Showing posts with label ഏഷ്യാനെറ്റ്. Show all posts
Showing posts with label ഏഷ്യാനെറ്റ്. Show all posts

Tuesday, March 29, 2011

കണ്ണൂരിലേത് കാലേറ്റമോ?


പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്്

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍(അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.


Monday, April 13, 2009

ജയഹോ..... ജാതി, മതം, മന്ത്രവാദം


എണ്‍പത് ശതമാനം ക്രൈസ്തവരും 65 ശതമാനം മുസ്ളിങ്ങളും 60 ശതമാനം നായന്‍മാരും 45 ശതമാനം ഈഴവരും 46 ശതമാനം ദളിതരും യുഡിഎഫിന് വോട്ടുചെയ്യുമെന്നാണ് ഏഷ്യാനെറ്റിന്റെ കണക്ക്. ഒരു സര്‍വേ എന്നപേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍, യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 16 ശതമാനം വോട്ടിന്റെ മേല്‍ക്കൈ വരുമത്രെ. അതിനര്‍ത്ഥം കേരളത്തില്‍നിന്ന് ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിക്കില്ലെന്നാണ് . അഥവാ ജയിക്കണമെങ്കില്‍ ചൊവ്വ ഗ്രഹത്തില്‍നിന്ന് ആളെ ഇറക്കേണ്ടിവരും!

വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് ചിലത് പറഞ്ഞിരുന്നു. ഒട്ടും മാറിയില്ലേ? ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണോ കേരളം വോട്ടുചെയ്യുന്നത്? ആളെ കാണുന്നയുടനെ ജാതി ഏതെന്നന്വേഷിക്കുകയും സാമൂഹിക വീക്ഷണം ജാതിയുടെ കണ്ണാടിയിലൂടെ മാത്രം പരുവപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇല്ലെന്നല്ല. ഭൂരിപക്ഷവും അങ്ങനെയാണോ? അല്ലെന്നാണ് തോന്നുന്നത്. എന്നിട്ടും ഏഷ്യാനെറ്റ് പറയുന്നത്, കേരളത്തിലെ തെരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്നത് മത-ജാതി അടിസ്ഥാനത്തില്‍ വോട്ടുകണക്കുകൂട്ടിയാണെന്ന്. എങ്കില്‍, ബിജെപി ഇവിടെ മുന്നിലെത്തുമായിരുന്നില്ലേ? അവരാണല്ലോ ഭൂരിപക്ഷ മതത്തിന്റെ കുത്തക അവകാശപ്പെടുന്നത്.

രാഷ്ട്രീയവും മതവും തമ്മിലുള്ള വേര്‍തിരിവ് മറന്നുകൊണ്ടാണ് അപക്വമതികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത് അപകടമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നതും മറ്റൊന്നല്ല. യുഡിഎഫിനെ സഹായിക്കാന്‍ മറ്റുപലവഴികളുമുണ്ട്. അത് ജാതിതിരിച്ച് വോട്ട് വീതിക്കുന്ന പരിപാടിയാകുമ്പോള്‍ ഏഷ്യാനെറ്റ് എന്താകും?

എല്ലാ സര്‍വേ കുമാരന്‍മാര്‍ക്കും വോട്ടുപെട്ടിണികള്‍ക്കും മംഗളം നേരുന്നു. വോട്ടെടുപ്പു കഴിഞ്ഞാല്‍ പെട്ടി പൊട്ടാതിരിക്കില്ല. പൊട്ടുമ്പോള്‍ ഫലം എന്താകുമെന്ന് നോക്കാം.

അഥവാ എല്‍ഡിഎഫിന് വല്ല സീറ്റും കിട്ടുകയാണെങ്കില്‍ നമുക്ക് ഒരു യാത്ര അയപ്പുചടങ്ങിന് ഒത്തുകൂടാം. എം പി വീരേന്ദ്രകുമാറിന് കാശിക്ക് പോകേണ്ടിവരുമല്ലോ. തിരിച്ചുവരവില്ലാത്ത ഒരുപ്പോക്കായിരിക്കും.

മര്‍ഡോക്ക് വണ്ടി അയച്ചു കൊടുക്കട്ടെ. .

