Wednesday, June 30, 2010

പരിസ്ഥിതിയും വികസനവും

മാര്‍ക്സിസ്റ്റുകാര്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഗൌരവത്തിലെടുക്കുന്നില്ല എന്ന ആരോപണം കേരളത്തിലെ ചിലകോണുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ പരിസ്ഥിതി മൌലികവാദികളും ഇടതുപക്ഷ മുഖംമൂടിയിട്ട കപടവിപ്ളവകാരികളും ഇടതുപക്ഷത്തിനെതിരെ തിരിയുന്ന അനുഭവമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. റോഡും പാലങ്ങളും റെയിലും വ്യവസായങ്ങളും നാടിനു വേണ്ടതില്ല എന്ന നിലപാടിലേക്കാണ് അവര്‍ എത്തുന്നത്. യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമായ കാഴ്ചപ്പാട് ഇത്തരക്കാരില്‍ കാണുന്നില്ല. പകരം ഏകപക്ഷീയവും വിവേക ശൂന്യവും വികാരപരവുമായ നിലപാടുകളാണ് അവര്‍ ഉയര്‍ത്തുന്നത്. വിവാദവും വികാരവും യോജിപ്പിച്ച് ചില മുന്നേറ്റങ്ങളുണ്ടാക്കാനും അത് ഉള്ളടക്കത്തില്‍ ഇടതുപക്ഷത്തിനെതിരാക്കിമാറ്റാനും അവര്‍ക്ക് കഴിയുന്നുണ്ട്.

കിനാലൂരിലെ വ്യവസായ പാര്‍ക്കിലേക്ക് റോഡുവെട്ടിയാല്‍ തകര്‍ന്നുപോകുന്നതാണ് പരിസ്ഥിതി എന്ന ലളിതമായ കുയുക്തി ജനമനസ്സുകളിലേക്ക് പ്രസരണം ചെയ്യിക്കാന്‍ നടന്ന ശ്രമങ്ങളും അതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങളും സമീപകാലത്ത് നാം കണ്ടു. ഏറ്റവും ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ ശെവദ്യുതലി സ്രോതസ്സാണ് ജലവൈദ്യുത പദ്ധതികള്‍. ആതിരപ്പള്ളിയില്‍ അങ്ങനെയൊരു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പരിസ്ഥിതിയുടെ പേരില്‍ ചിലര്‍ നിലൃക്കൊള്ളുന്നു. കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും വ്യക്തമായ പരിപാടിയോടെയും ആ വനത്തിന്റെ മനോഹാരിത മനുഷ്യന് ആസ്വാദ്യമാക്കുക സദുദ്ദേശ്യത്തോടെയും ഒരു പദ്ധതി തുടങ്ങിയപ്പോള്‍ അതിനെ കണ്ടല്‍ നശീകരണമായാണ് വ്യാഖ്യാനിച്ചത്. പൂര്‍ണ്ണമായും മഴവെള്ളം സംഭരിച്ച് അതുപയോഗിച്ച് പറശ്ശിനിയില്‍ സഹകരണ മേഖലയില്‍ ജലവിനോദ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ അത് ജലചൂഷണമെന്നാക്ഷേപിക്കപ്പെട്ടു. സഹകരണ മേഖലയില്‍, അതും സിപിഐ എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സഹകരണസംഘം വിനോദ പാര്‍ക്ക് തുടങ്ങുകയോ എന്നാണ് ചോദ്യം ഉയര്‍ന്നത്. നാട്ടില്‍ പലേടത്തും ഇത്തരം പാര്‍ക്കുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും അവയില്‍ പലതും നഗ്നമായ ജലചൂഷണം നടത്തുന്നുണ്ടെന്നതും ഈ പരിസ്ഥിതി പ്രേമികളുടെ കണ്ണില്‍ പെടുന്നില്ല.

സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂമികയ്യേറ്റം നടന്ന ജില്ലകളിലൊന്ന് വയനാടാണ്. അവിടത്തെ കയേയററങ്ങളെപ്പറ്റി; ആട്ടിയിറക്കപ്പെടുന്ന ആദിവാസികളെപ്പറ്റി; കിടപ്പാടത്തിനും ഒരുതുണ്ടു ഭൂമിക്കും വേണ്ടിയുള്ള അവരുടെ ത്യാഗനിര്‍ഭരമായ സമരത്തെപ്പറ്റി ഈ 'മനുഷ്യ സ്നേഹികളായ' പരിസ്ഥിതി വാദികളുടെ ഉദീരണങ്ങളൊന്നും കേള്‍ക്കാനില്ല. പകരം അവരുടെ ശ്രദ്ധ വയനാട്ടില്‍ സ്വകാര്യ ഭൂവുടമകള്‍ കയ്യടക്കിവെച്ച നൂറുകണക്കിന് ഏക്കര്‍ ഭൂമി അതേപടി നിലനിര്‍ത്തുന്നതിലാണ്. എല്‍ഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ലോകം കണ്ട ഏറ്റവും കൊടിയ ഭീകരനും എല്‍ഡിഎഫുമായി ബന്ധമില്ലാതായപ്പോള്‍ വേട്ടയാടപ്പെടുന്ന നിരപരാധിയും ആയി ഇതേ കൂട്ടര്‍ വിളിച്ചുപറയുന്നത് നാം കണ്ടു. അതേ മാനസികാവസ്ഥയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അവരുടേത്.

മാര്‍ക്സിസ്റ്റുകാര്‍ക്ക് പരിസ്ഥിതിസംരക്ഷണം പ്രത്യേക സന്ദര്‍ഭത്തില്‍മാത്രം ഉണരുന്ന വികാരമല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ വിപുലമായ പഠനത്തിന് വിധേയമായിട്ടുണ്ട്. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് പകൃതിയുടെ വൈരുദ്ധ്യാത്മകതഎന്ന ഗ്രന്ഥം ഫ്രെഡറിക്ക് എംഗല്‍സ് എഴുതിയത് 1883ന്‍് മുമ്പാണ്. 1883 ല്‍ കാള്‍ മാര്‍ക്സ് അന്തരിച്ചതിനെത്തുടര്‍ന്ന് മറ്റുചുമതലകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതനായ എംഗല്‍സിന് അന്നത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ് 1925-ലാണ് കയ്യെഴുത്തുപ്രതി കണ്ടെടുത്ത് സോവിയറ്റ് യൂണിയനില്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഘടകങ്ങളെ ശാസ്ത്രീയമായി ഈ പുസ്തകത്തില്‍ എംഗല്‍സ് വിവരിക്കുന്നു.

