Friday, September 11, 2009

രേഖകളെ എന്തിന് ഭയം?

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകളെക്കുറിച്ച് വിവാദം കത്തിക്കാനുള്ള ശ്രമം അറപ്പുളവാക്കും വിധം തുടരുകയാണ്. പി സി ജോര്‍ജ് എന്ന വിവാദരോഗി തുടങ്ങിയത് ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുകയും നിയമസഭയില്‍ ഇറങ്ങിപ്പോക്കിന് കാരണമാക്കുകയും ചെയ്തിരിക്കുന്നു. കേസിലെ പ്രസക്തമായ രേഖകള്‍ പിണറായി കോടതിയില്‍ എത്തിച്ചതാണ് എല്ലാവരെയും അസ്വസ്ഥരാക്കുന്നത്. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ സിബിഐക്ക് നല്‍കിയ അനുമതി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സുപ്രീം കോടതിയിലെത്തിയത്.

ലാവ്ലിന്‍ കേസില്‍ ഇതുവരെയുണ്ടായ ഒരു പ്രത്യേകത, സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് പരിശോധിച്ച നിയമവേദികളിലൊന്നുംതന്നെ അതിന് സ്വീകാര്യത കിട്ടിയില്ല എന്നതാണ്. ആദ്യം സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലാണ് അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ ഒന്നുംതന്നെ അന്വേഷണ റിപ്പോര്‍ട്ടിലില്ല എന്നാണ് അഡ്വക്കറ്റ് ജനറല്‍ കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമോപദേശമാണ് നല്‍കിയതും. അടുത്ത നിയമപരിശോധന നടന്നത് സിബിഐ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍ അപാകത കണ്ടെത്തിയ കോടതി, ജി കാര്‍ത്തികേയനുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. മൂന്നാമത്തെ ഘട്ടം സുപ്രീം കോടതിയിലാണ്. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി നില്‍കിയ റിട്ട് ഫയലില്‍ സ്വീകരിച്ച പരമോന്നത കോടതി, ആ റിട്ടില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ്കണ്ടെത്തി എന്നാണര്‍ഥം. അതായത്, അഡ്വക്കറ്റ് ജനറല്‍മുതല്‍ സുപ്രീം കോടതിവരെ നിയമപരമായ പ്രശ്നങ്ങള്‍ ഈ കേസില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. അതിന് വിരുദ്ധമായി വന്ന ഏക നിയമാഭിപ്രായം ഗവര്‍ണര്‍ ആശ്രയിച്ച ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയുടേതാണ്. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി നിയമോപദേശം വാങ്ങാന്‍ സോളിസിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ എന്നെല്ലാമുള്ള ഭരണഘടനാ സ്ഥാപനങ്ങളുണ്ടെന്നിരിക്കെ അടുത്തൂ പറ്റിയ ആളെ ഒരു ലക്ഷം രൂപ ഇനാം നല്‍കി നിയമോപദേശം തരപ്പെടുത്തിയതുതന്നെ ആക്ഷേപാര്‍ഹമായ വിഷയമായി നില്‍ക്കുന്നു. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചാല്‍തന്നെ, നിയമത്തിന്റെ വഴിയില്‍ പിണറായി ഉയര്‍ത്തിയ പ്രശ്നത്തിന്റെ ഗൌരവം ബോധ്യമാകും.

സുപ്രീം കോടതിയില്‍ കേസ് പരിഗണനയിലാണ്. രാജ്യത്തെ ഏതൊരു പൌരനും തന്റെ ഭാഗം നിയമപരമായി തെളിയിക്കാന്‍ അവകാശമുണ്ട്. കോടതിയില്‍ ചെന്ന് 'ഞാന്‍ നിരപരാധിയാണ്' എന്ന് വിലപിക്കുകയല്ല, നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളും മറ്റു തെളിവുകളും ഹാജരാക്കി അവയുടെ ആധികാരികത സമര്‍ഥിക്കുകയാണ് ചെയ്യുക. അങ്ങനെ രേഖകള്‍ പിണറായി ഹാജരാക്കിയതാണ് ഇപ്പോള്‍ തല്‍പ്പരകക്ഷികളുടെ ഉറക്കം കെടുത്തുന്നത്.

