കുക:
വി.എസ്.അച്യുതാനന്ദനും ജനതാദളും ചേര്‍ന്നു നടത്തിയ നീക്കങ്ങളാണ് എല്‍ഡിഎഫിനെ ജയിപ്പിച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പല പ്രശ്നങ്ങളിലും ജനതാദള്‍ തുടങ്ങിവച്ച സമരങ്ങളാണ് അച്യുതാനന്ദന്‍ ഏറ്റെടുത്തത്. സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ ഒരു പിന്തുണയും അക്കാര്യത്തില്‍ അച്യുതാനന്ദനു കിട്ടിയിരുന്നില്ല.

അതായത്, സിപിഐ എമ്മിനകത്ത് കുഴപ്പമോ ഭിന്നതയോ ഉണ്ടാക്കാനാണ് ഇന്നുവരെ വീരനും കൃ. കുട്ടിയും 'അച്യുതാനന്ദനും ജനതാദളും ചേര്‍ന്ന്' ചില നീക്കങ്ങള്‍ നടത്തിയെന്ന്! എല്‍ഡിഎഫിനും സിപിഐ എമ്മിനും അറിയാത്ത ഏതുനീക്കമാണ് അങ്ങനെ നടത്തിയിട്ടുള്ളത്? ഇത്തരം പ്രചാരണങ്ങളിലൂടെ സിപിഐ എമ്മിനെക്കുറിച്ച് മാതൃഭൂമി നടത്തുന്ന ആക്രമണം ഏതുലക്ഷ്യം വെച്ചാണെന്നും അതിന്റെ ഉറവിടം ഏതാണെന്നും ഇതില്‍ വ്യക്തമാകുന്നുണ്ട്. അല്ലെങ്കിലും, കോഴിക്കോട്ട് എല്‍ഡിഎഫ് നിര്‍ത്തിയ, ആ ജില്ലയിലെ ഡിവൈഎഫ്ഐ പ്രസിഡന്റും എസ്എഫ്ഐയിലൂടെ വളര്‍ന്നുവന്ന നേതാവുമായ മുഹമ്മദ് റിയാസിനെ 'ഫാരിസ് അബൂബക്കറിന്റെ ബിനാമി' എന്നുവിളിക്കാനും റിയാസിന്റെ ബാപ്പയെക്കുറിച്ചുപോലും പച്ചക്കള്ളം വിളിച്ചുപറയാനും വീരേന്ദ്രകുമാര്‍ തന്നെ തയാറാകുമ്പോള്‍, ക്രൈം നന്ദകുമാറടക്കമുള്ളവര്‍ വെറും ശിശുക്കള്‍ മാത്രം.

ഇനി കാര്യത്തിലേക്ക് വരാം. വീരേന്ദ്രകുമാറിന്റെ കോട്ടയം പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചത് വായിക്കാം. ഒരു പാരഗ്രാഫ് വീരന്റെ വക വരുമ്പോള്‍ ഒരു ബ്രാക്കറ്റ് മറുകുറി എന്നതാണ് വായനക്ക് സൌകര്യം.
Date : April 07 2009

പുതിയ കൂട്ടുകെട്ടുണ്ടായപ്പോള്‍ പഴയത്‌ സി.പി.എം. മറന്നു - എം.പി.വീരേന്ദ്രകുമാര്‍
കോട്ടയം: കേവലം ഒരു പാര്‍ലമെന്റ്‌ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്‌നമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്‌. പതിറ്റാണ്ടുകള്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ച ഞങ്ങളെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും ഇടതുമുന്നണിയും അപമാനിച്ചു; അവഗണിച്ചു. പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടായപ്പോള്‍ പഴയത്‌ അവര്‍ മറന്നു - ജനതാദള്‍ (എസ്‌) സംസ്ഥാന പ്രസിഡന്റ്‌ എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.