പ്രകൃതിയില്‍ വൈരുധ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതും മനുഷ്യനും തമ്മിലുള്ള ബന്ധവുവിശദീകരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ് എന്നതാണ് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട്. പ്രകൃതിയെ തന്റെ ജീവിത പുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നവനാരോ അവനാണ് മനുഷ്യന്‍. അവിടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് പ്രാധാന്യം കൈവരുന്നു. നിലയ്ക്കാണ്. മൃഗങ്ങള്‍ക്ക് പ്രകൃതിയോട് മല്ലടിക്കാന്‍ ആയുധങ്ങളില്ല. അവ പ്രകൃതിയുമായി പൊരുത്തപ്പെട്ട്, പ്രകൃതിയില്‍നിന്നുകിട്ടുന്നത് ഭക്ഷിച്ച്, പ്രകൃതി ഒരുക്കുന്ന ഇടങ്ങളില്‍ പാര്‍ക്കുന്നു. എന്നാല്‍ മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നതിന്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്.

മനുഷ്യരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രം പണി ആയുധങ്ങളു2 വികാസത്തിന്റെ ചരിത്രമാണ്. ആദ്യകാലത്ത് കല്ലുകൊണ്ടായിരുന്നു ആയുധമുണ്ടായത്. പിന്റെ ലോഹവും ഇന്ന് സുപ്പര്‍ കമ്പ്യൂട്ടറുകളടക്കമുള്ളവയും. പണി ആയുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടപ്പോള്‍ മനുഷ്യന്റെ ജീവിത നിലവാരവും ഉയര്‍ന്നു. ശിലായുഗത്തില്‍നിന്ന് ഇന്നത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്കുള്ള വളര്‍ച്ചയും അടിമ-ഉടമ വ്യവസ്ഥയില്‍നിന്ന് മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കുമുള്ള വളര്‍ച്ചയും ഒരേ താളത്തിലുള്ളതാണ്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതും ശാസ്ത്ര പുരോഗതിയുടെ ഉല്‍പന്നങ്ങളായി പ്രകൃതിയെ യും ആവാസ വ്യവസ്ഥയെയും ദുഷിപ്പിക്കുന്നതും നശിപ്പിക്കുന്നതുമായ പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്യുന്നു എന്നതാണ് ആധുനിക കാലത്തിന്റെ പ്രധാന പ്രശ്നം. തമിഴ്നാട്ടില്‍ കൃഷി ഉണ്ടാകുന്നത് അണക്കെട്ടുകളുടെയും ജലസേചന പദ്ധതികളുടെയും വൈപുല്യം കൊണ്ടാണ്. അണകെട്ടുന്നതും തോടുവെട്ടുന്നതും പാരിസ്ഥിതിക പ്രശ്നമായി വികാരപ്പെടാം.

മരങ്ങളും വനവും നശിക്കുമെന്ന് അലമുറയിടാം. ആ അണക്കെട്ടില്‍നിന്ന് വഴിതിരിച്ചു കൊണ്ടുപോകുന്ന വെള്ളം ലക്ഷക്കണക്കിന് തമിഴ്നാട്ടുകാര്‍ക്ക് തൊഴിലും വരണ്ട ഭൂമിക്ക് പച്ചപ്പും മലയാളിക്ക് ആഹാരവും നല്‍കുന്നുവെങ്കിലോ? തമിഴ് നാട്ടില്‍ കൃഷി ഉണ്ടായാല്‍ പോര; കാര്‍ഷികോല്‍പന്നങ്ങള്‍ കേരളത്തിലെത്തണം. അത് തലച്ചുമടായി എത്തിച്ചാല്‍ മതിയോ? പോര. ചരക്കു നീക്കത്തിന് റോഡും റെയിലും വേണം. മനുഷ്യന്റെ അതിജീവനത്തിന് റോഡുവേണം. റോഡു നിര്‍മ്മാണം പ്രകൃതി വിരുദ്ധമാണ് എന്നു വന്നാലോ? ചെലവുകൂടിയ ഇന്ധനങ്ങളുപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിയുടെ നേരിയ ശതമാനം മതി ജലവൈദ്യുതിയുടെ ഉല്‍പാദനത്തിന്. ജല വൈദ്യുത പദ്ധതികളൊന്നും വേണ്ടതില്ല, വന്‍ ചെലവും അപകട സാധ്യതയുമുള്ള ആണവ നിലയങ്ങള്‍ മാത്രം മതി എന്നു പറയാന്‍ കഴിയുമോ? വന്‍തോതില്‍ മലിനീകരണം സൃഷ്ടിക്കുന്ന താപനിലയങ്ങളെ മാത്രം ാശ്രയിക്കാനാകുമോ? പ്രകൃതിയെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടല്‍ ആര്‍ക്കും തടയാനാവാത്തതാണ്. അതേസമയം, അത്തരത്തിലുള്ള ഇടപെടല്‍ ൃപ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനെയും അവഗണിച്ചുകൊണ്ടാകരുത് എന്നാണ് മാര്‍ക്സ്ിസ്റ്റുകാര്‍ പറയുന്നത്.