ആഗസ്ത് 31ന് പിണറായി വിജയന്റെ റിട്ട് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചതോടെയാണ് രേഖകളെച്ചൊല്ലി പി സി ജോര്‍ജിന്റെ നാക്ക് വാടകയ്ക്കുകൊടുത്തത്. അതിന് ഒരു കാരണമുണ്ട്. റിട്ട് ഫയലില്‍ സ്വീകരിക്കില്ല എന്നാണ് തല്‍പ്പര കക്ഷികള്‍ കരുതിയിരുന്നത്. അത് മുന്നില്‍ കണ്ടുകൊണ്ട് റിട്ട് ക്രിമിനലോ സിവിലോ പൊതുതാല്‍പ്പര്യ വിഭാഗത്തിലോ എന്നെല്ലാമുള്ള വാര്‍ത്താ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഇല്ലാപ്രശ്നങ്ങളില്‍ 'നിയമവിദഗ്ധരുടെ' അഭിപ്രായങ്ങള്‍ നിരത്തി. സുപ്രീംകോടതി പക്ഷേ, അത്തരക്കാരെ നിരാശരാക്കി. അതോടെയാണ് 'മന്ത്രിസഭാ രേഖകള്‍ എങ്ങനെ കിട്ടി' എന്ന ചോദ്യവുമായി ആഗസ്ത് 31ന് പി സി ജോര്‍ജ് ഇറങ്ങിയത്. പിറ്റേന്നത്തെ പത്രത്തില്‍ ഒന്നാംപേജില്‍ത്തന്നെ മനോരമ ആ ചോദ്യം ആവര്‍ത്തിച്ചു. "മന്ത്രിസഭാ യോഗ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഈ രേഖകളില്‍ ചിലതിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ചും ഹര്‍ജിക്കാരന് ഇതാക്കെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്'' എന്നാണ് ആ പത്രം എഴുതിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാതൃഭൂമിയും മറ്റു ചില പത്രങ്ങളും പി സി ജോര്‍ജും രംഗം കൊഴുപ്പിച്ചു. സെപ്തംബര്‍ നാലിന് പി സി ജോര്‍ജ് കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ച് രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ചു. അദ്ദേഹം പറഞ്ഞു:

''സുപ്രധാനവും അതീവ രഹസ്യവുമായ ക്യാബിനറ്റ് നോട്ടുകള്‍ ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജിവെക്കണം''. (മനോരമ)

ഗവര്‍ണറുടെ ഓഫീസില്‍നിന്ന് ഈ പറഞ്ഞ രേഖകളെല്ലാം പിണറായി വിജയന്റെ അഭിഭാഷകര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടുണ്ട്(നമ്പര്‍ ജിഎസ് 4- 392-09). സംസ്ഥാന സര്‍ക്കാര്‍ രേഖ നല്‍കിയതിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടവര്‍ അതേ രേഖ നല്‍കിയ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുയര്‍ത്തുന്നതിന് ഇനി ചെവിയോര്‍ക്കാം! രണ്ടുദിവസംകൊണ്ട് രേഖാമോഷണ ആരോപണം ജോര്‍ജ് തന്നെ വിഴുങ്ങി. സെപ്തംബര്‍ ഏഴിന് കോട്ടയത്ത് പത്രസമ്മേളനം. "രേഖകള്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയതാണെങ്കില്‍ അതിന്റെ പകര്‍പ്പെടുക്കാനുള്ള നിശ്ചിത തുക ഏതു ട്രഷറിയിലാണ് അടച്ചതെന്ന് വ്യക്തമാക്കണ''മെന്നായി ആവശ്യം. പിണറായി സമര്‍പ്പിച്ച രേഖയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒപ്പോ സീലോ ഇല്ല എന്ന ദുര്‍ബലമായ വാദത്തിലേക്കും ജോര്‍ജ് ചുരുങ്ങി. അപ്പോഴേക്കും പിണറായി സമര്‍പ്പിച്ച രേഖകളാകെ നിയമാനുസൃതം നേടിയതാണെന്നും ഏതൊരു പൌരനും ലഭിച്ചിരിക്കേണ്ട അനിവാര്യമായ നീതിയാണ് അദ്ദേഹത്തിനും കിട്ടിയതെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള അപാകവുമുണ്ടായിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയനു നല്‍കിയത് നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി. രേഖകള്‍ ആരും എടുത്തുകൊണ്ടുപോയതല്ലെന്നും നിയമപ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു നല്‍കിയതാണെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. ഇതിന് 774 രൂപ സര്‍ക്കാരിലേക്ക് ഒടുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് അഡ്വ. ആസിഫ് അലിക്ക് ഇതേ രേഖകള്‍ നല്‍കിയിട്ടുണ്ട്. മന്ത്രിസഭ ഒരു തീരുമാനമെടുത്താല്‍ അതിന്റെ രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയുമായതോടെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നു കണ്ട പി സി ജോര്‍ജ് ഗവര്‍ണറുടെ ഓഫീസിലേക്ക് തിരിഞ്ഞു. ഗവര്‍ണറുടെ ഓഫീസിലെ കംപ്യൂട്ടറില്‍നിന്ന് മോഷ്ടിച്ചതാണ് രേഖകള്‍ എന്ന് പുതിയ ആരോപണം. അതിനു തെളിവായി പറഞ്ഞത് ഏതോ കടലാസില്‍ ഗവര്‍ണറുടെ സെക്രട്ടറിയുടെ വെബ് അഡ്രസുണ്ടെന്ന്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ പി സി ജോര്‍ജിന്റെ വാദമുഖങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്.

