Friday, March 20, 2009

നുണപറയുന്നതിന്റെ രാഷ്ട്രീയം

പി എം മനോജ്

വോട്ടെടുപ്പിന്റെ തൊട്ടു മുമ്പ് ആര്‍ക്കും മറുപടി പറയാന്‍ കഴിയാത്ത വിധം വ്യാജപ്രചാരണങ്ങളഴിച്ചുവിടുന്നത് മുസ്ളിം ലീഗും കോണ്‍ഗ്രസും പതിവായി നടത്തുന്ന അഭ്യാസമാണ്. ഇഎംഎസിന്റെ പ്രസ്താവന വ്യാജമായി ഉണ്ടാക്കി അങ്ങനെ വിതരണം ചെയ്ത അനുഭവമുണ്ടായിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ഞപ്രസിദ്ധീകരണമച്ചടിച്ച് വിതരണം ചെയ്യാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഇന്നയിന്ന അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാറെടുത്ത് അശ്ളീലപ്രസിദ്ധീകരണം അച്ചടിച്ച് വിതരണം ചെയ്യുകയാണ് അവരുടെ ജോലി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇങ്ങനെ അച്ചടിച്ച ആയിരക്കണക്കിന് കോപ്പി വാരിക എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും പിടിച്ചെടുത്തിരുന്നു. ഇത്തവണ അത്തരം പ്രചാരണം അല്‍പം നേരത്തെ ആരംഭിച്ചതായാണ് മനസ്സിലാക്കാനാവുന്നത്. അല്‍പം വ്യത്യസ്തതയോടെയാണ് അപവാദ പ്രചാരണം.

കോഴിക്കോട്ട് മുഹമ്മദ് റിയാസ് എന്ന യുവജന നേതാവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നതേയുള്ളൂ. അപ്പോള്‍ തന്നെ കെട്ടഴിച്ചുവിട്ട ഒരു പ്രചാരണം "മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ അളിയനാണ്'' എന്നത്രെ. വെറുതെ പറയുക മാത്രമല്ല, ഇ-മെയില്‍ എസ്എംഎസ് സന്ദേശങ്ങളായി കൃത്രിമമായആധികാരികതയോടെ ആ നുണ നാട്ടുകാരിലും മറുനാട്ടുകാരിലും അടിച്ചേല്‍പ്പിക്കുകയാണ്. രണ്ടുമൂന്നു ദിവസം അത് അങ്ങനെ പരത്തിയശേഷം പെട്ടെന്ന് എറണാകുളത്തെ അഭിഭാഷകനും ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എഴുത്തുകാരനുമായ ജയശങ്കര്‍ ഒരു ചാനല്‍ പരിപാടിയില്‍ അത് നേരിട്ട് പറയുന്നു. സിപിഐ എം സ്ഥാനാര്‍ത്ഥിയായി വരുന്നത് ഫാരിസ് അബുബക്കറിന്റെ ആളാണെന്ന്. അവിടംകൊണ്ടും തീരുന്നില്ല. അടുത്ത ഊഴം പിസി ജോര്‍ജ് എംഎല്‍എയുടേതാണ്. പൊതുവെ സിപിഐ എമ്മിനെതിരെ തരംതാണ നിലയില്‍ പ്രതികരിക്കാറുള്ള ജോര്‍ജ് പത്രസമ്മേളനം വിളിച്ചാണ് ഫാരിസ്-സ്ഥാനാര്‍ത്ഥി ബന്ധം പ്രഖ്യാപിക്കുന്നത്.