പ്രകൃതിയുടെ നാശത്തിന് വഴിവെക്കുന്ന ഇടപെടലുകളരുത്. പ്രകൃതിയലില്‍നിന്നാണ് മനുഷ്യന്‍ അതിജീവനത്തിനുള്ള ഊര്‍ജം വലിച്ചെടുക്കുന്നത്. പ്രകൃതിയുടെ നാശം മനുഷ്യന്റെയും നാശമാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ കാണുന്നു. അതാണ്, 'മരമൌലിക വാദി'കളും മാര്‍ക്സിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസം. ആദ്യത്തെ കൂട്ടര്‍ പ്രകൃതിയെ മാത്രം കാണുന്നു; പ്രകൃതിയെ കാണുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ രണ്ടിനെയും കാണുന്നു. ഭമിയു2 ഊക്ഷ്മാവ് ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസത്തെ, ഇതാ എല്ലാം തകരാന്‍ പോകുന്നു; ഇനി രക്ഷയില്ല; എല്ലാ വികസനപ്രവര്‍ത്തനവും നിര്‍ത്തിവെക്കുക എന്ന വിലാപം കൊണ്ടല്ല മാര്‍ക്സിസ്റ്റുകാര്‍ നേരിടുന്നത്. ശാസ്ത്രീയ സമീപനങ്ങളിലുടെ; നീതി നിഷ്ഠമായ നിയന്ത്രണങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം തടയാനുള്ള ഇടപെടല്‍ നടത്തിക്കൊണ്ടാണ്.

പാരിസ്ഥിതിക സംരക്ഷണം എന്നത് കമ്യൂണിസ്റ് പാര്‍ടിയുടെ അജണ്ടയുടെ ഭാഗമാണ്. സി.പി.ഐ (എം) പരിപാടിയില്‍, ജനകീയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍വ്വഹിക്കുന്ന കടമകളില്‍ "പരിസ്ഥിതി സംരക്ഷിക്കാനുള്ള സമഗ്രമായ നടപടികള്‍ കൈക്കൊള്ളും. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം മനസ്സില്‍ വച്ചുകൊണ്ടുള്ള വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ജൈവ വൈവിധ്യവും ജൈവ വിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കും.''എന്ന് പ്രഖ്യാപിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമീകാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന പലചര്‍ച്ചകളും വിവാദങ്ങളും കാര്യങ്ങളെ ശാസ്ത്രീയമായി കണ്ടുകൊണ്ടുള്ളതല്ല. മറിച്ച്, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യവും കേവല പരിസ്ഥിതിവാദവും മുന്‍നിര്‍ത്തിയുള്ള വികാരപ്രകടനങജളും ബഹളങ്ങളുമാണവ. കല്‍പനകളും നുണകളുമാണ് അവയ്ക്ക് അകമ്പടി സേവിച്ചത്. കിനാലൂരിലെ സമരം ഒരുദാഹരണം. അവിടെ നൂറുമീറ്റര്‍ വീതിയുള്ള റോഡ് വെട്ടാന്‍ പാുേന്നുവെന്ന പച്ചക്കള്ളം വരെ സംസ്ഥാനത്തെ ഉയര്‍ന്ന ഉത്തരവാദിത്തമുള്ള ചില രാഷ്ട്രീയ നേതാക്കള്‍ പ്രചരിപ്പിച്ചു. വയനാട്ടിലെ ആദിവാസികള്‍ കിടപ്പാടത്തിനുവേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ തന്നെ, കിനാലൂരില്‍ മൃഗവിസര്‍ജ്യം തെറിപ്പിച്ചും കലെലറിഞ്ഞും വടിവീശിയും നടത്തിയ അക്രമ സമരാഭാസത്തെ പ്രകീര്‍ത്തിച്ചു.

പ്രകൃതിയില്‍ ഇടപെട്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാവുക എന്നതില്‍ തര്‍ക്കമില്ല. പരിസ്ഥിതി പ്രണയ ബഹളക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യന് ഒരിഞ്ച് മുന്നോട്ടുപോകാനാകില്ല. പ്രകൃതിയെ തൊടാന്‍ പാടില്ലെന്നത് മുട്ടാപ്പോക്കു വാദമാണ്. കേവല പരിസ്ഥിതി വാദം എന്നും മരമൌലിക വാദം എന്നും വിളിക്കാവുന്ന ഈ സമീപനം മനുഷ്യചരിത്രത്തിന്റെ വികാസത്തിനു തന്നെ തടസ്സമാണ്. പകൃതിയില്‍ ഒന്നും ചെയ്യാന്‍ പാടില്ല എന്നതല്ല, ഓരോ പ്രവര്‍ത്തനത്തിന്റെയും പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ പഠിച്ച് പ്രകൃതിയെ തകര്‍ക്കുന്ന വിധത്തിലല്ല അത് എന്നുറപ്പാക്കി സ്വീകരിക്കുകയാണ് അഭികാമ്യമായ സമീപനം. പരിസ്ഥിതിയും വികസനവും ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്നവയല്ല. യുക്തി സഹമായി പൊരുത്തപ്പെടുത്തേണ്ടതാണ്.

വ്യവസായവും കൃഷിയും വളര്‍ന്നില്ലെങ്കില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മാര്‍ഗമില്ലാത്ത സ്ഥിതിയാണുണ്ടാവുക. ഉല്‍പാദനം വര്‍ധിക്കില്ല. വ്യവസായ വികസനം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. എന്തുവിലകൊടുത്തും അത് തടയുമെന്ന് പ്രഖ്യാപിച്ച് സമരത്തിനിറങ്ങുന്നവര്‍ വികസനത്തിന്റെ മാത്രമല്ല; മനുഷ്യരാശിയുടെതന്നെ ശത്രുക്കളാണ്. മനുഷ്യന്റെ വികാസവും പ്രകൃതിയുടെ നിലനില്‍പ്പും കണക്കിലെടുത്തുള്ള നയമാണ് മാര്‍ക്സിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേവല പരിസ്ഥിതിവാദം പോലെതന്നെ അപകടകരമാണ് പരാരിസ്ഥിതിക പ്രശ്നങ്ങളെ അവഗണിച്ചുള്ള വ്യവസായവല്‍ക്കരണ മുദ്രാവാക്യവും. ഓരോ പ്രദേശത്തിന്റെയും സമൂഹത്തിന്റെയും സാധ്യതകളും പാരിസ്ഥിതിക പ്രത്യേകതകളും കണക്കിലെടുത്തുള്ള വികസന നയം രൂപപ്പെടുത്തേണ്ടതുണ്ട്.