പിണറായി റിട്ട് സമര്‍പ്പിച്ചത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലാണ്. അവിടെ ക്രമവിരുദ്ധമായ ഏതെങ്കിലും രേഖ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കോടതി നോക്കിക്കൊള്ളും. അക്കാര്യത്തില്‍ എന്തിന് പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയും വേവലാതിപ്പെടണം? ഗവര്‍ണറുടെ ഓഫീസില്‍നിന്ന് വിവരാവകാശപ്രകാരം ഏതെങ്കിലും രേഖ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏതൊക്കെ എന്ന് പി സി ജോര്‍ജിന് അറിയണമെങ്കില്‍ അതിനും നിയമപരമായ വഴികളുണ്ട്. പത്രസമ്മേളനം വിളിച്ച്, രേഖ മോഷ്ടിച്ചതാണെന്ന ആരോപണമുന്നയിക്കലല്ല വഴിയെന്നര്‍ഥം. ജോര്‍ജ് പറയുന്നതുകേട്ടു, 744 രൂപ അടയ്ക്കേണ്ടിടത്ത് പിണറായി 740 രൂപയേ അടച്ചുള്ളൂ എന്ന്. പണമടച്ചിട്ടാണ് രേഖ വാങ്ങിയതെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് ആശ്വാസം. ഇനി 744 രൂപയല്ല അടച്ചതെന്ന് പി സി ജോര്‍ജിന് തെളിയിക്കാമോ? അങ്ങനെ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പണി മതിയാക്കാമോ? എവിടെ. ഉളുപ്പുള്ളവരോടല്ലേ ഇതൊക്കെ ചോദിച്ചിട്ട് ഫലമുള്ളൂ. 374 കോടിയുടെ അഴിമതി നടത്തിയെന്ന് പാടിനടന്നവര്‍ ഇപ്പോള്‍ നാലുരൂപ കുറച്ചേ അടച്ചുള്ളൂ എന്ന ആരോപണവുമായി രംഗത്തുവരുന്നത് രസകരംതന്നെ.

പിണറായിക്ക് വളരെ വേഗം രേഖകള്‍ കിട്ടി; മറ്റുചിലര്‍ക്ക് കിട്ടാന്‍ വൈകി എന്നൊരു മുനയില്ലാത്ത ആരോപണവും കേട്ടു. അപേക്ഷകന്‍ പിണറായി ആകുമ്പോള്‍ ഒന്നോ രണ്ടോ മാസം വച്ചുതാമസിപ്പിച്ചേ രേഖകള്‍ കൊടുക്കാന്‍ പാടുള്ളൂ എന്ന് നിയമമുള്ളതുപോലെ! പിണറായി പോയി ട്രഷറിയില്‍ ക്യൂനിന്ന് കാശടയ്ക്കാത്തതിലാണത്രെ പുതിയ കുണ്ഠിതം. പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയുമൊക്കെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടോക്കണെടുത്ത് ക്യൂവില്‍ നിന്നാണല്ലോ സ്വന്തം പേരില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാറുള്ളത്.

