Sunday, June 24, 2012

സിബിഐയുടെ അടിമപ്പണി

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍-4


ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പൊലീസ് സിപിഐ എം ഓഫീസിലേക്ക് പാഞ്ഞുകയറി അന്നത്തെ ഏരിയ സെക്രട്ടറി എം ഒ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വാദരണീയനും രോഗവിവശനുമായ അദ്ദേഹത്തെ ടാഡ കേസില്‍പ്പെടുത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടല്ല- സിപിഐ എം ഏരിയ സെക്രട്ടറിയാണ് എന്നതുകൊണ്ട്. ഇരിട്ടി ഏരിയ സെക്രട്ടറി ശ്രീധരനെയും അന്ന് ടാഡയില്‍ കുടുക്കി തടവിലിട്ടു. ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പിടിച്ചിരിക്കുന്നു. പാര്‍ടി നേതാവായാല്‍, ആ സമയത്ത് അന്നാട്ടില്‍ നടക്കുന്ന കേസുകളില്‍ പ്രതിയായിക്കൊള്ളണം എന്ന സ്ഥിതി.

ഫസല്‍കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചയാളാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ഋഷിരാജ് സിങ്. ഇപ്പോള്‍ സിങ് സിബിഐയിലാണ്. സിബിഐ എങ്ങനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആളും ഇന്ന് സിങ്ങുതന്നെ. താന്‍ ക്രൈംബ്രാഞ്ചിന്റെ അധിപനായിരുന്നപ്പോള്‍ ഉണ്ടാകാത്ത എന്ത് തെളിവാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം തന്റെ സിബിഐ അനുയായികളോട് തിരക്കും എന്ന് ആശിക്കാനേ തരമുള്ളൂ. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകള്‍ കോടതിയെപ്പോലുംസ്വാധീനിച്ചു. പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അന്ന്, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സര്‍ക്കാര്‍ തീരുമാനമില്ലാതെ സിബിഐക്ക് വിടുന്നതിനെതിരെയാണ് അപ്പീല്‍പോയത്. അതുപോലും സിപിഐ എമ്മിനെതിരായ വാദമായി ഇന്ന് പ്രചരിപ്പിക്കുന്നു.

എന്‍ഡിഎഫിന്റെ സ്ഥിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഷ്ടത്തിലായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടുന്നത് 2010 ജൂലൈ നാലിനാണ്. അതിനു പിന്നില്‍ എന്‍ഡിഎഫ് തീവ്രവാദി സംഘമാണെന്ന് വ്യക്തമായതോടെ ശക്തമായ പൊലീസ് നടപടിയുണ്ടായി. ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം കേസന്വേഷിച്ചു. എന്‍ഡിഎഫിന്റെ ആയുധപരിശീലനം, ഭീകരബന്ധങ്ങള്‍, ധനസ്രോതസ്സ്, പൊലീസിലടക്കമുള്ള നുഴഞ്ഞുകയറ്റം- ഇവയെല്ലാം പുറത്തുവന്നുകൊണ്ടിരുന്നു. നാട്ടിലാകെ സദാചാരപൊലീസ് ചമഞ്ഞ് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നിയമത്തിന്റെ വിലക്കുവീണു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കി. ഫ്രീഡംപരേഡ് എന്നപേരില്‍ നടത്തിയിരുന്ന ശക്തിപ്രകടനം മുടങ്ങി. സമൂഹത്തില്‍നിന്ന് എന്‍ഡിഎഫ് ഒറ്റപ്പെട്ടു.

മുസ്ലിംസമുദായത്തിലെ തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പരസ്യമായ നിലപാടെടുത്തു. കോളേജ് അധ്യാപകന്റെ കൈ വെട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിനെയും സമൂഹത്തെയുമാണ് അപമാനിച്ചതെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഡ്വ. കെ പി മുഹമ്മദ് (മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍), ഹമീദ് വാണിമേല്‍ (ജമാ അത്തെ ഇസ്ലാമി), ഗഫൂര്‍ പുതുപ്പാടി (പിഡിപി), പ്രൊഫ. പി ഒ ജെ ലബ്ബ (എംഇഎസ്), ടി കെ അബ്ദുള്‍ കരീം (എംഎസ്എസ്), കെ ടി ജലീല്‍, പി ടി എ റഹീം എന്നിവര്‍ ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് വ്യക്തമാക്കി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെതുടര്‍ന്ന്, മതതീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്താന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിന്റെ ഉന്നതതല യോഗം വിളിച്ച് നിര്‍ദേശം നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് നല്‍കുന്ന മൊബൈല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ 22 കൊലപാതക കേസ് പുനരവലോകത്തിനെടുത്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള വിദേശ സാമ്പത്തികസഹായം അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും അംഗീകരിക്കാതെ തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടാനുറച്ച ഭീകരപ്രവര്‍ത്തനം തടയപ്പെട്ടപ്പോള്‍, ആ സംഘടനയുടെ മുഖ്യശത്രുവായി അന്നത്തെ ആഭ്യന്തരമന്ത്രി മാറി. അവര്‍ക്ക് സഹായവാഗ്ദാനം കിട്ടിയത് കേന്ദ്ര ഭരണകക്ഷിയില്‍നിന്നാണ്. പിന്നീട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ നേരിട്ട് സഹായിക്കാനെത്തി. ഇരുകൂട്ടരുടെയും പൊതുശത്രുവായ സിപിഐ എമ്മിനെതിരെ ഫസല്‍കേസ് എന്ന വാള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കുന്നത് അങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നിടംവരെയാണ് ഈ ഗൂഢാലോചന വളര്‍ന്നത്്. സമാനതകളില്ലാത്ത അനുഭവമാണ് ഈ കേസിന്റേത്. അവിശ്വസനീയമായ കെട്ടുകഥകളല്ലാതെ, വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ ഉദീരണങ്ങളല്ലാതെ ഒന്നുമില്ല; തരിമ്പുപോലുമില്ല തെളിവ്. സിബിഐയുടെ മുകളിലിരിക്കുന്ന ഒരു സഹമന്ത്രിയുടെ രാഷ്ട്രീയ കുബുദ്ധിയും ഭീകരപ്രവര്‍ത്തനം നടത്തുന്ന കൂട്ടരും ചേര്‍ന്ന് നിയമത്തെയും ജനാധിപത്യത്തെയും നീതിയെയും ജനങ്ങളുടെ ബോധത്തെയും കടന്നാക്രമിക്കുകയാണ്. സദാചാര പൊലീസായി മാറി കൊലപാതകങ്ങള്‍വരെ നടത്തുന്ന; വര്‍ഗീയവിഷം സമൂഹത്തില്‍ കുത്തിവയ്ക്കുന്ന; മനുഷ്യനെ ഏറ്റവും പൈശാചികമായി കൊല്ലാന്‍ പരിശീലനം നേടിയ; ദേശവിരുദ്ധ രീതിയിലൂടെ പണം കുന്നുകൂട്ടുന്ന വിഷവിത്തുകള്‍ ഇവിടെ ഗാന്ധിയന്മാരായി വേഷമണിയുകയാണ്. അവര്‍ക്കുവേണ്ടി; അവരെ വിശുദ്ധപ്പട്ടമണിയിക്കാനായി ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സിയെയും ദുരുപയോഗിക്കുകയാണ്.      

 തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താലാണ് നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കിയത്. കേസില്‍പ്പെട്ടതോടെ നാലുപേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചു. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ആക്രമിച്ചതായിരുന്നു കേസ്. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു.

കൊല നടത്തിയത് സിപിഐ എം ആണെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി. ഇതിനിടെ, തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച സിനിമ തിയറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെയും അനുഭവം മറിച്ചാകില്ല.

ഇന്ന് നെറികെട്ട രാഷ്ട്രീയ അടിമപ്പണിചെയ്യുന്ന സിബിഐയും ചെയ്യിക്കുന്ന മേലാളന്മാരും ജനങ്ങള്‍ക്കുമുന്നില്‍ നിരന്നുനിന്ന് കണക്കുപറയേണ്ട അവസരമാകും അത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ വ്യാജമായി കേസില്‍കുടുക്കി ജയിലിലടയ്ക്കുന്നതിന്റെ ഭവിഷ്യത്ത് അതിഗുരുതരമാകുമെന്ന ധാരണ യുഡിഎഫ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ കാരിരുമ്പഴിക്കുള്ളില്‍ കിടന്നാലും തീരാത്ത പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരുടെ കൂടാരമാണ് യുഡിഎഫ്. അവരില്‍നിന്ന് സത്യവും നീതിയും ആരും പ്രതീക്ഷിക്കുന്നില്ല. സിബിഐ ഉണ്ടാക്കിയ കേസില്‍ കോടതി മുമ്പാകെ ഹാജരായ കാരായി രാജനും ചന്ദ്രശേഖരനും തങ്ങള്‍ക്ക് ഫസലിനെ അറിയുകതന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയും എന്നതിന് തെളിവ് സിബിഐ നല്‍കിയിട്ടുമില്ല. ഇത് അപകടകരമായ പോക്കാണ്. ഇതിന് വളംവച്ചുകൊടുക്കുന്നവര്‍ക്കെതിരെയാകും ഇതേ ആയുധം നാളെ പ്രയോഗിക്കപ്പെടുന്നത്. വര്‍ഗീയ തീവ്രാദികള്‍ക്കുവേണ്ടി വിടുപണിചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കുപറയേണ്ട നാള്‍ വിദൂരമല്ല. (അവസാനിച്ചു)

Friday, June 22, 2012

"നേതാക്കളുടെ പേരു പറയൂ, നിങ്ങളെ വിടാം"


ഒന്നാം ഭാഗം

രണ്ടാം ഭാഗം

ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.

ഒരു കേസ് ഫ്രെയിംചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവിലെങ്കിലും തെളിവുകള്‍ വേണം. അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിബിഐ ദയനീയമായി പരാജയപ്പെട്ടത്. കൊലപാതകത്തിന് വിശ്വസനീയമായ കാരണം കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഫസല്‍ സിപിഐ എം വിട്ടതിന്റെ വിദ്വേഷം, ദേശാഭിമാനിയുടെ പ്രചാരം തുടങ്ങിയ തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് അന്വേഷണ ഏജന്‍സി നിരത്തിയത്. ഒരിക്കലും പാര്‍ടി അംഗമല്ലാതിരുന്ന ഫസല്‍ "പാര്‍ടി" വിട്ടതിന് എങ്ങനെ വിദ്വേഷമുണ്ടാകും? ദേശാഭിമാനിയുടെ പ്രചാരമാകട്ടെ വര്‍ധിച്ചതേയുള്ളൂ. ആ കണക്കില്‍ മായംചേര്‍ത്ത് തെളിയിക്കാന്‍ സിബിഐക്ക് കഴിയില്ല. കണക്ക് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ രേഖകളിലുള്ളതാണല്ലോ.

മറ്റൊരു വാദം നിരത്തുന്നത്, തലശേരിയിലെ വോട്ടുകണക്കാണ്. തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട്ചോര്‍ച്ചയായതിനാല്‍ എന്‍ഡിഎഫ് സഹായംതേടിയെന്നാണ് ആരോപണം. സത്യം മറിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 1987 മുതലുള്ള തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വോട്ട്: 44,520 (1987), 48,936 (1991), 51,985 (1996), 53,412 (2001), 53,907 (2006), 66,870 (2011). "96ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ക്ക് 60,841 വോട്ടാണ് ലഭിച്ചത്. 2001ല്‍ അയ്യായിരത്തില്‍ പരമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേടിയ ഭൂരിപക്ഷമെങ്കില്‍, 2006ല്‍ അത് ഇരട്ടിച്ചു. ഈ കണക്കുകളെല്ലാം അനിഷേധ്യമാണ്. സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി തലശേരി നിലനില്‍ക്കെ എന്‍ഡിഎഫുകാരനെ കൊന്ന് ഏതെങ്കിലും അട്ടിമറി നടത്തേണ്ട പ്രശ്നം ഉദിക്കുന്നതേയില്ല. അത് തെളിയിക്കാന്‍ സിബിഐക്ക് കഴിയുകയുമില്ല. ആ കഴിവുകേടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്ന ഏറ്റവും നീചമായ ആരോപണം ഉന്നയിക്കാന്‍ ഏജന്‍സിക്ക് പ്രേരണ നല്‍കിയത്. അതിന്റെ ബുദ്ധികേന്ദ്രം മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു- മുസ്ലിം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണംചെയ്തെന്ന ഗുരുതര ആക്ഷേപമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. അങ്ങനെ കണ്ടെത്തണമെങ്കില്‍, ആര്‍എസ്എസിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തുവരേണ്ടത് സിപിഐ എം ആകണം; ഇവിടെ, എന്‍ഡിഎഫാണ് രംഗത്തുവന്നത്. ആര്‍എസ്എസാണ് ഫസലിനെ കൊന്നതെന്ന് എന്‍ഡിഎഫ് പറഞ്ഞാല്‍ എങ്ങനെ സിപിഐ എമ്മിനെ പഴിക്കും എന്ന ചോദ്യത്തിന് സിബിഐ കുറ്റപത്രത്തില്‍ ഉത്തരമില്ല.