ഇവിടെ, ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ ഒരു കാടും വെട്ടി നശിപ്പിക്കാതെ വിഭാവനം ചെയ്യുന്ന വികസന സംരംഭങ്ങള്‍പോലും വിവാദങ്ങളില്‍ മുക്കി നശിപ്പിച്ചുകളയുകയും അതിന് കേവല പരിസ്ഥിതി വാദികള്‍ നേതൃതവം നല്‍കുകയും ചെയ്യുന്ന കാഴ്ചയാണുള്ളത്. കേവല പരിസ്ഥിതിവാദികള്‍ മിക്കപ്പോഴും മറക്കുന്നതും മറച്ചുവെക്കുന്നതുമായ പ്രശ്നം പ്രകൃതിയെ തകര്‍ക്കുന്നതില്‍ രാഷ്ട്രീയ വ്യവസ്ഥിതികളുടെ പങ്കാളിത്തമാണ്. മറ്റെല്ലാ മേഖലയിലുമെന്നപോലെ പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുഖ്യകാരണം ലാഭമോഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മുതലാളിത്തത്തിന്റെ ഇടപെടലുകളാണ്. ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി തകര്‍ച്ചയ്ക്ക് കാരണക്കാര്‍ അമേരിക്കയാണ്. ലോകജനസംഖ്യയില്‍ നാലുശതമാനം മാത്രമുള്ള അമേരിക്കയാണ് ആഗോള അന്തരീക്ഷ താപനത്തിന്റെ 16 ശതമാനത്തിന്റെയും ഉത്തരവാദി. എന്നിട്ടും ഇതിന് കുറവ് വരുത്തുന്ന ക്യോട്ടോ ഉടമ്പടി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ഞങ്ങള്‍ പരിസ്ഥിതി മലിനമാക്കും; വിഷവാതകങ്ങള്‍ പുറത്തുവിടും; അതിന്റെ പ്രത്യാഘാതം ലോകം മുഴുവന്‍ അനുഭവിക്കട്ടെ; പ്രതിവിധി കാണാന്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ പരിശ്രമിക്കട്ടെ എന്നതാണ് അമേരിക്കന്‍ നിലപാട്. ഈ നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്‍ക്കുന്നതാണ് കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയില്‍ കണ്ടത്; ആഗോളതാപനത്തിന്റെ പ്രശ്നത്തില്‍ ഇതഃപര്യന്തം കാണുന്നത്. പരിസ്ഥിതി പ്രശ്നം ലോകത്തിന്റെയാകെ ആശങ്കയായി മാറിയിരിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കകം ആഗോള ഊഷ്മാവ് രണ്ട് ഡിഗ്രി കൂടി വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ട് അവസാനത്തോടെ ജീവന്റെ സുസ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് എന്ന അപകടരേഖയിലെത്തുമെന്നും ശാസ്ത്രലോകം നിരീക്ഷിക്കുന്നു.

260 കോടി ദരിദ്ര ജനതയാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങുക. പ്രതിവര്‍ഷം ഏതാണ്ട് 26.2 കോടി ആളുകള്‍ കാലാവസ്ഥാ ദുരന്തത്തിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവിക്കുന്നു. ഇതില്‍ 98 ശതമാനം പേരും വികസ്വര ലോകത്തുള്ളവരാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ രാഷ്ട്രീയം ഈ വസ്തുതകളിലാണ്. അതുകാണാതെ കിനാലൂരിലെ റോഡിനെയും സാധാരണക്കാരന് ജീവിതോപാധിയായി വളന്നുവരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെയും ഒരുതരം പകയോടെ നശിപ്പിക്കാന്‍ നടക്കുന്നവര്‍ വികസനത്തിന്റെയോ പരിസ്ഥിതിയുടെയോ നാടിന്റെയോ ജനങ്ങളുടെയോ പക്ഷത്തുനില്‍ക്കുന്നവരല്ല; ശത്രുപക്ഷത്തുള്ളവരാണ്. അവരെ തിരിച്ചറിയുകയും പരിസ്ഥിതി സംരക്ഷണത്തിന് യാഥാര്‍ത്ഥ്യബോധത്തോടെ രംഗത്തിറങ്ങുകയും ചെയ്യുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അതുകൊണ്ടാണ്, പരിസ്ഥിതിയുടെ പേരില്‍ കാപട്യപൂര്‍വം വിലപിക്കുന്ന ജനശത്രുക്കളെ മാര്‍ക്സിസ്റ്റുകാര്‍ കഠിനമായി വെറുക്കുന്നത്.

Sunday, June 20, 2010

തുടരണോ,വേണ്ടയോ


അകാലത്ത്‌ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി കെ ഫല്‍ഗുനനെ അനുസ്മരിക്കുമ്പോള്‍
"മനോജ്, ഈ തുടക്കം എങ്ങനെയുണ്ട്. തുടരണമോ വേണ്ടയോ- ഫല്‍ഗു''
ഇക്കഴിഞ്ഞ ഫെബ്രുവരിയുടെ അവസാന നാളില്‍ ഇങ്ങനെയൊരു മുഖവുരയുമായി ഇ-മെയില്‍ സന്ദേശം ഇന്‍ബോക്സില്‍ വന്നുകിടന്നിരുന്നു. അയച്ചയാള്‍ പി കെ ഫല്‍ഗുനന്‍, 'സ്നേഹ', പുറങ്കര, വടകര.
1987-ല്‍ ദേശാഭിമാനിയിലേക്ക് തെരഞ്ഞെടുത്ത 16 പത്രപ്രവര്‍ത്തക ട്രെയ്നികളില്‍ ഒരാള്‍ ഫല്‍ഗുനന്‍; മറ്റൊരാള്‍ പി എം മനോജ്. ആദ്യത്തെയാള്‍ പുറങ്കര കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുഞ്ഞിിക്കണ്ണന്റെ മകന്‍. രണ്ടാമത്തെയാള്‍ കൂത്തുപറമ്പിലെ കര്‍ഷകത്തൊഴിലാളി ബാലന്റെ മകന്‍. കടലില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴത്തെ ഒരു പരിക്ക് ഫല്‍ഗുനന്റെ ദേശാഭിമാനിയിലേക്കുള്ള വരവിനെ കുറച്ചുദിവസം നീട്ടിച്ചു. വൈകിവന്ന പരുക്കന്‍ സ്വഭാവക്കാരനോട് ചിലരെല്ലാം അകലംപാലിച്ചു. പതിയെ ഫല്‍ഗുനനോട് അടുപ്പമില്ലാത്ത ആരുമില്ലെന്നായി. എല്ലാവര്‍ക്കും തോന്നും, ഞാനാണ് ഉറ്റ ചങ്ങാതിയെന്ന്. അവന് എല്ലാവരും തുല്യരായ സുഹൃത്തുക്കള്‍.