കോട്ടയത്ത്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
(ജനതാദളിന് സീറ്റ് എല്‍ഡിഎഫ് നിഷേധിച്ചിട്ടില്ല. പഴയ കോഴിക്കോട് മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളടങ്ങുന്ന-കല്‍പറ്റ, ബത്തേരി, തിരുവമ്പാടി- പുതിയ വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടു. കല്‍പറ്റയില്‍ ദള്‍ എംഎല്‍എയുമാണ്. കോഴിക്കോട് മുമ്പ് സിപിഐ എമ്മിന്റെ സീറ്റായിരുന്നു-ഇമ്പിച്ചിബാവ ജയിച്ചത്. അത് പിന്നീട് ദളിന് കൊടുത്തു. ഇത്തവണ, മണ്ഡലം പുനര്‍നിര്‍ണ്ണയാം വന്നപ്പോഴാണ് വയനാട്ടിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത്. പഴയ കോഴിക്കോടിന്റെ വലിയ ഭാഗം ഉള്‍ക്കൊള്ളുന്ന വയനാട്ടിലേക്ക് മാറണം എന്ന ആ ആവശ്യം വീരേന്ദ്രകുമാറാണ് തള്ളിക്കളഞ്ഞത്. വയനാട്ടില്‍ ജയസാധ്യതയുണ്ടെന്നും അഥവാ തോല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് തരാമെന്നും പറഞ്ഞു. വീരന്‍ വാശിവിട്ടില്ല. കോഴിക്കോട് കിട്ടണം; ഇല്ലെങ്കില്‍ പ്രളയം. അതായിരുന്നു നിലപാട്. ഇതാണോ അവഗണന? മറവി? അപമാനം? സിപിഐ എമ്മിന് , ഞങ്ങളുടെ പഴയ സീറ്റായ കോഴിക്കോട് ഇതാ തിരിച്ചെടുക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോരായിരുന്നോ? ഇതില്‍ ഏത് 'പുതിയ കൂട്ടുകെട്ടിന്റെ' സ്വാധീനമാണ് വീരന്റെ ദുര്‍ബുദ്ധിയില്‍ കാണാനാകുന്നത്?)

വീരന്‍: സഖാക്കളേ, നിങ്ങള്‍ ഓര്‍ത്തിരിക്കണം. തിരഞ്ഞെടുപ്പ്‌ 16-ാം തീയതി കഴിയും. ചരിത്രം അതിനുശേഷവും തുടരും. ഇനിയും സൂര്യോദയങ്ങള്‍ ഉണ്ടാകും. സി.പി.എം. നേതൃത്വം ഞങ്ങളോട്‌ കാട്ടിയത്‌ രാഷ്ട്രീയമര്യാദയല്ല. ഇത്രയ്‌ക്ക്‌ അപമാനിക്കേണ്ടിയിരുന്നില്ല; പരിഹസിക്കേണ്ടിയിരുന്നില്ല. രണ്ട്‌ വോട്ടിനുവേണ്ടി മഅദനിയുടെ പാര്‍ട്ടി നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടതായപ്പോള്‍ നമ്മള്‍ ഒപ്പംനിന്ന്‌ നടത്തിയ എത്രയോ പോരാട്ടങ്ങളെ വിസ്‌മരിക്കുകയാണ്‌ നിങ്ങള്‍ ചെയ്‌തത്‌.



(രണ്ടുവോട്ടിന് മഅ്ദനിയുടെ പാര്‍ട്ടി പ്രിയപ്പെട്ടതായി എന്ന്. ഇതേ വീരന്റെ പാര്‍ട്ടിയോട് മുന്നണി മര്യാദ കാട്ടി ഏറാമലയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെ ഏതിര്‍ത്തുകൊണ്ടല്ലേ അവിടെ വിമതപ്പാര്‍ട്ടി ഉണ്ടായത്? സ്വന്തം പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന രൂക്ഷമായ എതിര്‍പ്പിനെയും അതിന്റെ ഫലമായുണ്ടായ വിട്ടുപോക്കിനെയും കണക്കിലെടുക്കാതെ ഘടകകക്ഷിയോട് നീതികാട്ടാന്‍ തയാറായ സിപിഐ എമ്മിന്റെ നിലപാട് വീരന്‍ എന്തേ മറന്നുപോകുന്നു? കോഴിക്കോട്ടുനിന്ന് വീരന്‍ ലോക്സഭാംഗമായത് സ്വന്തം പാര്‍ട്ടിയുടെ വോട്ടുകൊണ്ടുമാത്രമാണോ? വയനാട്ടില്‍ ദള്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ പ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ സിപിഐ എമ്മായിരിക്കുമെന്നതില്‍ സംശയമുണ്ടോ? മഅ്ദനി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും ഇതും തമ്മിലെന്ത് ബന്ധമാണ് വീരന്‍ കല്‍പ്പിക്കുന്നത്?)