ഇതുവരെ പറഞ്ഞതല്ല ഈ കേസിലെ കാര്യം. പിണറായി തനിക്ക് സമര്‍ഥിക്കാനുള്ള കാര്യങ്ങള്‍ക്ക് ബലം നല്‍കുന്ന രേഖകള്‍ സുപ്രീം കോടതിയില്‍ എത്തിച്ചതിന്റെ അസ്വസ്ഥതയാണ് യഥാര്‍ഥ പ്രശ്നം. ആ രേഖകള്‍ ഒരിക്കലും പിണറായിക്ക് കിട്ടാന്‍ പാടില്ലായിരുന്നു എന്നതാണ് പി സി ജോര്‍ജിന്റെയും ഉമ്മന്‍ചാണ്ടിയുടെയും വാശി. അതായത് മാതൃഭൂമിയും മനോരമയും സര്‍വ ചാനലുകളും ചോര്‍ത്തിയെടുത്തും ദാനംപറ്റിയും വ്യക്തിഹത്യക്കുവേണ്ടി എടുത്തിട്ട് അലക്കുന്ന രേഖകള്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന്‍ ഉപയോഗിച്ചുകൂടെന്ന്. ആ രേഖകളെ എന്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇങ്ങനെ ഭയപ്പെടുന്നു? അത് കോടതി പരിശോധിച്ചാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാകുന്ന ദോഷം? ഒരു രേഖയുമില്ലാതെ പിണറായി കോടതിയില്‍ ചെന്ന് കൈയും കെട്ടിനിന്നാല്‍ നിങ്ങളുടെ ഈ വെപ്രാളരോഗം അവസാനിക്കുമോ? നിങ്ങള്‍ പറയുന്നതൊന്നുമല്ല, മറ്റു ചിലതാണ് ലാവ്ലിന്‍ കേസിന്റെ യാഥാര്‍ഥ്യമെന്ന് തെളിയിക്കാന്‍ ആ രേഖകള്‍ കാരണമാകുമെന്ന് പേടിയുണ്ടോ? എങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ ഓരോ ദിവസവും പുതിയ കള്ളങ്ങളുമായി മലയാളിയുടെ പത്രവായനശീലത്തെപ്പോലും അപഹസിച്ചുകൊണ്ടുള്ള ഈ കളി ഓക്കാനമുണ്ടാക്കുന്നതാണ്. 'രേഖ' ചോര്‍ത്തി എന്ന് ആദ്യം ആരോപിച്ചതുമുതല്‍ പി സി ജോര്‍ജും അദ്ദേഹത്തിന്റെ വാഗ്‌വിസര്‍ജ്യം വാരിമോന്തുന്ന പത്രങ്ങളും മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി സത്യസന്ധമായി പുനഃപ്രസിദ്ധീകരിച്ച് അതിലെ പൊളിഞ്ഞ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് വായനക്കാരോട് പരസ്യമായി മാപ്പ് യാചിച്ചാലും തീരുന്നതല്ല നിങ്ങളുടെ മനസ്സിലെ മാലിന്യവും അതിനോട് ജനങ്ങള്‍ക്കുള്ള പുച്ഛവും.

5 comments:

manoj pm said...