ഫല്‍ഗുനന്റെ വീടിന്റെ പേര് 'സ്നേഹ' എന്നാണ്. ആ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്തോ ആ പേരുതന്നെ. "ഇനി ആരെങ്കിലും വിളിച്ചാല്‍, സഖാവ് ഇല്ലെന്നു ഞാന്‍ പറയും'' എന്നാണ് അര്‍ധബോധാവസ്ഥയില്‍ റീന വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. ഫല്‍ഗുനന്റെ ഭാര്യ റീന ഭര്‍ത്താവിനെ സഖാവ് എന്നാണ് വിളിക്കുക. അമ്മയെ ഇളയമകള്‍ ആശ്വസിപ്പിക്കുന്നു. മൂത്തവള്‍ക്ക് സ്വയം നിയന്ത്രിക്കാനാവുന്നില്ല. അവള്‍ മറ്റൊരു മുറിയിലാണ്. കരച്ചിലിന്റെ കടലിരമ്പമാണ്. കാലവര്‍ഷമായി കണ്ണീര്‍ പെയ്യുകയാണ്. ഫല്‍ഗുനന് എല്ലാവരെയും ഇഷ്ടമായിരുന്നു. ശത്രുക്കളില്ലാത്ത ജീവിതം. പരിഭവങ്ങളും പ്രതിഷേധങ്ങളുമില്ലാത്ത ജീവിതം.