പാഥേയം നല്‍കാന്‍ ഫാരിസ് അബൂബക്കര്‍ വന്നില്ലെങ്കില്‍, നിധീഷ് കുമാറെങ്കിലും സന്‍മനസ്സുകാണിക്കണം. ജയഹാാാാാാാാാാാാേ.

പിഎസ്: ഫാരിസ് അബൂബക്കര്‍ സമര്‍ത്ഥനാണ്. പരസ്യം വീരന്‍ മുഖേന. ഇത് ഒരു ഒത്തുകളിയായിരിക്കുമോ പടച്ചാനേ.

Friday, March 27, 2009

മനുഷ്യന്‍ പട്ടിയെ കടിച്ചു


(ആ വാര്‍ത്ത മുക്കി)


വാര്‍ത്തകള്‍ ഉണ്ടാകുന്നത് അസ്വാഭാവികത ഉണ്ടാകുമ്പോഴാണ്. വിഎസ് അച്യുതാനന്ദന്‍ കത്ത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ചെന്ന് ഇന്നലെ മനോരമ പറഞ്ഞോ-ഇല്ല പറഞ്ഞില്ല. കത്തയച്ച കാര്യം സ്ഥിരീകരിച്ചില്ലെന്നാണ് മനോരമ എഴുതിയത്.ആ സ്ഥിരീകരണം ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടിതാ കത്തിലെ 'ഉള്ളടക്ക'വും ഇന്ന് അച്ചടിച്ചുവെച്ചിരിക്കുന്നു.

അയച്ചോഎന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത കത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയേ! എങ്ങനെ കഴിയുന്നു മനോരമയ്ക്ക്. പത്രപ്രവര്‍ത്തനത്തിന്റെപുരോഗതിയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് വന്നുചേര്‍ന്നിരിക്കുന്നത്.

മാത്തുക്കുട്ടിച്ചായന് "കോപ്പി റ്റു'' വെച്ചാണ് വിഎസ് കത്തെഴുതിയത് എന്ന് നാളെ ഇവര്‍ വാര്‍ത്ത എഴുതുമോ ആവോ. വിഎസ് അച്യുതാനന്ദന്‍ എന്ന സിപിഐ എമ്മിന്റെ സമുന്നതനേതാവിനെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാനുമുള്ള കുത്സിതശ്രമമല്ലെങ്കില്‍ മറ്റെന്താണിത്?

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ വി എസിനെപ്പോലൊരു സമുന്നത നേതാവ് മനോരമ അച്ചടിച്ചപോലെ ഒരു കത്ത് എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള മലയാളിക്ക് വിശ്വസിക്കാാവുമോ? ചോദ്യം ആവര്‍ത്തിക്കുന്നു-കത്ത് എഴുതിയതു തന്നെയെങ്കില്‍ എങ്ങനെ മനോരമയ്ക്ക് കിട്ടി?


ക്ഷമിക്കണം. മേല്‍പറഞ്ഞതല്ല ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയം. തലക്കെട്ടിലേതുപോലെ അത് പട്ടി മനുഷ്യനെ കടിച്ച വാര്‍ത്ത തന്നെയാണ്. ഇന്ന് വന്ന ഒരു വാര്‍ത്ത നോക്കുക:


ഏഷ്യാനെറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍; മനോരമ ക്യാമറാമാന്‍ ഒളിവില്‍
തിരു: ശംഖുംമുഖം മുന്‍ അസിസ്റ്റന്റ് കമീഷണര്‍ എസ് സനല്‍കുമാറിന്റെ വീട് ആക്രമിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ വീട് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരീനാഥില്‍നിന്ന് സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു.

തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ചാണ് രേഖകളും മറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ എസിയെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.

ഈ വാര്‍ത്ത ഏതെങ്കിലും ചാനലില്‍ കണ്ടുവോ? ഏതെങ്കിലും പത്രത്തില്‍ വായിച്ചുവോ?(ദേശാഭിമാനിയെയും കൈരളിയെയും ഒഴിവാക്കുന്നു)എന്തേ ഇത് വാര്‍ത്തയല്ലേ? പത്രക്കാരന്(മാധ്യമ പ്രവര്‍ത്തകനും മാധ്യമ സ്ഥാപനങ്ങള്‍ക്കും) ഉള്ള മഹത്തായ സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണോ ഇത്? ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്‍ത്തകന്‍ എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?