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കാനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തെളിയിക്കപ്പെട്ട മണ്ണാണ് തലശേരിയുടേത്. കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു 1971 ഡിസംബറില്‍ തലശേരിയില്‍ നടന്ന വര്‍ഗീയകലാപം. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. അന്നവിടെ സമാധാനത്തിന്റെ സന്ദേശവുമായി ചെന്നത് ഇന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ (അന്ന് കൂത്തുപറമ്പ് എംഎല്‍എ) നേതൃത്വത്തിലുള്ള സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇന്ന് സിഎംപിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പാട്യം രാജനും അന്ന് ചെന്നവരിലുണ്ട്. കലാപത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എന്ന് വ്യക്തമാക്കുന്നു. സിപിഐ എം നേതാക്കളാരുംതന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമീഷന്‍ എടുത്തുകാട്ടി. കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു എന്നും മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തത് എന്നും കമീഷന്‍ വ്യക്തമാക്കുന്നു.

പിണറായി പഞ്ചായത്തിലെ ഉമ്മന്‍ചിറയില്‍ സിപിഐ എം നേതാവ് വി എം വേലായുധന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും പാട്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ശ്രീധരന്‍ മാസ്റ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയാണെന്നാണ് അന്നത്തെ സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ നേതാക്കളുടെ അറസ്റ്റ്. എന്നാല്‍, മുസ്ലിങ്ങളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജനവികാരം ശക്തമായി ഉയര്‍ന്നപ്പോഴാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്. ഇതാണ് തലശേരിയിലെ സിപിഐ എമ്മിന്റെ പാരമ്പര്യം. അത്തരമൊരു പാര്‍ടി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുമ്പോള്‍, എന്താണ് അതുകൊണ്ട് നേട്ടം എന്നുകൂടി സിബിഐ പറയേണ്ടിയിരുന്നു.

തലശേരിയില്‍ മുസ്ലിം സമുദായത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനവും മേല്‍ക്കൈയും ഏറെപഴക്കമുള്ളതാണ്; ഉറച്ചതുമാണ്. അത് തകര്‍ത്തുമാത്രമേ പാര്‍ടിയെ നേരിടാന്‍ കഴിയൂ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കേസിലൂടെ, വൈകാരികമായി സിപിഐ എമ്മിനെതിരെ മുസ്ലിം സമൂഹത്തിന്റെ ചിന്ത തിരിച്ചുവിടാനുള്ള ആസൂത്രണം ഈ കേസില്‍ സിബിഐ നടത്താനുള്ള കാരണവും അതുതന്നെ. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഒരുപോലെ ഇരയാകുന്ന പാര്‍ടിക്ക്, എല്ലാ മതവിഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയുടെ വേരറുക്കാനുള്ള ആയുധമായാണ് മുല്ലപ്പള്ളി സിബിഐയെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഒരു തൂവാലയുടെ കഥയാണ് "വര്‍ഗീയ കലാപശ്രമ" ആരോപണത്തെ സാധൂകരിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടു എന്നും അത് അന്വേഷണം വഴിതിരിച്ചുവിടാനും ആര്‍എസ്എസിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള സിപിഐ എമ്മിന്റെ തന്ത്രമായിരുന്നു എന്നുമാണ് സിബിഐ പറയുന്നത് (ഈ കഥ ആദ്യം മാതൃഭൂമിയാണ് അവതരിപ്പിച്ചത്). ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ "മോസ്കോ" നഗറിലാണ് തൂവാല കണ്ടത്. പാര്‍ടികേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല കൊണ്ടിട്ടത്, സിപിഐ എമ്മിനെ കുടുക്കാനായിരിക്കില്ലേ എന്ന യുക്തിഭദ്രമായ സംശയം സിബിഐയുടെ തലയില്‍ കയറിയതേയില്ല. സാക്ഷികളായി ചിലരെ അവതരിപ്പിച്ചത് അതിനേക്കാള്‍ വിചിത്രമാണ്.

ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല. ഫലത്തില്‍ കഥകളല്ലാതെ തെളിവുകളില്ല. ഏതുകഥയും സിപിഐ എമ്മിനെതിരായാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്ന സൗകര്യത്തില്‍ ഫസല്‍ വധക്കേസ് ആഘോഷിക്കപ്പെടുകയാണ്. ആ സൗകര്യമുപയോഗിച്ചുതന്നെയാണ്, കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയിലെത്തിച്ചത്. (അവസാനിക്കുന്നില്ല)

Thursday, June 21, 2012

കെട്ടുകഥകളുടെ ഘോഷയാത്ര


ഒന്നാം ഭാഗം: ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍

""തലശേരിയിലെ ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നതായി "ഫസല്‍വധക്കേസില്‍ നേതാക്കളെ കുരുക്കിയത് സിബിഐ" എന്ന വാര്‍ത്തയിലും "ക്രിമിനല്‍ തമ്പുരാക്കന്മാര്‍ക്ക് രാഷ്ട്രീയ മേലാളന്മാര്‍" എന്ന പരമ്പരയിലും വന്ന പരാമര്‍ശം ശരിയല്ല. വധശ്രമം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്""- മാതൃഭൂമി ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച തിരുത്താണിത്. ഇതേ രീതിയില്‍ നേരത്തെ മലയാള മനോരമയും തിരുത്തിയിരുന്നു. ആഘോഷപൂര്‍വം അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുക; എതിര്‍പ്പുവന്നാല്‍ അപ്രധാനമായി തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടുക. സ്വന്തം പത്രത്താളുകളെപോലും വഞ്ചിച്ച് മാധ്യമങ്ങള്‍ നടത്തിയ അപവാദ പ്രചാരണത്തിന് ഇത് ചെറിയ ഉദാഹരണംമാത്രം. വാര്‍ത്തകളായും പരമ്പരകളായും ഫസല്‍വധക്കേസ് സംബന്ധിച്ച് വന്ന ഭാവനയ്ക്ക് കൈയും കണക്കുമില്ല.

എന്‍ഡിഎഫിനെതിരെ മുന്‍സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കഥകളുടെ പ്രവാഹമുണ്ടായത്. പറഞ്ഞുപരത്തിയ ഒരു കഥ, ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ അനാശാസ്യക്കേസില്‍ പെടുത്തി സസ്പെന്‍ഡ് ചെയ്യിച്ചു എന്നാണ്. ഫസല്‍ക്കേസ് ആദ്യം അന്വേഷിച്ചയാളാണ് രാധാകൃഷ്ണന്‍. അദ്ദേഹം 2006 നവംബര്‍ മൂന്നുവരെയാണ് അന്വേഷണച്ചുമതലയിലുണ്ടായിരുന്നത്. തളിപ്പറമ്പില്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത് 2006 ഡിസംബര്‍ അഞ്ചിനാണ്. ആ സമയത്ത് ഫസല്‍ക്കേസില്‍ ഒരു ചുമതലയും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് കൂവോട്ടെ അനാശാസ്യകേന്ദ്രത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല, കണ്ണൂര്‍ എആര്‍ പൊലീസ് കോണ്‍സ്റ്റബിളും സീരിയല്‍ നടനുമായ വേങ്ങാട്ടെ കെ പി സന്തോഷ്കുമാര്‍ (25), സീരിയല്‍ താരവും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറുമായിരുന്ന കാരാപ്പുഴ തിരുവാതക്കല്‍ കെ വി വിജയന്‍ (34), മൈക്രോ ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കോട്ടയം തിരുനക്കരയിലെ കുളങ്ങര കെ എന്‍ രാജേഷ് (34), കോട്ടയം മണര്‍ക്കാട്ടെ കുഞ്ഞുമോന്റെ ഭാര്യ പുതുപറമ്പില്‍ അമ്മിണി (39) എന്നിവരോടൊപ്പമാണ് പിടിയിലായത്.

അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കൂവോട്ടെ ഇരുനിലവീട്ടിലേക്ക് ഓടിയെത്തിയത്്. കാര്യം തിരക്കിയ നാട്ടുകാരെ ഡിവൈഎസ്പിയും സംഘവും ആക്രമിക്കാന്‍ മുതിര്‍ന്നു- സംഘര്‍ഷമായി. വിവരമറിഞ്ഞ് എസ്പി മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, സിഐമാരയ കെ വി സന്തോഷ്, പി രാജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തിലാണ് (കെഎല്‍ 01 എക്സ്- 9049 ജീപ്പ്) അവിടെ എത്തിയിരുന്നത്. ഈ സംഭവത്തെയാണ്, പിന്നീട് ഫസല്‍ക്കേസുമായി ബന്ധപ്പെടുത്തി കഥ രചിച്ചത്. മദ്യശേഖരവും നീലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങളും സജ്ജീകരിച്ച അനാശാസ്യകേന്ദ്രത്തില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പിടിയിലാകുന്നതും ഫസല്‍ക്കേസും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു.

ഫസലിന്റെ ഭാര്യ മറിയുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍, കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന് അവര്‍തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. സിബിഐക്ക് ഗൂഢാലോചന കണ്ടെത്താന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ ആശങ്ക. കേസില്‍ ഇതുവരെ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല എന്നര്‍ഥം. ഇത് ഈ കേസിന്റെ തുടക്കംമുതലുള്ള അനുഭവമാണ്. ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കുമ്പോള്‍ വിചാരിച്ച തെളിവുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന് വരും. അന്വേഷണ ഏജന്‍സി പരിഹാസ്യമാവുകയുംചെയ്യും. മൂന്നുകൊല്ലം അന്വേഷിച്ചിട്ടും പ്രതിയേത്, സാക്ഷിയേത് എന്ന് തിരിച്ചറിയാന്‍ സിബിഐക്ക് കഴിഞ്ഞില്ല എന്ന് ഹൈക്കോടതിയില്‍തന്നെ വ്യക്തമായതാണ്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ വന്നപ്പോഴാണ് സിബിഐക്കുമേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടി വീണത്. തലശേരിയില്‍ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ആസിഫലിയും ഇടപെട്ടു. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ സമ്മര്‍ദമായി വന്നപ്പോഴാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയത്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ പ്രതിയാകും എന്ന് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയതിനുപിന്നില്‍ അഡ്വ. ആസിഫലിയുടെ വ്യക്തിവിരോധമാണ്. സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

ഫസല്‍വധവുമായി ബന്ധപ്പെടുത്തി നിരന്തരം വാര്‍ത്ത വന്നപ്പോള്‍ രാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് ആ ഹര്‍ജി പരിഗണിച്ചത്. അന്ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ സിബിഐ തയ്യാറായില്ല. കേസില്‍ ഹര്‍ജിക്കാരന്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് പറയാനാവില്ല എന്നാണ് സിബിഐ അറിയിച്ചത്. ചോദ്യംചെയ്തശേഷമേ പ്രതിയാക്കുന്ന കാര്യം പരിഗണിക്കൂ എന്നും. സിബിഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലും പ്രതിയെയും സാക്ഷിയെയും തിരിച്ചറിയാന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയുടെ അവസ്ഥ നിയമവൃത്തങ്ങളില്‍ പരിഹാസമുയര്‍ത്തി. പ്രതിചേര്‍ക്കാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പിന്നീട് സിബിഐ ഒന്ന് പതുങ്ങി. പക്ഷേ, അപ്പോഴേക്കും ഊരിയ വാള്‍ ഉറയിലിടാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ഏതുതരത്തിലും സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തണം എന്ന സമ്മര്‍ദത്തില്‍, തെളിവുകളോ യുക്തിയോ ഏജന്‍സിക്ക് ആവശ്യമുണ്ടായിരുന്നില്ല. അവര്‍ മുല്ലപ്പള്ളി- മാധ്യമ- എന്‍ഡിഎഫ് കഥകള്‍ക്ക് അടിയൊപ്പ് വച്ച് "കുറ്റപത്രം" ചുട്ടെടുത്തു.

തലശേരി പിലാക്കൂലിലാണ് ഫസലിന്റെ വീട്. മാടപ്പീടികയിലെ ഭാര്യവീട്ടിലായിരുന്നു താമസം. രാത്രി വീട്ടിലെത്തി പുലരുംമുമ്പ് മടങ്ങിപ്പോവുന്ന ഒരാള്‍ എന്നതില്‍ക്കവിഞ്ഞ് മാടപ്പീടികയില്‍ പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫസല്‍, ഒരിക്കലും പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുയര്‍ന്നിരുന്നില്ല. എന്‍ഡിഎഫ് പ്രചാരണങ്ങളില്‍ ഫസല്‍ ആകൃഷ്ടനായിരുന്നു. സിപിഐ എം ബന്ധമുള്ള ആരും ഫസലിനൊപ്പം എന്‍ഡിഎഫിലേക്ക് പോയിട്ടില്ല. അത്തരത്തില്‍ ഒരാളുടെ പേരുപോലും ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. മുസ്ലിംലീഗ് അനുഭാവമുള്ളവരാണ് ഏറെയും എന്‍ഡിഎഫിലെത്തിയത്. ഫസല്‍ ആളുകളെ ആകര്‍ഷിച്ച് എന്‍ഡിഎഫിലെത്തിക്കുന്ന മാസ്മര വ്യക്തിത്വമായിരുന്നുവെന്നും മറ്റും ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. പിലാക്കൂലിലെയോ മാടപ്പീടികയിലെയോ ആരും അത് സാക്ഷ്യപ്പെടുത്തുന്നില്ല. ""മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെച്ചൊല്ലി ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയുംചെയ്തു. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍എസ്എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു."" (തേജസ് ദിനപത്രം) എന്നാണ് എന്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കൊലയാളികള്‍ ആര്‍എസ്എസ് ആണ് എന്നതില്‍ അന്ന് എന്‍ഡിഎഫിന് ഒരുതരത്തിലുമുള്ള സംശയവുമുണ്ടായില്ല. ആ ഉറപ്പാണ് കേസന്വേഷണത്തെയും ജനങ്ങളുടെ സംശയത്തെയും ആര്‍എസ്എസിലേക്ക് തിരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എന്നുമാത്രമല്ല, ""തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്"" ശഹീദായാണ് ഇന്ന് എന്‍ഡിഎഫ് ഫസലിനെ അവതരിപ്പിക്കുന്നത്. അവിടെയാണ് വര്‍ഗീയതയുടെ പ്രസരമുള്ളത്; ന്യൂനപക്ഷ സമുദായാംഗങ്ങളെ സിപിഐ എമ്മില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യമുള്ളത്.

സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിബിഐയും എന്‍ഡിഎഫും ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം, ഫസലിന്റെ ഇടപെടലിന്റെ ഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ഇടിഞ്ഞു എന്നാണ്. മാടപ്പീടികയില്‍ 2006ല്‍ ദേശാഭിമാനിയുടെ പ്രചാരം 280ല്‍ നിന്ന് 360ലേക്ക് വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോഴത് 450 ആണ്. തൊട്ടടുത്ത തിരുവങ്ങാട്, തലശേരി ലോക്കലുകളിലും പത്രം കുറഞ്ഞില്ല. 2006 ആഗസ്തില്‍ തലശേരി ടൗണ്‍ ഏജന്റിന് 232 പത്രവും തിരുവങ്ങാട് ഏജന്‍സിയില്‍ 223 പത്രവും തലശേരിബസ്സ്റ്റാന്‍ഡ്കെട്ടില്‍ 96 പത്രവുമാണുണ്ടായിരുന്നത്. പിന്നീട് ബസ്സ്റ്റാന്‍ഡ് ഏജന്‍സിയില്‍ ഒരു പത്രം കുറഞ്ഞു. ഒരു ഏജന്‍സിയുണ്ടായിരുന്ന തിരുവങ്ങാട് മേഖലയില്‍ ഇപ്പോള്‍ അഞ്ച് ഏജന്റുമാരുണ്ട്. ദേശാഭിമാനി വരിക്കാരുടെ എണ്ണം ആ മേഖലയിലാകെ വലിയതോതിലാണ് വര്‍ധിച്ചത്. ഇത് കൃത്യമായി വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന കണക്കാണ്. എന്നിട്ടും പറയുന്നു, ദേശാഭിമാനിപത്രം കുറഞ്ഞതുകൊണ്ട് ഫസല്‍ കൊല്ലപ്പെട്ടു എന്ന്. അത് ഏറ്റുപാടുന്നവര്‍ക്ക് സത്യം അറിയേണ്ടതില്ല; തെളിവുകള്‍ വേണ്ടതില്ല. സിപിഐ എം അത്തരം നീതി അര്‍ഹിക്കുന്നില്ല എന്നാണ് അവരുടെ പക്ഷം. (അവസാനിക്കുന്നില്ല)

Wednesday, June 20, 2012

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍-1


തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് ഫസല്‍. എന്‍ഡിഎഫ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫസല്‍. കൊലപാതകം ആര്‍എസ്എസാണ് ചെയ്തതെന്ന് എന്‍ഡിഎഫ് തറപ്പിച്ചു പറഞ്ഞു. "എന്‍ഡിഎഫ് സബ്ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു" എന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദീന്‍ പ്രസ്താവനയിറക്കി. തലശേരി ആര്‍ഡിഒ കെ വി ഗംഗാധരന്‍ അന്നുതന്നെ സമാധാനയോഗം വിളിച്ചു. അതില്‍നിന്ന് പക്ഷേ, എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. "കൊലപാതകത്തിലെ ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി" എന്നാണ് 2006 ഒക്ടോബര്‍ മൂന്നിന്റെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

 പെരുനാളിന്റെ തലേദിവസം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ഒരു വര്‍ഗീയ കലാപത്തിന് വീണ്ടും അരങ്ങൊരുക്കുകയാണോ? നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്ന് കലശഘോഷയാത്രയ്ക്കുനേരെ വന്ന ചെരിപ്പേറ് തലശേരിയുടെ മനസ്സിലുണ്ട്. അങ്ങനെ ഒന്നാണോ ഫസലിന്റെ ജീവനെടുത്തതിനു പിന്നില്‍? കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി വ്യക്തമാക്കി. എന്‍ഡിഎഫ്- സിപിഐ എം സംഘട്ടനത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന ആരോപണവും അവരില്‍നിന്ന് വന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്ന് തലശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫസലിന്റെ മൃതദേഹം കണ്ടശേഷം കോടിയേരി വ്യക്തമാക്കുകയും ചെയ്തു.


അസാധാരണമായ ഒരു കൊലപാതകം. എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് ആര്‍ക്കും വ്യക്തമായില്ല. കൊല്ലപ്പെട്ടയാളുടെ സംഘടനതന്നെ, ആരാണ് കൊലപാതകികളെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പൊലീസ് നീക്കവും ആ വഴിക്കായി. ലോക്കല്‍പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകികളെ കണ്ടെത്താനായില്ല. ഏറെ ദുരൂഹമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ മുന്നില്‍ വന്നത്. ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു. ഫസലിന്റെ വീട്ടില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും പോയതായി വീട്ടുകാര്‍ക്ക് അറിവുമില്ല.

കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന താല്‍പ്പര്യം അന്ന് ചില എന്‍ഡിഎഫ് നേതാക്കളില്‍ പ്രകടമായിരുന്നു. ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ അവര്‍ പൊലീസില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. അതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പക്ഷേ, തെളിവില്ലാതെ നിഗമനത്തിലെത്താന്‍ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷണം തുടക്കംമുതല്‍ ഇരുട്ടിലായിരുന്നു. തലശേരി സിഐ ആയിരുന്ന പി സുകുമാരനാണ് എഫ്ഐആര്‍ ഇട്ടത്. അദ്ദേഹം മൂന്നു ദൃക്സാക്ഷികളെ ചോദ്യംചെയ്തു. കൊന്നവരെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരനോ പ്രതികളെക്കുറിച്ച് കൃത്യമായ വിവരമോ ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് സ്വമേധയാ കേസ് ചാര്‍ജ്ചെയ്തു.

 ഡിവൈഎസ്പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 105 പേരെ ചോദ്യംചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരു പുരോഗതിയുമില്ലാതെ വന്നപ്പോള്‍ അന്വേഷണച്ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി. 2006 നവംബര്‍ എട്ടിന് ഡിവെഎസ്പി ഡി സാലി സംഘത്തിന്റെ നേതൃത്വമേറ്റു. പിന്നെയും ചോദ്യംചെയ്യല്‍. ഇത്തവണ 149 പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 2007 ജനുവരി 22 വരെ അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു- കണ്ടെത്തല്‍മാത്രം ഉണ്ടായില്ല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി മോഹന്‍ദാസായി തുടര്‍ന്നുള്ള അന്വേഷണച്ചുമതലക്കാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 33 പേരെയാണ് ചോദ്യംചെയ്തത്. കോഴിക്കോട് സ്ഫോടനക്കേസ് വന്നപ്പോള്‍ അതന്വേഷിക്കാന്‍ പോയ മോഹന്‍ദാസിനു പകരം ടി കെ രാജ്മോഹന്‍ വന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പരിശോധനകളുമെല്ലാം മുറയ്ക്ക് നടന്നതല്ലാതെ കേസിനെക്കുറിച്ച് ഒരു തുമ്പും അപ്പോഴും കിട്ടിയില്ല.