പല തട്ടുകളില്‍ തൂക്കിയാലും തൂക്കം കൂടുതലാണ്. അങ്ങനെയുള്ളവര്‍ പത്രപ്രവര്‍ത്തനരംഗത്ത് വളരെ കുറവേ ഉള്ളൂ. രാഷ്ട്രീയം, കല, സ്പോര്‍ട്സ്... എല്ലാം ഫല്‍ഗുവിനു വഴങ്ങും. പുറമെ ലേ-ഔട്ടിലെ പ്രാഗത്ഭ്യം. ദേശാഭിമാനിക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ഡെസ്ക് രൂപീകരിക്കുമ്പോള്‍ ന്യൂസ് എഡിറ്റര്‍ ആരാവണമെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല ആര്‍ക്കും. ഒരു പേരുമാത്രം നിര്‍ദേശിക്കപ്പെട്ടു- പി കെ ഫല്‍ഗുനന്‍. വൈദ്യുതി-പട്ടിക വിഭാഗക്ഷേമ മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് അന്ന് ഫല്‍ഗുനന്‍. ഉയര്‍ന്ന വേതനം; മികച്ച ജോലി. ദേശാഭിമാനിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടാല്‍ സമ്മതമാകുമോ എന്ന് സംശയമുണ്ടായിരുന്നു. അത് അസ്ഥാനത്താക്കി, ആദ്യത്തെ വിളിയില്‍ ഫല്‍ഗുനന്‍ വന്നു. പത്രപ്രവര്‍ത്തകനല്ലാത്ത ജീവിതം കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ. സെന്‍ട്രല്‍ ഡെസ്കിന്റെ നായകനായി മികവുറ്റ പ്രകടനം.
അല്‍പ്പകാലമേ തിരുവനന്തപുരം ദേശാഭിമാനിയില്‍ തുടര്‍ന്നുള്ളൂ. പതുക്കെ രോഗത്തിന്റെ ആക്രമണം തുടങ്ങി. ഇഞ്ചിനു വിടാതെ ഫല്‍ഗുനന്‍ പൊരുതി. ഒടുവില്‍ രോഗം ജയിച്ചു. മുഴുസമയ അധ്വാനിയെ വയ്യായ്ക കീഴടക്കി. തലസ്ഥാനത്തിന്റെ കര്‍മനൈരന്തര്യത്തോട് അവധിപറഞ്ഞ് പുറങ്കര കടപ്പുറത്തേക്ക്. പുറങ്കര ഫല്‍ഗുനന് പെറ്റമ്മയാണ്. ഒരിക്കല്‍ അഭിമാനത്തോടെ പറഞ്ഞു: "എടാ, ഞാന്‍ സാധാരണക്കാരനല്ല, ഒഞ്ചിയം രക്തസാക്ഷികളെ കുഴിവെട്ടിമൂടിയ മണ്ണിന്റെ മകനാണ്'' എന്ന്. ഫല്‍ഗുനന്‍ സാധാരണക്കാരനായിരുന്നില്ല; സാദാ പത്രപ്രവര്‍ത്തകനുമായിരുന്നില്ല. അഞ്ചടി പതിനൊന്നിഞ്ച് ഉയരമുള്ള ശരീരം മാത്രമായിരുന്നില്ല ഫല്‍ഗുവിന്റെ ഔന്നത്യം. പുറങ്കര കടപ്പുറത്തിന്റെ പൊന്നോമനെയെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന യോഗത്തില്‍ പറഞ്ഞത്, ആ പ്രദേശത്തെ തലമുതിര്‍ന്ന മുസ്ളിംലീഗ് നേതാവാണ്. ഞങ്ങളുടെ നാട്ടില്‍ വെളിച്ചമെത്തിയത് ആ നല്ല മനുഷ്യന്റെ നിര്‍ബന്ധംകൊണ്ടാണെന്ന് നാട്ടുകാര്‍ അടക്കിപ്പിടിക്കാതെ പറഞ്ഞു.
പാലക്കാട്ട് ബ്യൂറോ ചീഫായിരുന്നപ്പോള്‍ 'ഇ ക്യൂ' ഫല്‍ഗുനനായിരുന്നു. വിളിക്കുന്ന എല്ലാവര്‍ക്കും തീവണ്ടിയില്‍ എമര്‍ജന്‍സി ക്വോട്ടയില്‍ ടിക്കറ്റ് ശരിയാക്കിക്കൊടുക്കുന്ന ഉപകാരി. എറണാകുളത്താകുമ്പോള്‍, എന്നും അവനെ തേടി ആളുകള്‍ വരും- കോടതി, ആശുപത്രി കേസുകള്‍.
കഴിഞ്ഞവര്‍ഷം പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ്, ഞങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വടകരയിലെ വീട്ടിലെത്തി ഫല്‍ഗുനനെ കണ്ടത്. വടകര പട്ടണത്തില്‍നിന്ന് അല്‍പ്പം പടിഞ്ഞാറോട്ടു മാറിയാണ് പുറങ്കര. കടപ്പുറത്താണ് വീട്. പണ്ട്, മീന്‍പിടിക്കാന്‍ പോയ കഥകള്‍ ഫല്‍ഗുനന്‍ സവിസ്തരം പറഞ്ഞിട്ടുണ്ട്. വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ കുറെയേറെയാളുകള്‍ നില്‍ക്കുന്നു. ഫല്‍ഗുനന്‍ കട്ടിലില്‍ കിടക്കുകയാണ്. സ്വയം എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല; വര്‍ത്തമാനം പറയാനും. ഒറ്റനോട്ടത്തില്‍ത്തന്നെ ഞങ്ങള്‍ അസ്വസ്ഥരായി. ആരോടും വര്‍ത്തമാനം പറയാന്‍ നിന്നില്ല- ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകണം. വളരെ പെട്ടെന്ന് വണ്ടിവന്നു. നേരെ ഐസി യൂണിറ്റിലേക്ക്. അവിടെ എത്തിയപ്പോള്‍ ഡോക്ടറുടെ പ്രതികരണം: "വൈകിപ്പോയി. ഇനിയും ഒരുമണിക്കൂറെങ്കിലും വൈകിയിരുന്നെങ്കില്‍ ഇങ്ങോട്ട് കൊണ്ടുവരേണ്ടതില്ലായിരുന്നു.''
എല്ലാവിധ ചികിത്സയും ലഭിച്ചു. ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, അവരുടെ സംഘടനാനേതാക്കള്‍, ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം രഘുനാഥ്... എല്ലാവരും ഒത്തുനിന്നു. ജീവന്‍ രക്ഷിക്കുക, അതുമാത്രമായിരുന്നു ലക്ഷ്യം. പതുക്കെ ഫല്‍ഗുനന്‍ തിരിച്ചുവന്നു. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്നതാണ് രോഗം. ഇനിയുള്ള നാളുകളില്‍ ഡോക്ടര്‍മാരുടെ തണലില്‍ മാത്രമാണ് ജീവിതം. പനി വന്നാല്‍പോലും മരുന്നുകഴിക്കാന്‍ വിദഗ്ധ ഡോക്ടര്‍ തീരുമാനിക്കണം. ദേശാഭിമാനി മാനേജ്മെന്റ് ഫല്‍ഗുനനുവേണ്ടി ഒരു തീരുമാനമെടുത്തു. അസുഖം അല്‍പ്പം ഭേദപ്പെടുന്നതുവരെ വടകരയില്‍ത്തന്നെ തുടരട്ടെ. എല്ലാ ദിവസത്തെയും പത്രാവലോകനം തയ്യാറാക്കി അയച്ചാല്‍ മതി. ആ ചുമതല ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, അടങ്ങിയിരുന്നില്ല. ഞങ്ങളെ തേടി ഫല്‍ഗുനന്റെ കോളുകള്‍ വന്നുകൊണ്ടിരുന്നു. വടകരയിലെ, പുറങ്കരയിലെ പലരുടെയും പ്രശ്നങ്ങള്‍. സ്ഥലംമാറ്റം, പെന്‍ഷന്‍ തീര്‍പ്പാക്കല്‍... ഇങ്ങനെ. ഒരിക്കല്‍ ചോദിക്കേണ്ടിവന്നു: നീ അവിടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ. പതിവുപോലെ ഉത്തരം ഒരു ചിരിയില്‍ ഒതുങ്ങി.