വീരന്‍:ഞങ്ങള്‍ ഉയര്‍ത്തുന്ന ചില രാഷ്ട്രീയസമസ്യകളുണ്ട്‌. എന്തുകൊണ്ട്‌ സി.പി.എം. നേതൃത്വത്തിന്‌ മറുപടി പറയാന്‍ കഴിയുന്നില്ല? എന്താണ്‌ ഇപ്പോള്‍ ഈ മുന്നണി? ഇതിന്‌ ആത്മാവുണ്ടോ? ജീവനുണ്ടോ? എവിടെപ്പോയി ഇതിന്റെ ചൈതന്യം? ഇതൊരു യാന്ത്രികസംവിധാനമായിരുന്നില്ലല്ലോ. ആര്‍ക്കുവേണ്ടിയാണ്‌ ഈ മുന്നണിയെ തകര്‍ക്കാന്‍ നോക്കുന്നത്‌. എത്രയോ പോരാട്ടങ്ങളിലൂടെ, തീക്ഷ്‌നമായ അനുഭവങ്ങളിലൂടെയല്ലേ നമ്മള്‍ ഇതു കൊണ്ടുപോയത്‌.


(വീരേന്ദ്രകുമാറാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചൈതന്യവും ആത്മാവുമായി നിന്നതെന്നത് പുതിയ വിവരം തന്നെ. ഇപ്പോള്‍ മുന്നണിക്കൊപ്പം നില്‍കാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ പ്രവര്‍ത്തകരുടെ ആത്മാവും ചൈതന്യവും എന്നാണാവോ ഇദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയത്? വളവളാ വാചകമടിക്കുന്നതാണ് യാന്ത്രികതയില്ലായ്മയുടെ ലക്ഷണമെങ്കില്‍ വീരന്‍ പറഞ്ഞതിനെ ശരിവെക്കാം. വെറുതെ കുറെ ജാഡപ്രയോഗങ്ങള്‍! എന്താണാവോ രാഷ്ട്രീയ സമസ്യ-അത് ആദ്യം ബംഗലൂരുവില്‍ ചെന്ന് ദേവഗൌഡയെ ബോധ്യപ്പെടുത്തിയിട്ടുപോരേ പൂരിപ്പിക്കാന്‍ എല്‍ഡിഎഫിനോടുള്ള വെല്ലുവിളി)

വീരന്‍:ഇവിടെ മൂന്നാംമുന്നണിയെ സംരക്ഷിക്കാനും നിലനിര്‍ത്താനും ബാധ്യതപ്പെട്ട മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ അതിനെ തകര്‍ക്കാന്‍ നടക്കുന്നു! ഇപ്പോള്‍ അവര്‍ക്ക്‌ വലുത്‌ ഫാരിസ്‌ അബൂബക്കറാണല്ലോ. അവരുടെ ഇപ്പോഴത്തെ കോര്‍പ്പറേറ്റ്‌ സംസ്‌കാരത്തെയാണ്‌ ഇതെല്ലാം കാണിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ കുത്തകകള്‍ നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുപോയപ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍? പഴയ രാഷ്ട്രീയസംസ്‌കാരത്തിന്റെ പാരമ്പര്യം പറയാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്കിപ്പോള്‍?


(ഇതാ വരുന്നു അളിഞ്ഞ പ്രചാരണത്തിന്റെ തനിനിറം. ഫാരിസ്് അബൂബക്കറിന്റെ കാര്യം മാതൃഭൂമിയുടെ ഡയറക്ടര്‍ കൂടിയായ പി വി നിധീഷ് പറഞ്ഞത് വീരന്‍ കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ ഒന്നുകൂടി ചോദിച്ചുമനസ്സിലാക്കാന്‍ തടസ്സമില്ലല്ലോ. കണ്ണൂരിലെ നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഫാരിസ് അബൂബക്കര്‍ നല്‍കിയ സംഭാവനയെ മാതൃഭൂമി വൃത്തികെട്ട രീതിയില്‍ അവതരിപ്പിച്ചതും ഫാരിസ് അബൂബക്കര്‍ ഒരു ഒറ്റക്കണ്ണന്‍ ഭീകരനാണെന്ന മട്ടില്‍ പ്രചാരണം നടത്തിയതും ആ ഒറ്റക്കണ്ണനുമായി സിപിഐ എം നേതൃത്വത്തിന് അഗാധബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയതും പേയ്മെന്റ് സീറ്റ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ച് അത് തുടരുന്നതും ഏതു നികൃഷ്ട ബുദ്ധിയില്‍ ജനിച്ച തന്ത്രമാണെന്ന് അങ്ങനെ തെളിഞ്ഞുവരട്ടെ.
മഗ്സാസെ അവാര്‍ഡിനുവേണ്ടി നടത്തുന്ന പ്രചാരണകോപ്രായങ്ങളല്ല സിപിഐ എമ്മിന്റെ കുത്തകവുരുദ്ധ നിലപാട് എന്ന് വീരന് മനസ്സിലാകില്ല. കൊക്കോ കോലയ്ക്കെതിരെ വീരന്‍ പറയുന്നത് വീരന്റെ രണ്ടുഡസന്‍ അവാര്‍ഡുകളുടെ കുട്ടത്തില്‍ കനപ്പടിയുള്ള ഒരെണ്ണം കൂടി ചേര്‍ക്കാനാണ്. സിപിഐ എം സമരം നടത്തുന്നത്, കൊക്കോ കോളയടക്കമുള്ള കുത്തക കമ്പനികള്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിനെതിരെയാണ്. രണ്ടും രണ്ടാണ് മാഷേ. മൂന്നാം മുന്നണി നിലവില്‍വന്നുകാണണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണല്ലോ വീരന്‍ ഇത്രയേറെ ഗീര്‍വാണമടിച്ചിട്ടും ജനതാദള്‍ മുന്നണിയില്‍ തന്നെയാണെന്നും അവര്‍ക്ക് ഈ മുന്നണി വിട്ടുപോകാന്‍ കഴിയില്ലെന്നും സിപിഐ എം പറയുന്നത്. വീരന് ഇഷ്ടപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ തകര്‍ത്ത് തരിപ്പണമാക്കേണ്ട ഒന്നാണ് മൂന്നാം മുന്നണി. അതുകൊണ്ട് ജോസ് കെ മാണി കെട്ടിയ സ്റ്റേജില്‍ കെഎം മാണി ഏര്‍പ്പെടുത്തിയ മൈക്ക് പിടിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിഠയെ തെറിവിളിക്കുന്നു.)