കുറ്റവാളികളെ പിടിക്കാത്തതില്‍ ഫസലിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് അനാസ്ഥയെക്കുറിച്ച് തുടരെ വാര്‍ത്തകള്‍ വന്നു. അന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നു എന്ന ആക്ഷേപമുയര്‍ന്നു. അതോടെ, കേസ് എവിടെയെങ്കിലും കൊണ്ടുകെട്ടാനായി ശ്രമം. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോള്‍, 2007 ഒക്ടോബര്‍ എട്ടിനും പത്തിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടല്ല- ക്രൈംബ്രാഞ്ചിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം. ഈ മൂന്നുപേര്‍ 90 ദിവസത്തെ റിമാന്‍ഡിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വിചിത്രമായ കാര്യം,

 പിന്നീട് സിബിഐ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല എന്നതാണ്. എന്നിട്ടുമെന്തേ അവരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിന്, അവരെ ഒഴിവാക്കാനുള്ള തെളിവൊന്നും കിട്ടിയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്.

 ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല.

ആയിടയ്ക്ക് എന്‍ഡിഎഫ് ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങള്‍ അനുദിനം വാര്‍ത്തയാകുന്നുണ്ടായിരുന്നു. ആ സംഘടനയുടെ താലിബാന്‍ രീതികള്‍ക്കെതിരെ സിപിഐ എം ശക്തമായ നിലപാടെടുത്തു. പൊലീസ് കാര്‍ക്കശ്യത്തോടെ എന്‍ഡിഎഫ് അക്രമങ്ങളെ നേരിട്ടു. സിപിഐ എമ്മിനെ കടുത്ത ശത്രുക്കളായി കാണാന്‍ തുടങ്ങിയ എന്‍ഡിഎഫ്, തലശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ടി സ്വാധീനം തകര്‍ക്കുന്നതിന് മുന്‍ഗണന നല്‍കി.

ആര്‍എസ്എസിന്റെ ആക്രമണത്തില്‍നിന്ന് തലശേരിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് തലശേരിയിലെ മുസ്ലിം സമൂഹത്തില്‍ അസൂയാര്‍ഹമായ സ്ഥാനമാണുള്ളത്. എന്‍ഡിഎഫിന്റെ പടയോട്ടം തടയപ്പെട്ടതും ആ സ്വാധീനംകൊണ്ടുതന്നെ. സിപിഐ എമ്മിനെ പഴിചാരാനുള്ള ആയുധമായി ഫസല്‍വധക്കേസ് പരിവര്‍ത്തനപ്പെടുന്നത് ആ സാഹചര്യത്തിലാണ്.

അതുവരെ ഫസല്‍വധത്തില്‍ മറ്റുവിധത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഫസലും സിപിഐ എമ്മും തമ്മില്‍ പ്രത്യേക വിരോധമുണ്ട് എന്ന കഥകളും ജനിച്ചിരുന്നില്ല. എന്‍ഡിഎഫുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലശേരിയില്‍ ആര്‍എസ്എസ്- എന്‍ഡിഎഫ് സംഘട്ടനം വന്നാലുണ്ടാകുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇരുകൂട്ടര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് സിപിഐ എം സംഘടിപ്പിച്ചത്. കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടു.

പെട്ടെന്നൊരുനാള്‍ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് ചുക്കാന്‍ പിടിച്ചത് എന്‍ഡിഎഫ് നേതൃത്വംതന്നെയാണ്. ഹൈക്കോടതി ആ അപേക്ഷ പരിഗണിക്കുമ്പോഴേക്കും പുതിയ കഥകള്‍ പിറന്നു. സംഭ്രമജനകമായ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. ഏറെ പ്രകോപനപരമായ ചില പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് രാംകുമാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സാധാരണ നിലയില്‍ കേസന്വേഷണം എങ്ങനെയെങ്കിലും ഒതുക്കാനല്ലാതെ സിബിഐയെ വിളിക്കാനൊന്നും എന്‍ഡിഎഫ് തയ്യാറാകാറില്ല. ഏതുതരം അന്വേഷണത്തെയും അവര്‍ ഭയപ്പെടുന്നു.

ആയുധശേഖരണം, പരിശീലനം, വിദേശ ബന്ധങ്ങള്‍, സദാചാരപൊലീസ് ചമയല്‍, ധനസ്രോതസ്സുകള്‍- ഇങ്ങനെ മറച്ചുവയ്ക്കാന്‍ പലതുമുള്ളവര്‍ക്ക് അവരുമായി നേരിട്ടു ബന്ധമുള്ള അന്വേഷണത്തെ നേരിടാനാകില്ല. ഇവിടെ മറിച്ചു സംഭവിച്ചത് ഒറ്റനോട്ടത്തില്‍ വിചിത്രമാണ്- സുക്ഷ്മാംശത്തില്‍ കുശാഗ്രബുദ്ധിയും. എന്‍ഡിഎഫും സിബിഐയും യോജിക്കുന്ന മേഖല ഏതെന്ന അന്വേഷണത്തില്‍, തലശേരിയുടെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായി രംഗത്തുവന്ന ഒരു യുഡിഎഫ് നേതാവിന്റെ മുഖമാണ് തെളിയുക. ഒരേസമയം രണ്ടുകാര്യങ്ങള്‍- സിപിഐ എമ്മിന്റെ തലശേരിയിലെ സ്വാധീനം തളര്‍ത്തലും എന്‍ഡിഎഫിന്റെ സഹായം പറ്റലും. ഫസല്‍ വധക്കേസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ സൃഗാല തന്ത്രമാണ്.
 (അവസാനിക്കുന്നില്ല)

Saturday, June 16, 2012

വര്‍ഗവഞ്ചക വിജയം




നെയ്യാറ്റിന്‍കരയില്‍ അസാധാരണമായത് ഒന്നും സംഭവിച്ചിട്ടില്ല. യുഡിഎഫ് വിരുദ്ധവോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്, ഒരുകൊല്ലംമുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പക്ഷത്തുനിന്ന മണ്ഡലം യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചുപോയത്. അഞ്ചു പഞ്ചായത്തും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമടങ്ങുന്ന മണ്ഡലം രാഷ്ട്രീയസ്വാധീനംകൊണ്ട് യുഡിഎഫിന് മേല്‍ക്കൈയുള്ളതാണ്. ഒരു പഞ്ചായത്തൊഴികെ മറ്റിടങ്ങളിലെല്ലാം ഭരണം യുഡിഎഫിന്്. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ ഭൂമിശാസ്ത്രമാണ് സിറ്റിങ് എംഎല്‍എയെ രാജിവയ്പിച്ച് കൂറുമാറ്റിച്ച് മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധൈര്യം നല്‍കിയത്. ഏത് രാഷ്ട്രീയ സുനാമി ആഞ്ഞടിച്ചാലും അവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഉമ്മന്‍ചാണ്ടി ഈ തീരുമാനമെടുത്തത്. ആ കണക്കുകൂട്ടല്‍ അസ്ഥാനത്താക്കുമെന്നു തോന്നിപ്പിച്ച തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫ് വിജയപ്രതീക്ഷ കൈവിടുന്ന നിലയും വന്നതാണ്. എന്നാല്‍, അഞ്ച് പ്രധാന ഘടകങ്ങള്‍ അവരുടെ രക്ഷയ്ക്കെത്തി.