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. എസ്എഫ്ഐയിലൂടെ യുവജന നേതൃത്വത്തിലെത്തിയ ചെറുപ്പക്കാരന്‍. കുറെ വര്‍ഷങ്ങളായി കോഴിക്കോട്ട് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. അദ്ദേഹം ഇതുവരെ ഫാരിസ് അബൂബക്കര്‍ എന്നൊരാളെ കണ്ടിട്ടില്ല. അങ്ങനെയൊരാളുമായി കുടുംബപരമോ മറ്റേതെങ്കിലും തരത്തിലോ ബന്ധവുമില്ല. പിന്നെങ്ങനെ ഈ കഥ വന്നു? അവിടെയാണ്, തെരഞ്ഞെടുപ്പുനേട്ടത്തിനുവേണ്ടിയും എതിര്‍ രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനും അപവാദ വ്യവസായം നടത്തുന്നവരുടെ മിടുക്ക്. അവര്‍ കഥ മെനയുന്നു; അത് വാമൊഴിയായി പ്രചരിപ്പിക്കുന്നു; അതിന് ആധികാരികത പകരാന്‍ ചാനല്‍ പ്രസംഗം നടത്തിക്കുന്നു; അതുകഴിഞ്ഞ് പത്രത്തില്‍ വാര്‍ത്തയെഴുതിക്കുന്നു. അപ്പോഴേക്കും ആട് പട്ടിയായിക്കഴിഞ്ഞിരിക്കും! ഇതിന് ഒരനുബന്ധം കൂടിയുണ്ട്. മുഹമ്മദ് റിയാസ് നേരത്തെ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനത്തിനിരയായിട്ടുണ്ട്; ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു മുഖ്യ ചാനല്‍ലേഖകന്‍ സഹമാധ്യമ പ്രവര്‍ത്തകരെ ഉപദേശിക്കുന്നു-തല്ലുകിട്ടിയതിന്റെയും ജയിലില്‍ കിടന്നതിന്റെയുമൊന്നും വിവരം കൊടുക്കേണ്ടതില്ല; അതില്‍ വലിയ കാര്യമില്ല-എന്ന്.

മറ്റൊരു ഇര അബ്ദുനാസര്‍ മഅ്ദനിയാണ്. അദ്ദേഹം ഇന്നലെവരെ അസാധാരണമായ അനീതിയും പീഡനവും അനുഭവിച്ച വ്യക്തിയായിരുന്നു നമ്മുടെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. മുമ്പ് വര്‍ഗീയത പറഞ്ഞിരുന്ന മഅ്ദനി ഇന്ന് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നു. മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയത്തിനുമാത്രമേ നാടിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് താന്‍ തിരിച്ചറിയുന്നതായി മറയേതുമില്ലാതെ വ്യക്തമാക്കുന്നു. ഇടതുപക്ഷവുമായി ന്യൂനപക്ഷങ്ങള്‍ യോജിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. അതോടെ കുന്തമുനകള്‍ മഅ്ദനിക്കുനേരെ തിരിയുകയായി. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കിടന്നപ്പോള്‍ പരിചയപ്പെട്ട ഒരാള്‍ പിന്നീട് തീവ്രവാദവുമായി ബന്ധപ്പെട്ടതിന്റെ കഥകള്‍ നിരത്തി മഅ്ദനിയെ വീണ്ടും തീവ്രവാദത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനുള്ള തകര്‍പ്പന്‍ ശ്രമമാണ് നടക്കുന്നത്. അത്തരം വാര്‍ത്തകള്‍ കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും മംഗലാപുരത്തുനിന്നുമെല്ലാം മലവെള്ളംപോലെ വരുന്നു. മാതൃഭൂമിയില്‍ മംഗലാപുരത്തുനിന്ന് വാര്‍ത്തയെഴുതിയത്, ഇപി ജയരാജനെ വാടകക്കൊലയാളികളെ അയച്ച് കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധമുള്ള ടിപി രാജീവന്‍!

ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തയാറായാല്‍ മഅ്ദനി തീവ്രവാദി. പിന്തുണ യുഡിഎഫിനാണെങ്കില്‍ മഅ്ദനി മതേതരവാദി-ഇതാണ് നമ്മുടെ മാധ്യമ രീതി.ഈ നില എല്‍ഡിഎഫിനോട്, വിശേഷിച്ച് സിപിഐഎമ്മിനോടേ ഉള്ളൂ എന്നതാണ് ഒരു പ്രത്യേകത. കോണ്‍ഗ്രസില്‍ കൂട്ടക്കലാപമാണ്. ഉമ്മന്‍ചാണ്ടിയോട് രമേശ് ചെന്നിത്തല കാണിച്ച ചതി മറ്റൊരു പാര്‍ട്ടിയിലും നടക്കാനിടയില്ലാത്താണ്. ടി സിദ്ദിഖിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പെടുത്തുയിട്ടില്ല. എങ്കിലും സിദ്ദിഖ് എങ്ങനെ തല ഉയര്‍ത്തി നടക്കും? നദിഗ്രാം ഫണ്ട് അഴിമതിമുതല്‍ സിമി ബന്ധം വരെയുള്ള സിദ്ദിഖിന്റെ കഥകള്‍ കോണ്‍ഗ്രസുകാര്‍ തന്നെയല്ലേ നാട്ടില്‍ പാട്ടാക്കിയത്? തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നൂലില്‍ കെട്ടിയിറക്കുന്ന ശശി തരൂരിനെതിരെ കോണ്‍ഗ്രസിനകത്തുണ്ടായ കലാപം എന്തേ നമ്മുടെ മാധ്യമങ്ങള്‍ക്ക് തുടര്‍വാര്‍ത്തകള്‍ക്ക് വിഷയമാകുന്നില്ല? പൊന്നാനിയുടെ കഥ പൊലിപ്പിച്ച സിപിഐ എമ്മിനെയും സിപിഐയെയും തമ്മിലടിപ്പിക്കാന്‍ പെടാപ്പാടുപെട്ടവര്‍ യുഡിഎഫിനുമുന്നിലെത്തുമ്പോള്‍ എല്ലാംമറന്നുപോകുന്നതെന്തുകൊണ്ട്? വയലാര്‍രവിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങുതടിയായതെന്ന വിഎം സുധീരന്റെ വിലാപത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലാനുള്ള ചങ്കൂറ്റം ഏതു പാതാളത്തിലാണ് നമ്മുടെ മാധ്യമശ്രീമാന്‍മാര്‍ പണയം വെച്ചിട്ടുള്ളത്?ഉപജാപവും രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തനവും അതിരുകള്‍ ഭേദിച്ച് ഒന്നാകുന്ന ഒരിടം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ആ പരിസരത്തിന്റെ ദുര്‍ഗന്ധം പടര്‍ന്നുപരക്കുന്നുമുണ്ട്. ജ്യോതി ബസു മൂന്നാം മുന്നണിയുടെ വിജയസാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കേരളത്തിലെ മുഖ്യപത്രത്തില്‍ നാം വായിച്ചത് മൂന്നാം മുന്നണി ജയിക്കാനിടയില്ലെന്ന് ജ്യോതി ബസു പറഞ്ഞതായാണ്. മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവ വിശ്വാസവും തമ്മില്‍ യോജിപ്പുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് മലയാളമനോരമയിലും മാതൃഭൂമിയിലും നാം വായിച്ചില്ല. സിപിഐയുടെ വോട്ട് പ്രതീക്ഷിക്കേണ്ടതില്ല എന്ന് സിപിഐ എം വിലയിരുത്തി എന്ന പച്ചക്കളം മനോരമയില്‍ വായിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രശ്നങ്ങള്‍ മുക്കിക്കളഞ്ഞ് തങ്ങളില്‍ അര്‍പ്പിതമായ വിടുവേല ചെയ്തുതീര്‍ക്കുകയാണ് മാധ്യമങ്ങള്‍. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കരുത്; എല്‍ഡിഎഫ് അവതരിപ്പിച്ച തിളക്കമാര്‍ന്ന സ്ഥാനാര്‍ത്ഥി നിരയ്ക്ക് ലഭിക്കാവുന്ന അംഗീകാരം തട്ടിത്തെറിപ്പിക്കണം; യുഡിഎഫിനകത്തെ കുഴപ്പങ്ങള്‍ മറച്ചുവെക്കണം-നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങളുടെ ശരീരം നഗ്നമാണിന്ന്. അവയ്ക്ക് ഒളിച്ചുവെക്കാനുള്ളത് യുഡിഎഫിനോടുള്ള നാണംകെട്ട വിധേയത്വം മാത്രമാണ്. കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുകിടന്ന് കാലുനക്കുന്നവരുടെ വൃത്തികേട്.നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ ഒരറ്റമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. വര്‍ഗീയച്ചുവയുള്ള പല പ്രചാരണങ്ങളും അരങ്ങുതകര്‍ത്താടുന്നുണ്ട്. ഒരുവശത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍; മറുവശത്ത് ഭൂരിപക്ഷ വര്‍ഗീയത കത്തിക്കാന്‍. ന്യൂനപക്ഷങ്ങളോട്് പറയുന്നു-ഇടതുപക്ഷമാണ് ഏറ്റവും വലിയ ന്യൂനപക്ഷ ധ്വംസകരെന്ന്. ഭൂരിപക്ഷ മതവിഭാഗത്തോട് വിലപിക്കുന്നു-അവരതാ ന്യൂനപക്ഷങ്ങളെ വാരിക്കോരി സഹായിക്കുന്നുവെന്ന്. ഇതിനെല്ലാം തങ്ങളുടേതായ സംഭാവനയുമായി മാധ്യമങ്ങള്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് ചില അജണ്ടകള്‍ നടപ്പാക്കാന്‍ യുഡിഎഫും മാധ്യമസുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. രണ്ടുകൂട്ടരും വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അക്കാര്യം നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. അതിന്റെ വെപ്രാളമാണ് നുണക്കഥകളിലും വ്യാജ പ്രചാരണങ്ങളിലും അഭയം തേടാന്‍ അവര്‍ക്കുള്ള പ്രചോദനം. ഇത് പ്രചാരണത്തില്‍ മാത്രം ഒതുങ്ങണമെന്നുമില്ല. തലശ്ശേരിയില്‍ ആര്‍എസ്എസ് കൊലക്കത്തിയെടുത്തിരിക്കുന്നു. അതും തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള പതിവാണ്. ആര്‍എസ്എസിന്റെ കത്തിയും പിസിജോര്‍ജിന്റെ വിഷനാവും മാതൃഭൂമിയുടെ കള്ളക്കഥകളും നിര്‍വഹിക്കുന്നത് ഒരേ ധര്‍മ്മം തന്നെ. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള നെറികെട്ട ധര്‍മ്മം. അത് തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ പ്രതികരിക്കുന്നതും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം തന്നെ.

1 comment:

പട്ടേപ്പാടം റാംജി said...

പണ്ടത്തെപ്പോലെ നുണക്കഥകള്‍ ഇപ്പോള്‍ ഫലിക്കുന്നില്ലെന്നതാണ്‌ ഒരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും കാണുന്ന വസ്തുത. ദ്ര്‍ശ്യ വാര്‍ത്ത മാദ്ധ്യമങ്ങളെയും ഇടതുപക്ഷവിരുത നേതാക്കളേയും ഒരുപോലെ വിറളി പിടിപ്പിച്ചതിണ്റ്റെ കാരണം കൈരളി ചാനലും ദേശാഭിമാനിയും തന്നെ. നുണകള്‍ അതേപടി ജനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതിണ്റ്റെ കാരണവും അതുതന്നെ. എന്നാലും ചിലരെയെല്ലം ഇപ്പോഴും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നു എന്നതും സത്യം തന്നെ. നേരത്തെത്തന്നെ നുണക്കഥകള്‍ ഇറങ്ങിത്തുടങ്ങിയതിനെതിരെ പ്രതികരണവുമായി ജനധിപത്യവിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.