വീരന്‍: 82ല്‍, കെ.രാമന്‍പിള്ളയും രാജഗോപാലും ഒക്കെ ജനതാപാര്‍ട്ടിയിലുണ്ടെന്നു പറഞ്ഞാണ്‌ അന്ന്‌ സി.പി.എം. ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചത്‌. എവിടെയാണ്‌ രാമന്‍പിള്ള ഇപ്പോള്‍. മുസ്‌ലിംലീഗുമായി കൂട്ടുകൂടാമെന്ന്‌ പറഞ്ഞതിനല്ലേ എം.വി.രാഘവനെ പുറത്താക്കിയത്‌? ഇപ്പോള്‍ ആരെയാണ്‌ കൂട്ടുപിടിച്ചിരിക്കുന്നത്‌. അന്നുള്ളവര്‍ ഇന്നില്ല; കോര്‍പ്പറേറ്റ്‌ സംസ്‌കാരത്തിന്റെ ഭാഗം!


(ഇടയ്ക്കിടയ്ക്ക് കോര്‍പറേററ് സംസ്കാരം എന്ന് പറയുന്നുണ്ട്. മാതൃഭൂമിയുടെ കോര്‍പറേറ്റ് മാനേജുമെന്റിന്റെ തലവനായി കാലാകാലമായി തുടരുന്നതിന്റെ കുഴപ്പമാകും. അഖിലേന്ത്യാ പ്രസിഡന്റായ ദേവ ഗൌഡയെ സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാര്‍ പുറത്താക്കിയതുപോലെയും പാര്‍ട്ടിയെയും പോക്കറ്റിലിട്ട് മുലായം സിങ്ങ് യാദവിന്റെ വീട്ടുപടിക്കല്‍ കാവലിനുപോയപോലെയുമുള്ള പരിപാടികളാണ് സിപിഐ എമ്മിലും നടക്കുന്നതെന്ന ധാരണ കൊണ്ടാണ് ഇത്തരമൊരു വികലവിചാരം. ഇന്ന് വീരേന്ദ്രകുമാര്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷനെ ധിക്കരിക്കുകയും അനുയായിയായ കൃഷ്ണന്‍കുട്ടിയെക്കൊണ്ട് ധിക്കാരത്തിന്റെ ചുടുചോറ് വാരത്തീറ്റിക്കുകയും ചെയ്യുന്നുണ്ടല്ലോ. അത്തരമൊരു പരിപാടിക്ക് ശ്രമിച്ചപ്പോഴാണ് എംവി രാഘവന്‍ പുറത്തായത്. എന്തായാലും വീരന്‍ സ്വന്തം പാര്‍ട്ടിയില്‍ ചെയ്തത്ര കടുപ്പമൊന്നും എംവി രാഘവന്‍ ചെയ്തിട്ടില്ല.
'പുറത്താക്കിയ' ഗൌഡയുടെയടുത്തേക്ക് ദേശാഭിമാനി പത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കെട്ടുമായി വീരന് ചെന്ന് കാലുപിടിക്കാം. ആര്‍എസ്എസ്-ബിജെപി ബന്ധം വിട്ട് സ്വതന്ത്രപാര്‍ട്ടിയുണ്ടാക്കി മതനിരപേക്ഷതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാമന്‍പിള്ളയ്ക്ക് അസ്പൃശ്യത കല്‍പിക്കണം പോലും! ഈ ന്യായം മാതൃഭൂമിയിലെ പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും ശിങ്കിടിപ്പണിയെടുക്കുന്ന റാന്‍മൂളികളോട് പറയാന്‍ കൊള്ളാം.)