ഒന്നാമത്തേത്, യുഡിഎഫ് വിരുദ്ധ വോട്ടുകളുടെ ചിതറിപ്പോക്ക്. രണ്ട്: തെരഞ്ഞെടുപ്പില്‍ ഉയരേണ്ടിയിരുന്ന എല്ലാ വിഷയങ്ങളെയും തമസ്കരിച്ചുള്ള മാധ്യമപ്രചാരണം. മൂന്ന്: നഗ്നമായ അധികാര ദുര്‍വിനിയോഗവും പണത്തിന്റെ സ്വാധീനവും. നാല്: ജാതി- മതശക്തികളുടെ കേന്ദ്രീകരണം. അഞ്ച്: സിപിഐ എമ്മിലും എല്‍ഡിഎഫിലും അനൈക്യമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുഡിഎഫും മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍.

യുഡിഎഫിന് കിട്ടിയത് 52,528 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് 46,194 വോട്ട് ലഭിച്ചു. ബിജെപിയുടെ ഒ രാജഗോപാലിന് 30,507. യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ ആകെ 76,701. യുഡിഎഫ് വോട്ടും യുഡിഎഫ് വിരുദ്ധവോട്ടും തമ്മിലുള്ള വ്യത്യാസം 24,123. യുപിഎ- യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചു- പക്ഷേ അത് ചിതറി വലിയൊരുഭാഗം ബിജെപിയുടെ പെട്ടിയിലെത്തി. യുഡിഎഫിന്റെ വര്‍ഗീയ- സാമുദായിക പ്രീണനം ബിജെപി സമര്‍ഥമായി മുതലെടുത്തു. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നടന്നപ്പോള്‍, ഭരിക്കുന്നകക്ഷിക്ക് എതിരായി കാല്‍ലക്ഷത്തോളം അധികവോട്ട് രേഖപ്പെടുത്തി എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. യുഡിഎഫ് വിജയം ത്രികോണ മത്സരത്തിന്റെ ആനുകൂല്യത്തിലുള്ള സാങ്കേതിക ആശ്വാസമാണ്. ബിജെപിയുടെ നേട്ടത്തിനു സഹായകമായിനിന്ന ഘടകങ്ങളില്‍ ഒന്ന്, ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വമാണ്. കേന്ദ്രമന്ത്രിയായിരുന്ന മുന്‍ ദേശീയ നേതാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ, ബിജെപി ജയിക്കാനായി നില്‍ക്കുന്നവരാണെന്ന ധാരണപരത്തി. യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വിമര്‍ശിച്ച, "മാണി- കുഞ്ഞാലിക്കുട്ടി ഭരണ"ത്തിനെതിരെ ഉയര്‍ന്ന വികാരം സമര്‍ഥമായ നീക്കത്തിലൂടെ വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുവേണം കരുതാന്‍. ആ വോട്ടിന് വര്‍ഗീയച്ചുവയുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന അപകടസൂചനകളിലൊന്നും അതുതന്നെയാണ്. എല്‍ഡിഎഫും ബിജെപിയും ഒരിക്കലും ഒന്നിച്ചുനില്‍ക്കില്ല എന്നതാണ് യുഡിഎഫിന്റെ ഒരു പ്രധാന സൗകര്യം.