ലാവ്ലിന്‍ കേസില്‍ ഇതുവരെയുണ്ടായ ഒരു പ്രത്യേകത, സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് പരിശോധിച്ച നിയമവേദികളിലൊന്നുംതന്നെ അതിന് സ്വീകാര്യത കിട്ടിയില്ല എന്നതാണ്. ആദ്യം സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലാണ് അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ ഒന്നുംതന്നെ അന്വേഷണ റിപ്പോര്‍ട്ടിലില്ല എന്നാണ് അഡ്വക്കറ്റ് ജനറല്‍ കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമോപദേശമാണ് നല്‍കിയതും. അടുത്ത നിയമപരിശോധന നടന്നത് സിബിഐ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍ അപാകത കണ്ടെത്തിയ കോടതി, ജി കാര്‍ത്തികേയനുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. മൂന്നാമത്തെ ഘട്ടം സുപ്രീം കോടതിയിലാണ്. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി നില്‍കിയ റിട്ട് ഫയലില്‍ സ്വീകരിച്ച പരമോന്നത കോടതി, ആ റിട്ടില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ്കണ്ടെത്തി എന്നാണര്‍ഥം. അതായത്, അഡ്വക്കറ്റ് ജനറല്‍മുതല്‍ സുപ്രീം കോടതിവരെ നിയമപരമായ പ്രശ്നങ്ങള്‍ ഈ കേസില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. അതിന് വിരുദ്ധമായി വന്ന ഏക നിയമാഭിപ്രായം ഗവര്‍ണര്‍ ആശ്രയിച്ച ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയുടേതാണ്. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി നിയമോപദേശം വാങ്ങാന്‍ സോളിസിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ എന്നെല്ലാമുള്ള ഭരണഘടനാ സ്ഥാപനങ്ങളുണ്ടെന്നിരിക്കെ അടുത്തൂ പറ്റിയ ആളെ ഒരു ലക്ഷം രൂപ ഇനാം നല്‍കി നിയമോപദേശം തരപ്പെടുത്തിയതുതന്നെ ആക്ഷേപാര്‍ഹമായ വിഷയമായി നില്‍ക്കുന്നു. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചാല്‍തന്നെ, നിയമത്തിന്റെ വഴിയില്‍ പിണറായി ഉയര്‍ത്തിയ പ്രശ്നത്തിന്റെ ഗൌരവം ബോധ്യമാകും.

പാവപ്പെട്ടവൻ said...

ഞാന്‍ ചോദിക്കുന്നത് അതല്ല ഈ പി സി ജോര്‍ജ പണ്ടേ വാ പോയ കോടാലിയാണ് ഉമ്മന്‍ ചാണ്ടിയും അങ്ങനെ തന്നാണോ വെളിവില്ലാത്ത പോലെ ഇങ്ങനെ വിളിച്ചു പറയാന്‍ നാണമില്ലേ

Shankar said...

നല്ല കഥ നല്ല അവതരണം.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പി സി ജോർജ്ജിനെ എന്നെപ്പോലെയുള്ള പൂഞ്ഞാറുകാർക്ക് അറിയാവുന്ന പോലെ മറ്റാർക്ക് അറിയാൻ..

മാണിയെ തെറി പറഞ്ഞ് നടന്ന്..എൽ.ഡി.എഫിൽ നിന്ന് പുറത്താക്കിയപ്പോൾ പോയി മാണിയുടെ കാലിൽ വീണ്ടു...”പാലാഴി” ടയേർസ് കെസിൽ മാണിയെ ഉണ്ട തീറ്റിക്കും എന്നാ‍യിരുന്നു വെല്ലുവിളി..ഇപ്പോൾ കേൾക്കാനില്ല..

കള്ളൻ !

Rajeeve Chelanat said...

റിട്ടില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നുള്ളതുകൊണ്ടൊന്നുമല്ല, ഒരു കോടതി, ഒരു റിട്ട് ഫയലില്‍ സ്വീകരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് സമര്‍പ്പിക്കുന്ന ഒരു റിട്ട് സ്വീകരിക്കാന്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് കോടതി ബാദ്ധ്യസ്ഥമാണ്.

പി.സി.ജോര്‍ജ്ജ്, ചെന്നിത്തല-ഉമ്മന്‍‌ചാണ്ടിയെപ്പ്ലുള്ള വിടുവായന്മാര്‍ക്ക് എന്തും പറയാനുള്ള വേദികളൊക്കെ നാട്ടില്‍ സുലഭമാണ്. മനോരമയെപ്പോലുള്ള നുണപ്പത്രങ്ങളും അതിനു ആവശ്യാനുസരണം സ്പേസ് കൊടുക്കും.