വീരന്‍: പാര്‍ട്ടിക്കാര്‍ കള്ളുകുടിച്ചാല്‍ നടപടിയെടുക്കുന്ന കാലമുണ്ടായിരുന്നു സി.പി.എമ്മില്‍. ഇപ്പോള്‍ മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ്‌ ഇ.പി.ജയരാജന്‍ പറയുന്നത്‌. നമുക്ക്‌ എന്തായാലും ജയരാജന്‍ പറയുന്നത്‌ കേള്‍ക്കേണ്ട, എ.കെ.ജി.പറഞ്ഞത്‌ കേട്ടാല്‍ മതി.


(ഇതാണ് മറ്റൊരു തട്ടിപ്പ്. ഇപി ജയരാജന്‍ സാന്ദര്‍ഭികമായി പറഞ്ഞ ഒരു കാര്യത്തെ പാര്‍ട്ടിയുടെ നയമാക്കി ചിത്രീകരിച്ച് നടത്തുന്ന കുപ്രചാരണം വീരേന്ദ്രകുമാറും ഏറ്റെടുത്തിരിക്കുന്നു. കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യപാന ശീലത്തെക്കുറിച്ചാണ് ജയരാജന്‍ പറഞ്ഞത്. അതിനെ പാശ്ചാത്യ സംസ്കാരവുമായാണ് താരതമ്യപ്പെടുത്തിയത്. അത്തരമൊരു താരതമ്യം 'പാര്‍ട്ടിക്കാരുടെ കള്ളുകുടി'യുമായി ബന്ധപ്പെടുത്തുന്ന വീരന്റെ മനസ്സിലിരിപ്പ് നല്ലതല്ല എന്നേ പറയാനാകൂ. എന്തായാലും സിപിഎം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയില്ല.)

വീരന്‍: കോഴിക്കോട്‌ സീറ്റ്‌ സി.പി.എം. 'എടുത്തു' എന്നാണ്‌ പിണറായി വിജയന്‍ പറഞ്ഞത്‌. പിന്നീട്‌ സ്‌നേഹത്തോടെ അദ്ദേഹം പറഞ്ഞത്‌, വയനാട്ടില്‍ മത്സരിക്കണമെന്നും താങ്കള്‍ക്ക്‌ അവിടെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്നുമാണ്‌. ആറുമാസം മുമ്പേ എന്റെ പാര്‍ട്ടിയെ അറിയിച്ചതാണ്‌ ഞാന്‍ സ്ഥാനാര്‍ത്ഥിയാവില്ല എന്ന്‌. മുസ്‌ലിം സമുദായത്തില്‍ എനിക്ക്‌ സ്വാധീനമുണ്ടെങ്കില്‍ അത്‌ രണ്ട്‌ വോട്ട്‌ കിട്ടാന്‍വേണ്ടിയുള്ളതല്ല.


(സമ്മതിച്ചുവല്ലോ-വയനാട് തരാമെന്ന് പറഞ്ഞുവെന്ന്. ഇനി വൈകാതെ രാജ്യസഭാ സീറ്റിന്റെ കാര്യം കൂടി പറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകും. എന്തേ വയനാട് എടുക്കാതിരുന്നത് എന്ന് വീരന്‍ പറയുന്നത് കേള്‍ക്കുന്നില്ല. കുറെ ജനതാദള്‍ പ്രവര്‍ത്തകര്‍ക്കെങ്കിലും അത് ഒന്നറിയണമെന്നുണ്ട്.)

വീരന്‍: രണ്ട്‌ വോട്ടുകിട്ടാന്‍വേണ്ടി എന്തും പറയുകയും പിന്നീടത്‌ മാറ്റിപ്പറയുകയും ചെയ്യുന്നത്‌ ഇപ്പോഴത്തെ ഗ്ലോബലൈസേഷന്റെ ഭാഗമാകാം. എന്തായാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല

(ഗ്ളോബലൈസേഷന്റെ ഭാഗമായി ആരാണ് മാറ്റിപ്പറയുന്നതെന്ന് മുലായത്തിന്റെയും ഗൌഡയുടെയും വാതിലുകള്‍ മാറിമാറി മുട്ടിയ വീരനേക്കാള്‍ നന്നായി ആര്‍ക്ക് പറയാനാകും?)