ജൂണ്‍ 11ന് രാത്രി 12ന് ഫല്‍ഗുനന്റെ നമ്പറില്‍നിന്ന് കോള്‍ വന്നു. റീനയാണ്. "സഖാവിന് നല്ല പനി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ ആരോടെങ്കിലും വിളിച്ചുപറയണം.'' കാഷ്വാലിറ്റിയില്‍ എത്തിയപ്പോഴേക്കും പക്ഷേ, ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആരിടപെട്ടാലും രക്ഷപ്പെടുത്താന്‍ കഴിയാത്തത്ര അകലെ എത്തിയിരുന്നു ഫല്‍ഗുനന്‍. പിറ്റേന്ന് ഒരു സുഹൃത്ത് പറഞ്ഞു: ഇന്നലെ ഫല്‍ഗുനന്റെ മെയില്‍ ഉണ്ടായിരുന്നു. കടുത്ത പനിയായതിനാല്‍ റിവ്യൂ ഉണ്ടാകില്ലെന്ന്. അക്ഷരാര്‍ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി. ആ പനിയുടെ വിവരം അറിഞ്ഞിരുന്നുവെങ്കില്‍ നിര്‍ബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അന്നുതന്നെ അയക്കുമായിരുന്നില്ലേ? ആര്‍ക്കും വഴങ്ങാത്ത; വീട്ടുകാരുടെയും നാട്ടുകാരുടെയും നേതാവായ ഫല്‍ഗുനന്‍തന്നെയാണ് അകാലത്തെ അന്ത്യത്തിലേക്ക് സ്വയം നടന്നുനീങ്ങിയതെന്നു തോന്നി. എങ്കിലും മനസ്സിന്റെ ഏതോ കോണില്‍ ഒരു കുറ്റബോധം. പ്രിയപ്പെട്ട സഖാവ് പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെ വിട്ടുപോകുന്നതു തടയാന്‍ ആവുന്നതെല്ലാം ചെയ്യാനായോ എന്നൊരു ചോദ്യം മനസ്സില്‍ മുഴങ്ങുന്നു. വേര്‍പാട് എപ്പോഴും ദുഃഖകരമാണ്.
ചില വേര്‍പാടുകള്‍ കൂടുതല്‍ ദുഃഖം തരും. ഫല്‍ഗുനന്റെ മരണവാര്‍ത്തയറിഞ്ഞ് വടകരക്കാര്‍ മാത്രമല്ല, കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ പാഞ്ഞെത്തി. ജന്മഭൂമിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ആ മുഖം നോക്കി പൊട്ടിക്കരഞ്ഞു. എക്കാലത്തും രാഷ്ട്രീയത്തില്‍ കാര്‍ക്കശ്യക്കാരനായ ഫല്‍ഗുനന് രാഷ്ട്രീയത്തിനതീതമായ സ്നേഹോപഹാരം; ബാഷ്പാഞ്ജലി.
മരണത്തെ മുന്നില്‍ക്കണ്ട നാളുകളെക്കുറിച്ച് എഴുതിയ ഫല്‍ഗുനന്‍ അത് എഡിറ്റ്ചെയ്ത് തിരിച്ചയക്കാന്‍ പറഞ്ഞിരുന്നു. കുറേ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. പക്ഷേ, അതില്‍ വരുത്തേണ്ടതില്ലാത്ത ഒന്നുണ്ടായിരുന്നു. ഡോക്ടര്‍ ഫല്‍ഗുനന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചു പറഞ്ഞ ഭാഗം. ആ നിശ്ചയദാര്‍ഢ്യം ഫല്‍ഗുനന്റെ ജീവിതം നീട്ടുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ്, കണ്ണീര്‍ച്ചാലുകളെ സാക്ഷിനിര്‍ത്തി പുറങ്കര കടപ്പുറത്തെ ചിതയില്‍ എരിഞ്ഞമര്‍ന്നത്.
മരണം സുനിശ്ചിതമായെന്നു തോന്നിപ്പിച്ച ഘട്ടത്തിലും അസാമാന്യമായ ഉള്‍ക്കരുത്ത് കാണിച്ച പി കെ ഫല്‍ഗുനന്റെ കുറിപ്പ്.
എത്ര വേഗമാണ് എല്ലാം തകിടംമറിഞ്ഞത്. അതുവരെ പൂര്‍ണ ആരോഗ്യവാനായിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം പ്രവര്‍ത്തിക്കാന്‍കഴിഞ്ഞു. യാത്ര ഹരമായിരുന്നു. ജോലിയുടെ ഭാഗമായും അല്ലാതെയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും യാത്രചെയ്യാനായി. കാടും മഴയും വല്ലാത്ത ഇഷ്ടമായിരുന്നു. പറമ്പിക്കുളം, വാളയാര്‍, പമ്പ, ഗവി, ശബരിമല, പൊന്നമ്പലമേട്, സഹ്യന്റെ മടിത്തട്ട്, സൈലന്റ്വാലി, മലമ്പുഴ, കണ്ണവം... ഒഴിവുകിട്ടുമ്പോഴെല്ലാം വന്യസൌന്ദര്യത്തില്‍ രമിച്ചു. എത്രയോ വര്‍ഷം പുതുമഴയില്‍ കൊതിതീരുംവരെ കുളിച്ചു.
ഇത്രയുംകാലത്തെ ജീവിതത്തില്‍ നാട്ടിലേതിനു പുറമെ ദേശാഭിമാനിയിലും പുറത്തുമായി ഏതാണ്ട് എല്ലാ ജില്ലയിലും നിരവധി സുഹൃത്തുക്കള്‍.എല്ലാം ഇല്ലാതാക്കി പൂര്‍ണവിരാമത്തിന്റെ കരിമ്പടം പുതയ്ക്കാന്‍ പൊടുന്നനെ എത്തിയ മരണഭീഷണി. ജീവതാളം പിഴച്ചത് എവിടെയാണ്? തിരിഞ്ഞുനോക്കുമ്പോള്‍ ഒരുതരം പേടികലര്‍ന്ന സുഖം. സത്യമേ എഴുതാവൂ, എന്നാല്‍ എല്ലാ സത്യവും എഴുതണമെന്നില്ലെന്നത് വാര്‍ത്തയെഴുത്തിന്റെ ബാലപാഠം. അതുപോലെ പ്രിയമുള്ളത് മാത്രമോര്‍ക്കുക എന്നതിനുപകരം 'അസുഖ' സ്മരണകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ഏതാണ്ട് പോയവര്‍ഷം (2009) മാര്‍ച്ചിലാണ് ആപത് ഭീഷണിയുടെ തുടക്കം. അഞ്ചടി പതിനൊന്നിഞ്ച് ഉയരവും അതിനൊത്ത വണ്ണവും ചെറുതായി കുടവയറുമുള്ള ശരീരം ക്രമേണ മെലിയാന്‍ തുടങ്ങി. പിന്നെ മുഖമാകെ കരുവാളിച്ചു. വിട്ടുമാറാത്ത ക്ഷീണംകൂടിയായപ്പോള്‍ തിരുവനന്തപുരം ദേശാഭിമാനിയിലെ അടുത്ത സുഹൃത്തുക്കളായ പി എം മനോജ്, എന്‍ ശശി, രഘു എന്നിവരുമായി ആലോചിച്ചു. ദേശാഭിമാനിയില്‍നിന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പോയ രഘുവിനെ പറ്റിയ ഡോക്ടര്‍ ഏതെന്ന് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. സി ജയകുമാറിനെ കണ്ടു. പിന്നെ ഒരുമാസത്തോളം നീണ്ട പരിശോധന. രക്തപരിശോധന, സ്കാനിങ്, എക്സ്റേ... ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ ശരീരത്തില്‍ രക്തവും രക്തത്തില്‍ ഇരുമ്പിന്റെ അളവും വളരെ കൂടുതലാണ്. അതെന്തേ എന്ന അന്വേഷണത്തിന് അതൊരു രോഗമാണെന്ന് ഡോക്ടറുടെ മറുപടി. എങ്കിലും ഒരു ഗ്യാസ്ട്രോ എന്റോളജിസ്റ്റിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെന്ന് ഡോക്ടര്‍. അപ്പോഴേക്കും മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ നാട്ടിലേക്ക് (വടകര). തുടര്‍ന്ന് ചികിത്സാപര്‍വം കോഴിക്കോട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുഹൃത്തായ ഡോക്ടറുടെ നിര്‍ദേശപ്രകാരം അവിടെ ഉദരരോഗവിഭാഗത്തിലെ സീനിയര്‍ ഡോക്ടറായ ടി കെ രാമചന്ദ്രന്റെ അടുത്തെത്തി. എപ്പോഴും പുഞ്ചിരിക്കുന്ന, എല്ലാം തുറന്നുചോദിക്കുകയും തുറന്നുപറയുകയും ചെയ്യുന്ന അദ്ദേഹത്തെ, ഒരു ഡോക്ടര്‍ എന്നതിലുപരി ജ്യേഷ്ഠസഹോദരനെ എന്നപോലെ ഇഷ്ടമായി; അടുപ്പമായി.ഏതാണ്ട് മൂന്നാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം അദ്ദേഹം രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ചികിത്സക്കിടെ അഭ്യുദയകാംക്ഷികളുടെ നിര്‍ദേശപ്രകാരം മഞ്ഞപ്പിത്തത്തിന് നാട്ടുവൈദ്യന്റെ ചികിത്സയും സമാന്തരമായി തുടങ്ങി. രാവിലെയും വൈകിട്ടും കഷായം കാച്ചിക്കുറുക്കി കുടിച്ചു. കഷായത്തില്‍ നിറയെ ഇരുമ്പുസത്താണത്രെ. പോരെ പൂരം!
ഇരുമ്പിന്റെ ആക്രമണത്തില്‍ ആകെ അവശനായെങ്കിലും കഷായചികിത്സ മഞ്ഞപ്പിത്തം ഭേദപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിക്കാമെന്ന ചിലരുടെ നിര്‍ദേശത്തിനെതിരെ വീട്ടില്‍ കടുത്ത പ്രതികരണമായിരുന്നു.
ആഗസ്ത് 13: എന്റെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയ ദിവസം. ദേശാഭിമാനിയിലെ സുഹൃത്തുക്കളില്‍ നിരവധി പേര്‍ കോഴിക്കോട്ട് പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിനെത്തിയിരുന്നു. ഭാര്യ റീനയ്ക്ക് അവരെയെല്ലാം നല്ല പരിചയമുണ്ട്. ഞാനറിയാതെ അവള്‍ എന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. എന്നെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റണമെന്നായിരുന്നു. അല്ലെങ്കില്‍ താന്‍ മരിച്ചുകളയുമെന്ന കരഞ്ഞുകൊണ്ടുള്ള 'ഭീഷണി'യും. സുഹൃത്തുക്കള്‍ പറന്നെത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുകയാണെന്നു പറഞ്ഞ് എന്നെ എടുത്ത് കാറില്‍ കയറ്റി.സുഹൃത്തുക്കള്‍ ഇതിനകം ആരോഗ്യവകുപ്പിന്റെ തലപ്പത്തുമുതല്‍ ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വേണ്ടതെല്ലാം ഒരുക്കിയിരുന്നു. അവിടെ കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നു. എത്തിയ ഉടനെ സ്ട്രക്ചറില്‍ മെഡിക്കല്‍ ഐസിയുവിലേക്ക്. ഒരുദിവസംകൂടി എനിക്കെല്ലാം ഓര്‍മയുണ്ട്. പിന്നെ ഇരുട്ടിന്റെ തിരശ്ശീല.
പുറംലോകത്തെ ഉല്‍ക്കണ്ഠയും കണ്ണീരുമൊന്നുമറിയാതെ സുഖനിദ്രയില്‍. വേണ്ടപ്പെട്ടവരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു നാളുകള്‍ക്കുശേഷം കണ്ണു തുറന്നപ്പോള്‍ ചുറ്റും ഡോക്ടര്‍മാരുടെ കൂട്ടം.ആ മൂന്നുനാള്‍ എന്തൊക്കെയാണ് സംഭവിച്ചത്. ഡോക്ടര്‍മാരും ബന്ധുക്കളും പലതവണയായി പറഞ്ഞത് പിന്നീട് ഞാന്‍ അടുക്കിവച്ചു. അങ്ങനെ അവരുടെയെല്ലാം ശിഥിലപരാമര്‍ശങ്ങള്‍ ക്രമത്തില്‍ ചേര്‍ത്തുവച്ചപ്പോള്‍ ചിത്രത്തിന് വ്യക്തത കിട്ടി.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐസിയുവില്‍ ദിവസങ്ങളോളം പാടുപെട്ട് ശുശ്രൂഷിച്ച ഒരുപറ്റം ഡോക്ടര്‍മാര്‍. ഒടുവില്‍ അവര്‍ക്ക് പ്രതീക്ഷ കൈവിട്ട മട്ടിലായി. രണ്ടു സംഘം ഡോക്ടര്‍മാരില്‍ ഒരുവിഭാഗത്തിന്റെ തലവന്‍ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു: ഒന്നുകില്‍ പൊയ്പ്പോകും; അല്ലെങ്കില്‍ ശാശ്വതമായി ബോധം നഷ്ടപ്പെടും. മരണം പൂര്‍ണവിരാമമാണല്ലോ. ശേഷിക്കുന്നവര്‍ക്കല്ലേ. പരേതന്‍ ഒന്നുമറിയില്ലല്ലോ. എന്നാല്‍ ശാശ്വത അബോധാവസ്ഥ എന്ന രണ്ടാം സാധ്യത. അതേക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ.രണ്ടും വേണ്ടിവന്നില്ല. മൂന്നുനാളത്തെ അബോധാവസ്ഥയ്ക്കുശേഷമുള്ള ഉയിര്‍പ്പും തുടര്‍ന്ന് സൂചിമുനയുടെ കൃത്യതയിലുള്ള രോഗശാന്തിയും ഡോക്ടര്‍മാരെയും അത്ഭുതപ്പെടുത്തി. കൂട്ടത്തില്‍ പ്രധാനിയായ ഒരു ഡോക്ടര്‍ പറഞ്ഞു: ഫല്‍ഗുനന്‍ നിങ്ങളുടെ വില്‍പ്പവറിനെ (ഇച്ഛാശക്തിയെ) സമ്മതിച്ചിരിക്കുന്നു