ഇവിടെ, നിഷേധവോട്ടുകള്‍ മൊത്തമായി ബിജെപിക്ക് ലഭിച്ചത് മറ്റൊരു സൗകര്യമായി. മാധ്യമങ്ങളുടെ സംഘടിതവും നിരന്തരവുമായ ആക്രമണമാണ് എല്‍ഡിഎഫ് നേരിട്ട പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. മെയ് നാലിന് രാത്രിയാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആ നിമിഷംമുതല്‍, അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ചുള്ള പ്രചാരണം തുടങ്ങി, ഇടതടവില്ലാതെ. ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വില വര്‍ധന വന്നപ്പോഴും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ മുഖ്യവാര്‍ത്ത ചന്ദ്രശേഖരന്‍ വധക്കേസായിരുന്നു. പിടിയിലായവര്‍ നല്‍കിയ മൊഴിയെന്ന പേരില്‍ സിപിഐ എമ്മിനെതിരായ വ്യാജകഥകള്‍ പ്രവഹിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ കത്തും കണ്ണീരും മണ്ഡലത്തിലെ ഓരോ വീട്ടിലും വര്‍ണങ്ങളില്‍ പൊതിഞ്ഞ് പലവട്ടം എത്തി. വിലക്കയറ്റം, മണ്ണെണ്ണ നിഷേധം, പെന്‍ഷന്‍ അട്ടിമറി, അഴിമതി, അഞ്ചാംമന്ത്രി തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നില്ല- എല്‍ഡിഎഫ് അവ ഉന്നയിച്ചെങ്കിലും വലതുപക്ഷ മാധ്യമ അജന്‍ഡയ്ക്കുതന്നെ മേല്‍ക്കൈ നേടാനായി. "കൊലപാതകികള്‍ക്ക് വോട്ടോ" എന്നാണ് യുഡിഎഫ് ചോദിച്ചത്. രമേശ് ചെന്നിത്തലമുതല്‍ എ കെ ആന്റണിവരെ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ പ്രയോജനം ഉറപ്പാക്കാന്‍, തന്നെത്തേടി ക്വട്ടേഷന്‍ സംഘം വന്നുവെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജ് പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ അതിനും അസാധാരണമായ പ്രാധാന്യം നല്‍കി വിശ്വാസ്യത വരുത്തിക്കാന്‍ ശ്രമിച്ചു. പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ചുരുങ്ങിയ അവസരംപോലും ഇടതുപക്ഷത്തിന് നിഷേധിച്ചുള്ള ഈ മാധ്യമ കടന്നാക്രമണം വോട്ടുകളായി പരിണമിക്കുകയും അത് യുഡിഎഫും ബിജെപിയും വീതംവച്ചെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സെല്‍വരാജിന് വോട്ടുപിടിക്കാനുള്ള വാടക സാമഗ്രികളായി അധഃപതിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി ആനുകൂല്യങ്ങള്‍ നല്‍കിയും പരാതികള്‍ പരിഹരിച്ചും വോട്ടുതേടി. സെല്‍വരാജും ഭാര്യയും വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിച്ചു. അരപ്പട്ടിണിക്കാരായ പാവങ്ങളെ പണംകൊടുത്തും വാഗ്ദാനങ്ങളില്‍ കുളിപ്പിച്ചും സ്വാധീനിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍, അതിനെ നിസ്സാരവല്‍ക്കരിച്ചും തമസ്കരിച്ചും മുഖ്യധാരാ വലതുപക്ഷ മാധ്യമ സഖ്യം യുഡിഎഫിന് രക്ഷാകവചം തീര്‍ത്തു. കൊലപാതക രാഷ്ട്രീയത്തിന്റെ ആരോപണം അരക്കിട്ടുറപ്പിക്കാന്‍, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിക്കുക എന്ന കടന്നകൈക്കുപോലും ഭരണാധികാരികള്‍ തയ്യാറായി. എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ, ജാതിമത ശക്തികളെ കൂട്ടിയോജിപ്പിച്ച് നിര്‍ത്താന്‍ ഇക്കുറിയും യുഡിഎഫിന് സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം സംരക്ഷിക്കാന്‍ ഒരു വോട്ട് എന്നതായിരുന്നു ക്രൈസ്തവമേഖലയിലെ മുദ്രാവാക്യം. നാടാര്‍ വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള ഇടപെടലുകള്‍ ഫലംചെയ്യുമെന്ന് യുഡിഎഫ് നേരത്തെതന്നെ ഉറപ്പിച്ചിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നിട്ടുനിന്നപ്പോള്‍, ഇനിയുള്ള പഞ്ചായത്തുകള്‍ എണ്ണിത്തീരുമ്പോള്‍ തങ്ങള്‍ വന്‍വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍ തറപ്പിച്ചു പറഞ്ഞത് അതുകൊണ്ടാണ്. "ഒഞ്ചിയം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണംചെയ്തു" എന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുഡിഎഫ് സ്വീകരിച്ച തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. സിപിഐ എമ്മില്‍ അനൈക്യമാണെന്നു വരുത്തിത്തീര്‍ക്കാനും അത് പാര്‍ടിയെ ക്ഷീണിപ്പിച്ചു എന്ന് പ്രചരിപ്പിക്കാനും പ്രചാരണവേളയിലുടനീളം മാധ്യമസഹായത്തോടെ യുഡിഎഫ് ശ്രമിച്ചു. വി എസ് പാര്‍ടിക്കെതിരാണ് എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്്. എല്‍ഡിഎഫിന്റെ വിജയസാധ്യതയില്‍ ജനങ്ങളില്‍ സംശയമുണര്‍ത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത് തെരഞ്ഞെടുപ്പിനുശേഷവും തുടരുന്നു എന്നതാണ്, ചെന്നിത്തലയുടെ പ്രതികരണം നല്‍കുന്ന സൂചന. വോട്ടെടുപ്പ് ദിവസം, പോളിങ്ങിനെക്കുറിച്ചു പറയാനല്ല, പ്രതിപക്ഷ നേതാവിന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കണ്ണീരില്‍ചാലിച്ച് അവതരിപ്പിച്ച് എല്‍ഡിഎഫിനെതിരായ ആയുധമാക്കാനാണ് മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്. സിപിഐ എമ്മില്‍ ഭിന്നതയുണ്ടാവുക യുഡിഎഫിന്റെ എക്കാലത്തെയും ആവശ്യമാണ്. അങ്ങനെ വരുത്താനുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പുകാലത്തുടനീളമുള്ള യുഡിഎഫ് ശ്രമം. അതാണ്, പുതിയ ഒളിയമ്പേറിലൂടെ രമേശ് ചെന്നിത്തല സ്ഥിരീകരിക്കുന്നത്. ഇത്രയെല്ലാമായിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 46,194 വോട്ട് നേടാനായത് നിസ്സാരമല്ല. എല്ലാ വിരുദ്ധശക്തികളും ഒന്നിച്ചുനിന്ന് കെട്ടിയിട്ട് ആക്രമിച്ചാലും തകര്‍ന്നുപോകുന്നതല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ എന്നതിന്റെ തെളിവാണ് ഈ വോട്ടുകള്‍. നടന്ന പ്രചാരണത്തിന്റെ അളവും തീവ്രതയും വച്ചുനോക്കിയാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പുറകിലേക്ക് എല്‍ഡിഎഫ് പോകണമായിരുന്നു. എന്നാല്‍, അതില്‍നിന്ന് ബഹുദൂരം മുന്നോട്ടുവരാനും ജനകീയ അടിത്തറയില്‍ ചെറുവിള്ളല്‍പോലും വീണിട്ടില്ലെന്ന് തര്‍ക്കമറ്റ നിലയില്‍ തെളിയിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു.

ഭരണത്തിലിരിക്കുന്ന കക്ഷിക്ക് അനുകൂലമായി വന്‍തോതില്‍ വരേണ്ടിയിരുന്ന വോട്ടുകള്‍ (പിറവം മാതൃകയില്‍) യുഡിഎഫിന് ആര്‍ജിക്കാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ത്രികോണ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ നേടിയ ആശ്വാസജയത്തില്‍ കവിഞ്ഞ ഒന്നുമല്ല യുഡിഎഫിന്റെ വിജയം. അതിലുമുപരി, തൊഴിലാളി വര്‍ഗത്തെയും അതിന്റെ പ്രസ്ഥാനത്തെയും അവിശ്വസനീയമാംവിധം വഞ്ചിച്ച വര്‍ഗവഞ്ചകന്റെ വിയര്‍പ്പാണ് യുഡിഎഫ് മൊത്തിക്കുടിക്കുന്നത്. സെല്‍വരാജ് നേരത്തെയും എംഎല്‍എയാണ്; ഇപ്പോഴും എംഎല്‍എയാണ്. കക്ഷിമാറ്റം മാത്രമാണ് സംഭവിച്ചത്. അതുകൊണ്ട് കേരളത്തിലെ ഭരണത്തിനും രാഷ്ട്രീയത്തിനും മാറ്റമൊന്നും സംഭവിച്ചിട്ടില്ല- ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള കോടികള്‍, അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിനായി പഴായി എന്നതൊഴിച്ചാല്‍. താന്‍ അംഗമായിരുന്ന പാര്‍ടിയെയും മുന്നണിയെയും വോട്ടുചെയ്ത ജനങ്ങളെയും മാത്രമല്ല- നാടിനെയാകെയാണ് കൂറുമാറ്റക്കാരന്‍ വഞ്ചിച്ചത്. അതുകൊണ്ടുതന്നെ, ജൂണ്‍ പതിനഞ്ചിനെ വര്‍ഗവഞ്ചകന്റെ വിജയദിനമായി രേഖപ്പെടുത്താവുന്നതാണ്.