വീരന്‍: എ.കെ.ജി.യോടും ഇ.എം.എസ്സിനോടും അഴീക്കോടന്‍ രാഘവനോടും സി.എച്ച്‌.കണാരനോടും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ സോഷ്യലിസ്റ്റുകള്‍. രാഷ്ട്രീയത്തില്‍ എന്റെ ഗുരുനാഥന്‍ എ.കെ.ജി.യാണ്‌. ഞങ്ങള്‍ ഒരുമിച്ചുനിന്ന്‌ പോരാടിയിട്ടുണ്ട്‌. അടിയന്തരാവസ്ഥക്കാലത്ത്‌ 1975 ജൂലായ്‌ 5ന്‌ കോഴിക്കോട്ട്‌ എ.കെ.ജി.യും ഇ.എം.എസ്സും അരങ്ങില്‍ ശ്രീധരനും കെ.ചന്ദ്രശേഖരനും കെ.എം.മാണിയും ആര്‍.ബാലകൃഷ്‌ണപിള്ളയും കെ.ശങ്കരനാരായണനുമൊക്കെ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്‌സ്‌ എഴുതിയത്‌ അന്ന്‌ മുന്നണി കണ്‍വീനറായിരുന്ന ഞാനായിരുന്നു. എ.കെ.ജി.യും. ഇ.എം.എസ്സും ഒന്നിച്ചുപങ്കെടുത്ത അവസാന യോഗംകൂടിയായിരുന്നു അത്‌. ഇതെല്ലാം ചരിത്രമാണ്‌. വിസ്‌മരിക്കപ്പെടേണ്ടതല്ല

(ഈ തഴമ്പിന്റെ കഥ കുറെനാളായി കേള്‍ക്കുന്നു. മിനിട്സെഴുതിയതും പുതുതായി നിലവില്‍വന്ന ഒരു സംവിധാനത്തിന്റെ താല്‍കാലിക കണ്‍വീനറുമായതാണത്രെ മഹത്വം. അങ്ങനെയെങ്കില്‍ നാലപ്പാട് കുടുംബത്തോടും മാധവിക്കുട്ടിയോടും എംഡി നാലപ്പാടിനോടും പഴയ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജനടക്കമുള്ളവരോടും വീരന്‍ കാണിച്ച കാര്യങ്ങളും പരിശോധിക്കാം. സ്വന്തം സഹോദരിയോട് അദ്ദേഹം കാണിച്ച കാര്യങ്ങള്‍, ദേശാഭിമാനി പരമ്പരയില്‍ ഒരു പിശകുവന്നതുകൊണ്ട് മാത്രം ഇല്ലാതായിപ്പോയിട്ടില്ലല്ലോ. അങ്ങനെയുള്ള നന്ദികേടൊന്നും വീരനോട് സിപിഐ എം കാണിച്ചു എന്ന് അദ്ദേഹത്തിന്റെ മകന്‍പോലും പറയില്ല. സിപിഐ എമ്മിന് അങ്ങനെ കാണിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, വീരന്‍ എല്ലാകാലത്തും-സ്വന്തം കയ്യിലിരിപ്പുകൊണ്ട് തോറ്റുപോയ സന്ദര്‍ഭങ്ങളൊഴികെ-എംഎല്‍എയും മന്ത്രിയും എംപിയുമൊക്കെ ആകാന്‍ കഴിയുമായിരുന്നോ. സ്വന്തം പാര്‍ട്ടിയിലെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ വീരന്‍ പിടിച്ചുകൈവശം വെച്ച ഈ സ്ഥാനങ്ങള്‍ സിപിഐ എമ്മിന്റെ സഹായമുള്ളതുകൂടിയായിരുന്നു എന്ന് സമ്മതിക്കാനുള്ള സന്‍മനസ്സെങ്കിലും അദ്ദേഹം കാട്ടണേ എന്ന് പ്രാര്‍ത്ഥിക്കാം. പണ്ട് ഇഎംഎസിന്റെയും എകെജിയുടെയും കൂടെയിരുന്നത്, ഇന്ന് ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ കെറുവില്‍ വിഷംതുപ്പാനുള്ള ലൈസന്‍സാണ് വീരനെങ്കില്‍-നമോവാകം.)

വീരന്‍: കോട്ടയത്തെ ഈ പ്രസംഗവേദി ഇവിടത്തെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ജോസ്‌ കെ. മാണി സജ്ജീകരിച്ചതാണെന്നാണ്‌ ദേശാഭിമാനിയുടെ ഇന്നത്തെ കണ്ടെത്തല്‍. ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. മറിച്ച്‌ തീരുമാനമെടുക്കണമെങ്കില്‍ അത്‌ ഞങ്ങള്‍ പരസ്യമായിത്തന്നെ ചെയ്യും. ഇനി, അവര്‍ നടത്താനിരുന്ന യോഗം മാറ്റി, ഞങ്ങള്‍ക്കായി വേദി വിട്ടുതന്നെങ്കില്‍ 52 വര്‍ഷം ഒപ്പംനിന്ന ഞങ്ങളോട്‌ നിങ്ങള്‍ കാട്ടാത്ത മര്യാദ മാണി ഞങ്ങളോട്‌ കാണിച്ചതാണ്‌. 52 വര്‍ഷം ഒപ്പംനിന്ന ഞങ്ങളുടെ ബോര്‍ഡുകളുംമറ്റും നിങ്ങള്‍ നശിപ്പിക്കുമ്പോള്‍ അവര്‍ മാന്യത കാട്ടുന്നു


(പ്രസംഗവേദി മാത്രമല്ല മാണിയുമായി പങ്കിടുന്നത്. മാണിയുടെ രാഷ്ട്രീയം തന്നെയാണ് വീരന്‍ പങ്കിട്ടെടുത്തിരിക്കുന്നത്. കോഴിക്കോട് സീറ്റ് കിട്ടാത്തതുകൊണ്ട് കോട്ടയത്ത് മാണിയുടെ സ്റ്റേജില്‍കയറി ഇടതുമുന്നണിക്കെതിരെ കാറിത്തുപ്പുന്നയാള്‍ക്ക് 52കൊല്ലത്തെ എന്തിന്റെ പാരമ്പര്യമാണ്? അത് തുറന്നടിച്ച് ചോദിക്കുന്നതാണോ ദേശാഭിമാനിയുടെ കുറ്റം. സിപിഐ എം മാതൃഭൂമിയെ വിമര്‍ശിക്കുന്നത് ഉള്‍ക്കൊള്ളാനാകാത്ത വീരന് ദേശാഭിമാനിയുടെ വിമര്‍ശനങ്ങളോട് എന്തിത്ര അസഹിഷ്ണുത? ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമെന്നതുപോലെ ഒരു വാര്‍ത്താ പത്രവുമല്ലേ? വീരന്റെ ഭൂമികയ്യേറ്റം മറ്റുപത്രങ്ങളില്‍ വരുന്നതിന് ചില ദുസ്വാധീനങ്ങളിലൂടെ തടയിട്ടത് ദേശാഭിമാനിയില്‍ ചെലവാകാത്തതിന്റെ അരിശം തീര്‍ക്കാന്‍ എന്തിന് മുന്നണി രാഷ്ട്രീയത്തെ വലിച്ചിഴയ്ക്കണം? വീരന് ഒരു ന്യായവും ദേശാഭിമാനിക്ക് വേറെന്യായവും ആകുന്നതെങ്ങനെ?)

വീരന്‍: മഅദനിയുമായി 16-ാം തീയതിവരെയാണ്‌ സി.പി.എം. നേതൃത്വത്തിന്റെ ബന്ധം. ആണും പെണ്ണും ഒന്നിച്ചുകഴിയുന്ന യൂറോപ്പിലെ ഡേറ്റിങ്‌ പോലെ 16-ാം തീയതി കഴിഞ്ഞാല്‍ രണ്ടും രണ്ടുവഴിക്ക്‌. സോഷ്യലിസ്റ്റായ മുലായംസിങ്‌ യാദവുമായി സി.പി.എം. നേതാക്കള്‍ക്ക്‌ സംസാരിക്കാം. ഞാനുമായി പാടില്ല. ആയിരക്കണക്കിന്‌ അപവാദങ്ങള്‍ ദേശാഭിമാനി എന്നെക്കുറിച്ചെഴുതി. മറുപടി ഇല്ലാത്തതുകൊണ്ടല്ല, അന്ന്‌ പറയാതിരുന്നത്‌. മുന്നണി തകരരുതെന്നു വിചാരിച്ചാണ്‌. മറുപടി പറയാന്‍ ആയിരം നാവുകള്‍ ഉണ്ട്‌ ഞങ്ങള്‍ക്ക്‌''
.

(
കോണ്‍ഗ്രസിന്റെ മുന്നണിയില്‍നില്‍ക്കുന്ന മുലായം സിങ്ങ് യാദവിന്റെ ചുമലില്‍ കയറി ഇടതുമുന്നണിയില്‍തന്നെ തുടരാമെന്ന് വീരന് സ്വപ്നം കാണാം. എന്‍സിപിയില്‍ കരുണാകരന്‍ ചേര്‍ന്നതോടെ, ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍നിന്ന് ഒഴിവാക്കേണ്ടിവന്നപ്പോള്‍ വീരന് ഈ വികാരം തോന്നിയിരുന്നോ?)

ഇനി ഒരു പത്രക്കുറിപ്പ് വായിച്ചുനോക്കാം. 7-4-2009ന് തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ ക്രൈം വാരികയുടെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ വിതരണംചെയ്ത പത്രക്കുറിപ്പ് ഇങ്ങനെ:
മുഹമ്മദ് റിയാസിന്റെ അപകീര്‍ത്തിനോട്ടീസ് ഒരു വലിയ തമാശ
ഫാരിസ് അബൂബക്കറിന്റെ പേയ്മെന്റ് സീറ്റാണ് കോഴിക്കോട് എന്ന എംപി വീരേന്ദ്രകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അപകീര്‍ത്തിക്ക് നോട്ടീസയച്ച കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന്റെ നടപടി ഇലക്ഷന്‍ ഗിമ്മിക്കും ഏറ്റവും വലിയ തമാശയുമത്രെ. അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യുന്നയാള്‍ സമൂഹത്തില്‍ നിലയും വിലയും മാന്യതയും ഉള്ളയാള്‍ ആയിരിക്കണം. എന്നാല്‍ ക്രൈം ഓഫീസ് അടിച്ചുതകര്‍ത്ത് തീകത്തിച്ച കേസില്‍ 20 ദിവസത്തോളം ജയിലില്‍ കിടന്നയാളാണ് കേസിലെ മുഖ്യപ്രതിയായ റിയാസ്. ക്രിമിനല്‍ പശ്ചാത്തലവും ഗുണ്ടായിസവും കാട്ടുന്നതാണോ മാന്യതയുടെ ലക്ഷണം?
ഇലക്ഷന്‍ കഴിയുന്നതുവരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വിവി ദക്ഷിണാമൂര്‍ത്തിക്കാുവേണ്ടി കോഴിക്കോട് ജില്ലാക്കമ്മറ്റി തീരുമാനിച്ചിരുന്ന സീറ്റ് എങ്ങനെ റിയാസിന് ലഭിച്ചു എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ലാവലിന്‍ രേഖകള്‍ നശിപ്പിക്കാന്‍ ക്രൈം ഓഫീസ് കത്തിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ സീറ്റെന്ന യാഥാര്‍ത്ഥ്യവും എല്ലാവര്‍ക്കും അറിവുള്ളതാണ്.


പോരേ? ഈ നന്ദകുമാറും വീരേന്ദ്രകുമാറും ഒരേ തരക്കാരാണ് , യോജിച്ചു പ്രവര്‍ത്തിക്കുന്നവരാണ് എന്നതിന് വേറെ തെളിവുനോക്കി പോകേണ്ടതുണ്ടോ? അഥവാ അങ്ങനെ വേണമെങ്കില്‍, ഡോ. സുകുമാര്‍ അഴീക്കോടിനോട് വീരേന്ദ്രകുമാറിന് വിരോധമുണ്ടായപ്പോള്‍, ക്രൈം വാരിക എങ്ങനെയാണ് അഴീക്കോട് മാഷെ അപമാനിച്ചത് എന്ന് ഓര്‍ത്തുനോക്കിയാല്‍ മതി.
വീരന്‍-ക്രൈം കൂട്ടുകെട്ട് ഇവിടെയുണ്ട്. വീരനുവേണ്ടി ക്രൈം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകളുമായി ക്രൈം ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. ഇത്തരം നെറികെട്ട പണികള്‍ സഹിക്കവയ്യാതെ പലയിടത്തുനിന്നും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. അതല്ലാതെ 'ലാവലിന്‍ രേഖ നശിപ്പിക്കാന്‍' ആരും ക്രൈം ആപ്പീസിലേക്ക് മാര്‍ച്ചുചെയ്തിട്ടില്ല. ഒരു മൂന്നാംകിട അശ്ളീല മാസികക്കാരന്റെ കയ്യില്‍ എന്തു രേഖ? വെറും നാട്യമല്ലാതെ. ഇവിടെ ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം വീരനും ക്രൈമും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നു എന്നതാണ്-നന്ദകുമാറിനേക്കാള്‍ യോഗ്യനല്ല 52 കൊല്ലത്തെ പാരമ്പര്യമുള്ള ആഗോള മഗ്സാസെ നേതാവെന്നും. അത്രയും ഗുണം
.